മലയാള സിനിമയിലെ ഒരു ഐക്കണിക് കഥാപാത്രം എന്ന് മലയാളി നിർമ്മിച്ച് വെച്ചിട്ടുള്ള സേതു മാധവൻ പറയുന്ന ഒരു ഡയലോഗ് ആണ്
“ദാ….. ആ തെരുവിൽ വെച്ചാണ് സേതു മാധവന് എല്ലാം നഷ്ടപ്പെട്ടത്….” എന്നത്. ചെങ്കോൽ എന്ന സിനിമയിലാണ് അയാൾ അങ്ങനെ പറയുന്നത്. തെരുവിനെ മറ്റൊരു ലോകം ആയും സേതു മാധവന്റെ വേറൊരു ലോകമായും രണ്ടു ലോകങ്ങളായി ചിത്രീകരിച്ചാണ് ആ സീൻ തന്നെ നിർമിച്ചത്. ഒരു ലോഡ്ജിലെ മുറിയിൽ വെച്ച് ആ തെരുവിലേക്ക് നോക്കുകയും കുറച്ച് ദൂരെ ആയി കാണുന്ന തെരുവ് എന്ന സീനും അപ്പുറത്ത് മോഹൻലാലിന്റെ ഒരു ക്ളോസ് അപ് ഷോട്ടും. രണ്ടും രണ്ടു ലോകങ്ങളാണെന്നും, എന്ന് സേതു മാധവൻ ആ തെരുവിൽ ഇറങ്ങിയോ ആ തെരുവ് അയാളെ തകർത്തു എന്ന രീതിയിലേക്കും നിർമ്മിക്കപ്പെടുന്നു.
സിനിമാ പഠനത്തിലും സാമൂഹ്യശാസ്ത്രത്തിലും “സ്ഥലം” എന്നത് വെറും ഒരു ഭൗതിക ഇടമല്ല. സമൂഹം തന്നെ നിർമ്മിച്ചെടുക്കുന്ന ഒരു സാമൂഹിക രൂപരേഖ കൂടിയാണ്. ഓരോ സ്ഥലത്തിനും അതിന്റേതായ അധികാര ബന്ധങ്ങളും സാമൂഹിക നിയമങ്ങളും മൊറാലിറ്റിയും ഉണ്ടാകുന്നു. ആ അർത്ഥത്തിൽ ചെങ്കോലിൽ കാണുന്ന തെരുവ് വെറുമൊരു റോഡ് അല്ല. സേതു മാധവൻ (കിരീടം എന്ന സിനിമയും) വിശ്വസിക്കുന്ന കുടുംബം, നിയമം, ജോലി, വിവാഹം, സാമൂഹിക അംഗീകാരം എന്നിവയുടെ ലോകത്തിന് പുറത്തുള്ള മറ്റൊരു സാമൂഹിക വ്യവസ്ഥയാണ് അത്. അതുകൊണ്ടാണ് ചെങ്കോലിലെ ആ ഒരു ഡയലോഗ് ഒരു വ്യക്തിയുടെ നഷ്ടത്തെ കുറിച്ച് പറയുന്നതിനേക്കാൾ ഒരു സാമൂഹിക ലോകത്തിൽ നിന്ന് മറ്റൊരു സാമൂഹിക ലോകത്തിലേക്ക് ‘വീണുപോയ’ മനുഷ്യനെ കുറിച്ചുള്ള ഡയലോഗായി മാറുന്നത്.
അത് പോലെ തന്നെ ആണ് കിരീടം എന്ന സിനിമയിലെ സേതു മാധവൻ തെരുവിലേക്ക് ഇറങ്ങുന്ന ഷോട്ടും. കീരിക്കാടൻ ജോസ് എന്ന മനുഷ്യനുമായി അയാളുടെ അച്ഛൻ സംഘട്ടനം നടത്തുമ്പോൾ തെരുവിന്റെ ഓരത്ത് നിന്നിരുന്ന സേതു മാധവൻ അവിടെ നിന്ന് ജനങ്ങളുടെ ഇടയിലൂടെ ശ്രമകരമായി ഇറങ്ങി തെരുവിന്റെ നടുവിലേക്കിറങ്ങുമ്പോൾ അയാളുടെ ലോകം മാറുന്നു. അവിടെ സംഘർഷം രൂപപ്പെടുന്നു. അയാൾ ഗുണ്ട ആയി പതിയെ പരിണമിക്കുന്നു എന്ന രീതിയിലാണ് ഈ സിനിമയുടെ ആർക്ക് രൂപപ്പെടുന്നത്.
ആ രംഗം കുറച്ചു കൂടി ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം കാണാം. സേതു മാധവൻ ഓടി വന്ന് അടിക്കുന്ന ഒരു ഫൈറ്റ് സീൻ എന്നതിലപ്പുറം അത് ഒരു അതിർ കടക്കലാണ്. വീട്ടിൽ നിന്നും തെരുവിലേക്ക്, കുടുംബത്തിൽ നിന്നും പൊതുസ്ഥലത്തേക്ക്, നിയമത്തിൽ നിന്നും ശരീരത്തിന്റെ ശക്തിയിലേക്ക്, മാന്യതയിൽ നിന്നും അക്രമത്തിലേക്ക് ഉള്ള ഒരു അതിർ കടക്കൽ. കിരീടത്തിൽ സേതു മാധവന്റെ ജീവിതത്തിൽ അത്തരമൊരു പരിവർത്തന നിമിഷമാണ് ഈ തെരുവിലേക്ക് ഇറങ്ങൽ. അതുവരെ അയാൾ ജീവിച്ചിരുന്ന ലോകത്തിന്റെ നിയമങ്ങൾ ഇവിടെ മുതൽ പതിയെ പ്രവർത്തിക്കാതാകുന്നു.
പക്ഷെ, സേതു മാധവൻ ഗുണ്ടയാകുന്നതിന്റെ കഥ മാത്രമല്ല കിരീടം പറയുന്നത്. സേതു മാധവനെ സമൂഹം ഗുണ്ടയായി വായിക്കാൻ തുടങ്ങുന്നതിന്റെ കഥ കൂടെയാണ് അത്. ആ ഒരു ഫൈറ്റിന് ശേഷം അയാൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും പുതിയ ഒരു സാമൂഹിക ഐഡന്റിറ്റിയുടെ ഉള്ളിൽ നിന്നാണ് വായിക്കപ്പെടുന്നത്. ഗുണ്ട എന്ന പേര് ഒരിക്കൽ അയാളുടെ ശരീരത്തിൽ പതിഞ്ഞു കഴിഞ്ഞാൽ പിന്നെ അയാളുടെ നന്മയോ വിദ്യാഭ്യാസമോ കുടുംബമോ അത്ര എളുപ്പത്തിൽ സമൂഹത്തിന് കാണാൻ കഴിയുന്നില്ല. സേതു മാധവന്റെ ഏറ്റവും വലിയ ദുരന്തം സാമൂഹിക അംഗീകാരത്തിന്റെ തകർച്ചയാണ്. ജയിലോ കേസോ അതിന്റെ ശേഷമാണ് വരുന്നത്. ആദ്യം തകരുന്നത് അയാളെ കുറിച്ചുള്ള സമൂഹത്തിന്റെ സങ്കൽപമാണ്.
സേതു മാധവന്റെ ഈ പരിവർത്തനം ഒരിക്കലും സ്വകാര്യമായി നടക്കുന്നില്ല. ഓരോ സംഘർഷത്തിനും സാക്ഷികളായി ഒരു ജനക്കൂട്ടം അവിടെയുണ്ട്. കിരീടത്തിലെ ഫൈറ്റുകൾ രണ്ടുപേരുടെ സ്വകാര്യ സംഘർഷങ്ങൾ അല്ല. അവ പൊതുസമൂഹത്തിന്റെ മുന്നിൽ നടക്കുന്ന കാഴ്ചകളാണ്. ആ ജനക്കൂട്ടത്തിന്റെ നോട്ടമാണ് സേതു മാധവനെ പുതിയ ഒരു മനുഷ്യനാക്കി മാറ്റുന്നത്. അതുകൊണ്ട് കിരീടത്തിൽ ജനക്കൂട്ടം വെറും പശ്ചാത്തലമല്ല. സേതു മാധവന്റെ സാമൂഹിക വിധി പ്രഖ്യാപിക്കുന്ന ഒരു കഥാപാത്രം കൂടെയാണ്.
ഇവിടെ സേതു മാധവൻ, കീരിക്കാടൻ ജോസ്, ഹൈദ്രോസ് എന്നീ മൂന്നു കഥാപാത്രങ്ങളെ ബന്ധപ്പെടുത്തി തെരുവ് എന്ന ആശയത്തെ നോക്കി കണ്ടാൽ രസമായിരിക്കും. സേതു മാധവന് തെരുവ് എന്നത് എപ്പോഴും അയാളുടെ മൊറാലിറ്റിയിൽ ഒരു അപര ലോകം ആയിരുന്നു. കുടുംബം, പ്രേമം, ജോലി എന്നതൊക്കെ സ്വപ്നങ്ങളായിട്ടുള്ള, നിയമ ഭയമുള്ള ഈ സമൂഹത്തിനോട് യാതൊരു വിധ സംഘർഷങ്ങളും ഇല്ലാത്ത ‘നല്ല ലോകത്തെ നല്ല കുട്ടി’ ആയ സേതു മാധവൻ ഒരു പക്ഷെ ‘ചീത്ത’ ആകുന്നത് അയാൾ തെരുവിലേക്ക് ഇറങ്ങുന്നതോടു കൂടെ ആണ്. പണ്ട് മാഷമ്മാര് ബഹളം വെക്കുന്ന കുട്ടികളോട് “ഇതെന്താ മീൻ ചന്തയാണോ?” എന്ന് പറയുന്നത് പോലെ തന്നെ ആണ് ഒരു പക്ഷെ കിരീടം എന്ന സിനിമ തെരുവിനെ, മാർക്കറ്റിനെ സേതു മാധവന്റെ കാര്യത്തിൽ നിർമ്മിച്ചെടുക്കുന്നത്. തെരുവ് എന്നത് സകല മാലിന്യങ്ങളും തിന്മകളും നിറഞ്ഞ ഇടമാണെന്നും അവിടെ സേതു മാധവനെ പോലുള്ള പ്യൂർ സോൾ ഇടപെടുമ്പോൾ സ്വാഭാവികമായും നശിച്ചു പോകുമെന്ന ഒരു വായന സൃഷ്ടിക്കുന്നു.
കീരിക്കാടൻ ജോസ്: തെരുവിന്റെ നിയമവും വയലൻസും
കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ കുടുംബവും അത് പോലെ തന്നെ കുടുംബ മഹിമ പറയുന്ന വലിയ ഏതോ ക്രിസ്ത്യൻ തറവാടും കുടുംബവുമാണ് എന്ന് കിരീടം, ചെങ്കോൽ എന്നീ രണ്ടു സിനിമകളിൽ പറയുന്നുമുണ്ട്. പക്ഷെ, തെരുവ് എന്നതിന്റെ രീതിശാസ്ത്രത്തോടും അതിന്റെ വയലൻസിനോടും അതിന്റെ ആ ജിയോഗ്രഫിയിലെ അവിടെ നിൽക്കുന്ന പൊതു സമൂഹത്തിന്റെ പുറത്തുള്ള നീതി, മൊറാലിറ്റി എന്നിവയോടു കീരിക്കാടൻ ജോസ് വ്യക്തമായും ഐക്യപ്പെട്ടു എന്നതു കൊണ്ടാണ് ഒരു പക്ഷെ സേതു മാധവനെക്കാൾ വലിയ ഒരു കഥാപാത്രമായി എനിക്ക് കീരിക്കാടൻ ജോസ് മാറുന്നത്.
രാമപുരം തെരുവ് കുറെ ഗുണ്ടകളുടെ ഇടം ആയിരുന്നു എന്ന് കിരീടം സിനിമ പറയുന്നുണ്ട്. പക്ഷെ, എങ്ങനെ അത് അത്തരം ‘ഗുണ്ടകൾ’ ഇടപെടുന്ന ഇടമായി എന്നൊന്നും പറയുന്നില്ല. എങ്ങനെ ഈ ഗുണ്ടകൾ സൃഷ്ടിക്കപ്പെട്ടു എന്നും ആ സിനിമ പറയുന്നില്ല. മാമുക്കോയ ഈ സിനിമയിൽ ഗുണ്ടകളെ കുറിച്ച് പറയുമ്പോൾ, ആ ഗുണ്ടകൾ വേറെ ഏതോ അപര ലോകത്തെ ജീവികൾ എന്ന രീതിയിൽ പേടിപ്പെടുത്തുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. അല്ലാതെ ഈ മൊറാലിറ്റിയുടെ, കുടുംബ മഹിമയുടെ സമൂഹം അവരെ എങ്ങനെ രൂപപ്പെടുത്തി എന്നൊന്നും പറയുന്നില്ല.
ഇവിടെ എനിക്ക് തോന്നിയ മറ്റൊരു കാര്യം കൂടെ ഉണ്ട്. കിരീടം സിനിമയുടെ രാഷ്ട്രീയം മുഴുവൻ സേതു മാധവന്റെ തകർച്ചയിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ കീരിക്കാടന്റെ ജീവിതത്തെ കുറിച്ച് സേതു മാധവന്റെ ജീവിതത്തെ പോലെ സിനിമയ്ക്ക് വലിയ താല്പര്യമില്ല. ഒരു പക്ഷേ സേതു മാധവനെ പോലെ വേറെ ഒരു ജീവിതം അയാൾക്കും ഉണ്ടായിരിക്കാം. അയാൾ എങ്ങനെ കീരിക്കാടൻ ജോസ് ആയി? എന്ത് സാമൂഹിക സാഹചര്യങ്ങളാണ് അയാളെ നിർമ്മിച്ചത്? എന്ത് വർഗ്ഗ ജീവിതമാണ് അയാൾ ജീവിച്ചത്? എന്ത് തൊഴിൽ ചെയ്ത മനുഷ്യനാണ്? കുടുംബവും സമൂഹവും അയാളെ എങ്ങനെ കണ്ടു? ഇതൊന്നും സിനിമ അന്വേഷിക്കുന്നില്ല. ഗുണ്ട എന്ന ഒരു റെഡിമെയ്ഡ് സാമൂഹിക വിഭാഗം അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് സിനിമ തുടങ്ങുന്നത്.
എനിക്ക് തോന്നുന്നത് ഇവിടെ സിനിമ ഒളിപ്പിച്ചു വെക്കുന്ന ഒരു സാമൂഹിക ചരിത്രമുണ്ട്. “ഗുണ്ട” എന്നത് ആകാശത്ത് നിന്ന് വീണ ഒരു വിഭാഗമല്ല. സമൂഹം തന്നെ നിർമ്മിച്ചെടുക്കുന്ന ഒരു ഐഡന്റിറ്റിയാണ്. ചില മനുഷ്യരെ സമൂഹം മാന്യരായ പൗരന്മാരായി അംഗീകരിക്കുകയും മറ്റു ചിലരെ എപ്പോഴും അപരന്മാരായി നിലനിർത്തുകയും ചെയ്യുന്ന ഒരു സാമൂഹിക പ്രക്രിയയുടെ ഫലമാണ് അത്. കിരീടം സേതു മാധവന്റെ സാമൂഹിക ചരിത്രം വിശദമായി പറയുന്നു. പക്ഷെ, കീരിക്കാടന്റെ സാമൂഹിക ചരിത്രം പറയാതിരിക്കുകയാണ് ചെയ്യുന്നത്. ആ മൗനം പോലും സിനിമയുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
തെരുവ് എന്നത് വയലൻസിന്റെ ഇടം മാത്രമല്ല. അത് തൊഴിലിന്റെ ഇടം കൂടെയാണ്. ചായക്കട, മാർക്കറ്റ്, ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷകൾ, ചെറിയ കച്ചവടങ്ങൾ, വർക്ക് ഷോപ്പുകൾ, യാത്രക്കാർ, സ്ഥിരം മുഖങ്ങൾ എന്നിവ ചേർന്നാണ് ഒരു തെരുവ് ജീവിക്കുന്നത്. പക്ഷെ, മധ്യവർഗ്ഗത്തിന്റെ സാംസ്കാരിക ഭാവനയിൽ തെരുവ് പലപ്പോഴും തൊഴിലെന്നതിനേക്കാൾ അപകടത്തിന്റെ ഇടമായി വായിക്കപ്പെടുന്നു. കിരീടവും അതിൽ നിന്ന് പൂർണ്ണമായി മാറുന്നില്ല. അതുകൊണ്ടാണ് തെരുവിൽ ജീവിക്കുന്നവരുടെ ജീവിതത്തെക്കാൾ തെരുവ് സേതു മാധവന് ഉണ്ടാക്കുന്ന ഭീഷണിയാണ് സിനിമയുടെ കേന്ദ്രമാകുന്നത്.
കീരിക്കാടൻ ജോസിന്റെ ഒരു ജീവിതത്തിന്റെ തിരിച്ചറിവ് തന്നെ അതി ഗംഭീരമാണ്. ഒരു പക്ഷെ ഒറ്റ വരയിൽ ഒരു നേർ രേഖയിൽ പോകുന്ന പരിപാടി അല്ല നീതി, ന്യായം, സ്നേഹം, മൊറാലിറ്റി എന്നത് അയാൾ മനസിലാക്കുന്നു. തെരുവിൽ ജാതി മഹിമയേക്കാൾ കുടുംബ മഹിമയേക്കാൾ വലുത് വയലൻസാണ് എന്ന് മനസ്സിലാക്കിയ അയാൾ വയലൻസ് തന്നെ ഒരു ടൂൾ ആയി രൂപീകരിക്കുന്നു. അതെ സമയം അപ്പുറത്ത് സേതു മാധവന്റെ കുടുംബ തറവാട്ടു മഹിമ എന്നത് വേറെ ഒരു വയലൻസാണ് എന്ന് സേതു മാധവൻ മനസ്സിലാക്കുന്നുമില്ല. അയാളുടേത് അത് മാത്രമായ ഒരു ഒറ്റ ലോകവുമാണ്. പക്ഷെ കീരിക്കാടൻ തെരുവിന്റെ നിയമവും നീതിയും വയലൻസും തിരിച്ചറിയുകയും ചെയ്യുന്നു. കീരിക്കാടന്റെ കുടുംബത്തോടുള്ള സ്നേഹവും കൂടെ നിൽക്കുന്നവരോടുള്ള സ്നേഹവും ഒക്കെ ജോണി എന്ന നടന്റെ കഥാപാത്രത്തിലൂടെ ലോഹിതദാസ് പറയുന്നുമുണ്ട്.
ഇവിടെ കീരിക്കാടൻ ജോസിനെ വെറും അക്രമിയുടെ സ്ഥാനത്ത് നിന്ന് മാറ്റി നോക്കിയാൽ മറ്റൊരു കാര്യം കൂടി കാണാം. അയാൾ വയലൻസിനെ ഇഷ്ടപ്പെടുന്ന മനുഷ്യനാണോ, അതോ വയലൻസ് മാത്രമാണ് പ്രവർത്തിക്കുന്ന ഒരു ലോകത്തിന്റെ നിയമം മനസ്സിലാക്കിയ മനുഷ്യനാണോ? എനിക്ക് തോന്നുന്നത് രണ്ടാമത്തേതാണ് കൂടുതൽ രസകരം. കാരണം സേതു മാധവൻ നിയമം വിശ്വസിക്കുന്ന ലോകത്താണ് ജീവിക്കുന്നത്. കീരിക്കാടൻ ജീവിക്കുന്നത് നിയമം എത്താത്ത ഒരു ഇടത്താണ്. അവിടെ ശരീരവും ഭയവും തിരിച്ചടിയുമാണ് അധികാരത്തിന്റെ ഭാഷ. അതുകൊണ്ട് തന്നെ അയാൾ വയലൻസിനെ ഒരു ഭാഷയായും ഒരു സാമൂഹിക ടൂൾ ആയും ഉപയോഗിക്കുന്നു. അതിനെ ന്യായീകരിക്കുക എന്നല്ല പറയുന്നത്. പക്ഷെ അത് പ്രവർത്തിക്കുന്ന സാമൂഹിക സാഹചര്യത്തെ സിനിമ ചോദ്യം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സാധാരണ നമ്മൾ സ്റ്റേറ്റിന്റെ വയലൻസിനെ നിയമം എന്ന് വിളിക്കുകയും തെരുവിന്റെ വയലൻസിനെ കുറ്റം എന്ന് വിളിക്കുകയും ചെയ്യാറുണ്ട്. പക്ഷെ രണ്ടും അധികാരത്തിന്റെ രണ്ട് വ്യത്യസ്ത രൂപങ്ങളാണ്. കിരീടം വളരെ വ്യക്തമായി തെരുവിന്റെ വയലൻസിനെ കാണിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെയും പോലീസിന്റെയും ജാതിയുടെയും സാമൂഹിക ബഹുമതിയുടെയും ഉള്ളിലുള്ള അദൃശ്യ വയലൻസിനെ അത്രത്തോളം ചർച്ച ചെയ്യുന്നില്ല. അതുകൊണ്ടാണ് സേതു മാധവന് സ്വന്തം ലോകം തന്നെ ഒരു വയലൻസ് ആണെന്ന് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. കീരിക്കാടന് പക്ഷെ വയലൻസ് എല്ലാ ലോകങ്ങളിലും ഉണ്ടെന്ന് അറിയാം.
എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് സേതു മാധവന് വയലൻസ് ഒരു അപകടമാണ്. കീരിക്കാടന് വയലൻസ് ഒരു ഭാഷയാണ്. സേതു മാധവന് തെരുവ് ഒരു പ്രശ്നമാണ്. കീരിക്കാടന് തെരുവ് ഒരു വീടാണ്. സേതു മാധവന് ശരീരം മൊറാലിറ്റിയെ സംരക്ഷിക്കാനുള്ള ഒന്നാണ്. കീരിക്കാടന് ശരീരം തന്നെ മൊറാലിറ്റിയുടെ സ്ഥാനമാണ്. അതുകൊണ്ട് ഇവർ തമ്മിലുള്ള സംഘർഷം രണ്ടു വ്യക്തികളുടെ ശത്രുതയല്ല. രണ്ടു വ്യത്യസ്ത സാമൂഹിക വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷമാണ്.
കിരീടം മുഴുവൻ സേതു മാധവന്റെ കണ്ണിലൂടെ കീരിക്കാടനെ കാണാൻ നമ്മളെ പഠിപ്പിക്കുന്നു. പക്ഷെ ഒരു നിമിഷത്തേക്കെങ്കിലും കീരിക്കാടന്റെ കണ്ണിലൂടെ സേതു മാധവനെ നോക്കിയാൽ എന്തായിരിക്കും കാണുക? ഒരുപക്ഷെ തെരുവിന്റെ നിയമങ്ങൾ അറിയാത്ത, സ്വന്തം സാമൂഹിക മൊറാലിറ്റിയിൽ മാത്രം ജീവിക്കുന്ന, ജീവിതം അതിനേക്കാൾ കുഴഞ്ഞുമറിഞ്ഞ ഒന്നാണെന്ന് ഇതുവരെ മനസ്സിലാക്കാത്ത ഒരു മനുഷ്യനെയായിരിക്കും അയാൾ കാണുക. എനിക്ക് തോന്നുന്നത് ആ വായനയും കിരീടത്തിനുള്ളിൽ തന്നെ ഒളിഞ്ഞു കിടക്കുന്നുണ്ട്.
കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിന്റെ വയലൻസ് സിനിമയ്ക്ക് പുറത്തു രൂപപ്പെടുന്നത് കൂടെ ഇവിടെ നോക്കിക്കാണുന്നത് നല്ലതായിരിക്കും. അതി ക്രൂരനായ ഒരു വില്ലനെയാണ് അവർക്ക് വേണ്ടത് എന്ന രീതിയിൽ അയാളുടെ രൂപം എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് മോഹൻ ജോസ് എന്ന നടനിലേക്ക് എത്തുന്നതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്. ആജാനുബാഹുവായ, ഒറ്റ നോട്ടത്തിൽ തന്നെ പേടി ഉണ്ടാക്കുന്ന, “ഗുണ്ട” എന്ന് സമൂഹം വായിച്ചെടുക്കുന്ന ഒരു ശരീരമാണ് അവർ അന്വേഷിച്ചത്. അതുകൊണ്ടാണ് മോഹൻ ജോസ് എന്ന നടന്റെ ശരീരം തന്നെ കീരിക്കാടനായി കാസ്റ്റ് ചെയ്യപ്പെടുന്നത്.
അതായത് കീരിക്കാടന്റെ വയലൻസ് കഥാപാത്രം സംസാരിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ ശരീരം സംസാരിക്കാൻ തുടങ്ങുന്നു. അയാളുടെ ഉയരം, ശരീരഭാഷ, മീശ, മുഖഭാവം, നടക്കൽ, നോട്ടം തുടങ്ങി എല്ലാം ചേർന്നാണ് കീരിക്കാടൻ ജോസ് എന്ന സാമൂഹിക അപരത്വം സിനിമ നിർമ്മിക്കുന്നത്. ഇവിടെ കഥാപാത്രത്തിന്റെ വയലൻസിനേക്കാൾ മുമ്പ് അതിന്റെ വിഷ്വൽ വയലൻസ് ആണ് പ്രവർത്തിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു കഥാപാത്രം ചെയ്യുന്ന പ്രവൃത്തികൾ മാത്രമല്ല, ആ കഥാപാത്രത്തെ സിനിമ എങ്ങനെ ഫ്രെയിം ചെയ്യുന്നു, എങ്ങനെ ആദ്യമായി പരിചയപ്പെടുത്തുന്നു, അയാളുടെ ശരീരത്തെ എങ്ങനെ നോക്കാൻ പ്രേക്ഷകനെ പരിശീലിപ്പിക്കുന്നു എന്നതും അയാളുടെ അർത്ഥം നിർമ്മിക്കുന്നതിൽ പ്രധാനമാണ്.
അതുകൊണ്ടാണ് കീരിക്കാടന്റെ ശരീരവും തെരുവും പരസ്പരം അർത്ഥം നൽകുന്ന രണ്ടു ദൃശ്യങ്ങളായി പ്രവർത്തിക്കുന്നത്. തെരുവ് അപകടകരമാണ് എന്ന ആശയം സ്ഥാപിക്കാൻ കീരിക്കാടന്റെ ശരീരം ഉപയോഗിക്കുന്നു. അതേസമയം കീരിക്കാടന്റെ ശരീരത്തെ വായിക്കാൻ സിനിമ തെരുവിനെയും ഉപയോഗിക്കുന്നു. ഒരാൾ മറ്റേയാളെ വിശദീകരിക്കുന്നു. വലിയ ശരീരം, പരുക്കൻ മുഖം, നിയന്ത്രിക്കാനാകാത്ത അക്രമം എന്നിവ തമ്മിൽ ചേർത്ത് ഒരു പ്രത്യേക തരം വില്ലൻ രൂപത്തെ സിനിമ നിർമ്മിക്കുന്നു. പിന്നീട് മലയാള സിനിമയിൽ ഇത്തരം വിഷ്വൽ കോഡുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് കീരിക്കാടൻ ജോസ് എന്ന കഥാപാത്രം മാത്രമല്ല, “ഗുണ്ട” എന്ന സാമൂഹിക രൂപത്തിന്റെ ഒരു ദൃശ്യ സെമിയോട്ടിക്സ് കൂടെയാണ് കിരീടം നിർമ്മിക്കുന്നത്.
ഹൈദ്രോസ്: തെരുവിന്റെ സാമൂഹിക ബുദ്ധി
അതെ സമയം ഈ ലോകത്തെ തന്നെ ശരിക്കും അരച്ച് കലക്കി അതിന്റെ കപടത വായിച്ചെടുത്തു രൂപപ്പെട്ട വ്യക്തിത്വമാണ് കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസ്. മസിൽ പവർ ഇല്ലാത്ത ഒരാൾ തെരുവിൽ എങ്ങനെ നീങ്ങണമെന്നും, ആരുടെ കൂടെ നീങ്ങണമെന്നും, എവിടെ വയലൻസ് കാണിക്കണമെന്നും, എവിടെ സ്നേഹം കാണിക്കണമെന്നും നല്ല കൃത്യമായി അയാൾക്ക് അറിയാം. അയാളുടെ ജീവിതം കീരിക്കാടനെ പോലെ സേതു മാധവനെ പോലെ ഒരു കുടുംബ മഹിമയുടെ ചരിത്രവുമില്ല. അയാൾ അയാളുടെ ജീവിതത്തെ കുറിച്ച് ഒരു ഇമോഷണൽ ഡയലോഗ് എപ്പോഴോ സേതു മാധവനോട് പറയുന്നുമുണ്ട്. ഈ ലോകത്തിൽ കൃത്യമായ നീതി, നന്മ, നല്ലവർ, ചീത്തവർ എന്നിങ്ങനെ കൃത്യമായ ഒരു സാമൂഹിക രൂപരേഖ ഒന്നും തന്നെ ഇല്ല എന്ന് മനസ്സിലാക്കിയ, ജീവിതത്തെയും സമൂഹത്തെയും ആഴത്തിൽ വായിച്ചെടുത്ത, ഒരു സാമൂഹിക മഹിമയുടെയും കൂടെ നിൽക്കാത്ത അതി ഗംഭീരമായ കഥാപാത്രമാണ് ഹൈദ്രോസ്.
എനിക്ക് തോന്നുന്നത് ഹൈദ്രോസിനെ മലയാള സിനിമ അധികം ഗൗരവത്തോടെ വായിച്ചിട്ടില്ല എന്നതാണ്. തമാശ പറയുന്ന കഥാപാത്രം, സേതു മാധവന്റെ കൂടെ നടക്കുന്ന കഥാപാത്രം എന്നതിലേക്കാണ് അയാൾ ഒതുങ്ങിപ്പോയത്. പക്ഷെ ശ്രദ്ധിച്ചു നോക്കിയാൽ കിരീടത്തിലെ ഏറ്റവും കൂടുതൽ സാമൂഹിക ബുദ്ധിയുള്ള കഥാപാത്രം ചിലപ്പോൾ ഹൈദ്രോസ് തന്നെയായിരിക്കും. അയാൾക്ക് സമൂഹത്തെ കുറിച്ച് വലിയ തിയറികൾ ഒന്നും പറയാനില്ല. പക്ഷെ സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അയാൾക്ക് കൃത്യമായി അറിയാം. ആരുടെ മുന്നിൽ എന്ത് സംസാരിക്കണം, എപ്പോഴാണ് പിൻവാങ്ങേണ്ടത്, എപ്പോഴാണ് കൂടെ നിൽക്കേണ്ടത്, എപ്പോഴാണ് തമാശ പറയേണ്ടത്, എപ്പോഴാണ് പേടിക്കേണ്ടത് എന്നൊക്കെ അയാൾക്ക് അറിയാം. ജീവിതം പുസ്തകങ്ങളിൽ നിന്ന് അല്ല, തെരുവിൽ നിന്ന് പഠിച്ച മനുഷ്യനാണ് അയാൾ.
ഒരു കാര്യം ശ്രദ്ധിച്ചാൽ ഹൈദ്രോസ് തെരുവിലെ ഒരു സാധാരണ മനുഷ്യൻ മാത്രമല്ല. തെരുവിന്റെ സാമൂഹിക ബുദ്ധിയാണ്. സേതു മാധവന് നിയമം അറിയാം. കീരിക്കാടന് ശക്തി അറിയാം. ഹൈദ്രോസിന് മനുഷ്യരെ അറിയാം. ആരാണ് ശരിക്കും അപകടകാരി, ആരാണ് വെറും ശബ്ദം ഉണ്ടാക്കുന്നത്, ആരുടെ കൂടെ നിൽക്കണം, എപ്പോഴാണ് നിശബ്ദനാകേണ്ടത്, എപ്പോഴാണ് സംസാരിക്കേണ്ടത് എന്നൊക്കെ അയാൾക്ക് സ്വാഭാവികമായി അറിയാം. അത് വിദ്യാഭ്യാസത്തിൽ നിന്ന് കിട്ടിയ അറിവല്ല. തെരുവ് തന്ന പഠനമാണ്.
എനിക്ക് തോന്നുന്നത് ഹൈദ്രോസിന്റെ വലിയ ശക്തി അയാൾക്ക് ഒരു കൃത്യമായ ധാർമ്മിക ലോകമില്ല എന്നതാണ്. അത് മൊറാലിറ്റി ഇല്ല എന്ന അർത്ഥത്തിൽ അല്ല. ജീവിതത്തെ ഒരു നേർരേഖ പോലെ വായിക്കുന്നില്ല എന്ന അർത്ഥത്തിൽ ആണ്. സേതു മാധവന് മനുഷ്യരെ ആദ്യം നല്ലവൻ, ചീത്തവൻ എന്നിങ്ങനെ വേർതിരിക്കേണ്ട ആവശ്യമുണ്ട്. കീരിക്കാടന് ശക്തരാണോ ദുർബലരാണോ എന്നതാണ് പ്രധാനമായുള്ളത്. ഹൈദ്രോസിന് പക്ഷെ സാഹചര്യം ആണ് പ്രധാനം. ഓരോ സാഹചര്യത്തിലും മനുഷ്യർ എങ്ങനെ പെരുമാറും എന്ന് അയാൾക്ക് അറിയാം. അതുകൊണ്ടാണ് അയാൾ പലപ്പോഴും മറ്റുള്ളവരെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത്.
സമൂഹം നിർമ്മിച്ച കൃത്യമായ നല്ലവൻ-ചീത്തവൻ വിഭജനങ്ങൾക്ക് ഇടയിൽ ജീവിക്കുന്ന മനുഷ്യനാണ് ഹൈദ്രോസ്. നിയമങ്ങളെ സ്വന്തം അതിജീവനത്തിന് അനുസരിച്ച് വായിക്കുന്ന, അധികാരത്തിന്റെ സ്വഭാവം വളരെ വേഗം തിരിച്ചറിയുന്ന കഥാപാത്രം. അതുകൊണ്ടാണ് അയാൾ നായകനുമല്ല, വില്ലനുമല്ല. അയാൾക്ക് വലിയ ധാർമ്മിക പ്രഭാഷണങ്ങളും ഇല്ല. പക്ഷെ സമൂഹത്തിന്റെ കപടത വായിച്ചെടുക്കാൻ സേതു മാധവനെക്കാളും കഴിവുള്ള മനുഷ്യനാണ്. ഒരു പക്ഷെ അതുകൊണ്ടാണ് ഹൈദ്രോസിന്റെ കഥാപാത്രം എനിക്ക് ഇത്രയും രസകരമായി തോന്നുന്നത്.
സേതു മാധവൻ ഒരു ലോകത്തിൽ മാത്രമാണ് ജീവിക്കുന്നത്. കീരിക്കാടൻ തെരുവിന്റെ ലോകത്തിലാണ് ജീവിക്കുന്നത്. പക്ഷെ ഹൈദ്രോസ് രണ്ടു ലോകങ്ങളും വായിക്കുന്ന മനുഷ്യനാണ്. സേതു മാധവനെ പോലുള്ള മനുഷ്യർ എങ്ങനെ ചിന്തിക്കും എന്നും കീരിക്കാടനെ പോലുള്ള മനുഷ്യർ എങ്ങനെ പ്രതികരിക്കും എന്നും അയാൾക്ക് അറിയാം. അതുകൊണ്ടാണ് പല രംഗങ്ങളിലും രണ്ടു ലോകങ്ങൾക്കിടയിലെ വിവർത്തകനായി പോലും ഹൈദ്രോസ് പ്രവർത്തിക്കുന്നത്. സിനിമയിൽ ആരും ഔദ്യോഗികമായി ഏൽപ്പിക്കാത്ത ഒരു സാമൂഹിക വിവർത്തകന്റെ ജോലി അയാൾ ചെയ്യുന്നു.
ഹൈദ്രോസിന് വലിയ ശരീരമില്ല. വലിയ കുടുംബ മഹിമയില്ല. വലിയ ജാതി മഹിമയില്ല. വലിയ സാമൂഹിക അംഗീകാരമില്ല. പക്ഷെ ഈ നാലും ഇല്ലാത്തതുകൊണ്ട് തന്നെ ജീവിതത്തെ കുറിച്ച് അയാൾക്ക് കൂടുതൽ വ്യക്തതയുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സേതു മാധവൻ നിയമത്തെ വിശ്വസിക്കുന്നു. കീരിക്കാടൻ ശക്തിയെ വിശ്വസിക്കുന്നു. ഹൈദ്രോസ് സാഹചര്യങ്ങളെ വിശ്വസിക്കുന്നു. ഈ മൂന്ന് മനുഷ്യരും ജീവിതത്തെ വായിക്കുന്ന മൂന്ന് വ്യത്യസ്ത രീതികളാണ്.
ഇവിടെ മറ്റൊരു കാര്യം കൂടി എനിക്ക് തോന്നിയിട്ടുണ്ട്. ഹൈദ്രോസ് ജീവിക്കുന്നത് തെരുവിലാണ്. പക്ഷെ അയാൾ തെരുവിന്റെ വയലൻസിന്റെ ഭാഗമല്ല. അതുപോലെ സേതു മാധവന്റെ കുടുംബ മൊറാലിറ്റിയുടെയും ഭാഗമല്ല. ഈ രണ്ടു ലോകങ്ങൾക്കിടയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന കഥാപാത്രമാണ് അയാൾ. അതുകൊണ്ടാണ് ഹൈദ്രോസ് ഒരിക്കലും പൂർണ്ണമായും ഒരു പക്ഷത്തേക്ക് പോകാത്തത്. അയാളുടെ രാഷ്ട്രീയം അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ അയാളെ മനസ്സിലാക്കാൻ “വിശ്വസ്തത” എന്നതിനേക്കാൾ “അതിജീവനം” എന്ന വാക്ക് കൂടുതൽ ചേരും എന്ന് തോന്നിയിട്ടുണ്ട്.
ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാം. ഹൈദ്രോസ് ജീവിക്കുന്നത് എല്ലായ്പ്പോഴും പൊതുസ്ഥലങ്ങളിലാണ്. ചായക്കട, തെരുവ്, മാർക്കറ്റ്, ആളുകൾ കൂടുന്ന ഇടങ്ങൾ. അയാൾക്ക് വീടിനേക്കാൾ പരിചയം പൊതുസമൂഹത്തോടാണ്. അതുകൊണ്ടാണ് മനുഷ്യരെ വായിക്കാനുള്ള കഴിവ് അയാൾക്ക് വരുന്നത്. സ്വകാര്യ ജീവിതത്തേക്കാൾ പൊതുജീവിതത്തിൽ പരിശീലനം നേടിയ മനുഷ്യനാണ് ഹൈദ്രോസ്. ഒരു പക്ഷെ അതുകൊണ്ട് തന്നെയാവണം സേതു മാധവനെ പോലെ സ്വകാര്യ ലോകത്തിൽ ജീവിക്കുന്ന ഒരാളെക്കാൾ സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവം ഹൈദ്രോസിന് മനസ്സിലാകുന്നത്.
മലയാള സിനിമയിലെ പല തമാശ കഥാപാത്രങ്ങളും കഥയുടെ ടെൻഷൻ കുറയ്ക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ്. പക്ഷെ, ഹൈദ്രോസ് അങ്ങനെയല്ല. അയാൾ കഥയെ മുന്നോട്ട് കൊണ്ടുപോകുകയും കഥാപാത്രങ്ങളെ വായിക്കുകയും സാമൂഹിക ബന്ധങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ്. അതുകൊണ്ടാണ് അയാളുടെ തമാശകൾ പോലും പലപ്പോഴും ജീവിതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളായി മാറുന്നത്. ചിരിയുടെ പിന്നിൽ വലിയൊരു സാമൂഹിക അനുഭവം പ്രവർത്തിക്കുന്ന കഥാപാത്രമാണ് ഹൈദ്രോസ്.
ഹൈദ്രോസിന്റെ കഥാപാത്രത്തെ സിനിമ വളരെ ബോധപൂർവം ചെറിയ രീതിയിൽ മാത്രം ഉപയോഗിച്ചിട്ടും ആ കഥാപാത്രം സിനിമയ്ക്ക് പുറത്തേക്ക് വളർന്നത് യാദൃശ്ചികമല്ല. കൊച്ചിൻ ഹനീഫയുടെ പ്രകടനം കൊണ്ടു മാത്രമല്ല അത്. ഹൈദ്രോസ് ജീവിക്കുന്നത് മലയാളിക്ക് പരിചിതമായ ഒരു സാമൂഹിക ലോകത്തിലാണ്. നമ്മുടെ നാട്ടിലെ ചായക്കടകളിലും ബസ് സ്റ്റാൻഡുകളിലും മാർക്കറ്റുകളിലും വർക്ക് ഷോപ്പുകളിലും ഇത്തരത്തിലുള്ള മനുഷ്യരെ നമ്മൾ കാണാറുണ്ട്. അധികാരത്തിന്റെ കേന്ദ്രത്തിൽ നിൽക്കാത്ത, പക്ഷെ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയ ഒരു സാധാരണ മനുഷ്യനെ. അതുകൊണ്ടാണ് ഹൈദ്രോസ് മലയാളിയുടെ ഓർമ്മയിൽ തമാശ കഥാപാത്രം എന്നതിലുപരി ഒരു ജീവിതബുദ്ധിയുടെ പ്രതിനിധിയായി മാറുന്നത്.
കിരീടം സേതു മാധവന്റെ സിനിമയാണെങ്കിലും ജീവിതത്തെ കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്ന കഥാപാത്രങ്ങൾ സേതു മാധവനല്ല. കീരിക്കാടനും ഹൈദ്രോസുമാണ്. ഒരാൾ വയലൻസിലൂടെ ലോകത്തെ വായിക്കുന്നു. മറ്റൊരാൾ മനുഷ്യരിലൂടെ ലോകത്തെ വായിക്കുന്നു. സേതു മാധവൻ മാത്രം തന്റെ സാമൂഹിക മൊറാലിറ്റിക്കുള്ളിൽ നിന്ന് ലോകത്തെ വായിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതം ആദ്യം തകർക്കുന്നതും അയാളെയാണ്.
കിരീടം സിനിമയിലും ചെങ്കോലിലും സേതു മാധവന്റെ തകർച്ചയാണ് പ്രധാന കഥ. അതുകൊണ്ട് തന്നെ കീരിക്കാടനും ഹൈദ്രോസും സേതു മാധവന്റെ ജീവിതത്തിൽ ഇടപെടുന്ന കഥാപാത്രങ്ങളായിട്ടാണ് സിനിമയിൽ നിൽക്കുന്നത്. പക്ഷെ സിനിമയ്ക്ക് പുറത്തേക്ക് ഇറങ്ങിയാൽ ഒരു അട്ടിമറി സംഭവിക്കുന്നുണ്ട്. സേതു മാധവനെക്കാൾ വലിയ സാംസ്കാരിക ജീവിതമാണ് കീരിക്കാടനും ഹൈദ്രോസും പിന്നീട് ജീവിക്കുന്നത്. കീരിക്കാടൻ ജോസ് മലയാളത്തിലെ ഏറ്റവും വലിയ വില്ലന്മാരിൽ ഒരാളായി മാറുന്നു. ഹൈദ്രോസ് മലയാളിയുടെ ദൈനംദിന സാംസ്കാരിക ഭാഷയുടെ ഭാഗമായി മാറുന്നു. അതായത് സിനിമ കേന്ദ്രത്തിലാക്കിയ നായകനെക്കാൾ സിനിമ അരികിൽ നിർത്തിയ കഥാപാത്രങ്ങളാണ് പിന്നീട് സമൂഹത്തിൽ വലിയ സാംസ്കാരിക ജീവിതം നേടുന്നത്.
ഒരു പക്ഷെ ഇതാണ് ഒരു സിനിമയുടെ ഏറ്റവും വലിയ കൗതുകം. സംവിധായകനും തിരക്കഥാകൃത്തും നിർമ്മിക്കുന്ന സിനിമ മാത്രമല്ല പിന്നീട് ജീവിക്കുന്നത്. പ്രേക്ഷകർ വീണ്ടും വീണ്ടും വായിച്ചെടുക്കുന്ന സിനിമ കൂടെയാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് സേതു മാധവന്റെ നൊമ്പരത്തിനൊപ്പം കീരിക്കാടനും ഹൈദ്രോസും മലയാളിയുടെ സാംസ്കാരിക ഓർമ്മയിൽ സ്ഥിരമായി ഇടം നേടിയത്. സിനിമ അവരെ വില്ലനായും തമാശ കഥാപാത്രമായും അവതരിപ്പിച്ചിട്ടും മലയാളി അവരെ അതിൽ ഒതുക്കിയില്ല. സ്വന്തം രീതിയിൽ വീണ്ടും വായിച്ചു. ഒരു അർത്ഥത്തിൽ പ്രേക്ഷകർ തന്നെ കിരീടത്തെ വീണ്ടും എഴുതുകയായിരുന്നു.
തെരുവ്: മലയാളിയുടെ അപര ലോകം
കിരീടം, ചെങ്കോൽ എന്നീ സിനിമകൾ രൂപപ്പെടുന്നത് ഒരു സന്തോഷകരമായ നായർ തറവാട്ടിൽ നിന്ന് ഒരു ഉത്തമ പൗരനായി ജീവിച്ചു മരിക്കേണ്ട സേതു മാധവൻ എന്ന കഥാപാത്രത്തിന്റെ തകർച്ചയുടെ ഇമോഷനിലൂടെയാണ്. അവിടെ വില്ലനിസത്തിലൂടെ കീരിക്കാടനും തമാശ രൂപകമായി ഹൈദ്രോസും തെരുവ് എന്ന ഒരു അപരത്വവും സൃഷ്ടിച്ച് കൊണ്ടാണ് സേതു മാധവനെ ഈ സിനിമ നായകനാക്കുന്നത്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സേതു മാധവനെ പോലെ ഒറ്റ ലോകത്തിൽ മാത്രം ജീവിക്കുന്ന ഒരു കഥാപാത്രത്തെക്കാൾ എത്രയോ ലോകത്തെ അറിഞ്ഞ രണ്ടു കഥാപാത്രങ്ങളായിട്ടാണ് കീരിക്കാടനെയും ഹൈദ്രോസിനെയും കാണാൻ പറ്റുന്നത്. പക്ഷെ, ഈ സിനിമകൾ കീരിക്കാടന്റെയും ഹൈദ്രോസിന്റെയും കഥകൾ ചെറിയ രീതിയിൽ തൊട്ടു പോകുന്നതിലൂടെ തന്നെ ഈ സിനിമ മറ്റൊരു വായനയ്ക്കും വാതിൽ തുറക്കുന്നുണ്ട്.
ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചാൽ രസമായിരിക്കും. കിരീടം എന്ന സിനിമ സേതു മാധവന്റെ നന്മയെ ഡയലോഗുകൾ കൊണ്ട് മാത്രം സ്ഥാപിക്കുന്നില്ല. അതിനായി സിനിമ മുഴുവൻ ഒരു പ്രത്യേക ജിയോഗ്രഫിയും ആർക്കിടെക്ചറും നിർമ്മിക്കുന്നുണ്ട്. സേതു മാധവൻ ജീവിക്കുന്ന വീട്, തറവാട്, മുറ്റം, ഗ്രാമം, നെൽപ്പാടം, ഇടവഴികൾ, ചെറിയ ഗ്രാമവഴികൾ, മരങ്ങൾ, വയലുകൾ, കുളങ്ങൾ എന്നിവയെല്ലാം ചേർന്നാണ് അയാളുടെ മൊറാലിറ്റിയുടെ ദൃശ്യലോകം നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ടാണ് സേതു മാധവനെ നമ്മൾ ആദ്യമായി തിരിച്ചറിയുന്നത് ഒരു വ്യക്തിയായിട്ടല്ല; ഒരു പ്രത്യേക ഗ്രാമീണ സാംസ്കാരിക ലോകത്തിന്റെ ഭാഗമായി. ആ ലോകം മുഴുവൻ നന്മയുടെയും സമാധാനത്തിന്റെയും കുടുംബത്തിന്റെയും ഓർമ്മകളുടെയും ദൃശ്യഭാഷയിലാണ് സിനിമ നിർമ്മിക്കുന്നത്.
ഇവിടെ സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം എനിക്ക് വളരെ രസകരമായി തോന്നിയിട്ടുണ്ട്. നെൽപ്പാടത്തിലൂടെ മോഹൻലാൽ ഒറ്റയ്ക്ക് നടന്നു പോകുന്ന ഒരു ഷോട്ട് എടുക്കാൻ വേണ്ടി അദ്ദേഹം ഒരു ഡേറ്റിന് വേണ്ടി പോലും കാത്തിരുന്നു എന്ന് പറയുന്നുണ്ട്. ഒരു സംവിധായകൻ ഒരു ഷോട്ടിന് വേണ്ടി ഇത്രയും കാത്തിരിക്കുന്നു എന്നത് വെറുമൊരു സൗന്ദര്യബോധത്തിന്റെ കാര്യമല്ല. ആ ഷോട്ട് സേതു മാധവന്റെ ലോകത്തെ നിർമ്മിക്കുന്ന ഷോട്ടാണ്. വിശാലമായ നെൽപ്പാടവും അതിലൂടെ ഒറ്റയ്ക്ക് നടക്കുന്ന സേതു മാധവനും ചേർന്ന് അയാളെ ഒരു “നല്ല മനുഷ്യൻ” എന്നതിലുപരി ഒരു പ്രത്യേക സാമൂഹിക ധാർമ്മികതയുടെ പ്രതിനിധിയായി ദൃശ്യവൽക്കരിക്കുന്നു. സിനിമയിൽ മൊറാലിറ്റി പലപ്പോഴും ഡയലോഗുകളേക്കാൾ മുമ്പ് ലാൻഡ്സ്കേപ്പിലൂടെയും ആർക്കിടെക്ചറിലൂടെയും നിർമ്മിക്കപ്പെടുന്നു എന്നതിന് ഇത് നല്ല ഉദാഹരണമാണ്.
അതിന്റെ നേർവിപരീതമായാണ് തെരുവ് സിനിമയിൽ വരുന്നത്. വീടിന് ഒരു ആർക്കിടെക്ചർ ഉള്ളതുപോലെ തന്നെ തെരുവിനും സിനിമ ഒരു ആർക്കിടെക്ചർ നിർമ്മിക്കുന്നുണ്ട്. വീട് അടച്ചതും സുരക്ഷിതവും കുടുംബം നിയന്ത്രിക്കുന്നതുമായ ഇടമാണ്. തെരുവ് തുറന്നതും പ്രവചിക്കാൻ കഴിയാത്തതും സംഘർഷത്തിന്റെ ഇടവുമാണ്. വീട്ടിൽ മനുഷ്യരെ ബന്ധങ്ങൾ നിർവചിക്കുന്നു. തെരുവിൽ മനുഷ്യരെ ശരീരവും ശക്തിയും ഭയവും ജനക്കൂട്ടവും നിർവചിക്കുന്നു. ഒരു അർത്ഥത്തിൽ നോക്കിയാൽ കിരീടം രണ്ടു വ്യത്യസ്ത ആർക്കിടെക്ചറുകളുടെ സംഘർഷം കൂടെയാണ്. ഒന്നാമത്തേത് വീട്ടിന്റെ ആർക്കിടെക്ചർ. രണ്ടാമത്തേത് തെരുവിന്റെ ആർക്കിടെക്ചർ.
കിരീടത്തിലെ സ്ഥലങ്ങൾ പോലും കഥാപാത്രങ്ങളെ പോലെ പെരുമാറുന്നുണ്ട്. വീട്ടിന്റെ ചുമരുകളും മുറ്റവും വയലുകളും സേതു മാധവനെ സംരക്ഷിക്കുന്നതുപോലെ തന്നെ തെരുവും മാർക്കറ്റും ജനക്കൂട്ടവും കീരിക്കാടനെ നിർമ്മിക്കുന്നു. ഹൈദ്രോസിനെ രൂപപ്പെടുത്തുന്നതും ഇതേ പൊതുസ്ഥലങ്ങളാണ്. ചായക്കട, തെരുവ്, മാർക്കറ്റ്, ആളുകൾ കൂടുന്ന ഇടങ്ങൾ. അതുകൊണ്ട് കഥാപാത്രങ്ങളെ മാത്രം വായിച്ചാൽ കിരീടം പൂർണ്ണമാകുന്നില്ല. അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വായിക്കേണ്ടി വരും. കഥാപാത്രങ്ങളും സ്ഥലങ്ങളും പരസ്പരം ഒരുമിച്ചാണ് അർത്ഥം നിർമ്മിക്കുന്നത്.
അതുകൊണ്ടാണ് ഈ സിനിമയിൽ ഗ്രാമവഴികളും നെൽപ്പാടങ്ങളും കാണുമ്പോൾ നമുക്ക് സ്വാഭാവികമായി സമാധാനവും നന്മയും തോന്നുകയും തെരുവും മാർക്കറ്റും ജനക്കൂട്ടവും വരുമ്പോൾ അപകടവും അനിശ്ചിതത്വവും തോന്നുകയും ചെയ്യുന്നത്. ഇത് യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം മാത്രമല്ല. സിനിമ നിർമ്മിച്ചെടുത്ത ഒരു വിഷ്വൽ മൊറാലിറ്റിയാണ്. സിനിമയുടെ ദൃശ്യഭാഷ തന്നെ ചില സ്ഥലങ്ങളെ “നല്ല” സ്ഥലങ്ങളായും ചില സ്ഥലങ്ങളെ “ചീത്ത” സ്ഥലങ്ങളായും വായിക്കാൻ നമ്മളെ പരിശീലിപ്പിക്കുന്നു. അതുകൊണ്ട് കിരീടത്തിലെ മൊറാലിറ്റി കഥാപത്രങ്ങളുടെ സംഭാഷണങ്ങളിൽ മാത്രമല്ല, ഫ്രെയിമുകളിലും ലൊക്കേഷനുകളിലും ആർക്കിടെക്ചറിലും ക്യാമറയുടെ നോട്ടത്തിലും നിർമ്മിക്കപ്പെടുന്നുണ്ട്.
ഒരു പക്ഷെ ഇതുകൊണ്ട് കൂടെയായിരിക്കും കിരീടം കഴിഞ്ഞിട്ടും സേതു മാധവന്റെ വീടും ഗ്രാമവും നെൽപ്പാടവും നമ്മുടെ ഓർമ്മയിൽ നിൽക്കുന്നത് പോലെ തന്നെ രാമപുരം തെരുവും നമ്മുടെ ഓർമ്മയിൽ നിൽക്കുന്നത്. രണ്ടു സ്ഥലങ്ങളും രണ്ടു കഥാപാത്രങ്ങളെ പോലെ തന്നെ വളരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്ക് പുറത്തേക്ക് സിനിമയിലെ സ്ഥലങ്ങളും പിന്നീട് സാംസ്കാരിക മെമ്മറിയായി മാറുന്നു. കിരീടത്തിലെ സേതു മാധവന് അപ്പുറം ഉള്ള കഥാപാത്രങ്ങളും തെരുവും സിനിമയ്ക്ക് പുറത്തു വളരുന്നത് ഇങ്ങനെയുമായിരിക്കാം.
