സമീപ ദിവസമാണ് എക്കോ എന്ന സിനിമ കാണാനിടയായത്.‘നിയന്ത്രണം’ ‘അടിമത്തത്തിലേക്ക്’ എങ്ങനെ രൂപമാറ്റം ചെയ്യപ്പെടുന്നു എന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്ണ്ട്. ഇപ്പോൾ എക്കോയെ കുറിച്ച് പറയാനുള്ള കാരണം എന്താണെന്നല്ലേ പറയാം. ജനുവരിയിൽ രൂപപ്പെടുത്തിയ സഞ്ചാർ സാഥി ആപ് ഡിസംബർ ഒന്നിന് എല്ലാ സ്മാർട്ട് ഫോണുകളിലും ഇൻസ്റ്റാൾ ചെയ്യാൻ സർക്കുലർ പുറത്തിറക്കിയിരിന്നു കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം. ആപ്ലിക്കേഷൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുമ്പോൾ തന്നെ നമുക്ക് ബോധ്യമാകുന്ന ഒന്നാണ് നിയന്ത്രണം എങ്ങനെ അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നു എന്ന്. എക്കോ എന്ന സിനിമയുടെ കഥാപ്രമേയം തന്നെയാണ് സഞ്ചാർ സാഥി ആപ്പിലൂടെ കേന്ദ്രസർക്കാരും ഉദ്ദേശിക്കുന്നത്.
ആദ്യമായാണ് സർക്കാർ ഒരു ആപ്ലിക്കേഷൻ നിർബന്ധമായും സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് നിബന്ധന വെക്കുന്നത്. നിയന്ത്രണം എന്ന കപട മുഖം അണിഞ്ഞു കൊണ്ട് നിയന്ത്രണത്തെ അടിമത്തത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശമാണ് സഞ്ചാർ സാഥിയിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. സദാ നിരീക്ഷിക്കപ്പെടുന്ന സമൂഹത്തെ (surveillance state)നെ നിർമ്മിച്ചെടുക്കുകയാണ് ആപ്പിന്റെ പ്രധാന ഉദ്ദേശം എന്ന് പറയാം.നിലവിൽ ആപ്പിൾ സ്റ്റോറുകളിലും ആൻഡ്രോയിഡ് പ്ലേസ്റ്റോറിലും ആപ്പ് ലഭ്യമാണ്. പുതിയതായി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ ആപ്ലിക്കേഷൻ ഉണ്ടാകണമെന്ന് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് രഹസ്യമായി നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ. എന്നാൽ ഈ വിവരം റോയ്ട്ടേഴ്സ് പുറത്തുവിടുന്നതോടുകൂടിയാണ് സംഭവം പുറം ലോകം അറിയുന്നതും പ്രതിഷേധങ്ങൾ ഉയരുന്നതുംവിശദീകരണവുമായി മന്ത്രാലയം രംഗത്ത് വരുന്നതും.നേരത്തെ വിൽപ്പന നടന്ന ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്ഡേഷൻ വഴി ആപ്ലിക്കേഷൻ ലഭ്യമാക്കണമെന്നും സർക്കാർ നിർദ്ദേശത്തിൽ ഉണ്ട്.
സഞ്ചാർ സാഥി എന്ന പുതിയ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്ക് യാതൊരു ഉപകാരവും കൊണ്ടുവരുന്നില്ലന്നും സർക്കാർ നിയന്ത്രണത്തിൽ എല്ലാ നെറ്റ്‌വർക്കുകളെയും കൊണ്ടുവരിക എന്നത് മാത്രമാണ് ഈ ആപ്പിന്റെ ഉദ്ദേശമെന്നുമാണ് വിമർശനം.
ഒരു സിം കാർഡ് മേടിക്കുമ്പോൾ തന്നെ KYC ഫോമുകളിലൂടെയും, ആധാർ കാർഡിലൂടെയും രാജ്യത്തെ ഒരോ മൊബൈലുകളുടെ നിരീക്ഷണവും ഇപ്പോൾ തന്നെ സർക്കാർ നിയന്ത്രണത്തിലാണ്.എന്നാൽ പുതിയ ടെലികോം ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിൽ ott പ്ലാറ്റ്ഫോമുകൾ അടക്കമുള്ള എല്ലാ ഓൺലൈൻ നെറ്റ്‌വർക്കുകളെയും ഓൺലൈൻ വിവരസാങ്കേതിക ഇടങ്ങളെയും കേന്ദ്രസർക്കാർ നിരീക്ഷണത്തിൽ കൊണ്ടുവരികയാണ്.
ആപ്ലിക്കേഷനിലെ നിർദ്ദേശങ്ങളും മാറ്റങ്ങളും ഉപഭോക്താവിന് എടുത്തുമാറ്റാൻ കഴിയാത്തതാണ്. അതായത് ഡിവൈസ് പെർമിഷന്റെ അനുവാദമില്ലാതെ തന്നെ നമ്മുടെ മൊബൈൽ ഫോണിലെ ഗാലറി കളിലെ ഫോട്ടോകളും വീഡിയോകളും റെക്കോർഡുകളും ഡോക്യുമെന്റുകളും സഞ്ചാർ സാഥിക്ക് ആക്സസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആയിരിക്കും രൂപകൽപ്പന ചെയ്യുക. അതായത് സ്മാർട്ട്ഫോൺ ഉപയോക്താവിന്റെ അനുവാദമില്ലാതെ തന്നെ മൊബൈൽ ഫോണിന്റെ നിയന്ത്രണം ആപ്ലിക്കേഷൻ പരിധിയിൽ വരും. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതോടെ അത് ഡിവൈസിൽ നിന്നും നീക്കം ചെയ്യുവാനുള്ള ഉപയോക്താവിന്റെ അധികാരവും ഇല്ലാതെയാകുന്നു. ഇതിലൂടെ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആവുകയാണ് രാജ്യത്തെ ഓരോ സ്മാർട്ട് ഫോണും. ഇവിടെയാണ് ആപ്പിന്റെ പിന്നിലെ രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നത്. അതായത് ഉപയോക്താവിന്റെ നിയന്ത്രണങ്ങളെ പരിമിതപ്പെടുത്തി ഓരോ ഫോണിന്റെയും അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളും പൂർണ്ണമായി സർക്കാർ നിയന്ത്രണത്തിൽ ആകുന്നതോടെ ഒരു ഏകാധിപത്യ ഭരണത്തിന് കീഴിൽ ജീവിക്കുന്ന പൗരസമൂഹം രൂപപ്പെടുകയായി. സ്വകാര്യത മൗലികാവകാശമായി കാണുന്ന ഒരു രാജ്യത്ത് പ്രസ്തുത ആപ്പിലൂടെ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ പ്രതിസന്ധി ഊഹിക്കാമല്ലോ.
ആപ്പിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾ ഒരു നിയമത്താലും നിയന്ത്രിക്കപ്പെടുന്നതല്ല.
ഒരു നിയമവുമായും ഈ ആപ്പിനെ ബന്ധിപ്പിച്ചിട്ടുമില്ല. ഭാവിയിൽ പുറത്തിറങ്ങുന്ന മൊബൈൽ ഫോണുകളിൽ ഉപയോക്താവ് ഇൻസ്റ്റാൾ ചെയ്യാതെ മൊബൈൽ ഫോൺ നിർമാതാക്കൾ തന്നെ ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആയിരിക്കും സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക.കെ എസ് പുട്ടസ്വാമി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീംകോടതി സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിനുമേൽ കത്തി വെക്കുന്നതാണ് സർക്കാരിന്റെ പുതിയ ആപ്ലിക്കേഷൻ.
ഡേറ്റ മോഷണത്തിന്റെ വാർത്തകൾ നിത്യസംഭവമാകുന്ന നമ്മുടെ രാജ്യത്ത് സഞ്ചാര്‍ സാഥി ഉയർത്തുന്ന ആശങ്ക അത്തരത്തിൽ പരിഗണിക്കപ്പെടേണ്ടതുണ്ട്.CloudSEK’s Threat Landscape Report 2024 പ്രകാരം അമേരിക്ക കഴിഞ്ഞാൽ സൈബർ ആക്രമണങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.ഇരുപത്തിയഞ്ചോളം ഡേറ്റ മോഷണങ്ങളാണ് പൊതുമേഖലയിൽ നിന്നും റിപ്പോർട്ട് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൈബർ സെക്യൂരിറ്റിയിൽ ഏറെ മുന്നിൽ നിൽക്കുന്ന രാഷ്ട്രമായ ഇസ്രായേലിന് പോലും റിപ്പോർട്ട് പ്രകാരം ഡാറ്റാ മോഷണത്തിൽ മൂന്നാം സ്ഥാനമാണ്. ഡേറ്റ സുരക്ഷിതമല്ല എന്ന വസ്തുതയ്ക്കാണ് ഇവയെല്ലാം അടിവര ഇടുന്നത്. തട്ടിപ്പിൽ ഉള്ളതും വ്യാജമായതുമായ ഐ എം ഇ എ നമ്പറുകൾ അല്ല ഉപയോഗിക്കുന്നത് എന്നും, വ്യാജ നമ്പറുകൾ റിപ്പോർട്ട് ചെയ്യുക എന്നതും, കളഞ്ഞുപോകുന്ന ഫോണുകൾ ബ്ലോക്ക് ചെയ്യാനുമൊക്കെയാണ് ആപ്പിന്റെ ലക്ഷ്യമായി സർക്കാർ പറയുന്നത്.
മൊബൈൽ ഫോണിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ആപ്പ് പുറത്തിറക്കുന്നത് എന്ന സർക്കാർ വാദം തീർത്തും നിരർത്ഥകമാണ്. അത്തരമൊരു ഉദ്ദേശമാണ് സർക്കാരിനുള്ളതെങ്കിൽ ഇത്രത്തോളം കർശനമായ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയ ഒരു ആപ്പിന്റെ ആവശ്യം എന്താണ് എന്നതാണ് ചോദ്യം. ഇവിടെയാണ് കോൺഗ്രസ് വക്താവ് പവൻ ഖേരയുടെ വാദം പരിഗണിക്കേണ്ടത്.സുരക്ഷിതത്വം കേവലം ഒഴിവുകഴിവാണ്,വ്യക്തിയുടെ സ്വകാര്യതയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമാക്കുന്നത് എന്നാണ് പവൻ ഖേരയുടെ ആരോപണം.
2023 ലെ ഐ സി.എം.ആർ( ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ഡാറ്റ ചോർച്ച ബാധിച്ചത് 81 കോടി ഇന്ത്യക്കാരെയാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കണം. ഇതിനെ ഒരു അടിച്ചമർത്തൽ ഉപകരണം എന്ന രീതിയിലാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമാണ് സർക്കാർ കാണിക്കുന്നത് എന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സിൽ കുറിച്ചത്. സഞ്ചാർ സാഥി മറ്റൊരു പെഗാസസ് ആണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ ആപ്ലിക്കേഷൻ നിർബന്ധമാണ് എന്ന വ്യവസ്ഥ എടുത്തു മാറ്റിയതായി അറിയിച്ചിട്ടുണ്ട്. അതിനു പറയുന്ന ന്യായമാകട്ടെ ആപ്പ് “ജനകീയമാകുന്നു” എന്ന വിചിത്രമായ കണ്ടുപിടുത്തമാണ്.
പൗരന്റെ സ്വകാര്യതയ്ക്കുമേൽ കടന്നുകയറി ഒരു സർവ്വൈലൻസ് സ്റ്റേറ്റിനെ നിർമിച്ചെടുക്കുവാനുള്ള ഈ പുറപ്പാട് സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടന അനുച്ഛേദത്തെയാണ് റദ്ദ് ചെയ്യുന്നത് എന്നിരിക്കെ ഒരു ഏകാധിപത്യ ഭരണക്രമത്തിന് കീഴിലേക്ക് രാജ്യത്തെ പിഴുതു മാറ്റാനുള്ള ഇത്തരം നടപടികളെ ആപാദചൂഢം എതിർക്കേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.
