August 13 Thursday 2026

വിയോജിക്കാനുള്ള ഇടങ്ങൾ ഇല്ലാതാകുന്നു – സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

രാജ്യത്ത് വിയോജിക്കാനുള്ള അവകാശം ഇല്ലാതാകുന്നതിനെ കുറിച്ച് വിമർശനമുന്നയിച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഭോപ്പാൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ജസ്റ്റിസ് ജി പി സിംങ്‌ സ്മാരക പ്രഭാഷണം നിർവഹിക്കവെയാണ് ജസ്റ്റിസിന്‍റെ വിമർശനം. ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള നിയമം രാജ്യത്ത് നിലവിലില്ല. എന്നിട്ടും രാജ്യത്തെ പൗരന്മാർ മൂന്നു മാസക്കാലം ജയിലിൽ കഴിയേണ്ടി വന്നത് നീതീകരിക്കുവാൻ സാധിക്കുമോ?. അവകാശങ്ങൾക്കായി സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിക്കുന്നത് നിർഭാഗ്യകരമായ അവസ്ഥയാണ്.

പാരിസ്ഥിതിക വിഷയങ്ങളിൽ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവരെ പോലും കുറ്റവാളികളെ പോലെയാണ് നേരിടുന്നത്. ജാമ്യങ്ങൾ അനുവദിക്കുമ്പോൾ മൗലിക സ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്ന ഉപാധികൾ കോടതി മുന്നോട്ടുവയ്ക്കുന്നു. സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങളിൽ പോലും പാസ്പോർട്ടുകൾ കണ്ടു കെട്ടുന്നു. ഡൽഹി കലാപ കേസിൽ പ്രതികളായ വിദ്യാർത്ഥി നേതാക്കന്മാർക്ക് ജാമ്യം അനുവദിക്കുമ്പോൾ പൊതു ഇടങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും മാറിനിൽക്കുവാനുള്ള ഉപാധികൾ കോടതി മുന്നോട്ടുവെക്കുന്നത് മൗലികാവകാശങ്ങളെ റദ്ദ് ചെയ്യുന്നതാണെന്നും ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടി. ഫലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി പി ഐ എം നൽകിയ ഹരിജിയിൽ സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ നോക്കാനും രാജ്യത്തെ സ്നേഹിക്കാനും കോടതി നിർദേശിച്ചത് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

Related