October 14 Wednesday 2026

ഇടതുപക്ഷ സാംസ്‌കാരിക നിഷ്‌കളങ്കരെ ഈ ആത്മകഥ തീ പിടിപ്പിക്കും; ഡോ. പി.കെ പോക്കര്‍ എഴുതിയ ‘എരിക്കിന്‍ തീ’ ആത്മകഥയുടെ വായന

എന്തുകൊണ്ടാവാം നമ്മുടെ നവോത്ഥാന അശ്ലീലത്തെ ഇങ്ങനെ തൈലം പൂശി എഴുന്നള്ളിക്കാന്‍ സിപിഎമ്മിലെ മതരഹിത നേതാക്കള്‍ ഇത്രയും ജാഗ്രത കാട്ടുന്നത്. ഇതൊരു വിഭ്രമത്തിന്റെ ത്രിപുടതാളമായി മനോതല്‍പത്തില്‍ കൊട്ടി നില്‍ക്കുമ്പോഴാണ് ഡോ. പി.കെ പോക്കര്‍ മാഷിന്റെ ആത്മകഥ ‘എരിക്കിന്‍ തീ’ വായനക്കെത്തിയത്. നേരത്തെ തന്നെ ആത്മകഥാ രചനയെപ്രതി മാഷ് സൂചിപ്പിച്ചിരുന്നു. പുസ്തകം വന്ന വിവരം പറയുകയും കോഴിക്കോട്ട് നടക്കുന്ന പ്രകാശനത്തിന് നേരിട്ട് ക്ഷണിക്കുകയും ചെയ്തതാണ്. ആശയപരമായി ഞങ്ങള്‍ വിരുദ്ധ രാശിയിലാണെങ്കിലും മാഷ് നല്ലൊരു ഗുരുവും സുഹൃത്തുമാണ്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും സര്‍വ്വകലാശാലയിലെ തത്വശാസ്ത്ര പ്രൊഫസറും എഴുത്തുകാരനുമായ പോക്കര്‍ മാഷെ എന്നും ആദരങ്ങളോടെ മാത്രമേ കാണാറുള്ളൂ. അദ്ദേഹം മതരഹിതനായ മാര്‍ക്‌സിസ്റ്റ്; ഞാന്‍ മതത്തെ അതിന്റെ സമഗ്രതയിലും സമകാലികതയിലും ഏറ്റെടുക്കുന്ന ആസ്തികനും. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മിക്കവയും വായിച്ചതാണ്. പല പുസ്തകങ്ങളും ഉപചാരപൂര്‍വം മാഷ് തന്നെ നേരില്‍ ദാനം നല്‍കിയതും.

മനോഹരമാണ് മാഷിന്റെ മലയാള ഭാഷ. പാല്‍പത പോലെ മൃദുലവും തുമ്പപ്പൂ പോലെ ശുഭ്രവും. കവിത തുളുമ്പുന്ന പദസംയുക്തങ്ങള്‍ കൊണ്ട് ആശയങ്ങളുടെ വാങ്മയങ്ങള്‍ തീര്‍ക്കാന്‍ അസാധരണ സിദ്ധിയുണ്ടീ തത്വശാസ്ത്ര പ്രൊഫസര്‍ക്ക്. ആഖ്യാനത്തില്‍ ഒരു തരം സങ്കീര്‍ണതകളും എഴുത്തില്‍ എവിടെയും ദൃശ്യമാവുകയില്ല. ദറീദയും അവിറോസും കാന്റും റസ്സലും ഗ്രാംഷിയും അല്‍ത്തൂസറും ഐജാസ് അഹ്മദും ഇടതടവില്ലാതെ എഴുത്തില്‍ നൃത്തം ചെയ്‌തെത്തുമെങ്കിലും അവരുടെ സൈദ്ധാന്തിക സങ്കീര്‍ണ്ണതകള്‍ കൊണ്ട് ആഖ്യാനത്തെ ബീഭത്സമാക്കാന്‍ പോക്കര്‍ മാഷ് ഒരിക്കലും ശ്രമിക്കാറില്ല. മാഷിനെപ്പോലെ വിനീതവും കുലീനവും സരളവുമാണ് ആ എഴുത്തും ഭാഷയും ആഖ്യാനസ്വരൂപങ്ങളും. ഇന്നലെ കിട്ടിയ ആത്മകഥ സന്ധ്യയോടെ വായിച്ചു തുടങ്ങി. നാഴികയും വിനാഴികയും പിന്നിട്ട് എപ്പോഴാണ് രാത്രിയുടെ നാലാം യാമത്തിലെത്തിയതെന്ന് അറിഞ്ഞതേയില്ല. 296 താളും വായിച്ചു കഴിഞ്ഞപ്പോള്‍ സമയം പാതിരയും പിന്നിട്ടിരിക്കുന്നു. പുറത്ത് ചീവീടുകളുടെ മുത്താരിപ്പുകള്‍. നിശാപുള്ളുകളുടെ സങ്കീര്‍ത്തനങ്ങള്‍. അതൊന്നും അറിഞ്ഞതേയില്ല. വായനയെ അതൊന്നും അലോസരമാക്കിയുമില്ല. ഞാന്‍ പോക്കര്‍ മാഷിനോടൊപ്പം ഇടതുപക്ഷ സാംസ്‌കാരിക കേരളത്തിലൂടെ അനുസഞ്ചാരം ചെയ്യുകയായിരുന്നു.

വായന പുരോയാനം തേടും തോറും സത്യത്തില്‍ ഒരുതരം വിഭ്രാന്തിയിലേക്കും വിഹ്വലതയിലേക്കും ഞാന്‍ വഴുക്കിപ്പോയി. യൗവനയുക്തനായതോടെത്തന്നെ തന്റെ മതസ്വത്വം അപ്പാടെ ഉരിഞെറിഞ്ഞതാണ് പോക്കര്‍ മാഷ്. മതരഹിതനായി ജീവിതം പടുക്കുന്ന ഒരാള്‍. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍. തന്റെ പൂര്‍വാശ്രമം ജീവിതത്തില്‍ അദ്ദേഹത്തിനൊരു ഭാരമേ അല്ല. ഗവേഷണ വിദ്യാര്‍ഥിയായതോടെ മാര്‍ക്‌സിസമാണദ്ദേഹത്തിന്റെ സര്‍വസ്വവും. ദര്‍ശനങ്ങളുടെ ആധാരവും ഉപാദാനവും. സാമൂഹ്യവിശകലനത്തിന്റെയും സാംസ്‌കാരിക വിമര്‍ശനത്തിന്റെയും എഴുത്തിന്റെയും പ്രഭാഷണങ്ങളുടേയും എന്തിനു ജീവിതത്തിന്റെ തന്നെയും മൂലമന്ത്രം അത് മാത്രം. വൈരുധ്യാധിഷ്ടിത ഭൗതിക വാദത്തില്‍ മാത്രമാണ് ഇന്നും ഡോ. പോക്കര്‍ മാഷ് ശ്വസിക്കുന്നത് പോലും. ഏഴുപതാണ്ട് ദീര്‍ഘതയാര്‍ന്നെങ്കിലും അടുത്തൂണ്‍ പറ്റിയെങ്കിലും ജീവിതത്തിലെ ഉണര്‍വും ഉല്‍സാഹവും നിയന്ത്രിക്കുന്നത് ആ ”പ്രണവമന്ത്രം” തന്നെയാണ്. മാര്‍ക്‌സിസത്തിന്റെ അധുനികോത്തര പാരായണത്തിന് വൈഭവമുള്ള അത്യപൂര്‍വം മലയാളികളില്‍ ഒന്നാമന്‍. ഉദാരനും വിനീതനും ഉന്‍മേഷവാനുമാണ് എപ്പോഴുമദ്ദേഹം.

”എരിക്കിന്‍ തീ”യിലൂടെ നടന്ന് മാഷിന്റെ ജീവിതം നേരില്‍ അനുഭവിച്ചപ്പോള്‍ പക്ഷേ സത്യത്തില്‍ അലോചനയില്‍ തീജ്വാലകള്‍ ആളി. ഉദ്വേഗം പ്രതിചക്രവാതങ്ങളായി മനസ്സില്‍ ഇരമ്പിക്കടന്നു. വളരേ സ്വാഭാവികമായാണ് പുസ്തകത്തില്‍ മാഷ് ജീവിതം പറഞ്ഞ് തുടങ്ങുന്നത്. പക്ഷേ, മാഷിന്റെ ജീവിത രഥ്യകളില്‍ വാരിക്കുഴികള്‍ തീര്‍ത്ത് നിര്‍ദ്ദയം തന്നെ ഉന്തിവീഴ്ത്താന്‍ വൈരുധ്യാധിഷ്ടിത വിദ്വാന്മാരും കിങ്കരന്മാരും നിരന്തരം പതിയിരുന്ന കാര്യം വായിച്ചപ്പോള്‍ ശരിക്കും സ്തഃബ്ധനായി. സര്‍വം സമര്‍പ്പിച്ച് വിശ്വസിച്ച് തന്റെ ആത്മത്തില്‍ ആവാഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആസ്ഥാന സവര്‍ണസഖാക്കളും തമ്പുരാക്കന്മാരുമാണീ പതിക്കുഴികള്‍ കുത്തി കോമ്രേഡിനെ ഇല്ലാതാക്കാന്‍ മൂലധനം വാറ്റിയത്. ഈ പെരും സത്യത്തിന്റെ നിരവധി സാക്ഷ്യങ്ങള്‍ ‘എരിക്കിന്‍ തീ’ യില്‍ നാം കണ്ടെടുക്കുന്നു. തുടലുപൊട്ടിച്ചും ചുരമാന്തിയും മുക്രയിട്ടുമെത്തിയ സവര്‍ണ്ണനായാട്ടുകൂട്ടങ്ങള്‍ നാനാ പ്രകാരങ്ങളിലാണ് തങ്ങളില്‍ പെട്ട ഒരു ധിഷണാശാലിയെ നിഗ്രഹിക്കാന്‍ സ്വത്വവെറിയില്‍ മുക്കിയ പ്രത്യയശാസ്ത്രത്തിന്റെ അരിവാളുമായി കുതറിയതെന്ന് നാം തിരിച്ചറിയിന്നു. മൊളോട്ടോവിന്റെയും ട്രോട്‌സ്‌കിയുടേയും ഗതിയാവാതെ പോയത് ആ പ്രത്യയശാസ്ത്രത്തിന് ദേശത്തില്‍ സമഗ്രാധിപത്യമില്ലാത്തതു കൊണ്ടാണ്.

”ബാബരിയാനന്തര ഇന്ത്യയില്‍ എങ്ങനെയാണ് ഉന്മാദഹിന്ദുത്വം അപരങ്ങളെ സൃഷ്ടിക്കുന്നതെന്നും അത് എങ്ങനെ പ്രതിരോധിക്കണമെന്നും മാര്‍ക്‌സിയന്‍ ശുദ്ധദര്‍ശനത്തില്‍ വ്യാഖ്യാനിച്ചു എന്നതാണ് മാഷ് ചെയ്ത പ്രത്യയശാസ്ത്രപാപമത്രേ. സഖാവ് അങ്ങനെ പറഞ്ഞുവോ. പാടില്ലായിരുന്നു. അയാള്‍ ഇത് പറയുന്നത് ദര്‍ശനപഠനത്തില്‍ ഗാഢത ഇല്ലാത്തതുകൊണ്ടല്ല. പൂര്‍വാശ്രമത്തിലെ സ്വത്വം തിടം വച്ച് വളര്‍ന്നത് കൊണ്ടോ?”. ആസ്ഥാന ആശ്രമ കോലുമേസ്ത്രിമാര്‍ മനുസ്മൃതി പരതി വിധി പറഞ്ഞു. ‘ഇയാള്‍ സ്വത്വവാദിയാണ് സഖാക്കളേ’. ഉടന്‍ ശിക്ഷയും വിധിച്ചു. പോക്കറിനെ തുരത്തുക. പതിയേ അത് സംഭവിച്ചു. ഇടതുപക്ഷ സാംസ്‌കാരിക വേദികളില്‍ നിന്ന് മാഷ് ആദൃശ്യനായി. കേസും കൂട്ടവും ഒന്നൊന്നായി അദ്ദേഹത്തെ അനുഗമിച്ചു. ജോലിയില്‍ നിന്നും സസ്പന്‍ഷന്‍. ജാതിഭേതങ്ങളും മതദ്വേഷങ്ങളുമില്ലാത്ത ഒരു നക്ഷത്ര ലോകം കനവില്‍ കണ്ട് അരിവാളും ചുറ്റികയുമായി പുറപ്പെട്ടുപോയ വിപ്ലവ വിശുദ്ധന്മാര്‍ ഈ മഹാഗുരുവിനെ പരമാവധി നായാടി കടിച്ചു പറിച്ചു. കാരണം ഒന്നു മാത്രം. അയാള്‍ ‘പോക്കര്‍’.

മാര്‍ക്‌സിസ്സ്റ്റ് പ്രത്യയ ശാസ്ത്ര പരിവൃത്തത്തില്‍ നിന്ന് സത്യസന്ധമായി സംസാരിച്ചു പോയതാണ് മാഷ്‌ന്റെ തെറ്റ്. അത് വര്‍ഗ്ഗവഞ്ചനയാണ്. വര്‍ഗ്ഗബോധം കൊണ്ട് ഉന്‍മിഷത്താകേണ്ട സഖാക്കള്‍ വര്‍ഗീയത കൊണ്ട് ഉന്മാദനൃത്തം ചെയ്ത് മാഷിന് നേരെ നടത്തിയ അശ്വമേധ രംഗങ്ങള്‍ ആത്മകഥയില്‍ നമുക്ക് വായിക്കാം. അതില്‍ മന്ത്രിസത്തമന്മാരുണ്ട്. പ്രഭാഷണ ഘോരതകള്‍ കൊണ്ട് നമ്മെ നിരന്തരം ‘നവീകരിക്കാന്‍’ ഉളരുന്ന സവര്‍ണ്ണപ്രമുഖകരും അധ്യാപകരുമുണ്ട്. അപ്പോഴും മാഷ് നിസ്സംഗനാണ്; നിര്‍മമനും. പ്രത്യയശാസ്ത്ര ബോധ്യങ്ങളില്‍ ഒരു ഒത്തുരാജിക്കും നിന്നു കൊടുക്കാതെ മാഷപ്പോഴും തന്റെ പ്രിയപ്പെട്ട മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ നിന്ന് അനുഭൂതികള്‍ നുണഞ്ഞു കൊണ്ട് ജീവിതം നേരിടുന്നു.

അടുത്ത കാലത്ത് വായിച്ച ആത്മകഥകളില്‍ മികച്ച ഒന്നാണ് ഡോ. പോക്കര്‍ മാഷിന്റെ ”എരിക്കിന്‍ തീ”. എരിക്ക് ഒരു മരമാണ്. തീ പിടിച്ചാല്‍ അത്ര ക്ഷണം കത്തിയമരുന്ന മരമല്ല എരിക്ക്. അത് എരിഞ്ഞെരിഞ്ഞ് സമയമെടുത്തേ കത്തിയമരൂ. ഈ ആത്മകഥയും അങ്ങനെയാവും. നമ്മുടെ ഇടതുപക്ഷ സാംസ്‌കാരിക നിഷ്‌കളങ്കരെ ഈ ആത്മകഥ തീ പിടിപ്പിക്കുക തന്നെചെയ്യും. അവര്‍ എരിഞ്ഞെരിഞ്ഞ് കഴിയും. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ തിന്നുമെന്നൊരു സത്യമുണ്ടല്ലോ. അത് സംഭവിക്കുക തന്നെ ചെയ്യും. നവോത്ഥാന നായകനായി സിപിഎമ്മിന് ചേരുക വെള്ളാപ്പള്ളി തന്നെയാണ്. പോക്കര്‍ മാഷെ ഏഴ് തിയ്യപ്പാടകലെ നിര്‍ത്തുകയുംവേണം. ‘അന്തി ‘നാരായണനും ‘അന്തി’ കമ്മ്യൂണിസ്റ്റും ചേര്‍ന്നിരിക്കുന്നേടത്ത് മാര്‍ക്‌സിസ്റ്റായ മാഷെന്തിനാണ്. നമുക്ക് വെനീസ്വലയിലേക്ക് നോക്കാം. കവിത എഴുതാം. ദീര്‍ഘസുദീര്‍ഘം മഹാഭാരത പ്രഭാഷണത്തില്‍ രമിക്കാം. ‘വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല ഉത്തമാ”.

(‘കണിച്ചുകുളങ്ങരയിലെ നാടുവാഴിയും പിണറായിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നെ ഡോ. പോക്കര്‍മാഷിന്റെ ആത്മകഥയും’ പി.ടി കുഞ്ഞാലി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

 

 

Related