യുഎപിഎ കേസിൽ അറസ്റ്റിലായി പതിനൊന്ന് വർഷക്കാലം ജയിലിൽ കഴിയവെ മാവോയിസ്റ്റ് നേതാവ് രൂപേഷ് എഴുതിയ “ബന്ധിതരുടെ ഓർമകുറിപ്പുകൾ” എന്ന നോവൽ പ്രകാശിതമാകുന്നു. ജയിൽ കാലയളവിൽ എഴുതപ്പെട്ട ഈ നോവൽ പ്രസിദ്ധീകരിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. നോവലിൽ യുഎപിഎ, ജയിൽ എന്നിവയെ കുറിച്ച് പരാമർശം ഉള്ളതുകൊണ്ടാണ് പുസ്തകത്തിന് പ്രകാശനാനുമതി നൽകാതിരിക്കാൻ കാരണമെന്നാണ് ജയിൽ അധികൃതർ പറഞ്ഞ ന്യായം. തുടർന്ന് സാംസ്കാരിക രംഗത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. രൂപേഷിന്റെ രണ്ടാമത്തെ നോവലാണ് ‘ബന്ധിതരുടെ ഓർമകുറിപ്പുകൾ’. ആദ്യ നോവല് ‘വസന്തത്തിലെ പൂമരങ്ങള്’ ഗ്രീന് ബുക്സ് പ്രസിദ്ധികരിച്ചിരുന്നു.
ജയിലിനകത്തെ ഏകാന്തതയെയും വിഷാദത്തെയും അതിജീവിക്കാനുള്ള സൃഷ്ടിപരമായ ഇടപെടലായിരുന്നു എഴുത്തും വായനയുമെന്നും അങ്ങനെയാണ് ‘ ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ സംഭവിക്കുന്നതെന്നും രൂപേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. തടവറക്കാലത്തെ അതിജീവിച്ചത് ഈ എഴുത്തിലൂടെ തന്നെയായിരുന്നെങ്കിലും ഈ നോവലും തന്നോടൊപ്പം തടവിലാക്കപ്പെടുന്ന ഒരു വിചിത്രാനുഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും രൂപേഷ് കുറിച്ചു.
ജൂലൈ 12 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ സാഹിത്യ അക്കാദമി ചെയർമാനും കവിയുമായ സച്ചിദാനന്ദൻ പുസ്തക പ്രകാശനം നിർവഹിക്കും. രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കളായ ഏലിയാമ ടീച്ചർ, സരിത, അലീമ എന്നിവർ പുസ്തകം ഏറ്റുവാങ്ങും. തെലുങ്കാനയിൽ നിന്നുള്ള കവിയും പത്ര പ്രവർത്തകനുമായ എൻ. വേണുഗോപാൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. തെലുങ്ക് എഴുത്തുകാരി ബി. അനുരാധ വിശിഷ്ടാതിഥിയാകുന്ന പരിപാടിയിൽ പി.എ ഷൈന നോവൽ പരിചയം നിർവഹിക്കും. അശോകൻ ചരുവിൽ, അഷ്ടമൂർത്തി, പി.എൻ ഗോപീകൃഷ്ണൻ, ജി. ഉഷാകുമാരി, ആശാ ജോസഫ് WCC, ജോളി ചിറയത്ത്, എം. എൻ. രാവുണ്ണി, കെ.വി. ഗണേഷ് (രംഗചേതന), അജിത്ത് എം. പച്ചനാടൻ, മുരളി ചീരോത്ത് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും. രണ്ട് മണിക്കൂർ നേരത്തേക്ക് മാത്രപമായി പ്രകാശന ചടങ്ങിൽ രൂപേഷ് പങ്കെടുക്കും.
രൂപേഷിൻറെ ഫെയ്സ്ബുക്ക് കുറിപ്പ്:
” നീണ്ട പതിനൊന്നു വർഷത്തെ തടവറവാസം അങ്ങേയറ്റം പ്രക്ഷുബ്ദമായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയും പുറത്തു നിന്നുള്ള നിങ്ങളുടെയൊക്കെ പിന്തുണയും കൊണ്ടാണ് ഈ ഇരുണ്ട കാലത്തെ അതിജീവിച്ചത്. വൈകീട്ട് 5 മണിയ്ക്ക് ഒരു 6×4 ചതുര അടി സെല്ലിൽ അടച്ചുപൂട്ടപ്പെടുമ്പോഴും പ്രിയമുള്ളവരേയും പ്രിയമുള്ളതുമെല്ലാം നിഷേധിക്കപ്പെട്ടുകൊണ്ട് നമ്മുടെ സ്വത്വം കൂട്ടിലടക്കപ്പെട്ട ഒരു വന്യമൃഗത്തിന്റേതു തുല്യമാകുന്നു. കടുത്ത ഏകാന്തതയും വിഷാദവുമൊക്കെ കൂട്ടുകാരാകുന്നത് അപ്പോഴാണ്. ഇതിനെ അതിജീവിക്കുന്നതിനുള്ള സൃഷ്ടിപരമായ ഇടപെടലാണ് എഴുത്തും വായനയും. അങ്ങനെയാണ് ‘ ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ സംഭവിക്കുന്നത്. ഒരു പക്ഷെ ഞാൻ ഈ തടവറക്കാലത്തെ അതിജീവിച്ചത് ഈ എഴുത്തിലൂടെ തന്നെയായിരുന്നു.”
” എന്നാൽ, ഈ നോവലും എന്നോടൊപ്പം തടവിലാക്കപ്പെടുന്ന ഒരു വിചിത്രാനുഭവത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. നോവലിലെ ഉള്ളടക്കത്തിൽ ചർച്ച ചെയ്യപ്പെടുന്നതു പോലെ എഴുതപ്പെടുന്ന വാക്കുകളുടേയും എഴുത്തുകാരന്റേയും രാഷ്ട്രീയത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ ഉത്കണ്ഠ മൂലം ഇതിന്റെ പ്രകാശനം തടയപ്പെട്ടു. നിങ്ങളെല്ലാവരും ഈ നോവലിനായി നിലകൊണ്ടിട്ടും ഇതിനെ ബന്ധിച്ച ചങ്ങലപൂട്ടുകൾ തടവറക്കാലത്ത് അടഞ്ഞു തന്നെ കിടന്നു. അവസാനം ഈ നോവലിനും എന്നോടൊപ്പം മോചനമുണ്ടായി. “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ” ഇപ്പോൾ വെളിച്ചം കാണുകയാണ്. DC ബുക്സാണ് ഇത് പ്രസിദ്ധികരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിച്ച നീതിയുടെ ശബ്ദമായ സച്ചിദാനന്ദൻമാഷാണ് ജൂലായ് 12ന് വൈകീട്ട് 3 മണിക്ക് തൃശൂർ ജവഹർ ബാലഭവനിൽ വച്ച് ഇത് പ്രകാശിപ്പിക്കുന്നത്. രാഷ്ട്രീയ തടവുകാരുടെ അമ്മമാരും ബന്ധുക്കളുമാണ് ഇത് ഏറ്റുവാങ്ങുന്നത്. തെലുങ്കാനയിൽനിന്നുള്ള പ്രശസ്ത കവിയും വീക്ഷണം സാംസ്കാരികമാസികയുടെ എഡിറ്ററുമായ N വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തുന്നു. പ്രശസ്ത എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമൊക്കെയായ അശോകൻ ചെരുവിൽ, അഷ്ടമൂർത്തി, രേഖ, എം.എൻ. രാവുണ്ണി, പി.എൻ.ഗോപികൃഷ്ണൻ, KK ബാബുരാജ്, ആശ ജോസഫ് (WCC), ജി.ഉഷാകുമാരി എന്നിവരോടൊപ്പം സമീപകാലത്തെ പ്രശസ്ത ജയിൽ കൃതികളിലൊന്നായി ചർച്ച ചെയ്യപ്പെട്ട ‘പ്രിസൺ നോട്സ് ഓഫ് എ വുമൺ ആക്ടിവിസ്റ്റിന്റെ’ രചയിതാവായ ബി. അനുരാധയും നമ്മോടൊപ്പം വേദിയിൽ ഒത്തുചേരുന്നു. എന്നും എന്റെ എഴുത്തിന്റെ പ്രകാശഗോപുരമായ, ഈ നോവലിന്റെ എഴുത്തിനും പ്രകാശനത്തിനും ആദ്യാവസാനം ഒപ്പം നിന്ന, എന്റെ പങ്കാളി ഷൈനയാണ് നോവലിനെ പരിചയപ്പെടുത്തുന്നത്. DC ബുക്സാണ് ഇതിന്റെ സംഘാടനം. ഈ നോവലിന്റെ പ്രകാശനത്തിനായുള്ള പോരാട്ട വഴിയിൽ രൂപം കൊണ്ട ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് ഫോറമാണ് ഇതിനെ ഇത്രയും ജനങ്ങളിലേക്ക് എത്തിച്ചത്.”
” ജയിൽ മോചിതനായെങ്കിലും നിങ്ങളെ പോലെ സ്വതന്ത്ര ലോകത്തെത്താൻ ഇനിയും എനിക്ക് സാധിച്ചിട്ടില്ല. ദിവസത്തിൽ രണ്ടുനേരം ഒപ്പുവെക്കണമെന്ന വ്യവസ്ഥയിൽ ഇനിയും ഇളവുണ്ടായിട്ടില്ല. അതിനാൽ കോയമ്പത്തൂരിൽ നിന്ന് വരാനോ ഇതിന്റെ തന്നെ സംഘാടന കാര്യങ്ങളിൽ പങ്കു കൊള്ളാനോ എനിക്ക് കഴിയില്ല. അതുകൊണ്ട് ഇത് നിങ്ങൾ ഏറ്റെടുക്കുമെന്നും മുമ്പെപ്പോഴുമുണ്ടായതു പോലെ ഈ പ്രകാശന പരിപാടി വിജയിപ്പിക്കുമെന്നും എനിക്ക് വിശ്വാസമുണ്ട്. എനിക്ക് കഷ്ടിച്ച് രണ്ടു മൂന്നു മണിക്കൂർ ഈ പരിപാടിയിൽ നിങ്ങളോടൊപ്പമുണ്ടാകാൻ കഴിയും. 25 വർഷത്തിനു ശേഷം ഞാൻ പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ്. നിങ്ങൾ ഇത് വിജയിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമത്വാധിഷ്ഠിത സമൂഹത്തിനായി ഇരുളടഞ്ഞ തടവറകളിൽ കഴിയുന്ന രാഷ്ട്രിയ തടവുകാരോടുള്ള ആദരം കൂടിയാണ് ഈ പ്രകാശനം എന്നു മറക്കരുത്.”
