(വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ)
മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു താനൂർ ഒട്ടുംപുറം പൂരപ്പുഴയിലുണ്ടായ ബോട്ട് അപകടം. കുട്ടികളും സ്ത്രീകളുമടക്കം 22 പേരാണ് അപകടത്തിൽ മുങ്ങിമരിച്ചത്. 10 പേർക്ക് പരിക്കേറ്റു. താനൂർ ഒട്ടുംപുറം കടപ്പുറത്തിന്റെയും പൂരപ്പുഴയുടെയും ഘടന പരിശോധിക്കുമ്പോൾ ഇത്തരമൊരു വലിയ അപകടം അസാധാരണമാണ്. ഈ അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ പലതാണ്. അധികാര ദുർവിനിയോഗവും ഭരണകൂടങ്ങളുടെ നിസംഗതയും ബോട്ട് ഉടമസ്ഥരുടെ ലാഭക്കൊതിയും മതിയായ സുരക്ഷയൊരുക്കാതെയുള്ള യാത്രയുമെല്ലാം അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചിട്ടുണ്ട്.
ഇനിയൊരു ബോട്ടപകടം ഇല്ലാതിരിക്കുന്നതിന് ശക്തമായ സുരക്ഷ സംവിധാനങ്ങളും നിയമങ്ങളും നടപടിക്രമങ്ങളും ഭരണകൂട – പൊതുജന ജാഗ്രതയും അനിവാര്യമാണ്. ഇതിന് സഹായകമായ സ്വതന്ത്രമായ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിൽ നിന്നാണ് വെൽഫെയർ പാർട്ടി ഇത്തരമൊരു വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
2023 മെയ് 7ന് ഞായറാഴ്ച താനൂർ ഒട്ടുംപുറം അഴിമുഖത്തു നിന്നും പൂരപ്പുഴയിലേക്ക് വിനോദ യാത്ര സർവീസ് നടത്തിയ താനൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള അറ്റ്ലാൻറിക് ബോട്ടാണ് പൂരപ്പുഴയിൽ തലകീഴായി മറിഞ്ഞത്. അപകടത്തിൽ 22 പേർ മുങ്ങി മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. ഔദ്യോഗിക സ്വഭാവത്തിലുള്ള ടിക്കറ്റിങ് സംവിധാനമില്ലാത്തതിനാൽ ബോട്ടിലുണ്ടായിരുന്ന യാത്രാക്കാരുടെ കൃത്യമായ എണ്ണം ഇപ്പോഴും വ്യക്തമല്ല. 37 ടിക്കറ്റുകളാണ് നൽകിയതെന്നാണ് സൂചന. കുട്ടികൾക്ക് ടിക്കറ്റ് ഇല്ലായിരുന്നു. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബസമേതം എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് ജീവനക്കാർ അടക്കം പരമാവധി 24 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ 37 പേരെ ടിക്കറ്റോടെയും പുറമെ കുട്ടികളെയും ജീവനക്കാരെയും അതിനും പുറമെ ജീവനക്കാരുടെ സുഹൃത്തുക്കളെയും കയറ്റിയിരുന്നുവെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ നിന്നും വ്യക്തമാവുന്നത്.15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമുൾപ്പെടെ 22 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

അപകടസ്ഥലം
താനൂർ ഒട്ടുംപുറം അഴിമുഖത്തു നിന്നും വൈകീട്ട് 6.45 ന് പുറപ്പെട്ട അറ്റ്ലാൻറിക് ബോട്ട് അഴിമുഖത്തു നിന്നും 300 മീറ്റർ അകലെ പൂരപ്പുഴയിലാണ് മറിഞ്ഞത്. ബോട്ട് ചെളിയിൽ പൂണ്ടത് കാരണം പെട്ടെന്ന് ഉയർത്താൻ കഴിയാഞ്ഞതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവുമാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. രണ്ട് മണിക്കൂറിലേറെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് പുഴയുടെ മറുകരയിലേക്ക് കയർകെട്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വലിച്ചടുപ്പിച്ച് ബോട്ട് വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പൊതുവെ വലിയ വിനോദ സഞ്ചാര ബോട്ടുകൾക്ക് സഞ്ചരിക്കാനും സർവീസ് നടത്താനും അനുയോജ്യമല്ല പൂരപ്പുഴ . മുൻപ് മണലെടുത്തത് മൂലം ധാരാളം സ്ഥലങ്ങളിൽ വലിയ ആഴവും മണ്ണടിഞ്ഞു വന്ന് മൂടിയത് കാരണം ചിലഭാഗങ്ങളിൽ വലിയ മണൽ തിട്ടകളുമുണ്ട്.
പുഴയുടെ ആഴവും സ്വഭാവവും മനസ്സിലാക്കി അതിനനുയോജ്യമായ ഉല്ലാസ വള്ളങ്ങളാണ് യഥാർത്ഥത്തിൽ ടൂറിസം വകുപ്പ് പൂരപ്പുഴയിലേക്ക് അനുവദിക്കേണ്ടിയിരുന്നത്. ജനങ്ങളുടെ സുരക്ഷയെ ഒരു തരത്തിലും പരിഗണിക്കാതെയാണ് ടൂറിസം വകുപ്പ് പുരപ്പുഴയിൽ ഇത്തരമൊരു വിനോദ് ബോട്ടിന് അനുമതി നൽകിയിരിക്കുന്നത്. പൂരപ്പുഴയുടെ സ്വഭാവമറിയുന്ന നാട്ടുകാർ ഇത്തരത്തിലുള്ള വിനോദ് ബോട്ട് അപകടമാണെന്ന് മന്ത്രിമാർ, നഗരസഭ, പോർട്ട് ഓഫീസ്, പൊലീസ് എന്നിവരെ പലപ്പോഴായി അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. നിയമപരമായി ഞങ്ങൾക്കിതിൽ പങ്കൊന്നുമില്ലെന്ന് നഗരസഭയും പൊലിസും പറയുന്നുണ്ടെങ്കിലും തങ്ങളുടെ ഭരണപ്രദേശത്ത് ജനങ്ങൾക്ക് ഭീഷണിയായ ഒരു പദ്ധതിയെ നിയന്ത്രിക്കാൻ സാധിക്കാതിരുന്നതിന്റെ ധാർമിക ഉത്തരവാദത്തിൽ നിന്ന് നഗരസഭക്കും പൊലീസിനും ഒഴിഞ്ഞു മാറാൻ സാധ്യമല്ല.
അപകട കാരണം
ബോട്ട് നിർമാണത്തിലെ അശാസ്ത്രീയത, ആളുകളെ അമിതമായി കുത്തിനിറച്ചുള്ള യാത്ര, ഡ്രൈവറുടെ പരിചയക്കുറവ്, ബോട്ടിന്റെ കേടുപാടുകൾ, പൂരപ്പുഴയുടെ ഭൗതിക പരിമിതികൾ തുടങ്ങിയവ അപകട കാരണങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.
ബോട്ട് നിർമാണത്തിലെ അശാസ്ത്രീയത
താനൂരിൽ അപകടത്തിൽ പെട്ട ഉല്ലാസബോട്ട് മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഫൈബർ വള്ളം രൂപമാറ്റം വരുത്തിയാണ് നിർമിച്ചത്. പൊന്നാനി പാലപ്പെട്ടി സ്വദേശിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കുഞ്ഞുമക്കാർ ശഹീദ് എന്ന ഫൈബർ വള്ളമാണ് താനൂർ സ്വദേശി നാസർ അറ്റ്ലാൻറിക് എന്ന ബോട്ടാക്കി മാറ്റിയത്. പരമാവധി 15 മത്സ്യത്തൊഴിലാളികൾക്ക് തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്താവുന്ന വള്ളം അടിമുടി മാറ്റം വരുത്തി. 1.9 മീറ്ററാണ് വള്ളത്തിന്റെ വീതി. എന്നാൽ ഉല്ലാസ ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ ഇത് 2.9 മീറ്റർ എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട്. വള്ളത്തിന് ഇത്രയും വീതിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിഭാഗത്ത് വീതി കുറഞ്ഞതിനാലാണ് ബോട്ട് മറിഞ്ഞതെന്നാണ് വിവരം. വള്ളത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വീതി കൂട്ടിയതാകാമെന്നും വിലയിരുത്തലുണ്ട്.

മീൻപിടുത്ത വള്ളം രൂപമാറ്റം വരുത്തി ഉല്ലാസ ബോട്ട് ആക്കുമ്പോൾ അപകട സാധ്യത ഏറെയാണ്. മീൻപിടുത്ത ഉപകരണങ്ങൾ വള്ളത്തിന്റെ അടിയിൽ വെച്ച് ഉള്ളിലെ പലകയിലും വശങ്ങളിലുമാണ് മത്സ്യത്തൊഴിലാളികൾ സാധാരണ ഇരിക്കാറ്. മീൻപിടുത്ത വള്ളത്തിന്റെ അടിഭാഗത്താണ് അതിന്റെ ഭാരം വരിക. ഇത് ഉല്ലാസ് ബോട്ടാക്കി മാറ്റുമ്പോൾ വള്ളത്തിന്റെ മുകളിൽ പലകയടിച്ച് സീറ്റുകൾ വച്ച് ആളുകൾ മുകളിലിരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. ബോട്ടിന് കൂടുതൽ ഭാരവും ബോട്ടിന് അടിയിൽ നിന്ന് കോണിയിലൂടെ മുകളിലേക്ക് കയറാനും മുകളിൽ ഇരിക്കാനും സൗകര്വമുണ്ടായിരുന്നു. ഇതൊന്നും ഉദ്യോഗസ്ഥർ അറിയാൻ ശ്രമിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണ്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ മുകളിലെ ഡക്കിൽ പോലും ആളുകളെ കയറ്റിയിരുന്നു. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. അപകടം ഉണ്ടായ ബോട്ടിന്റെ ഘടനയെ കുറിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ അടക്കം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള സ്ഥലത്ത് യാത്രക്കാരുമായി സർവീസ് നടത്താൻ പറ്റിയ ബോട്ടല്ല ഇതെന്നായിരുന്നു പ്രധാന പരാതി. ഓടിക്കുന്നയാൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് ബോട്ടിനെ കുറിച്ച് ധാരണയുള്ള പ്രദേശവാസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബോട്ട് മറിഞ്ഞതെങ്ങനെ?
അനുവദനീയമായ ആളുകളിലധികം കയറിയത് മൂലം ബോട്ടിന്റെ ഭാരം കൂടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു മറിയുകയായിരുന്നുവാണ് നിഗമനം. ബോട്ടിന്റെ മുകളിലും സൈഡിലും സഞ്ചാരികൾ ഉണ്ടായിരുന്നു. ബോട്ട് ഒരുവശത്തേക്ക് ചെരിയുകയും വെള്ളം കയറുകയും തലകീഴായി മറിയുകയും ചെയ്തതോടെ യാത്രക്കാർ അടിയിൽപ്പെട്ടു. ജീവനക്കാരടക്കം ബോട്ടിൽ കയറ്റാവുന്ന പരമാവധി അനുവദനീയമായ എണ്ണം 24 ആണ്. എന്നാൽ 37 ടിക്കറ്റുകൾ നൽകിയതായാണ് വിവരം. പുറമെ ബോട്ട് ജീവനക്കാരുടെ സുഹൃത്തുക്കളായ 5 പേർക്ക് ഫ്രീ ടിക്കറ്റും നൽകി. ഇതിനു പുറമെ നാല് ബോട്ട് ജീവനക്കാരും ടിക്കറ്റ് നൽകാത്ത 7 കുട്ടികളും അടക്കം 50 ലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
ബോട്ട് യാത്ര ആരംഭിച്ച് അൽപ ദൂരം പിന്നിട്ടതോടെ ഒരു വശത്തേക്ക് ചെരിഞ്ഞു വെള്ളം കയറി മറിയുകയായിരുന്നുവെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ടി.ഡി.ആർ.എഫ് പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ബോട്ടിന്റെ മുൻഭാഗത്തു നിന്നും പുക വന്നിരുന്നുവെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തി സൂചിപ്പിച്ചു. ബോട്ട് പെട്ടെന്ന് ഒരു വശത്തേക്ക് തിരിച്ചപ്പോൾ ഒരു ഭാഗത്ത് ഭാരം കൂടി മറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ വ്യാപ്തി കൂടിയതെങ്ങനെ?
ബോട്ട് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയ പ്രധാന ഘടകം. ബോട്ടിന്റെ താഴെ നിലയിലെ ഗ്ലാസ് ജനലുകളാണ് മരണസംഖ്യ കൂട്ടിയത്. അപകടം നടന്നയുടനെ എല്ലാവരും പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇടുങ്ങിയ ഒറ്റമുറി വാതിലിലൂടെ പുറത്തു കടക്കാൻ സാധിച്ചില്ല. ബോട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ നീന്തൽ വശമുള്ളവരായിരുന്നു. എന്നാൽ ഗ്ലാസ് ജനൽ കാരണം പുറത്തു കടക്കാൻ സാധിക്കാത്തതിനാൽ മുങ്ങി മരിക്കുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഗ്ലാസ് കൂടിനകത്ത് കുടുങ്ങുകയും ചെയ്തതോടെ ലൈഫ് ജാക്കറ്റ് ധരിച്ചാൽ പോലും രക്ഷപ്പെടാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ ജാബിറിന്റെ പത്തു വയസ്സുള്ള മകൻ ജരീറിന് കടലിൽ നീന്തി പരിചയമുണ്ട്. കുന്നുമ്മൽ സെയ്തലവിയുടെയും ജാബിറിന്റെയും ഭാര്യമാർക്കും ബോട്ടിലുള്ള ഭൂരിഭാഗം മുതിർന്നവർക്കും നീന്തൽ വശമുള്ളവരായിരുന്നു. എന്നിട്ടും ഇവർക്ക് രക്ഷപ്പെടാൻ കഴിയാതിരുന്നത് സൂചിപ്പിക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതയുടെ വ്യാപ്തിയിലേക്കാണ്. അപകടത്തിന്റെ വ്യാപ്തി കൂട്ടിയ രണ്ടാമത്തെ ഘടകം ഡ്രൈവറുടെ പരിചയക്കുറവും തെറ്റായ നടപടികളുമാണ്.
കരയിൽ നിന്നും 10 മീറ്റർ അകലത്തിലായിരുന്നു ബോട്ട് സഞ്ചരിച്ചത്. അപകടത്തിലേക്ക് പോകുന്നുവെന്ന് മനസ്സിലായ നിമിഷത്തിൽ പരമാവധി കരക്കടുപ്പിക്കാനുള്ള ഒരു ശ്രമവും ഡ്രൈവറിൽ നിന്ന് ഉണ്ടായില്ലെന്നാണ് നിരീക്ഷണത്തിൽ നിന്നും മനസ്സിലാകുന്നത്. ബോട്ട് മറിഞ്ഞ ഉടനെ സാധ്യമായ രീതിയിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം ബോട്ട് സ്രാങ്കും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു.
ബോട്ടിന്റെ ചരിത്രം
പൊന്നാനി പാലപ്പെട്ടിയിലെ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ഉല്ലാസ ബോട്ടായി രൂപാന്തരപ്പെട്ട് ദുരന്തത്തിൽ കലാശിച്ചത്. മീൻപിടുത്ത മേഖലയിൽ നഷ്ടം വന്നതോടെ വള്ളത്തിന്റെ ഉടമക്ക് പലരിൽ നിന്നും വായ്പ വാങ്ങേണ്ടിവന്നു. ഒടുവിൽ നിവൃത്തിയില്ലാതെ വലയും മറ്റു മീൻപിടുത്ത ഉപകരണങ്ങളും വിറ്റ് ഉടമ നാടുവിട്ടു. പാലപ്പെട്ടി സ്വദേശിക്ക് നൽകിയ കടം തിരിച്ചടക്കാത്തതിനാൽ പണം നൽകിയവർ വള്ളം പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളം പാലപ്പെട്ടിയിൽ നിന്ന് കെട്ടിവലിച്ച് പൊന്നാനിയിലെ യാർഡിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് അത് 20,000 രൂപയ്ക്ക് വിറ്റു. അത് കഴിഞ്ഞ് മറ്റൊരാൾക്ക് 60,000 രൂപക്ക് മറിച്ചു വിറ്റു. അയാളിൽ നിന്നും 95,000 രൂപക്ക് നാസർ ഫൈബർ വള്ളം വാങ്ങുകയായിരുന്നു. നാസർ വള്ളം ഉല്ലാസ ബോട്ടാക്കി ഏപ്രിൽ മാസത്തിൽ പൊന്നാനിയിൽ നിന്നും താനൂരിലേക്ക് കൊണ്ടുപോയി.
പൂരപ്പുഴയുടെ ഭൗതിക പരിമിതി
പൂരപ്പുഴയിൽ ഇത്തരമൊരു ബോട്ട് സർവീസിന് എന്ത് സാധ്യതയാണുള്ളതെന്ന ശാസ്ത്രീയ പഠനം ആവശ്യമാണ്. പുഴയിൽ ബോട്ടിറക്കാനുള്ള സ്വാഭാവിക ആഴം പല സ്ഥലങ്ങളിലും ഇല്ലാത്തതിനാൽ ബോട്ട് ഉടമകൾ പുഴയുടെ ആഴം കൂട്ടിയിരുന്നു. ഇത് ആരുടെ അനുമതിയോടെയാണെന്ന് ഇനിയും വ്യക്തമല്ല. പുഴ ആഴം കൂട്ടിയതുമായി ബന്ധപ്പെട്ടും കൂടുതൽ ആളുകളെക്കയറ്റിയുള്ള ബോട്ട് സർവീസിനെക്കുറിച്ചും നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ പെട്ട ബോട്ടിലെ ഭൂരിപക്ഷം യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ആവശ്യത്തിന് ലൈഫ് ജാക്കറ്റുകൾ ബോട്ടിൽ ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ ജാഗ്രത
2022 നവംബർ 6 ന് താനൂർ തീരദേശത്തു പൂരപ്പുഴയിൽ അനധികൃതമായി സർവീസ് നടത്തിയ കാപികോ ബോട്ടിനെതിരെ താനൂർ ഒസ്സാൻ കടപ്പുറം സ്വദേശി റഷീദ് ബേപ്പൂർ പോർട്ട് ഓഫീസർക്ക് പരാതി നൽകിയിരുന്നു. പരാതി സ്പീഡ് പോസ്റ്റായും നേരിട്ടും എത്തിച്ചിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല. ബോട്ടിന് രജിസ്ട്രേഷനോ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്നായിരുന്നു പരാതി. രാത്രി 8 മണിക്ക് ശേഷവും ബോട്ട് സർവീസ് നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലിസ് സർവീസ് വിലക്കിയിരുന്നു. പക്ഷെ ദിവസങ്ങൾക്ക് ശേഷം ബോട്ട് വീണ്ടും സർവീസ് ആരംഭിച്ചു. കാപികോ ബോട്ട് പിന്നീട് ‘ജയ് ഹനുമാൻ’ എന്ന പേരിൽ നിറം മാറ്റി വീണ്ടും സർവീസ് ആരംഭിച്ചു. ബോട്ടിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിരുന്ന റഷീദിനെതിരെ ബോട്ടുടമകളുടെ ഭീഷണി ഉയർന്നു. അദ്ദേഹത്തിന് ഒളിവിൽ പോവേണ്ടിവന്നു. താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന് അന്തിമ രജിസ്ട്രേഷൻ ഇല്ലായിരുന്നുവെന്നാണ് തുറമുഖ വകുപ്പ് പറയുന്നത് എന്നാൽ അനുമതിയില്ലാത്ത ബോട്ടിനെതിരെ ആരും നടപടിയെടുത്തില്ല.

താനൂർ ഒട്ടുംപുറം തീരദേശത്തെ നാട്ടുകാർ അനധികൃത ബോട്ട് നിർമാണത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും അറിയിച്ചിരുന്നതായി പറയുന്നു. പൊന്നാനിയിൽ മീൻപിടുത്ത വള്ളം അനധികൃതമായി രൂപമാറ്റം നടത്തുന്നുവെന്ന വിവരം തീരജാഗ്രത സമിതിയാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയത്. തുറമുഖ ഫിഷറീസ് വകുപ്പുകൾ, കോസ്റ്റൽ ഐ.ജി എന്നിവർക്കാണ് പരാതി അയച്ചത്. ഫൈബർ വള്ളം രൂപമാറ്റം നടത്തുന്നതിൽ മനുഷ്യക്കടത്തുൾപ്പെടെ പല സാധ്യതകളും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ജാഗ്രത സമിതി കത്ത് നൽകിയത്. ബോട്ട് യാഡിന്റെ വിശ്വാസ്യതയും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ ഉദ്യോഗസ്ഥരാരും നടപടി സ്വീകരിച്ചില്ല. തൊട്ടുപിന്നാലെ വിവരാവകാശ നിയമ പ്രകാരം ഇതേ വകുപ്പുകളുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയെങ്കിലും ബോട്ട് നിർമാണം തങ്ങളുടെ പരിധിയിൽ പെട്ടതല്ലെന്ന മറുപടിയാണ് ഫിഷറീസ് വകുപ്പ് നൽകിയത്. തുറമുഖ വകുപ്പും കോസ്റ്റൽ ഐ.ജി ഓഫീസും പരാതികൾ പരിഗണിച്ചതായുള്ള വിവരങ്ങൾ ഇല്ല. അന്ന് നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്നാണ് പരാതി നൽകിയവർ പറയുന്നത്.
ബോട്ട് പണി ഏതാണ്ട് പൂർത്തിയായപ്പോൾ താനൂരിൽ നിന്ന് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളും ഉല്ലാസ ബോട്ട് നടത്തിപ്പുകാരും ഇത് അനധികൃതമാണെന്ന് കാണിച്ച് തുറമുഖ വകുപ്പ്, കോസ്റ്റൽ ഐ.ജി, ഫിഷറീസ് വകുപ്പ് എന്നിവർക്ക് പരാതി നൽകിയിരുന്നെങ്കിലും അതിലും തുടർനടപടികൾ ഉണ്ടായില്ല. ബോട്ട് ജെട്ടി നിർമിക്കാൻ ബോട്ടുടമകൾക്ക് ആരും അനുമതി കൊടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൗൺസിലർ പരാതി കൊടുത്തു. പൊലീസ് തടഞ്ഞു. പക്ഷെ പിന്നീട് ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലം വീണ്ടും സർവീസ് ആരംഭിച്ചു.
അനധികൃത സർവീസ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളും മറ്റ് ഉല്ലാസ ബോട്ട് നടത്തിപ്പുകാരും പലതവണ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അപകടത്തിന് ഏതാനും ദിവസം മുൻപ് തൂവൽതീരത്തെ ബോട്ടിന്റെ അപകടയാത്ര മൊബൈലിൽ പകർത്തിയ നാട്ടുകാരന്റെ മൊബൈൽ ബോട്ടിന്റെ സ്രാങ്ക് ദിനേശൻ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ആളുകളെ കൂടുതൽ കയറ്റുന്നത് എതിർത്ത യാത്രക്കാരെ ബോട്ടിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിടുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് യാത്ര നിർത്തിവെക്കാൻ അധികൃതർ നിർദേശം നൽകി. എന്നാൽ ഉടമയുടെ ഭരണസ്വാധീനം ഉപയോഗിച്ച് ഉന്നത ഇടപെടൽ മൂലം സർവീസ് പുനരാരംഭിച്ചു.
അറ്റ്ലാൻറിക് ബോട്ട് അനധികൃതമാണെന്ന് മന്ത്രി അബ്ദുറഹ്മാനോടും റിയാസിനോടും പ്രദേശവാസിയായ മുഹാജിദ് സൂചിപ്പിച്ചിരുന്നു. താനൂർ തൂവൽതീരത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനത്തിന് രണ്ട് മന്ത്രിമാരും വന്നപ്പോഴായിരുന്നു നേരിട്ട് പരാതി ബോധിപ്പിച്ചത്. ബോട്ടിന് രജിസ്ട്രേഷൻ ഇല്ലെന്നും ലൈസൻസ് ഇല്ലാത്ത സ്രാങ്കാണ് ബോട്ട് ഓടിക്കുന്നതെന്നുമാണ് മുഹാജിദ് മന്ത്രിമാരോട് പറഞ്ഞത്. എന്നാൽ മന്ത്രിയും താനൂർ എം എൽ എ യുമായ അബ്ദുറഹ്മാൻ അദ്ദേഹത്തോട് തട്ടിക്കയറുകയും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞു മാറുകയുമാണ് ചെയ്തത്. ബോട്ടിന് രജിസ്ട്രേഷൻ ഇല്ല എന്ന് താനാണോ തീരുമാനിക്കുന്നത് എന്ന് ചോദിച്ചാണ് മന്ത്രി അബ്ദുറഹ്മാൻ തട്ടിക്കയറിയത്. റിയാസിനോട് പരാതി പറഞ്ഞപ്പോൾ പരാതി നൽകാൻ പറയുകയും പരാതി എഴുതി എടുക്കുകയും ചെയ്തുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. 2023 ഏപ്രിൽ 23 നാണ് താനൂരിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം കഴിഞ്ഞ് പതിനാലാമത്തെ ദിവസമാണ് അറ്റ്ലാൻറിക് ബോട്ട് ദുരന്തത്തിൽപ്പെട്ടത്.
മലപ്പുറം ജില്ലയിലെ ഉൾനാടൻ ജലഗതാഗതത്തിലെ പല ബോട്ടുകളും അനുമതിയില്ലാതെയാണ് സർവീസ് നടത്തുന്നത് എന്ന് ജില്ലാ വികസന സമിതി യോഗത്തിൽ എം എൽ എ മാർ ചൂണ്ടിക്കാട്ടിയിരുന്നു. എം എൽ എ മാരും എം പി മാരും ഉൾകൊള്ളുന്ന ഡിസ്ട്രിക്റ്റ് ഡെവലപ്മെൻറ് കമ്മിറ്റിയിൽ (ഡി.ഡി.സി) ഈ വിഷയം പി. അബ്ദുൽ ഹമീദ് എം എൽ എ ഉയർത്തിയപ്പോൾ അത്തരത്തിലുള്ള ഒരു അനധികൃത ബോട്ടും ജില്ലയിൽ സർവീസ് നടത്തുന്നില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.
അധികാര ദുർവിനിയോഗ വേലിയേറ്റം
പഴയ വള്ളത്തെ പുതിയ ബോട്ടാക്കി രജിസ്റ്റർ ചെയ്യൽ
അപകടത്തിൽപ്പെട്ട ബോട്ടിൽ വരുത്തിയ രൂപമാറ്റം ക്രമപ്പെടുത്തിയെടുക്കാൻ ഉടമ നാസറിനെ സഹായിക്കുന്ന വിധത്തിൽ മാരിടൈം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രജിസ്റ്ററിങ് അതോറിറ്റിക്ക് കത്ത് നൽകിയിരുന്നു. മീൻപിടുത്ത വള്ളം രൂപമാറ്റം വരുത്തിയതാണെന്ന് ബോധ്യമായിട്ടും അത് മറച്ചു വെച്ച് പുതിയ ബോട്ട് എന്ന തരത്തിലാണ് മാരിടൈം സി.ഇ.ഒ രജിസ്ട്രേഷന് വേണ്ടി ശുപാർശ ചെയ്തത്.
ബോട്ട് നിർമ്മാണ സമയത്ത് പോർട്ട് അധികാരികളെ അറിയിക്കാത്തതിന്റെ പേരിൽ 10,000 രൂപ പിഴ ചുമത്തി രജിസ്ട്രേഷൻ നടപടി നടത്തുന്നതിനാണ് സി.ഇ.ഒ രജിസ്റ്ററിങ് അതോറിറ്റിക്ക് കത്ത് നൽകിയത്. ഫെബ്രുവരി 28 ന് മാരിടൈം സി.ഇ.ഒ ആലപ്പുഴ പോർട്ട് ഓഫീസർക്കും രജിസ്റ്ററിങ് അതോറിറ്റിക്കും അയച്ച കത്തിലാണ് ഇൻലാൻഡ് വെസൽ ആക്ട് 2021 സെക്ഷൻ 872 നിയമപ്രകാരം അറ്റ്ലാൻറിക് ബോട്ടിന് അനുമതി നൽകണമെന്ന് നിർദേശിക്കുന്നത്. യഥാർത്ഥത്തിൽ ഈ നിയമത്തിൽ പുതിയ ബോട്ട് നിർമിക്കുമ്പോഴും ഉൾനാടൻ ജലഗതാഗത ബോട്ടുകൾ രൂപമാറ്റം വരുത്തുമ്പോഴും മാത്രമേ ക്രമപ്പെടുത്തലിന് അനുമതിയുള്ളൂ. മീൻപിടുത്ത വള്ളം രൂപമാറ്റം നടത്തുന്നുണ്ടെന്ന് സീനിയർ പോർട്ട് കൺസർവേറ്റർ റിപ്പോർട്ട് ചെയ്തിട്ടും ക്രമപ്പെടുത്തൽ നടത്തിയത് പുതിയ ബോട്ടാണ് എന്ന തരത്തിലാണ്. രൂപമാറ്റം വരുത്തിയ മീൻപിടുത്ത വള്ളത്തെ ശിക്കാര ബോട്ട് എന്നും സി.ഇ.ഒയുടെ കത്തിൽ പരാമർശിക്കുന്നുണ്ട്. ബോട്ട് ജീവനക്കാരടക്കം 24 പേർക്ക് യാത്ര ചെയ്യാവുന്ന ടൂറിസ്റ്റ് ബോട്ട് ആണെന്ന് പോർട്ടിന്റെ തന്നെ മറ്റു റിപ്പോർട്ടുകളിൽ പറയുമ്പോഴാണ് സി.ഇ.ഒയുടെ റിപ്പോർട്ടിൽ ഇതിന് ശിക്കാരി എന്ന് വിളിച്ചിരിക്കുന്നത്.
ബിൽഡേഴ്സ് സർട്ടിഫിക്കറ്റ്
ഉൾനാടൻ ജലഗതാഗത നിയമമനുസരിച്ചു ബോട്ട് നിർമിക്കേണ്ടത് അംഗീകൃത യാഡിലാണ്. ലൈസൻസ് ഇല്ലാത്ത യാർഡിൽ രൂപമാറ്റം നടത്തിയ മീൻപിടുത്ത വള്ളത്തിന്റെ സർവേ നടപടികൾ ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ പൂർത്തിയാക്കി എന്ന കാര്യത്തിലും സംശയമുണ്ടായിരുന്നു. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൻറ ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് വ്യാജമായിരുന്നു.
പൊന്നാനിയിൽ നിർമിച്ച ബോട്ടിന് തിരൂർ പടിഞ്ഞാറേക്കരയിലെ വിവൺ യാഡിന്റെ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നത്. ബോട്ടിന്റെ രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഉടമ നാസർ തുറമുഖ വകുപ്പിന് സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണെന്ന് വ്യക്തമായത്. വിവൺ യാഡിലേക്ക് ഒരിക്കൽപോലും ബോട്ട് കൊണ്ടുവന്നിട്ടില്ല. പൊന്നാനിയിലെ മീൻപിടുത്ത വള്ളം രൂപമാറ്റം വരുത്തി നേരെ താനൂർ തൂവൽ തീരത്തെ പൂരപ്പുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഒരിക്കൽ കാണുക പോലും ചെയ്യാത്ത ബോട്ടിനാണ് പൂർണമായി നിർമാണം നടത്തിയതായി കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ലൈസൻസ് ഇല്ലാത്ത യാഡിൽ വന്നാണ് സർവേ നടത്തിയത്. സി.ഇ.ഒ യുടെ കത്തിന്റെ അടിസ്ഥാനത്തിൽ 10,000 രൂപ പിഴയടച്ച് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ അനുമതി നൽകുകയും ചെയ്തു.
അനധികൃത കോണി
ബോട്ടിൻറ രൂപരേഖയിൽ മുകളിലേക്ക് കയറുന്നതിനുള്ള കോണിയില്ല. എന്നാൽ ബോട്ടിൻറ പണി പൂർത്തിയാക്കിയത് കോണി ഉൾപ്പെടുത്തിയായിരുന്നു. ഈ ഗുരുതര സാഹചര്യം ആലപ്പുഴ ചീഫ് സർവെയർ തടയുകയോ എവിടെയും റിപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. സർവേയർ ബോട്ട് കാണുന്നതിനു മുൻപ് തന്നെ അറ്റ്ലാൻറിക് ബോട്ടിൽ കോണി നിർമിച്ചിരുന്നു എന്ന് തെളിയിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ബോട്ട് മറിയുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നത് മുകളിലേക്ക് ആളുകൾ കയറി എന്നതാണ്. കോണിയിലൂടെ ആളുകളെ മുകളിലും കയറ്റാം എന്നതിനാൽ ബോട്ടുകാർ കൂടുതൽ യാത്രക്കാരെ തിരുകി കയറ്റാനും ശ്രമം നടത്തി. അപകട ശേഷം പൊലീസ് നിർദേശപ്രകാരം ബോട്ടിന്റെ നിർമാണ രൂപരേഖ പരിശോധിച്ചപ്പോഴാണ് രൂപരേഖയിൽ മുകളിലേക്ക് കയറാനുള്ള കോണി ഇല്ലെന്ന് കണ്ടെത്തിയത്.
നാസറും പോർട്ട് കൺസർവേറ്ററും തമ്മിലെ ബന്ധം
താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുമ്പേ ഉടമ നാസറിന് ബേപ്പൂർ സീനിയർ പോർട്ട് കൺസർവേറ്റർ ഫയൽ നമ്പർ ചോർത്തി നൽകി. നാസറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സീനിയർ പോർട്ട് കൺസർവേറ്ററെ കുരുക്കിലാക്കുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. നാസറിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് കൺസർവേറ്റർ ഫയൽ നമ്പർ അയച്ചു കൊടുത്തതായി പൊലീസ് കണ്ടെത്തി. ഈ ഫയൽ നമ്പർ രജിസ്ട്രേഷൻ നമ്പറായി ബോട്ടിൽ എഴുതി ചേർത്താണ് താനൂർ പൂരപ്പുഴയിൽ അറ്റ്ലാൻറിക് സർവീസ് തുടങ്ങിയത്. നാസറും തുറമുഖ ഉദ്യോഗസ്ഥരും വ്യക്തിപരമായ ബന്ധങ്ങൾ ഉണ്ടായിരുന്നതായി അനുമാനിക്കാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവുന്നതിനു മുമ്പേ ബോട്ട് സർവീസ് തുടങ്ങാൻ ഉടമക്ക് മാരിടൈം ബോർഡിന്റെ മൗനാനുവാദം ലഭിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ബോട്ടിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ ബേപ്പൂർ ഓഫീസിലാണ് സൂക്ഷിക്കുക ആലപ്പുഴ ചീഫ് സർവേയറുടെ സർവേ നടപടികൾക്ക് ശേഷം ഈ ഓഫീസിലുള്ള ഫയൽ നമ്പർ ആണ് ഉടമ നാസറിന് ലഭിച്ചത്. താനൂർ നഗരസഭ ഓഫിസിൽ പരിശോധന നടത്തിയ അന്വേഷണസംഘത്തിന് യാത്രാനുമതിക്കായി നാസർ സമർപ്പിച്ച അപേക്ഷയും അതിന് മുൻസിപ്പാലിറ്റി നൽകിയ മറുപടിയുടെയും രേഖകൾ ലഭിച്ചു.
സ്റ്റബിലിറ്റി റിപ്പോർട്ട്
ബോട്ട് കാണാതെയാണ് ഉദ്യോഗസ്ഥൻ അറ്റ്ലാൻറിക് ബോട്ടിന് സ്റ്റെബിലിറ്റി റിപ്പോർട്ട് നൽകിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒരിക്കൽ പോലും കാണാത്ത ബോട്ടിനാണ് മാരിടൈം ബോർഡ് അംഗീകൃത കെ.ഐ. വി (കേരള ഇൻലാൻഡ് വെസൽ) കൺസൾട്ടന്റ് അനുകൂലമായ സ്റ്റെബിലിറ്റി റിപ്പോർട്ടും ഹീൽ ടെസ്റ്റ് സർട്ടിഫിക്കറ്റും നൽകിയത്. ജീവനക്കാർ ഉൾപ്പെടെ 26 പേർക്ക് യാത്ര ചെയ്യാമെന്ന സ്റ്റെബിലിറ്റി റിപ്പോർട്ടിൻറ ബലത്തിലാണ് നാസർ രജിസ്ട്രേഷൻ നടപടികളിലേക്ക് കടന്നത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും മാരിടൈം ബോർഡിന്റെ സർവേ നടപടികൾ നടക്കണമെന്നിരിക്കെ ഔദ്യോഗിക രേഖകളിൽ ഇത്തരം വിവരങ്ങൾ ഒന്നുമില്ല. നിർമാണത്തിന്റെ ആദ്യഘട്ടത്തിലുള്ള ചിത്രങ്ങൾ പോലും ഉൾപ്പെടുത്താതെയാണ് രജിസ്ട്രേഷൻ നടപടിക്കായി ഫയൽ സമർപ്പിച്ചത്.
ഇതിന് പുറമെ മീൻപിടുത്ത വള്ളം രൂപമാറ്റം വരുത്തിയതാണെന്ന കാര്യം കൺസൾട്ടൻറും മാരിടൈം ബോർഡ് ഉദ്യോഗസ്ഥരും മനഃപൂർവം മറച്ചു വെച്ചെന്നും പൊലീസ് കണ്ടെത്തി. ഒറ്റനോട്ടത്തിൽ തന്നെ മീൻപിടുത്ത വള്ളമാണെന്ന് ബോധ്യമാകുന്ന സാഹചര്യത്തിലും ഔദ്യോഗിക റിപ്പോർട്ടുകളിലൊന്നും ഇത് സൂചിപ്പിച്ചിട്ടില്ല. പുതിയ ബോട്ട് നിർമിക്കുന്നു എന്ന തരത്തിലുള്ള രൂപരേഖയും അനുബന്ധ രേഖകളും വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു.
അധികൃതരുടെ ഒത്താശ
അറ്റ്ലാൻറിക് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അപേക്ഷ സ്വീകരിച്ചതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മീൻപിടുത്ത ബോട്ട് രൂപമാറ്റം നടത്തുന്നത് തടഞ്ഞ പോർട്ട് കൺസർവേറ്റർ ഇതേ ബോട്ടിന്റെ രജിസ്ട്രേഷന് വേണ്ടി അപേക്ഷ സ്വീകരിച്ചു. ബോട്ടിന്റെ ആദ്യഘട്ട നിർമാണം മുതൽ സർവേ ഉദ്യോഗസ്ഥനെ വിവരമറിയിക്കണമെന്നാണ് നിയമം. വെള്ളത്തിൽ ഇറങ്ങുന്നതിനു മുൻപ് മൂന്ന് ഘട്ടങ്ങളിൽ സർവ്വേയുടെ പരിശോധന നടക്കണം. എന്നാൽ താനൂർ തൂവൽ തീരത്ത് പുഴയിൽ ഇറക്കിയ ശേഷമാണ് അറ്റ്ലാൻറിക് ബോട്ടിന്റെ സർവേ നടന്നിട്ടുള്ളത്. ബോട്ട് നിർമിച്ച അധികൃത യാഡിന്റെ നടത്തിപ്പുകാരൻ തന്നെ അറ്റ്ലാൻറിക് ബോട്ടിന്റെ അപകട സാധ്യതകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഗുരുതര വിഷയങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് ജനുവരി 13ന് ബേപ്പൂർ പോർട്ട് കൺസർവേറ്റർ അപേക്ഷ സ്വീകരിക്കുന്നതും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ നിരന്തരമായ ഇടപെടൽ ഉണ്ടാകുന്നതും. അനധികൃത നിർമാണം നടത്തിയതിന്റെ പേരിൽ തുറമുഖ വകുപ്പ് പിഴ ചുമത്തിയ ബോട്ടിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്നോളജി വിഭാഗമാണ് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്. രണ്ട് ജീവനക്കാർ ഉൾപ്പെടെ 26 പേർക്ക് യാത്ര ചെയ്യാൻ കഴിയുമെന്നാണ് സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പെടെ 22 പേർക്കുള്ള അനുമതിയാണ് നൽകിയത്. അനധികൃതമായി ഫൈബർ വള്ളം രൂപമാറ്റം വരുത്തിയതിന് പതിനായിരം രൂപ പിഴയടച്ചപ്പോൾ എല്ലാം ശരിയായി. പിന്നീട് ഫിറ്റ്നസിനും രജിസ്ട്രേഷനുമുള്ള നടപടികളിലേക്ക് കടക്കാൻ ഉടമക്ക് തുറമുഖ വകുപ്പുതന്നെ വഴി തുറന്നു കൊടുക്കുകയായിരുന്നു. ഈ പിഴയുടെ അടിസ്ഥാനത്തിലാണ് ബോട്ടിന്റെ സർവേ നപടികൾ പൂർത്തീകരിക്കുന്നത്. അതിനു മുൻപ് വള്ളത്തിന്റെ ഘടനയും ഉറപ്പുമൊന്നും പരിശോധിച്ചിട്ടില്ല. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖ ഉൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്ന് നിർബന്ധമാണ്. ആലപ്പുഴ പോർട്ട് ചീഫ് സർവെയറാണ് സർവേ നടത്തിയത്.
ഉല്ലാസ ബോട്ട് നിർമാണത്തിന് എന്തെല്ലാം രേഖകൾ വേണം? ഏതെല്ലാം നിയമങ്ങൾ പാലിക്കണം?
1. യഥാർഥത്തിൽ വേണ്ടത്: ബോട്ടിന്റെ തുടക്കം മുതലുള്ള നിർമാണ രൂപരേഖ, ഡ്രോയിങ് അനുസരിച്ച് മാത്രമേ ബോട്ട് നിർമിക്കാൻ പാടുള്ളു.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: കൃത്യമായ നിർമാണ രൂപരേഖ തുടക്കം മുതൽ പാലിച്ചിട്ടില്ല. രൂപരേഖയിലില്ലാത്ത മുകളിലേക്കുള്ള കോണി ബോട്ട് ഉണ്ടായി വന്നപ്പോൾ കാണപ്പെട്ടു. സർവേയർ ആ കാര്യം മറച്ചുവെച്ചു. ബോട്ടിൻറ വീതിയുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉണ്ട്.
2. യഥാർഥത്തിൽ വേണ്ടത്: നിർമാണ വേളയിലെ ബിൽഡേഴ്സ് സർട്ടിഫിക്കറ്റ്, കെ.ഐ.വി (കേരള ഇൻലാൻഡ് വെസ്സൽ) അംഗീകാരമുള്ള യാർഡുകളിൽ മാത്രമേ ബോട്ട് നിർമാണം പാടുള്ളൂ. ഉപയോഗിക്കുന്ന സാമഗ്രികൾ ഗുണമേന്മയുള്ളതും ഇവയുടെ ഗുണനിലവാര സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതുമാണ്. ചീഫ് സർവേയറുടെ മുൻ റിപ്പോർട്ടുകൾ നിർമാണ സ്ഥലത്ത് ഉണ്ടായിരിക്കണം. അതാത് സമയത്ത് സർവേയർ മാർക്ക് ചെയ്യുന്ന തരത്തിൽ ഡ്രോയിങിൽ ആവശ്യമായ മാറ്റം വരുത്തി പണിയണം. ഉപയോഗിക്കുന്ന സാധനങ്ങളുടെ ഇൻവോയ്സ് നമ്പർ, ഉപയോഗിക്കുന്ന തിയതി, ബോട്ടിൽ സ്ഥാപിക്കുന്ന ഏരിയ എന്നിവ രേഖപ്പെടുത്തണം. ഗുണ നിലവാര റജിസ്റ്റർ സൂക്ഷിക്കേണ്ടതുമുണ്ട്.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: താനൂർ അറ്റ്ലാൻറിക് ബോട്ടിന്റെ കാര്യത്തിൽ ബിൽഡേഴ്സ് സർട്ടിഫിക്കറ്റിന്റെ അവ്യക്തത നില നിൽക്കെ തന്നെ സർവേ നടപടികൾ പൂർത്തീകരിച്ച് ഉല്ലാസ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി.
3. യഥാർഥത്തിൽ വേണ്ടത്: ഫിറ്റ്നസ് ലഭിക്കണം
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: ഫിറ്റ്നസ് ലഭിക്കണമെങ്കിൽ കെ.ഐ.വി (കേരള ഇൻലാൻഡ് വെസ്സൽ) അംഗീകാരമുള്ള യാർഡുകളിൽ മാത്രമേ ബോട്ട് നിർമാണം പാടുള്ളൂ. അറ്റ്ലാൻറിക് ബോട്ടിന്റെ നിർമാണം നടന്നത് അനധികൃത യാഡിലാണ്. അംഗീകാരമില്ലാത്ത യാഡിലേക്ക് ഉദ്യോഗസ്ഥരെത്തി സർവേ നടത്തേണ്ടതില്ല. എന്നാൽ സർവെയർ അനധികൃത യാഡിലെത്തിയോ എത്താതെയോ ബോട്ടിന് ഫിറ്റ്നസ് നൽകി. ഔദ്യോഗിക രേഖകളിൽ ബോട്ടിന്റെ വർക്ക് നടത്താത്ത മറ്റൊരു അംഗീകൃത യാഡിന്റെ ബിൽഡേഴ് സ് സർട്ടിഫിക്കറ്റ് ചേർത്തു.
4. യഥാർഥത്തിൽ വേണ്ടത്: ഫിറ്റ്നസ് ലഭിച്ചാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: രജിസ്ട്രേഷൻ പൂർത്തിയാക്കാതെയാണ് അറ്റ്ലാൻറിക് ബോട്ട് സർവിസ് ആരംഭിച്ചത്.
5. യഥാർഥത്തിൽ വേണ്ടത്: ഏത് ഉല്ലാസ ബോട്ടും സർവീസ് തുടങ്ങണമെങ്കിൽ സ്വന്തമായി ജെട്ടി വേണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: തുറമുഖ വകുപ്പിന്റെയും ഇറിഗേഷന്റെയും പരിധികളിൽ വരുന്ന പുഴയോര പ്രദേശത്ത് 2 ജെട്ടികൾ നാസർ നിർമിച്ചിരുന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ബോട്ടിനു സർവിസ് നടത്താൻ ഈ വകുപ്പുകൾ എങ്ങനെ അനുമതി നൽകി. പരാതികൾ വ്യാപകമായിട്ടും ജെട്ടി പൊളിക്കാനാ സർവീസ് നിർത്താനോ സർക്കാർ വകുപ്പുകളോ നഗരസഭയോ പൊലീസോ ഇടപെട്ടില്ല.
6. യഥാർഥത്തിൽ വേണ്ടത്: ബോട്ടിൽ ലൈഫ് ജാക്കറ്റുകൾ ധരിച്ചു മാത്രമേ യാത്രക്കാരെ കൊണ്ടുപോകാവൂ. ജാക്കറ്റിൻറ ഗുണനിലവാരവും ഉറപ്പാക്കണം. 2 കാര്യങ്ങളും പോർട്ട് കൺസർവേറ്റർ ഉറപ്പു വരുത്തണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.
7. യഥാർഥത്തിൽ വേണ്ടത്: സമയക്രമം ലംഘിച്ചു ബോട്ട് സർവീസ് നടത്തരുത്. ഇക്കാര്യം പോർട്ട് കൺസർവേറ്റർ ഉറപ്പാക്കണം. പൊലീസ് സഹായം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയെയും ചുമതലപ്പെടുത്തി.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: സമയക്രമം ലംഘിച്ചാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്.
8. യഥാർഥത്തിൽ വേണ്ടത്: ബോട്ട് ജെട്ടികളുടെ സുരക്ഷിതത്വം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം, അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: തെങ്ങുപയോഗിച്ചുള്ള താൽക്കാലിക ജെട്ടിയാണ് നിർമിച്ചിരുന്നത്.
9. യഥാർഥത്തിൽ വേണ്ടത്: പോർട്ട് കൺസർവേറ്റർക്കു ചുമതലകൾ നിർവഹിക്കാൻ ആവശ്യമാകുന്ന മുറയ്ക്കു പൊലീസ് സഹായം ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്കു ചുമതല നൽകിയിട്ടുണ്ട്.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: താനൂർ ഒട്ടുംപുറം തീരദേശത്ത് സഞ്ചാരികളുടെ സുരക്ഷക്ക് യാതൊരു പരിഗണനയുമില്ല. കോസ്റ്റൽ ഗാർഡുമാരോ പൊലീസോ വളണ്ടിയേഴ്സോ അവിടെ സുരക്ഷക്കായി ഇല്ല.
10. യഥാർഥത്തിൽ വേണ്ടത്: വിനോദ സഞ്ചാരികൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ബോർഡുകൾ സ്ഥാപിക്കണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: സുരക്ഷാ സംബന്ധമായ സൂചനാ ബോർഡുകൾ ബോട്ട് യാത്രയുമായി ബന്ധപ്പെട്ട് തൂവൽതീരത്തില്ല.
11. യഥാർഥത്തിൽ വേണ്ടത്: അപകടങ്ങളുണ്ടാകുന്ന പക്ഷം ഫിഷറീസ് വകുപ്പിലെ ഗാർഡുമാരുടെ സേവനം ഉപയോഗപ്പെടുത്തണം.
അറ്റ്ലാൻറിക് ബോട്ടി ന് ഉണ്ടായിരുന്നത്: താനൂർ ഒട്ടുംപുറം തീരദേശത്ത് സഞ്ചാരികളുടെ സുരക്ഷക്ക് യാതൊരു പരിഗണനയുമില്ല. കോസ്റ്റൽ ഗാർഡുമാരോ പൊലീസോ വളണ്ടിയേഴ്സോ സുരക്ഷക്കായി ഇല്ല.
12. യഥാർഥത്തിൽ വേണ്ടത്: പോർട്ട് കൺസർവേറ്റർക്കു ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ സഹായം തേടാം. ജില്ലയിലെ എല്ലാ ബോട്ട് സർവീസുകളിലും ഈ നിർദേശങ്ങൾ നടപ്പാക്കാൻ പോർട്ട് കൺസർവേറ്റർക്കാണ് ചുമതല. ഉൾനാടൻ ജലഗതാഗത നിയമങ്ങളും ചട്ടങ്ങളും ബോട്ട് സർവീസിൽ പാലിക്കുന്നുണ്ടോയെന്നും ഉറപ്പു വരുത്തണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: അത്തരം പരിശോധനകൾ ഇല്ല എന്നാണ് നാട്ടുകാർ പറയുന്നത്. അനധികൃത വള്ളങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പോർട്ട് ഓഫീസിലും പൊലീസിലും നൽകിയിട്ടും ഒരു പ്രതികരണവുമുണ്ടായിട്ടില്ല.
13. യഥാർഥത്തിൽ വേണ്ടത്: മോൾഡ് സർവേ, ഹൾ സർവേ, ഡ്രാഫ്റ്റ് സർവേ എന്നീ റിപ്പോർട്ടുകൾ വേണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: ഔദ്യോഗിക രേഖകൾ ലഭ്യമല്ല.
14. യഥാർഥത്തിൽ വേണ്ടത്: പുതിയ 4 സ്റ്റോക്ക് എൻജിൻ ഘടിപ്പിക്കാമെന്നും അനുമതി ലഭിച്ച സ്ഥലത്തു മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളുവെന്നും സത്വപത്രത്തിൽ സമർപ്പിക്കണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: ഔദ്യോഗിക രേഖകൾ ലഭ്യമല്ല.
15. യഥാർഥത്തിൽ വേണ്ടത്: ഉടമസ്ഥരും നിർമാതാവും തമ്മിൽ കരാർ വ്യവസ്ഥകൾ പാലിക്കണം. ഡ്രാഫ്റ്റ് ലോഡ് ലൈൻ മാപ്പുകൾ, കെ.ഐ.വി നമ്പർ തുടങ്ങിയ പ്രദർശിപ്പിക്കണം.
അറ്റ്ലാൻറിക് ബോട്ടിന് ഉണ്ടായിരുന്നത്: അനധികൃത നിർമാണമായതിനാൽ അത്തരം കരാറുകൾക്ക് നിയമ സാധുതയുണ്ടാവില്ല.
ഉപസംഹാരം
ടൂറിസം മേഖല കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ടൂറിസം മേഖല തീരദേശവുമായും മലയോര മേഖലയുമായും ബന്ധപ്പെട്ടതാണ്. രണ്ട് മേഖലയും അതീവ സുരക്ഷയും ശ്രദ്ധയും വേണ്ട മേഖലകളാണ്. ഈ രണ്ട് മേഖലകളിലെയും അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തവരാണ് ഭൂരിഭാഗം സഞ്ചാരികളും.
എല്ലാ വികസന പദ്ധതികളും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്നതും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാവണം ഓരോ വികസന പദ്ധതിയും. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള വികസന ശൈലിയാണ് ഉണ്ടാവേണ്ടത്. അതല്ലെങ്കിൽ വികസന പദ്ധതികൾ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. വികസനത്തിന്റെ വിളവെടുക്കുന്നവർ തന്നെ ദുരന്തത്തിന്റെ ഉത്തരവാദിത്വവും ഏൽക്കണം. പബ്ലിക് റിലേഷൻ പ്രോഗ്രാമുകൾക്ക് വേണ്ടി ഊതി വീർപ്പിക്കുന്ന വികസന കൊട്ടിഘോഷങ്ങളല്ല നാടിനാവശ്വം.
ജനങ്ങളും സർക്കാറും പരസ്പര സഹകരണത്തോടെ മനസ്സിലാക്കി മുന്നോട്ടു പോകേണ്ട മേഖലയാണ് വികസന പദ്ധതികൾ. സൗകര്യവും താൽപര്യവും മാത്രം നോക്കി സ്വന്തം കാര്യം നേടുന്നതിന് ഇളവുകളും വളഞ്ഞ വഴികളും നിയമാതീത വഴികളും തേടുന്ന പ്രവണത മലയാളികളുടെ ഒരു ദുരന്ത ശീലമാണ്. ജനങ്ങളെ തൃപ്തിപ്പെടുത്തിയാൽ, പണം കിട്ടിയാൽ, തങ്ങളുടെ താൽപര്യങ്ങൾ പൂർത്തീകരിക്കപ്പെടുമെങ്കിൽ എന്ത് ഇളവുകൾക്കും തയാറാവുന്ന ഭരണകൂടവും കേരളത്തിന്റെ മറ്റൊരു ദുരന്തമാണ്. ഈ രണ്ട് ദുരന്തങ്ങൾ കൂടിച്ചേരുന്നിടത്താണ് അപ്രതീക്ഷിത മഹാദുരന്തങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെൽഫെയർ പാർട്ടി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ:
താനൂർ ബോട്ടപകടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണ്. അധികാര പിൻബലത്തിൽ മന്ത്രിമാരും ഭരണകക്ഷി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ അധികാര ദുർവിനിയോഗമാണ് ഈ അപകടത്തിന്റെ മുഖ്യ കാരണം.
ദുരന്തവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പഠിച്ച് വിലയിരുത്തി വെൽഫെയർ പാർട്ടി താഴെ സൂചിപ്പിക്കുന്ന കാര്യങ്ങൾ സർക്കാറിനോട് ആവശ്യപ്പെടുകയാണ്.
-> ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, താനൂർ എം എൽ എയും മന്ത്രിയുമായ വി. അബ്ദുറഹ്മാൻ, തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ എന്നിവർ ദുരന്തത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വെക്കണം.
-> തുറമുഖം, ഫിഷറീസ്, ടൂറിസം, ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ബോട്ട് നിർമാണം,
രജിസ്ട്രേഷൻ, യാത്രാനുമതി, ലൈസൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കണം.
-> അനധികൃതമായി ബോട്ട് നിർമിച്ച് സർവിസ് നടത്തുന്നതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടു വരിക. നരഹത്യക്ക് കേസെടുക്കുക.
-> അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിക്കുക,
-> മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക.
-> അപകടത്തിൽ പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക.
->പരിക്കേറ്റ വിദ്വാർഥികളുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ള പഠന ചെലവ് സർക്കാർ ഏറ്റെടുക്കുക.
-> മലപ്പുറം ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ ടൂറിസം പദ്ധതികളുടെ സുരക്ഷ ഉറപ്പു വരുത്തുക. ഇൻലാൻഡ് വെസൽസ് ആക്റ്റ് 2022 സംസ്ഥാനത്ത് പൂർണ രീതിയിൽ നടപ്പാക്കുക.
-> തീരദേശ – ഉൾനാടൻ ജലഗതാഗത – മലയോര മേഖലകളിലെ ടൂറിസം പദ്ധതികൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തി മാത്രം അനുവദിക്കുക. തീരദേശ – ഉൾനാടൻ ജലഗതാഗത മലയോര മേഖലകളിലെ ടൂറിസം പദ്ധതികൾക്ക് അന്തിമ അനുമതി കൊടുക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ചുമതല നൽകുക.
-> കേരളത്തിലെ ഉൾനാടൻ ജലഗതാഗത ടൂറിസം വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ കൂടുതൽ ജീവനക്കാരെ നിയമിക്കുക.
