October 10 Saturday 2026

രാംനാരായൺ ഭാഗേൽ വംശീയകൊല: അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാൻ സർക്കാറിന് ജാഗ്രത വേണം – കുടുംബം

പാലക്കാട് വാളയാറിലെ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ മർദിച്ചുകൊന്ന രാംനാരായൺ ഭാഗേലിൻ്റെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് കേസ് അന്വേഷണം ത്വരിതപ്പെടുത്തണെന്ന് രാം നാരായണൻ്റെ കുടുംബാംഗങ്ങളും ആക്ഷൻ കമ്മിറ്റി പ്രവർത്തകരും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളം കണ്ട ക്രൂരമായ വംശീയ കൊല ആവർത്തിക്കാതിരിക്കാൻ ഈ കേസന്വേഷണം കുറ്റമറ്റതാക്കാൻ പോലീസും കേരള സർക്കാറും ജാഗ്രത കാട്ടണമെന്ന് ആവശ്യപ്പെട്ട കുടുംബം സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ അപാകതകളുണ്ടെന്ന കോടതി കണ്ടെത്തൽ അന്വേഷണത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരന്തര വീഴ്‌ചകളെ സാക്ഷ്യപ്പെടുത്തുന്നതാണെന്ന് കുറ്റപ്പെടുത്തി.

കേസിലെ നടപടി ക്രമങ്ങൾ വേഗത്തിലും കൂടുതൽ ഊർജ്ജിതവുമാക്കാൻ സർക്കാർ ഇടപെടണം. കുടുംബം ആവശ്യപ്പെട്ട സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം അടിയന്തരമായി പൂർത്തീകരിക്കണം. നിലവിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ അപാകതകൾ പൂർണ്ണമായും പരിഹരിച്ച് എത്രയും വേഗം കുറ്റമറ്റ രീതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് തയ്യാറാകണം. ജസ്റ്റിസ് ഫോർ രാംനാരായണൻ ആക്ഷൻ കൗൺസിലിൻ്റെ ഇടപെടലുകളെ തുടർന്ന്, സർക്കാർ നൽകിയ നഷ്ടപരിഹാര തുകക്ക് പുറമെ 8,25,000 രൂപ കൂടി നഷ്ടപരിഹാരമായി അനുവദിച്ച ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ നടപടിയെ ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്യുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാംനാരായണൻ്റെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് തുക അനുവദിക്കാൻ 2026 ജൂലൈ രണ്ടിന് ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുള്ളത് – പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന് പുറത്തുള്ള വ്യക്തികൾക്ക് സംസ്ഥാനത്ത് വെച്ച് ജാതീയ അതിക്രമങ്ങൾ (Dalit Atrocity) നേരിടേണ്ടി വന്നാൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്ന നിയമപരമായ പ്രതിസന്ധികളെ കൂടിയാണ് ഈ തീരുമാനത്തിലൂടെ മറികടന്നിരിക്കുന്നത്. ഇത് നീതിന്യായ പോരാട്ടത്തിലെ ചരിത്രപരമായൊരു മുന്നേറ്റം കൂടിയാണ്. സംസ്ഥാനത്ത് ദളിത് ആയതിൻ്റെ പേരിൽ അതിക്രമങ്ങൾ നേരിട്ട എല്ലാവർക്കും ഈ ആനുകൂല്യം ലഭ്യമാക്കണം. രാംനാരായണൻ കേസിൽ എസ്.സി/എസ്.ടി ഫണ്ട് അനുവദിക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലും ഭരണകൂടം കാണിച്ച സമയകൃത്യതയും വേഗതയും എല്ലാ ദളിത് അതിക്രമ കേസുകളിലും ഉറപ്പാക്കാൻ സർക്കാറിന് സാധിക്കേണ്ടതുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലുകളാണ് സർക്കാരിനെ അതിന് പ്രേരിപ്പിച്ചത്.

അതേസമയം, നഷ്ടപരിഹാര തുകകൾ കൊണ്ട് തീരുന്നതല്ല ഈ അതിക്രമങ്ങൾ. നിയമ പരിഷ്കരണങ്ങൾക്ക് ശേഷം കേരളത്തിൽ ആദ്യമായി ചാർജ് ചെയ്യപ്പെട്ട മൊബ് ലിഞ്ചിംഗ് (BNS 103 (2)) കേസാണിത്. ഇത്തരം വംശീയ കൊലകൾ ആവർത്തിക്കാതിരിക്കാൻ കേസിലെ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാറിന് കഴിയണം. നിലവിലെ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. കേസിൽ ഉൾപ്പെട്ട മുഴുവൻ കുറ്റവാളികൾക്കും പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്.

പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ആക്ഷേപങ്ങൾക്കും ഇടവരുത്താത്ത രീതിയിലുള്ള സത്യസന്ധമായ അന്വേഷണവും നടപടികളുമാണ് പ്രതീക്ഷിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയടക്കമുള്ളവരുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്‌ച നടത്തും. നീതി ഉറപ്പാക്കും വരെ ശക്തമായ പോരാട്ടം തുടരുമെന്ന് കുടുംബവും ആക്ഷൻ കൗൺസിൽ ഭാരവാഹികളും വ്യക്തമാക്കി.
വർ:

രാം നാരായണന്റെ ഭാര്യ ലളിത ഭാഗേൽ, സഹോദരൻ ശശികാന്ത്, അമ്മ ശ്യാംഭായ് ഭാഗേൽ, ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. ശിവരാമൻ, കൺവീനർ അഡ്വ. കെ.എസ്. നിസാർ, കൗൺസിൽ അംഗം എം. സുലൈമാൻ പാലക്കാട്, ആക്ഷൻ കൗൺസിൽ അംഗവും കുടുംബത്തിന്റെ അഭിഭാഷകനുമായ അഡ്വ. നിഖിൽ ചന്ദ്രശേഖരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related