November 19 Thursday 2026

എസ്ഐആർ: കേരളത്തിലെ വോട്ട് വെട്ടൽ ആരോപണവും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വോട്ട് വർധനവും

Kerala SIR

തെരഞ്ഞെടുപ്പ് കമീഷന്റെ‍ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ) ന് എതിരെ രാജ്യമൊട്ടുക്കും പ്രക്ഷോഭങ്ങൾ സജീവമായി തുടരുകയാണ്. 2026 സെപ്റ്റംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലെ എസ്.ഐ.ആർ പ്രക്രിയകളിലൂടെ 13.98 കോടി വോട്ടർമാരുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത്. അതേസമയം, വോട്ടവകാശം നഷ്ടപ്പെട്ടവരുടെ എണ്ണം 16 കോടിയോളം വരുമെന്നാണ് സ്വതന്ത്ര പൗരാവകാശ സംഘടനകൾ നടത്തിയ പഠനത്തിലൂടെ പുറത്തു വരുന്നത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എസ്.ഐ.ആർ പ്രക്രിയ കുറ്റമറ്റതായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും കർശനമായ ജാഗ്രതയും ശ്രദ്ധയുമാണ് ഇതിന് കാരണമായത്. വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും ഇനിയും അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന വാദവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുപ്രീംകോടതിയെ സമീപിച്ചതൊഴിച്ചാൽ‌ കേരളത്തിൽ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഗൗരവതരമായ എതിർപ്പുകളൊന്നും തന്നെ ഉയർന്നുവന്നിട്ടില്ല.

ഈ വർഷം ഫെബ്രുവരിയിൽ കേരളത്തിലെ എസ്.ഐ.ആർ പ്രക്രിയ പൂർത്തിയായപ്പോൾ, ആകെ വോട്ടർമാരുടെ എണ്ണം 2,69,53,644 ആയിരുന്നു. ആകെ വോട്ടർമാരുടെ എണ്ണത്തിൽ 8.9 ലക്ഷത്തിൻ്റെ കുറവാണ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കുറഞ്ഞ സംഖ്യയാണ്. ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്ലിംകൾ നിർണായകമായ മണ്ഡലങ്ങളിലെല്ലാം മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റപ്പെട്ടുവെങ്കിൽ കേരളത്തിൽ മുിസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വോട്ടർമാരുടെ എണ്ണം വർധിക്കുകയാണുണ്ടായത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വടക്കൻ ഭാഗങ്ങളിലെ മൂന്ന് ജില്ലകളിൽ വോട്ടർമാരുടെ എണ്ണം വർധിച്ചു. പ്രവാസി (NRI) വോട്ടർമാരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായത്; ഇവിടെ വോട്ടർമാരുടെ എണ്ണം 34.13 ലക്ഷത്തിൽ നിന്ന് 36.15 ലക്ഷമായി ഉയർന്നു. കണ്ണൂരിൽ ഏകദേശം 47,200 വോട്ടർമാരും കാസർഗോഡ് 17,985 വോട്ടർമാരും വർധിച്ചു. പ്രവാസി വോട്ടർമാരുടെ എണ്ണം ഏകദേശം 90,000-ൽ നിന്ന് 2.2 ലക്ഷമായി ഉയർന്നു. മറ്റ് 11 ജില്ലകളിലും വോട്ടർമാരുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തിയത്.

കാസർഗോഡ് ജില്ലയിലെ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ഈ വർധനവ്, മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ്റെ പരാജയത്തിൽ നിർണായക പങ്കുവഹിച്ചതായി മാധ്യമ വിശകലനങ്ങള്‍ ഉണ്ടായി. 2016-ലും 2021-ലും വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് (യഥാക്രമം 89, 845 വോട്ടുകൾക്ക്) സുരേന്ദ്രൻ പരാജയപ്പെട്ടതെങ്കിൽ, എസ്.ഐ.ആർ പ്രക്രിയയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ എ.കെ.എം. അഷ്റഫിനോട് അദ്ദേഹം 29,000-ത്തിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

രാജ്യത്ത് എസ്.ഐ.ആർ പ്രക്രിയക്ക് തുടക്കം കുറിച്ച സമയത്തുതന്നെ കേരളത്തിലെ മുസ്ലിം മത-സാമുദായിക സംഘടനകൾ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചത്. എസ്.ഐ.ആറുമയി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് ഹെൽപ് ഡെസ്കുകൾ സ്ഥാപിച്ചും വിവിധ സംഘടനകൾ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളുടെ കൂടി ഫലമാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധനക്ക് കാരണമായത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എസ്.ഐ.ആർ പ്രക്രിയ വളരെ കുറ്റമറ്റതായിരുന്നുവെന്ന് ഇൻഡ്യ മുന്നണിയിൽ ഉൾപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പോലും സമ്മതിക്കുന്നുണ്ട്.

കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വിജയൻറെ​ തോ​ൽ​വി​യും ത​മി​ഴ് നാട്ടി​ൽ എം.കെ സ്റ്റാ​ലി​ൻറെ തോ​ൽ​വി​യും എസ്.ഐ.ആർ വഴി വോട്ട് വെട്ടിമാറ്റിയതിനെ തുടർന്നാണെന്ന് ക്രോക്ചേച്ച് ജനതാപാര്‍ട്ടി സ്ഥാപകൻ അ​ഭി​ജീ​ത് ദീ​പ്കെ ആരോപണം ഉന്നയിച്ചിരുന്നു. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ‘ജനകീയ ട്രൈബ്യൂണൽ’ പരിപാടിയിൽ ധ്രുവ് റാഠി, പ്രകാശ് രാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ അ​ഭി​ജീ​ത് ദീ​പ്കെ നടത്തിയ പ്രസ്തുത ആരോപണത്തെ ഏറ്റുപിടിച്ചുകൊണ്ട് കേരളത്തിലെ ഇടതു നേതാക്കൾ രംഗത്തുവന്നെങ്കിലും വേണ്ടത്ര രാഷ്ട്രീയ ശ്രദ്ധയാകർഷിക്കാൻ അതിനു കഴിഞ്ഞില്ല.

വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക് വീണ്ടും പേര് ഉൾപ്പെടുത്താൻ അവസരം ലഭിച്ചില്ലെന്ന ഹരജിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യപ്പെട്ടവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് നിർദേശിച്ചത്.

വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവർക്ക് തുടർഅപേക്ഷകൾ സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തിനപ്പുറം കേരളത്തിലെ എസ്.ഐ.ആർ പ്രക്രിയക്കെതിരായ വാദങ്ങളൊന്നും തന്നെ കോടതിയിൽ എം.വി ഗോവിന്ദൻ ഉന്നയിക്കുകയുമുണ്ടായില്ല.

 

 

Related