സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ rapid support force ഉം അധികാരത്തിനായുള്ള പോരാട്ടം തുടങ്ങിയ 2023 മുതൽ സുഡാൻ ശക്തമായ ആഭ്യന്തര സംഘർഷങ്ങൾക്കാണ് വേദിയായത്.അർധ സൈനിക വിഭാഗമായ ആർ എസ് എഫ് ദാല്‍ഫര്‍ മേഖല ഒക്ടോബർ അവസാനത്തോടുകൂടി പിടിച്ചെടുത്തതിനെ തുടർന്ന് പടിഞ്ഞാറൻ ദൽഫർ മേഖലയിൽ പട്ടിണിയും കൂട്ടക്കൊലയും അരങ്ങേറുകയാണ്.ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച പ്രതിസന്ധിയിൽ 40,000 പേർ സംഘർഷകാലയളവിൽ കൂട്ടക്കൊലയ്ക്ക് ഇരയായി എന്നാണ് കണക്ക്. 12 മില്യൺ ജനങ്ങൾ സ്വന്തം വീടും നാടും ഉപേക്ഷിച്ചു പോയി.പതിനായിരത്തോളം ജനങ്ങൾ നിലവിൽ ദാൽഫറിന്റെ തലസ്ഥാനമായ എൽ-ഫാഷറിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അഭയാർത്ഥികൾക്ക് പുറത്തു കടക്കാൻ സുരക്ഷിതമായ പാതകളില്ല എന്ന്
ഐക്യരാഷ്ട്രസഭയുടെ ആഫ്രിക്കൻ മേഖലലയിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മാർത്താ അമാ അഖ്യ പോബെ ഐക്യരാഷ്ട്രസഭയുടെ അടിയന്തര സുരക്ഷാ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
1989ലെ സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറിയ, ദീർഘകാലം സുഡാൻ ഭരിച്ച പ്രസിഡന്റ് ഒമർ അൽ ബാഷിറിനെ പുറത്താക്കിയതിലൂടെ ഉടലെടുത്ത സംഭവവികാസങ്ങളുടെ തുടർച്ചയാണ് സുഡാനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.പ്രസിഡന്റിനെ പുറത്താക്കിയതിന് ശേഷം സുഡാനിൽ ജനാധിപത്യ പ്രക്ഷോഭങ്ങൾ അരങ്ങേറി.ഒരു സൈനിക – സിവിലിയൻ ഭരണകൂടം തുടർന്ന് അധികാരത്തിൽ വന്നുവെങ്കിലും 2021ൽ മറ്റൊരു സൈനിക അട്ടിമറിയിലൂടെ ആ ഭരണവും സൈന്യം പിടിച്ചെടുത്തു.നിലവിലെ സുഡാൻ പ്രസിഡന്റ് ജനറൽ അബ്ദുൽ ഫതാഹ് അൽ ബുർഹാനും, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്ന അർദ്ധ സൈനിക വിഭാഗമായ RSF ന്റെ തലവൻ ജനറൽ ഹംദാൻ ദഗാലോ യുമായിരുന്നു ഈ സൈനിക അട്ടിമറിക്ക് പിന്നിൽ. എന്നാൽ അട്ടിമറിക്കുശേഷം രണ്ട് സൈനിക തലമാർക്കും ഇടയിൽ ഉടലെടുത്ത അധികാര മോഹത്തെ തുടർന്നാണ് രക്തപങ്കിലമായ ഇന്നത്തെ സുഡാൻ പ്രതിസന്ധി രൂപപ്പെടുന്നത്.2023 ഏപ്രിൽ 15 മുതൽ അർദ്ധ സൈനിക വിഭാഗവും സുഡാൻ സൈന്യവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ ആരംഭിച്ചു.
ജനറൽ ദഗാലോയുടെ അർധ സൈനിക വിഭാഗത്തിന് സുഡാനിലെ സ്വർണ്ണഖനികളുടെ നിയന്ത്രണമുണ്ട്. ഇവർ യു എ ഇ യിലേക്ക് അനധികൃതമായി സ്വർണം കയറ്റുമതി ചെയ്യുന്നുണ്ട് എന്നതാണ് യു.എ.ഇ യെ ഈ സംഘർഷത്തിലേക്ക് ഇടപെടാൻ പ്രേരിപ്പിക്കുന്നത്. യു.എ.ഇ സുഡാനിൽ ഡ്രോൺ ആക്രമണത്തിന് നേതൃത്വം നൽകുന്നുവെന്നും അവരാണ് അർധ സൈനിക വിഭാഗമായ ആർ.എസ്.എഫി ന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നതെന്നും സുഡാൻ സൈന്യം ആരോഭിക്കുന്നു.എന്നാൽ പ്രസ്തുത ആരോപണത്തെ യു.എ.ഇ തള്ളുന്നുണ്ട്.
സൈന്യത്തിനുള്ള പിന്തുണ ഈജിപ്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന
ആരോപണമുണ്ട്. സുഡാനിന്റെ അതിർത്തി രാജ്യമായതിനാലും നൈൽ നദിയിലെ ജലം പങ്കുവെക്കുന്ന രാജ്യമായതിനാലും സുഡാനിലെ രാഷ്ട്രീയ ഗതിവിധികൾ ഈജിപ്റ്റിന് നിർണായകമാണ് എന്നതാണ് ഈജിപ്തിനെ പ്രശ്നത്തിൽ ഇടപെടാൻ പ്രേരിപ്പിക്കുന്നത്.ആയുധം കൊണ്ടും സമ്പത്തുകൊണ്ടും ആർ എസ് എഫ് നെ സഹായിക്കുന്ന യു.എ.ഇ നിലവിൽ സുഡാനിൽ നടക്കുന്ന കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയാണ് എന്ന ആരോപണം ഉയർത്തിക്കൊണ്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുകയാണ് സുഡാൻ സൈന്യം നേതൃത്വം നൽകുന്ന ഭരണകൂടം.
കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യൂനിസഫ് കുട്ടികൾക്കെതിരെ സുഡാനിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പല കുട്ടികളും ആത്മഹത്യ ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.ആർ എസ് എഫും അവരെ പിന്തുണയ്ക്കുന്ന സായുധ വിഭാഗങ്ങളും ദാർഫർ മേഖലയിൽ മേഖലയിൽ വംശഹത്യ നടത്തുന്നതായി കണ്ടെത്തി.
ദർഫർ മേഖലയിലെ ശേഷിച്ച എൽ ഫാഷർ ഭാഗവും ഒക്ടോബർ മാസത്തോടുകൂടി സുഡാൻ സൈനത്തിൽ നിന്നും ആർ.എസ്.എഫ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് നടന്ന കൂട്ടക്കൊലയിൽ 1500ളം പേർ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഓരോ വീടുകളിലും കയറിയിറങ്ങി വംശീയതയുടെ അടിസ്ഥാനത്തിൽ കൊലകൾ നടത്തുകയാണ് ആർ.എസ്.എഫ് എന്ന് എൽ-ഫാഷറിൽ നിന്നും രക്ഷപ്പെട്ടത്തിയവർ പറയുന്നുണ്ട്.നഗരത്തിലെ ഏകദേശം 1.2 ദശലക്ഷം ആളുകൾ 18 മാസമായി ഉപരോധത്തിലായിരുന്നു.ജനങ്ങൾക്ക് രക്ഷപ്പെടാനുള്ള വഴികൾ അടക്കുകയും, ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ പ്രവേശനം ആർ എസ് എഫ് നിഷേധിക്കുകയും ചെയ്തതിനാൽ വളർത്തും മൃഗങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കഴിച്ചാണ് ജനങ്ങൾ അതിജീവിക്കുന്നത്
500 ദിവസത്തെ ഉപരോധത്തിന് ശേഷം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) മിലിഷ്യ നോർത്ത് ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ, കൂട്ട വധശിക്ഷകൾ, ബലാത്സംഗം,പട്ടിണി, പാലായനം എന്നിവക്കാണ് സുഡാൻ സാക്ഷിയാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ രാജ്യം സൈന്യം നിയന്ത്രിക്കുന്ന പൂർവ ഭാഗവും, അർദ്ധ സൈനിക വിഭാഗമായ ആർഎസ്എഫ് നിയന്ത്രിക്കുന്ന പശ്ചിമഭാഗവും എന്ന രീതിയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസിന്റെ (ISPI) ന്റെ റിപ്പോർട്ട് അനുസരിച്ച് യുദ്ധത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി കണ്ടെത്തുന്നത്
സുഡാനിലെ സമൃദ്ധമായ സ്വർണ ഖനിക കളുടെ സാന്നിധ്യമാണ്.
നിലവിൽ ഒന്നര മില്യൺ അഭയാർത്ഥികൾ സുഡാനിൽ നിന്നും ഈജിപ്തിൽ എത്തിയിട്ടുണ്ട് എന്നാണ് കണക്ക്.ദക്ഷിണ സുഡാനിൽ നിന്നും ഉത്തര എത്യോപ്യയിൽ നിന്നുമുള്ള അഭയാർത്ഥിൾ സുഡാനിൽ നിലവിലുണ്ട്. ആഫ്രിക്കയിൽ ഏറ്റവും അധികം അഭയാർത്ഥികൾ വസിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സുഡാൻ.ഒരു മില്യൻ അഭയാർത്ഥികൾ എങ്കിലും സുഡാനിൽ ഉണ്ടാകുമെന്ന് രേഖകൾ വ്യക്തമാക്കുന്നു.
സൗദി അറേബ്യ,അമേരിക്ക, ആഫ്രിക്കൻ യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ പലതവണകളായി സമാധാന ചർച്ചകൾ നടന്നുവെങ്കിലും കാര്യമായ സ്വാധീനങ്ങൾ ഉണ്ടാക്കാൻ അവയ്ക്ക് സാധിച്ചില്ല. അന്താരാഷ്ട്ര ഇടപെടലിലൂടെ സുഡാനിൽ സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഗസ്സ വംശഹത്യയുടെ മുറിവ് ഉണങ്ങുന്നതിനു മുമ്പ് ലോകം മറ്റൊരു കൂട്ടക്കുരുതിക്ക് കൂടി സാക്ഷിയാകും.
