August 13 Thursday 2026

സിപിഎം എണ്ണിപ്പറയുന്ന പരാജയ കാരണങ്ങൾ

കനത്ത തോൽവിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ കാത്തിരുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ 62 സീറ്റിൽ നിന്നും 26 സീറ്റിലേക്കാണ് പാർട്ടി കൂപ്പുകുത്തിയത്. ഒടുവിൽ തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സിപിഐഎം. ബ്രാഞ്ച് തലം മുതൽ ജില്ലാതലം വരെയുള്ള വിമർശനങ്ങൾ പാർട്ടി വിലയിരുത്തി.

തോൽവിയിൽ പാർട്ടി കണ്ടെത്തിയ കാരണങ്ങൾ:

എസ്ഐആർ

എസ്ഐആറിൽ ഉടലെടുത്ത ആശങ്ക ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും കോൺഗ്രസും സിപിഎമ്മിനെതിരെ ഉപയോഗിച്ചു. എസ്ഐആറിന് പിന്നിൽ പിണറായി വിജയനാണ് എന്ന ആരോപണം ന്യൂനപക്ഷ വോട്ടുകളെ ഇടതുപക്ഷത്തിൽ നിന്നും അകറ്റി.

കോൺഗ്രസ് – ബിജെപി ഡീൽ
ലോക്സഭ തിരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് ആറ് ശതമാനം വോട്ട് കുറഞ്ഞപ്പോൾ ഈ വോട്ട് 30 മണ്ഡലങ്ങളിൽ യുഡിഎഫിന് ഗുണം ചെയ്തു എന്ന് പാർട്ടി കണ്ടെത്തി.

നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിക്കാതെ പോയത്
സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. വലതുപക്ഷ മാധ്യമങ്ങൾ സർക്കാരിനും പാർട്ടിക്കും എതിരെ നടത്തിയ പ്രചാരണ വേലയെ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല.

സ്ഥാനാർത്ഥി നിർണയം
തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് തെറ്റുപറ്റി. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥികളെ നിർണയിച്ചത് ജില്ലാ കമ്മിറ്റിയാണ്. അതിനെ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരെ തുടക്കത്തിലെ നടപടി സ്വീകരിക്കാതിരുന്നത് എൽ ഡി എഫിന് എതിരെ പ്രചാരണമായി മറുവശം ഉപയോഗപ്പെടുത്തി. പത്മകുമാറിനെതിരെ തുടക്കത്തിൽ നടപടി സ്വീകരിക്കാതിരുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചു.

യോ​ഗിയുടെ സന്ദേശം
അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും ദേവസ്വം ബോർഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമം സർക്കാരിന്റേതാണെന്ന തരത്തിൽ ചിത്രീകരിക്കപ്പെട്ടതും തിരിച്ചടിയായി.

സാംസ്കാരിക പ്രവർത്തകരുടെ നിലപാട്
പത്തുവർഷം തുടർഭരണത്തിലൂടെ അധികാരത്തിൽ വന്ന മുന്നണി ഭരണത്തിൽ ഇനി മാറ്റം വരട്ടെ എന്ന സാംസ്കാരിക നായകരുടെ അഭിപ്രായം വോട്ടർമാരെ സ്വാധീനിച്ചു. ഇത് പരാജയത്തിന്റെ ഒരു കാരണമായി മാറി.

സംഘടനാ ദൗർബല്യം
അടിമുടി സംഘടനാ ദൗർബല്യം പാർട്ടിക്ക് സംഭവിച്ചു എന്ന് സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ജില്ലാ ഏരിയ ലോക്കൽ ബ്രാഞ്ച് തലങ്ങളിലേക്ക് എത്തിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിനും ഘടകങ്ങളുടെ നേതൃത്വത്തിന് വീഴ്ച ഉണ്ടായതായി പാർട്ടി വിലയിരുത്തുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ തിരിച്ചടിയിൽ പ്ലീനം സമ്മേളനം വിളിച്ചു ചേർക്കണമെന്ന അഭിപ്രായം കേന്ദ്രകമ്മിറ്റിയിൽ ഉണ്ടായിരുന്നു. എന്നാൽ, അത് നേതൃമാറ്റത്തിൽ കലാശിക്കും എന്നതുകൊണ്ട് അതിൽ നിന്നും രക്ഷപ്പെടുവാനാണ് വിശാല സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കും എന്ന് നേതൃത്വത്തിന് പറയേണ്ടി വന്നത്. താഴെത്തട്ട് മുതൽ പിണറായി വിജയനെതിരെയും എം.വി ഗോവിന്ദനെതിരെയും ഉയർന്ന വിമർശനങ്ങളെ മുഖവിലക്കെടുക്കാതെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും വിമർശിക്കാതെ തയ്യാറാക്കിയതാണ് പാർട്ടിയുടെ റിപ്പോർട്ട് എന്നതും ഇവിടെ എടുത്തു പറയേണ്ട ഒന്നാണ്.

Related