കോൺഗ്രസ് മുൻ എം പിയും നേതാവുമായ സജ്ജൻ കുമാർ അന്തരിച്ചു. എൺപത് വയസ്സായിരുന്നു.1984 ലെ സിഖ് വിരുദ്ധ കലാപ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കവെ ഡൽഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലായിരുന്നു അന്ത്യം. തീഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 1984 ഒൿടോബർ 31ന് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് സിഖ് വിരുദ്ധ കലാപം ഡൽഹിയിൽ പൊട്ടിപ്പുറപ്പെടുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചു എന്നതായിരുന്നു സജ്ജൻ കുമാറിനെതിരെയുള്ള കുറ്റം.
മൂവായിരത്തിലധികം പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തെ “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ” എന്നാണ് കോടതി വിധിന്യായത്തിൽ വിശേഷിപ്പിച്ചത്. സജ്ജൻ കുമാറിനെ വധശിക്ഷക്ക് വിധേയനാക്കാനാണ് പ്രോസിക്യൂഷൻ വാദിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്ത് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2018 ൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും സജ്ജൻ കുമാർ രാജി വെച്ചിരുന്നു.
