നവോത്ഥാന പ്രസ്ഥാനങ്ങളുടെ വേലിയേറ്റത്തിൽ കേരളീയ സമൂഹം ഉണർന്നെഴുന്നേറ്റു കൊണ്ടിരുന്ന ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ മലവേടർ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സംഘടിത മുന്നേറ്റങ്ങൾക്കും ഭൂമിക്കും പൗരാവകാശങ്ങൾക്കും വേണ്ടി സമാനതകളില്ലാത്ത പോരാട്ട ജീവിതം നയിച്ച അനന്യനായ നവോത്ഥാന ശില്പിയായിരുന്നു തലപ്പാള കേശവൻ എന്ന പേരിൽ പ്രശസ്തനായ റ്റി.കെ. കേശവൻ. നവോത്ഥാന കാലഘട്ടത്തിൽ ഏഴാം തരം വരെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ച റ്റി.കെ. കേശവൻ താൻ ജനിച്ചു വളർന്ന സമുദായത്തിൻ്റെ മുന്നേറ്റത്തിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവും പ്രതിബന്ധങ്ങളിൽ അടിപതറാത്ത സമുദായ നേതാവും കിടയറ്റ സംഘാടകനുമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയർച്ചയിലൂടെ മാത്രമെ സമൂഹത്തിൻ്റെ വളർച്ചയെ അളക്കാൻ കഴിയൂ എന്നു ഉറച്ചു വിശ്വസിച്ചിരുന്ന റ്റി.കെ. കേശവൻ എല്ലായിപ്പോഴും വിദ്യാഭ്യാസത്തിനായിരുന്നു തൻ്റെ പ്രവർത്തനങ്ങളിൽ മുൻതൂക്കം നൽകിയിരുന്നത്. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധരാവുക, സംഘടനയിലൂടെ ശക്തരാവുക എന്ന നാരായണ ഗുരുവിൻ്റെ പ്രബോധനാത്മക ചിന്തകളിൽ നിന്നായിരുന്നു റ്റി.കെ. കേശവൻ തൻ്റെ പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം ഉൾക്കൊണ്ടിരുന്നത്.
“പഠിക്കണം, പഠിക്കണം, പഠിക്കെൻ്റ മക്കളേ…. പഠിക്കാതെ പടവെട്ടാൻ കഴിയില്ല മക്കളേ” എന്ന വിമോചന മന്ത്രം നിരന്തരം ഉരുവിട്ടുകൊണ്ടു വിദ്യാഭ്യാസത്തിൻ്റെ പ്രധാന്യത്തെപ്പറ്റി അടിസ്ഥാന ജനതയെ ഉദ്ബോധിപ്പിച്ച റ്റി.കെ. കേശവൻ്റെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായാണ് പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ മലവേടർ ഉൾപ്പെടെയുള്ള ഗോത്ര ജനവിഭാഗങ്ങൾ നൂറ്റാണ്ടുകളുടെ സാമൂഹിക വിലക്കുകളെ ലംഘിച്ചുകൊണ്ട് അക്ഷരവെളിച്ചത്തിൻ്റെ നവലോകത്തിലേക്ക് പ്രവേശിക്കുന്നതും സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി മാറുന്നതും. സമർപ്പിത പൊതുസേവനം ജീവിത സപര്യയാക്കിയ അധ്യാപകൻ, സമുദായോദ്ധാരകൻ, സംഘാടകൻ, വാഗ്മി, ഭൂസമരനായകൻ എന്നിങ്ങനെ ഒരു കാലഘട്ടത്തിൻ്റെ പ്രത്യാശയും പ്രതീക്ഷയുമായി ഗോത്ര ജനവിഭാഗങ്ങൾക്കിടയിൽ വിമോചന മുന്നേറ്റത്തിൻ്റെ തീപ്പന്തം ഉയർത്തിയ റ്റി.കെ. കേശവനെ സാക്ഷാൽ ജവഹർലാൽ നെഹ്റുവാണ് തലപ്പാള കേശവൻ എന്ന ബഹുമതി പട്ടം ചാർത്തി ചരിത്രത്തിൽ അടയാളപ്പെടുത്തിയത്.
പത്തനംതിട്ട ജില്ലയിൽ ഉൾപ്പെട്ട റാന്നി താലൂക്കിൽ ഉതിമൂട് ചൂരവേലിൽ വീട്ടിൽ പുതുശ്ശേരിമലയിൽ വേലായുധൻ്റെയും ളേച്ചിയുടെയും സീമന്തപുത്രനായി 1888 മാർച്ച് 27-ന് ആയിരുന്നു റ്റി.കെ. കേശവൻ എന്ന തലപ്പാള കേശവൻ്റെ ജനനം. ജനനം കൊണ്ട് ഉതിമൂടുകാരനായിരുന്നെങ്കിലും റ്റി.കെ. കേശവൻ തൻ്റെ ബാല്യകാലം പിന്നിട്ടതും വിദ്യാഭ്യാസം നേടിയതും പത്തനംതിട്ട ജില്ലയിലെ തുമ്പമൺ എന്ന ഗ്രാമത്തിലായിരുന്നു. കാർഷിക അടിമകളായിരുന്ന റ്റി.കെ. കേശവൻ്റെ മാതാപിതാക്കൾ കൃഷിപ്പണിയുടെ ഭാഗമായി ഇവിടേക്ക് എത്തപ്പെട്ടതാണെന്ന് കരുതുന്നു. ജന്മിത്തവും മാടമ്പിത്തവും അലംഘനീയ സാമൂഹിക വ്യവസ്ഥകളായി നിലനിന്നിരുന്ന ആ കാലഘട്ടം അടിയാളരെ സംബന്ധിച്ചിടത്തോളം അടിമത്തത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും കാലഘട്ടമായിരുല്ലോ. വിലക്കുകൾക്കും ആജ്ഞകൾക്കും നടുവിൽ വരിഞ്ഞുമുറക്കപ്പെട്ടിരുന്ന അടിയാളർക്ക് ഉറക്കെ വിലപിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ജന്മിത്തത്തിൻ്റെ ചങ്ങലക്കെട്ടുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു തീരാനായിരുന്നു വിധി. അടിമത്തത്തിന് പുറത്ത് ജീവിതമില്ലെന്ന് ഉറപ്പിച്ച അടിയാളരാകട്ടെ ജന്മികളുടെ തിട്ടൂരങ്ങൾക്ക് നടുവിൽ ജീവച്ഛവങ്ങൾ പോലെ ജീവിതം തള്ളിനീക്കുകയായിരുന്നു. ജാത്യാചാരങ്ങൾ കർക്കശമായി മുറുകെ പിടിച്ചിരുന്ന ഒരു നായർ പ്രമാണിയുടെ അടിയാളരായിട്ടായിരുന്നു റ്റി.കെ. കേശവൻ്റെ മാതാപിതാക്കളും കുടുംബവും തുമ്പമണിൽ എത്തപ്പെട്ടതും കാർഷിക അടിയാളരായി അവിടെ ജീവിതം ആരംഭിച്ചതും. അങ്ങനെ കാലം കഴിയവെ ഒരുനാൾ എന്തോ നിസ്സാര കാര്യത്തിന് നായർ പ്രമാണി കോപാകുലനാവുകയും പാടത്ത് പണി ചെയ്തുകൊണ്ടു നിന്ന റ്റി.കെയുടെ പിതാവിനെ ക്രൂരമായി മർദിക്കുകയും ഒടുവിൽ ചേറിൽ ചവിട്ടിതാഴ്ത്തി നിഷ്ഠൂരമായി കൊല്ലുകയും ചെയ്തു. അതി ഭീകരമായ ഈ സംഭവത്തിന് ദൃക്സാക്ഷികളായ വേലായുധൻ്റെ ബന്ധുക്കൾക്ക് പക്ഷേ ഒന്നു ശബ്ദിക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഈ ദാരുണ സംഭവം സൃഷ്ടിച്ച ആഘാതത്തെത്തുടർന്ന് വേലായുധൻ്റെ കുടുംബം പത്തനംതിട്ടയുടെ മലയോര ഭാഗങ്ങളിലേയ്ക്ക് ജീവരക്ഷാർഥം ഛിന്നഭിന്നമായി പലായനം ചെയ്യുന്നതിന് നിർബന്ധിതരാവുകയായിരുന്നു. ഒടുവിൽ മണ്ണാർകുളഞ്ഞിയിൽ താമസമാക്കിയിരുന്ന ഒരു അമ്മാവവൻ റ്റി.കെ. കേശവനും സഹോദരങ്ങൾക്കും അഭയം നൽകുകയും അമ്മാവൻ്റെ സംരക്ഷണയിൽ നഷ്ടപ്പെട്ടു പോയെന്നു കരുതിയ ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യുന്നതോടുകൂടിയാണ് റ്റി.കെ. കേശവൻ എന്ന സമുദായോദ്ധാരകൻ്റെ അതിസാഹസികവും സംഘർഷഭരിതവുമായ ജീവിതത്തിൻ്റെ തിരശ്ശീല ഉയരുന്നത്.
റ്റി.കെ കേശവൻ അദ്ദേഹത്തിൻ്റെ ബാല്യകാലം പിന്നിട്ടത് തുമ്പമണിലായിരുന്നു എന്നു സൂചിപ്പിച്ചല്ലോ. അവിടത്തെ പ്രൈമറി സ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അവിടത്തെ ഒരു ക്രിസ്ത്യൻ മിഷൻ സ്കൂളിൽ ചേർന്നു പഠിക്കാൻ അവസരം ലഭിക്കുകയും അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഏഴാം തരം പാസ്സാകുകയും ചെയ്തു. ഈയവസരത്തിലാണ് പിതാവിൻ്റെ കൊലപാതകത്തെ തുടർന്ന് അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും തുമ്പമണിൽ നിന്നും നാടുവിടേണ്ടി വരുന്നത്. 1957-ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നതോടെ യുവാവായ റ്റി.കെ. യുടെ മനസ്സിലും സ്വപ്നങ്ങൾ ചിറകുവിടർത്തി തുടങ്ങി. “നിങ്ങൾ കൊയ്യും വയലെല്ലാം നിങ്ങളുടേതാകും പൈങ്കിളിയോ ” എന്നതുപോലെ സമത്വസുന്ദരമായൊരു ലോകം സമാഗതമാവുമെന്ന് റ്റി.കെ കേശവനും ഉറച്ചു വിശ്വസിച്ചു. എന്നാൽ, കാര്യങ്ങൾ ആ വഴിക്കല്ല നീങ്ങുന്നതെന്ന് വളരെപ്പെട്ടെന്ന് റ്റി.കെ കേശവന് മനസ്സിലാക്കാൻ സാധിച്ചു. ഭൂപരിഷ്കരണ നിയമം കേരളത്തിൽ സജീവ ചർച്ചാ വിഷയമായി മാറിയ കാലമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ അവഗണിച്ച ഗോത്ര സമൂഹം ഭൂമിക്കുവേണ്ടി ശബ്ദമുയർത്തേണ്ട കാലം സമാഗതമായിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ റ്റി.കെ കേശവൻ ആ വഴിക്ക് നീങ്ങാൻ തന്നെ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി മലയോര മേഖലകളിൽ അധിവസിച്ചിരുന്ന ഭൂരഹിതരായ ഗോത്രവിഭാഗങ്ങളെ, പ്രത്യേകിച്ചും വേടർ, മലവേടർ, മലവേട്ടുവർ വിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട്, അവരുടെ ആവലാതികൾ രേഖപ്പെടുത്തി കൊണ്ടു കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ആഫീസർക്ക് മുൻപാകെ അദ്ദേഹം വിശദമായ ഒരു പരാതി ബോധിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി വിഭാഗങ്ങൾക്കും ജീവിക്കാനാവശ്യമായ ഭൂമി നൽകണം എന്നതായിരുന്നു പ്രസ്തുത നിവേദനത്തിൻ്റെ ഉള്ളടക്കം. എന്നാൽ, അധികാരികൾ നിവേദനത്തോട് ക്രിയാത്മകമായ സമീപനമല്ല പുലർത്തിയത്. ഒരു വേടൻ നൽകിയ നിവേദനത്തിന് അവർ പുല്ലുവിലപോലും നൽകിയില്ല എന്നു പറയുന്നതാവും ശരി. ഒടുവിൽ റ്റി.കെ. കേശവൻ സ്വന്തം ജീവൻ കൊണ്ടുതന്നെ സമരം ചെയ്യാൻ തീരുമാനിക്കുകയും അതിൽ പ്രകാരം റെയ്ഞ്ചാഫീസിന് മുന്നിലെ കൂറ്റൻ തേക്കുമരത്തിൽ കയറി കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. അതുവരെ കേരളത്തിന് പരിചയമില്ലാത്തൊരു സമരമുറയായിരുന്നു അത്. വളരെപ്പെട്ടെന്ന് അവിടേക്ക് പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗോത്ര വിഭാഗക്കാർ ഒഴുകിയെത്തി. അവർ തങ്ങളുടെ സമരനായകൻ്റെ ജീവനുവേണ്ടി അധികാരികളോട് അഭ്യർധിച്ചു. കോന്നി റെയ്ഞ്ചാഫീസ് സമരം എന്ന പേരിൽ അറിയപ്പെട്ട, എന്നാൽ പുറം ലോകം അത്രയൊന്നും അറിയപ്പെടാതെ പോയ പ്രസ്തുതസമരം ഒടുവിൽ അദിവാസികൾക്ക് വേണ്ടി പന്ത്രണ്ടേക്കർ സ്ഥലം സർക്കാരിൽ നിന്നും ലഭ്യമാക്കി കൊണ്ടായിരുന്നു റ്റി.കെ കേശവൻ അവസാനിച്ചിച്ചത്. ഈ ഭൂമിയിലാണ് ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി ആദ്യമായൊരു നിലത്തെഴുത്ത് പള്ളിക്കൂടം റ്റി.കെ കേശവൻ ആരംഭിക്കുന്നത്.
ഏതാണ്ട് ഇതേ കാലയളവിലാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കട്ടച്ചിറ വനത്തിൽ ആദിവാസികൾ കുടിൽകെട്ടി സമരം ആരംഭിക്കുന്നത്. കാടിൻ്റെ മക്കൾക്ക് അവരുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാൻ കാടിനോടുചേർന്നു തന്നെ അതിജീവന സങ്കേതങ്ങൾ ഉണ്ടാകണമെന്ന റ്റി.കെ കേശവൻ്റെ വീക്ഷണം അന്നത്തെ പോലും ഇന്നും പ്രസക്തമാണ്. പിന്നീട് കട്ടച്ചിറ കേന്ദ്രീകരിച്ചും അദ്ദേഹം ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിക്കുകയുണ്ടായി (ഈ വിദ്യാലയം നിലവിൽ ഹൈസ്കൂളാണ് ). ഇക്കാലത്താണ് പത്തനംതിട്ടയിലെ റാന്നിയിലെ ചെല്ലക്കാട് നിന്നും കുടമുരട്ടിയിലേയ്ക്കുള്ള വഴിമധ്യേ അദ്ദേഹം ഒരു തുരങ്കം ഉണ്ടാക്കുന്നതും അവിടെ ഗോത്രവർഗ്ഗക്കാരെ പാർപ്പിക്കാൻ ആരംഭിക്കുന്നതും. ഇവിടം പിന്നീട് ഒരു ഗോത്ര അധിവാസ സങ്കേതമായി വികസിച്ചു. തുടർന്ന് ഗോത്രവർഗ്ഗക്കാരുടെ അതിജീവനാർഥം പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും വിവിധ ഭാഗങ്ങളിൽ ശ്രദ്ധേയമായ നിരവധി ഭൂസമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.
അദ്ദേഹം നേതൃത്വം നൽകിയ ഭൂസമരത്തിൻ്റെ പരിണതഫലമായാണ് എരുത്വാപ്പുഴ കോളനി യാഥാർഥ്യമാവുന്നത്. ഈ കോളനി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഗിരിവർഗ വേടർ മഹാസഭ രുപം കൊള്ളുന്നത്. ഇക്കാലമായപ്പോഴേക്കും റ്റി.കെ. കേശവൻ ഗവൺമെൻ്റ് വൃത്തങ്ങളിലും ഗോത്ര വിഭാഗങ്ങൾക്കിടയിലും അറിയപ്പെടുന്ന പൊതുസമ്മതനായ ആദിവാസി നേതാവായി വളർന്നിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രസംഗിക്കാനുള്ള കഴിവും അധികാരികൾക്കു മുന്നിൽ ദീർഘവീക്ഷണത്തോടെ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള പ്രാവീണ്യവും അനുയായികളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾ രൂപകല്പന ചെയ്തു വിജയിപ്പിക്കുന്നതിലുള്ള ദൃഢനിശ്ചയവും പരക്കെ ശ്ലാഘിക്കപ്പെട്ടു. ഇക്കാലങ്ങളിൽ തൻ്റെ ഐഡൻറ്റിറ്റിയായി എപ്പോഴും അദ്ദേഹം തലയിൽ ഒരു പാളതൊപ്പി (തലപ്പാളി) ധരിക്കുക പതിവാക്കിയിരുന്നു. അതുകൊണ്ടു തന്നെ തലപ്പാള കേശവൻ എന്ന വിളിപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഇക്കാലത്താണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന സാക്ഷാൽ ജവഹർലാർ നെഹ്റുവിനെ നേരിട്ടുകണ്ട് തൻ്റെ ജനതയുടെ ആവലാതികൾ ബോധ്യപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുന്നത്. ചില അഭ്യുദയകാംക്ഷികളുടെ സഹായത്താൽ തലപ്പാളതൊപ്പിയും ധരിച്ച് ഡെൽഹിയിലെത്തി നെഹ്റുവിനെ സന്ദർശിച്ച അദ്ദേഹം പ്രധാനമന്ത്രിയെ റാന്നിയിൽ സംഘടിപ്പിക്കുന്ന ഗോത്ര സമുദായ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചതിന് ശേഷമാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്. ഒടുവിൽ റാന്നി എം.എസ്. ഹൈസ്കൂൾ മൈതാനത്ത് യാഥാർഥ്യമായ ചരിത്രപ്രസിദ്ധമായ പ്രസ്തുത സമ്മേളനത്തിൽ സാക്ഷാൽ ജവഹർലാൽ നെഹ്റു പങ്കെടുക്കുകയും റ്റി.കെ. കേശവന് തലപ്പാള കേശവൻ എന്ന വിശേഷണം നൽകി ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അതോടെ ദേശീതലത്തിൽ അറിയപ്പടുന്ന സമുന്നതനായ ഒരു ആദിവാസി നേതാവിൻ്റെ ഔന്നിത്യത്തിലേയ്ക്ക് തലപ്പാള കേശവൻ എന്ന റ്റി.കെ. കേശവൻ ഉയർന്നു.
തലപ്പാള കേശവൻ നടത്തിയ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമായി പത്തനംതിട്ട, കൊല്ലം ജില്ലകളുടെ വിവിധ മേഖലകളിൽ നിരവധി ആദിവാസി കോളനികൾ യാഥാർഥ്യമായി. ചൊള്ളനാവയൽ കോളനി, അടിച്ചിപ്പുഴ കോളനി, കാക്കമല കോളനി, മണിയൻ കോളനി, ചിറ്റാർ വലിയ പാതൽ കോളനി എന്നിവ ഉദാഹരണങ്ങളാണ്. തലപ്പാളകേശവൻ്റെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട കോളനികളിലൊക്കെയും അക്ഷര വെള്ളിച്ചുമെത്തിക്കാൻ പിന്നീട് അദ്ദേഹം നിലത്തെഴുത്ത് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. കാലം കഴിയവെ റ്റി.കെ. കേശവൻ സ്ഥാപിച്ച നിലത്തെഴുത്ത് പള്ളിക്കൂടങ്ങളിൽ നാലെണ്ണം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുകയുണ്ടായി. “വിദ്യകൊണ്ടു പ്രബുദ്ധരാവുക, സംഘടകൊണ്ടു ശക്തരാവുക” എന്ന നാരായണ ഗുരുവിൻ്റെ ആഹ്വാനത്തിൽ പ്രചോദിതനായി കാട്ടുകമ്പുകളും തേക്കിലയും കൊണ്ടു മേഞ്ഞ ഷെഡുകളിൽ ആരംഭിച്ച നിലത്തെഴുത്ത് പള്ളിക്കൂടങ്ങളിൽ അക്ഷരം പഠിപ്പിക്കുന്നതിനോടൊപ്പം കുട്ടികളെ കോൽക്കളിയും അമ്പെയ്ത്തും ആയോധന കലയും അഭ്യസിപ്പിച്ചിരുന്നു. ഇപ്രകാരം തലപ്പാള കേശവൻ എന്ന സാമൂഹ്യ പരിഷ്കർത്താവിൻ്റെ നേതൃത്വത്തിൽ ഗോത്രവിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം വീരമാതാവ് അവാർഡ് എന്ന പേരിൽ ഒരു അവാർഡ് പ്രഖ്യാപിക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പ്രസവിക്കുകയും അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിക്കുകയും ചെയ്യുന്ന അമ്മമാർക്ക് വേണ്ടി ഏർപ്പെടുത്തിയതായിരുന്നു ഈ അവാർഡ്.
1941- ൽഗോത്ര വിഭാഗങ്ങളുടെ ഐക്യവും ശാക്തീകരണവും ലക്ഷ്യമാക്കി റ്റി.കെ. കേശവൻ്റെ നേതൃത്വത്തിൽ മലവർഗ്ഗ മഹാജനസംഘം രൂപീകരിക്കപ്പെട്ടു. എന്നാൽ, പിന്നീട് ഉള്ളാട മഹാസഭയും പെരുമാൾ ചേരമർ സംഘവും രൂപീകൃതമായപ്പോൾ അദ്ദേഹം ഭാരതീയ ഗിരിവർഗ്ഗ മഹാസഭയ്ക്ക് രൂപം നൽകി പ്രവർത്തിച്ചു. വളരെപ്പെട്ടെന്ന് സംഘടനയുടെ പ്രവർത്തനം പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളുെടെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു .ഇക്കാലത്താണ് റ്റി.കെ. കേശവൻ്റെ ശ്രമഫലമായി കരിക്കുളം ഗിരിവർഗ്ഗ കോളനി യാഥാർഥ്യമാവുന്നതും അദ്ദേഹത്തിൻ്റെ രക്ഷാധികർതൃത്വത്തിൽ ഗിരിവർഗ്ഗ വേടർ മഹാസഭ രൂപം കൊള്ളുന്നതും വേടർ ഗോത്രത്തിൻ്റെ ശാക്തീകരണത്തിനും അഭ്യുന്നതിക്കും വേണ്ടിയുള്ള നൂതന പ്രവർത്തനങ്ങൾ ഏകീകരിക്കപ്പെടുന്നതും. ഇപ്രകാരം പൊതു സമൂഹം അവഗണിച്ച ഗോത്രവിഭാഗങ്ങളുടെ ഭൂമിക്കും വിദ്യാഭ്യാസത്തിനും അതിജീവന അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി അവരുടെ പ്രതീകവും ശബ്ദവുമായി എഴുപത്തിയഞ്ച് വർഷക്കാലം വിശ്രമമെന്തെന്നറിയാതെ നിസ്വാർഥമായി സമുദായ സേവന പ്രവർത്തനങ്ങളിൽ മുഴുകിയ തലപ്പാള കേശവൻ എന്ന റ്റി.കെ. കേശവൻ 1978 നവംബർ – 1 -ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കേരളത്തിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ഭൂസമരങ്ങളിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും നവോത്ഥാനത്തിൻ്റെ പുതുവെളിച്ചം തെളിച്ച് ഇതിഹാസമായി ജീവിച്ച തലപ്പാള കേശവൻ്റെ ത്യാഗനിർഭരമായ ജീവിതവും വീക്ഷണങ്ങളും ഇപ്പോഴും ആധുനിക കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മാർഗ്ഗദർശകമായി
സഹായക ഗ്രന്ഥം | മഹാത്മ തലപ്പാള കേശവൻ |വർക്കല രവി
