സോനം വാങ്ചൂക്കിന് എല്ലാ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്തുകൊണ്ട്, അദ്ദേഹത്തിന് പറ്റിയ വീഴ്ചകളുടെ, വിജയങ്ങളുടെ ഒരു ലഘു ചരിത്രം ഓർമപ്പെടുത്തുകയാണ്.
സോനം വാങ്ചൂക് സമീപ കാലം വരെ ബി.ജെ.പിയുടെ പ്രമുഖ പ്രചാരകനായിരുന്നു. ബദൽ വിദ്യാഭ്യാസ മാതൃകക്ക് രൂപം നൽകിയ, മാഗ്‌സസേ പുരസ്‌കാര ജേതാവും സെലിബ്രിറ്റിയും ആയ സോനം വാങ്ചുക്ക് നരേന്ദ്ര മോഡി സർക്കാരിന് നിർണായക ഘട്ടങ്ങളിൽ സമ്പൂർണ്ണ പിന്തുണ നൽകിയ ബിജെപി ‘ബ്രാൻഡ് അംബാസഡർ’ മാതൃക ആയിരുന്നു.
2019 ആഗസ്റ്റ് അഞ്ചിന് ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യ വാഗ്ദാനങ്ങളിൽ ഏറ്റവും സുപ്രധാനമായ കശ്മീരിന്റെ സ്വതന്ത്ര പദവി, ആർട്ടിക്കിൾ 370, അമിത് ഷാ ഒറ്റ പ്രസ്താവനയിൽ റദ്ദാക്കിയപ്പോൾ അന്ന് അതിനെ സ്വാഗതം ചെയ്ത ആളാണ് സോനം വാങ്ചുക്. ഇന്ത്യയിൽ ഉടനീളവും, രാജ്യാന്തര തലത്തിൽ പോലും, വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും അലയടിച്ച് ഭരണഘടനയുടെ അടിവേര് അറുത്ത ആ പ്രഖ്യാപനത്തെ പിന്തുണച്ച ഏറ്റവും അപൂർവം വ്യക്തികളിൽ ഒരാൾ അന്ന് വലിയ സെലിബ്രിറ്റി ആയിരുന്ന സോനം വാങ്ചുക്കായിരുന്നു. സോനം വാങ്ചുക് അന്ന് എക്‌സിൽ ഇങ്ങനെ എഴുതി: “നന്ദി പ്രധാനമന്ത്രി, ലഡാക്കിന്റെ എക്കാലത്തെയും സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു.” അതിനുശേഷം സംഘ്പരിവാർ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പല പരിപാടികളിലും വാങ്ചുക് സ്ഥിരം ക്ഷണിതാവായി.
2016 നവംബർ എട്ടിനാണ് രാജ്യത്തെ നടുക്കിക്കൊണ്ട് സമ്പദ്ഘടനയുടെ അടിത്തറ തകർക്കുന്ന കോർപ്പറേറ്റ് കള്ളപ്പണക്കാരെ മുഴുവൻ സഹായിക്കുന്ന നോട്ട് നിരോധനം (demonetization) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. തൊഴിലാളികൾ, ദരിദ്ര മനുഷ്യർ ബാങ്ക് ക്യൂവിൽ, തെരുവിൽ മരിച്ചുവീണു. ലക്ഷക്കണക്കിന് കോടി രൂപ ബിജെപിയുടെ അക്കൗണ്ടിലേക്ക് കള്ളപ്പണമായി ഒഴുകിയെത്തി എന്നായിരുന്നു വാർത്തകൾ. രാജ്യം ആ ഇരുണ്ട ദിനങ്ങളിലൂടെ കടന്നു പോകുമ്പോൾ, നോട്ട് നിരോധനത്തിന് പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് സോനം വാങ്ചൂക് മുൻനിരയിൽ ഉണ്ടായിരുന്നു. “പ്രതീക്ഷാ നിർഭരമായ വിപ്ലവകരമായ തീരുമാനം” എന്ന രീതിയിലാണ് മോദിയുടെ നോട്ട് നിരോധനത്തെ സോനം വാങ്ചൂക് സ്വാഗതം ചെയ്തതും, അതിന്റെ പ്രചാരകൻ ആയതും.
ബിജെപി ഭരിക്കുന്ന സംഘ്പരിവാർ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ, വാങ്ചുകിൻ്റെ ബദൽ വിദ്യാഭ്യാസ മാതൃകകൾ നടപ്പാക്കാൻ ബിജെപി ഭരണകൂടങ്ങൾ അദ്ദേഹവുമായി ചർച്ച നടത്തി. അങ്ങനെ സംഘ്പരിവാർ ഭരണകൂടവുമായി, അതിന്റെ പോസ്റ്റർ ബോയ് (poster boy) പ്രവർത്തനത്തിൽ സജീവമായി നിൽക്കുമ്പോഴാണ് ലഡാക്കിൽ മോദി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി ലംഘിക്കപ്പെടുന്നതും, കേന്ദ്രത്തിനെതിരെ സെപ്റ്റംബറിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതും. ലഡാക്കിലെ ബഹുഭൂരിപക്ഷം വരുന്ന തദ്ദേശീയരായ ഗോത്ര ജനതയ്ക്ക് സ്വയംഭരണാവകാശം ആവശ്യപ്പെട്ട് ആയിരുന്നു സമരം. അതോടെ അതുവരെയുള്ള എല്ലാ ധാരണകളും അട്ടിമറിക്കപ്പെട്ടു. സെപ്റ്റംബർ 24ന് ഒരു കൂട്ടം യുവാക്കൾ ലേ-യിലുള്ള ബി.ജെ.പിയുടെ പ്രാദേശിക ഓഫീസ് അഗ്നിക്കിരയാക്കി. തുടർന്ന് പൊലീസ് യുവാക്കൾക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരു മുൻ സൈനികൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. പിന്നീട് നടന്നത് വലിയ പൊലീസ് നരവേട്ടയാണ്. ഇതോടെ സോനം വാങ്ചുകിനെ UAPA ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
തൻ്റെ ആശയങ്ങൾക്കുവേണ്ടി പോരാടുക, അത് ഏതറ്റം വരെയും മുന്നോട്ടു കൊണ്ടുപോവുക. അതാണ് സോനംവാങ്ചുക്. ലഡാക്കിലെ പ്രാദേശിക ഭാഷ ഒഴികെ, ഉറുദുവോ, കാശ്മീരി ഭാഷയോ ഒന്നുമറിയില്ലാതിരുന്ന അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്ത് ഡൽഹി IITയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ലഡാക്കിലേക്ക് തിരിച്ചുവന്ന് ബദൽ വിദ്യാഭ്യാസ പദ്ധതിയുമായി പ്രവർത്തിക്കുകയായിരുന്നു. സ്റ്റുഡന്റ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് ‘ എന്നതായിരുന്നു വാങ്ചുകിൻ്റെ ബദൽ വിദ്യാഭ്യാസ പരിപാടി. പിതാവ് സോനം വാങ് യാൽ ജമ്മുകശ്മീരിലെ മന്ത്രി ആയതോടെയാണ് അദ്ദേഹത്തിന് ഈ വഴിത്തിരിവുകൾ ഉണ്ടാകുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങൾ പോലെയുള്ള പ്രതിഭാസങ്ങൾ ലഡാക്കിൻ്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രതിസന്ധികളും ജനങ്ങളെ ബോധവൽക്കരിക്കാൻ വാങ്ചുക്ക് മുൻകൈയെടുത്തു. അതിൻ്റെ ഭാഗമായി കൂടി 2018-ൽ മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചു.
കഴിഞ്ഞ സെപ്റ്റംബർ മുതൽ അഞ്ചുമാസത്തോളമായി UAPA ചുമത്തപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഭാര്യ ഗീതാജ്ഞലി അഗ്‌മോ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിൻ്റെ സഹായത്തോടെ ഹേബിയസ് കോർപസ് പരാതി നൽകി. മാർച്ച് 14 ന് ആണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കൊളോണിയൽ ശക്തികളിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ നിരാഹാരം അനുഷ്ഠിച്ച മനുഷ്യനെ ബ്രിട്ടീഷുകാർക്ക് പോലും കൊല്ലാൻ കഴിയാതിരുന്നപ്പോൾ ഇറ്റലിയിൽ നിന്നു കൊണ്ടുവന്ന കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്നവരുടെ പാരമ്പര്യമുള്ളവർ രാജ്യം ഭരിക്കുമ്പോൾ സോനം വാങ്ചുകിൻ്റെ ജീവൻ അവർക്ക് പ്രശ്നമായിരിക്കില്ല.
രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീകരതയുടെ ഗുരുതരമായ ഈ നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുക, ആ പോരാട്ടത്തോട് ഒപ്പം ചേരുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും രാഷ്ട്രീയ ഉത്തരവാദിത്വമാണ്.
