ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്റെ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന പുരുഷത്വരൂപങ്ങളെയും ആണ്‍കൂട്ടങ്ങളെയും കുറിച്ചുള്ള കാഴ്ചാനുഭവം – ഭാഗം: 02
ഹര്‍ഷദ് എഴുതി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 2019 ല്‍ ഇറങ്ങിയ ഉണ്ട എന്ന ഖാലിദ് റഹ്മാന്‍ സിനിമയും ഒരു കൂട്ടം പുരുഷന്മാരുടെ പ്ലോട്ട് തന്നെയാണ് പറയുന്നത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകള്‍ മുതല്‍ ഏകദേശം പുതിയ നൂറ്റാണ്ട് വരെ ഉള്ള കാലങ്ങളില്‍ ജനിച്ച/ജീവിച്ച വിവിധ തലമുറകളിലും വിവിധ സ്വത്വ ബോധങ്ങളിലും ഉള്ള പുരുഷന്മാരായ പൊലീസുകാരുടെ സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമ ഡീല്‍ ചെയ്യുന്നത്. ദലിതരും ആദിവാസികളും അടക്കം വിവിധ സമുദായങ്ങളില്‍ പെട്ട പൊലീസുകാര്‍ ഛത്തീസ്ഘട്ടിലെ ഒരു ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ നിന്നു സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. കേരളത്തില്‍ നിന്നും അവര്‍ അങ്ങോട്ട് യാത്ര ചെയ്യുന്നു. മറ്റൊരു ജ്യോഗ്രഫി, അവിടത്തെ ആദിവാസി സമൂഹം, അവിടത്തെ ഫ്യൂഡല്‍ അധികാര ഘടന, ഭാഷ, സംസ്‌കാരം, ഈ ഗ്രൂപ്പില്‍ തന്നെ ഉള്‍പ്പെടുന്നവരുടെ ഇടയില്‍ രൂപപ്പെടുന്ന സാമുദായിക സംഘര്‍ഷങ്ങള്‍, അവരുടെ ഒരുമിക്കല്‍ എല്ലാം ഈ സിനിമ വിഷ്വലൈസ് ചെയ്യുന്നുണ്ട്. മണി എന്ന മമ്മൂട്ടിയുടെ പൊലീസുകാരന്‍ ഒരു ദലിത് സ്വത്വം ആണെന്ന് ഈ സിനിമയില്‍ ദൃശ്യതപ്പെടുത്തുന്നു. ഈ സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും അത് അങ്ങനെയാണ് സാക്ഷ്യപ്പെടുത്തുന്നത്. മണി എന്ന പൊലീസ് ഓഫീസര്‍ ഒരു പൊലീസ് കേഡര്‍ ഗ്രൂപ്പിനെ നയിക്കുന്ന ലീഡര്‍ ആണ്. ഒരു ലീഡര്‍ ആയിട്ട് പോലും അയാള്‍ക്ക് ഒരു നേതൃത്വത്തിന്റെ അധികാരം/പരിഗണന ആ പൊലീസ് ഗ്രൂപ്പിലെ പലരില്‍ നിന്നും ലഭിക്കാത്തത്തത്തിന്റെ കാരണവും അയാളുടെ ദലിത് ജാതി സ്വത്വം ആണ്. സബാള്‍ട്ടണ്‍ സമൂഹങ്ങളിലെ മനുഷ്യര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളിലും മറ്റുമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധികാര സ്ഥാനങ്ങളില്‍ ഇരുപ്പ് ഉറപ്പിക്കുമ്പോഴും അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ഇത്തരത്തിലുള്ളതുമാണ്. മുമ്പ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റുകളിലൂടെ ധാരാളം ദലിതര്‍ പോസ്റ്റല്‍ റെയില്‍വേ തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി നേടിയപ്പോള്‍ ഈ രണ്ടു ഡിപ്പാര്‍ട്‌മെന്റുകളും പുലയരുടെ വകുപ്പുകള്‍ എന്ന വിളിപ്പേര് കേരളത്തില്‍ ചിലരെങ്കിലും വിളിച്ചിരുന്നു. ദലിതര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ ലീഡര്‍ഷിപ്പില്‍/അധികാര സ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴുള്ള അവര്‍ അനുഭവിക്കുന്ന ഒരു സംഘര്‍ഷം കൂടെ ആണ് മണി എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഈ സിനിമയില്‍ അനുഭവിക്കുന്നത്. പണ്ട് അംബേദ്കര്‍ക്ക് സവര്‍ണ്ണനായ ശിപായി ഫയല്‍ എറിഞ്ഞു കൊടുത്തിട്ടുണ്ട് എന്ന ഒരു കഥ എവിടെയോ കേട്ടിട്ടുണ്ട്. അതുമായി മണിയുടെ കഥാപാത്രത്തെയും കേരളത്തിലെ ദലിത് ഓഫീസേഴ്‌സിനെയും ചേര്‍ത്ത് വായിക്കാം. മമ്മൂട്ടിയുടെ താര ശരീരം ഈ ദലിത് സ്വത്വത്തിലൂന്നിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് കേരള സമൂഹത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യുമ്പോള്‍ സിനിമയുടെ ക്രിയേഷനും കാണികളും തമ്മിലുള്ള ഒരു സംഘര്‍ഷവും അവിടെ രൂപപ്പെടുന്നുണ്ട് എന്നു തോന്നുന്നു. മമ്മൂട്ടിയെ പോലുള്ള ഒരു താര ശരീരത്തിലേക്ക് ദലിത് സ്വത്വം ചേര്‍ത്തുവെച്ചു വായിക്കുന്നതില്‍ ചില മലയാളികള്‍ എങ്കിലും ചിലപ്പോള്‍ സംഘര്‍ഷം അനുഭവിക്കുന്നുമുണ്ടാകാം. നിന്നെ കണ്ടാല്‍ ‘പട്ടിക ജാതിക്കാരനാണ് എന്നു പറയുകയേ ഇല്ല’ എന്ന കേരള ഡയലോഗുകള്‍ ഇവിടെ പ്രസക്തവുമാണ്.
ഇതേ സിനിമയില്‍ ഒരു പൊലീസുകാരന്‍ പൗഡറും ലോഷനും ഒക്കെ തേച്ച് വെളുപ്പിലേക്ക് കടന്നു സിനിമ നടന്‍ ആകാന്‍ ശ്രമിക്കുമ്പോള്‍ ലുക്കുമാന്‍ അവതരിപ്പിക്കുന്ന ആദിവാസിയായ ബിജു കുമാര്‍ എന്ന പൊലീസുകാരന്റെ സംഘര്‍ഷം മറ്റൊന്നാണ്. ആദിവാസിയായ താന്‍ പൊലീസില്‍ ചേരുമ്പോള്‍ അധികാരം എന്ന ഘടനയിലേക്ക് താന്‍ കടന്നുവന്നു തന്റെ ജീവിതത്തിന്റെ സ്വഭാവത്തിന് ഒരു മാറ്റം വരും എന്നാണ് അയാളും അയാളുടെ അമ്മയും പ്രതീക്ഷിക്കുന്നത്. പക്ഷേ, പൊലീസിങ്ങിന്റെ ഉള്ളില്‍ തന്നെ ഉള്ള ഈ സിനിമയുടെ ആണത്തങ്ങളുടെ കൂട്ടത്തില്‍ അത്തരം ‘സ്വപ്നങ്ങള്‍’ വെറുതെ ആണെന്ന് ബിജു കുമാറിന് മനസ്സിലാകുന്നു. ജാതി, ആദിവാസി വിരുദ്ധത എന്നത് അവിടെയും പ്രവര്‍ത്തിക്കുന്നു. മണി എന്ന ദലിത് സ്വത്വത്തില്‍ ജീവിക്കുന്ന പൊലീസുകാരന്‍ അത് സട്ടില്‍ ആയി നേരിടുമ്പോള്‍ ‘നിന്നെ പോലുള്ള ആദിവാസികളാണ് മാവോയിസ്റ്റുകളെ ഉണ്ടാക്കുന്നത്’, ‘നിങ്ങളെ പോലുള്ളവര്‍ വെളിക്കിരിക്കുന്നത് പുറത്താണല്ലോ’ തുടങ്ങിയ ഡയലോഗുകളിലൂടെ വളരെ തുറന്നു പറഞ്ഞുകൊണ്ട് ലൂക്കുമാന്റെ ബിജുകുമാര്‍ എന്ന ആദിവാസി കാരക്ടര്‍ ആക്രമിക്കപ്പെടുകയാണ് ചെയ്യുന്നത്. ഛത്തീസ്ഘട്ടിലെ ആ ആദിവാസി ഊരിലെ മൂപ്പനെയും ഇതേ പൊലീസുകാര്‍ മാവോയിസ്റ്റുകള്‍ എന്ന രീതിയില്‍ തന്നെയാണ് നോക്കിക്കാണുന്നതും. അയാളുടെ മകനെ മാവോയിസ്റ്റ് എന്ന രീതിയില്‍ പട്ടാളം അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നുമുണ്ട്.
ഉണ്ട എന്ന സിനിമയില്‍ കുടുംബ ജീവിതത്തില്‍ സംഘര്‍ഷം അനുഭവിക്കുന്നവര്‍, കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷ ഉള്ളവര്‍, ഭാര്യയുടെ പ്രസവം കാത്തിരിക്കുന്നവര്‍, വിവാഹ മോചനത്തില്‍ പെട്ടവര്‍, അധികാരത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍, വംശീയവും ജാതീയാവുമായ വിവേചനം അനുഭവിക്കുന്നവര്‍, വിവിധ തലമുറകളില്‍ ഉള്ളവര്‍ ഈ ഗണത്തില്‍ എല്ലാം പെട്ട ആണത്തങ്ങളുടെ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വളരെ കോംപ്ലെക്‌സ് ആയ രീതിയില്‍ ഈ സിനിമ സംസാരിക്കുന്നുണ്ട്. ഈ പുരുഷന്മാര്‍ എല്ലാം പൊലീസ് എന്ന അധികാര ഘടനയില്‍ പെട്ട് ഒരു ചക്രം പോലെ അതില്‍ നിന്നു രക്ഷപ്പെടാന്‍ പറ്റാതെ കറങ്ങുന്നുമുണ്ട്. ഈ സിനിമ പൊലീസില്‍ പെട്ട് പോയ ആണുങ്ങളുടെ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിനെ ഗ്ലോറിഫൈ ചെയ്തു എന്ന രീതിയിലുള്ള വായനകള്‍ വന്നു എന്ന രീതിയില്‍ ഹര്‍ഷദ് തന്റെ ഒരു സംഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഉത്തരാകാലം എന്ന ഓണ്‍ലൈന്‍ മാഗസിന് വേണ്ടി ഹര്‍ഷദിനെ അഭിമുഖം ചെയ്തപ്പോല്‍ ഈ ലേഖകന്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ആണ് മറുപടി പറയുന്നത്. ആ ചോദ്യവും മറുപടിയും ഇവിടെ ചേര്‍ക്കുന്നു:
“ആദിവാസി, ജാതി, ഭരണകൂടം എന്നീ രാഷ്ട്രീയ വിഷയങ്ങള്‍ പ്രശ്‌നവത്കരിക്കുമ്പോള്‍ തന്നെ വളരെ സട്ടില്‍ ആയി സറ്റയര്‍ ഒക്കെ ഉപയോഗിച്ച, സങ്കീര്‍ണമായ സിനിമ കൂടിയാണ് ഉണ്ട. ജനാധിപത്യത്തെ ഒക്കെ ശരിക്കും കളിയാക്കുന്നുമുണ്ടല്ലോ?”
” ഈ സിനിമ ഒരു ആക്ഷേപ ഹാസ്യ സിനിമ കൂടിയാണ്. ഞാനിങ്ങനെയുള്ള ഒരുപാടു സിനിമകള്‍ പുറത്തു നിന്നു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും കോണ്‍ഫ്‌ളിക്റ്റ് ഏരിയകളില്‍ നിന്നുള്ള പടങ്ങള്‍. ബോസ്‌നിയയില്‍ നിന്നാണെങ്കിലും ഫലസ്തീനില്‍ നിന്നാണെങ്കിലും പോസ്റ്റ് ഹിറ്റ്ലര്‍ കാലത്തു വരുന്ന പടങ്ങളാണെങ്കിലും പോസ്റ്റ് കമ്യൂണിസ്റ്റ് പടങ്ങളാണെങ്കിലും സറ്റയറിക്കലി നോക്കിക്കാണുന്ന ഒരുപാടു പടങ്ങളുണ്ട്. ഈ കോണ്‍ഫ്‌ളിക്റ്റ് ഏരിയയില്‍ പോയിട്ടുള്ള യുനൈറ്റഡ് നേഷന്‍സിന്റെ കണ്ണുകളിലൂടെ കാണുന്ന പടങ്ങളാണു പൊതുവെ പുറത്തിറങ്ങുന്നവ. ആ രീതിയാണു ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. അങ്ങനെയുള്ള പടങ്ങളിലൊക്കെ ചെറിയ ചിരി ഉണ്ടാകും. കാരണം, ഈ പോകുന്ന ആള്‍ക്കാരടക്കം സ്വയം വിഡ്ഢികള്‍ ആവുകയാണു ചെയ്യുന്നത്. ”ഞങ്ങള്‍ക്ക് ലാത്തിയുണ്ട്” എന്ന ആ സീന്‍ എഴുതുമ്പോള്‍ എനിക്കു ചിരി വന്നിരുന്നു. പക്ഷേ, സിനിമയില്‍ കണ്ടു കഴിയുമ്പോള്‍ ആരും ചിരിക്കുകയല്ല ചെയ്തത്, കയ്യടിക്കുകയായിരുന്നു. അത് എന്റെ പരാജയം ആണ്. ഒന്നുകില്‍ അത്തരം സിനിമകള്‍ കണ്ടു പരിചയം ഇല്ലാത്തതു കൊണ്ടോ അല്ലെങ്കില്‍ അങ്ങനെ അതിനെ വിശ്വസിക്കാന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടോ ആവും അങ്ങനെ സംഭവിക്കുന്നത്. വോട്ട് ചെയ്യാന്‍ ഒരു അറിവും ഇല്ലാത്തവരെ അറിവ് ഉണ്ടാക്കി അവരെക്കൊണ്ടു വോട്ടു ചെയ്യിപ്പിക്കുന്ന പടം ആണല്ലോ ന്യൂട്ടന്‍. ഇതിലാണെങ്കില്‍ അങ്ങനെ പറയിപ്പിക്കാന്‍ നില്‍ക്കുന്നില്ല. ഇവരിപ്പോ വോട്ട് ചെയ്തിട്ട് എന്താണു സംഭവിച്ചത്? ഇതിലെ പൊലീസുകാര്‍ ആദിവാസികള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ പേടിച്ചാണ് ഇരിക്കുന്നത്”
” സിനിമ എന്നു പറയുന്നത്, സിനിമയ്ക്കു ശേഷവും മുന്‍പും സിനിമ ഉണ്ട്. ബോസ്‌നിയയില്‍ നിന്നുള്ള, ”ദി പെര്‍ഫെന്‍ക്റ്റ് ഡേ” എന്ന പടമുണ്ട്. യുദ്ധത്തിനു ശേഷം അവിടെ ഒരു യുഎന്‍ സംഘം പോകുന്നുണ്ട്. അവര്‍ക്കു കിട്ടുന്ന വിവരം കുന്നിന്‍പുറത്തെ കിണറ്റില്‍ ഒരു പശു ചത്തു കിടക്കുന്നു എന്നാണ്. ആ പശുവിനെ മാറ്റണം എന്നത് ഒരു യുഎന്‍ ദൗത്യം ആണ്. അതിലൂടെയാണ് അവിടത്തെ കോണ്‍ഫ്‌ളിക്റ്റിന്റെ രാഷ്ട്രീയം പറയുന്നത്. പക്ഷേ, നേര്‍ത്ത നര്‍മത്തിലൂടെയാണ് അതു പറയുന്നത്. ഞങ്ങളുടെ റെഫറന്‍സ് സിനിമകളില്‍ അതൊക്കെ ഉണ്ടായിരുന്നു. ബോര്‍ഡര്‍ പോസ്റ്റ് എന്ന മറ്റൊരു ബോസ്‌നിയന്‍ പടം ഉണ്ട്. യുദ്ധം നടക്കുമ്പോള്‍ സെര്‍ബിയന്‍ പട്ടാള മേധാവിക്കു സിഫിലീസ് വരുന്നു. ഡോക്ടര്‍ വന്നിട്ടു പറയും, ”ഇരുപത്തി ഏഴു ദിവസം പെന്‍സിലിന്‍ കുത്തി വെക്കണം”. അപ്പോള്‍ ഇരുപത്തിയേഴു ദിവസത്തേക്ക് അയാള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അതാണു പടം. ഇങ്ങനെയുള്ള പടങ്ങളാണ് ഞങ്ങളുടെ റെഫറന്‍സ് പടം. അങ്ങനെയുള്ള ചെറിയ ചെറിയ സറ്റയറുകള്‍ ഉണ്ടാക്കാനാണു ശ്രമിച്ചത്. ചെലപ്പോ അത് ഓടി. ചെലപ്പോ അത് ഓടിയില്ല. ഞങ്ങളുടെ കുറ്റമാണ്; പ്രേക്ഷകരുടെ കുറ്റമല്ല.”
(തുടരും)
ഖാലിദ് റഹ്മാന്‍ സിനിമയില്‍ നസ്ലിന്റെ ആണത്തരൂപങ്ങള്‍-ഭാഗം ഒന്ന് വായിക്കാം:
