രാഹുൽ ഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തെക്കുറിച്ച് പതിറ്റാണ്ടുകളായി നിർമ്മിക്കപ്പെട്ട പരിഹാസങ്ങളും വ്യക്തിഹത്യകളും രാഷ്ട്രീയ മുദ്രകളും ആദ്യം മാറ്റിവെക്കേണ്ടിവരും. കാരണം, ഒരു രാഷ്ട്രീയ നേതാവിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവർ നിർമ്മിച്ച ഇമേജുകളുടെ അടിസ്ഥാനത്തിലല്ല; അദ്ദേഹം എന്താണ് ചെയ്യുന്നത്, ആരോടാണ് സംസാരിക്കുന്നത്, എന്താണ് പഠിക്കുന്നത്, എങ്ങനെ ഒരു വിഷയത്തെ അവതരിപ്പിക്കുന്നു, ജനങ്ങളോട് എങ്ങനെയാണ് ഇടപെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ആ അർത്ഥത്തിൽ രാഹുൽ ഗാന്ധിയെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശ്രദ്ധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമായി കാണാം: അദ്ദേഹം വെറുതെ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരനല്ല; പഠിക്കുകയും കേൾക്കുകയും ചിന്തിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവായി സ്വയം മാറിയിരിക്കുന്നു.
ഇന്ത്യയിലെ വിദ്യാർത്ഥികളുമായും യുവാക്കളുമായും ഇത്രയും നേരിട്ടും തുടർച്ചയായും സംവദിച്ച മറ്റൊരു ദേശീയ രാഷ്ട്രീയ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല. വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ ഒരു രാഷ്ട്രീയ നേതാവിന്റെ പതിവ് ശൈലി എന്താണ്? കുറച്ച് മുദ്രാവാക്യങ്ങൾ, സർക്കാരിനെതിരായ ചില ആരോപണങ്ങൾ, കൈയടി നേടുന്ന കുറച്ച് വാക്കുകൾ, പിന്നെ അടുത്ത വേദിയിലേക്ക് യാത്ര. രാഹുൽ ഗാന്ധിയുടെ സമീപനം പലപ്പോഴും അതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിക്കുന്നതും, ബന്ധപ്പെട്ട ആളുകളെ നേരിട്ട് കേൾക്കുന്നതും, രേഖകളും കണക്കുകളും പരിശോധിക്കുന്നതും, തുടർന്ന് ആ വിഷയം സാധാരണ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കുന്നതുമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലിയിൽ കൂടുതൽ വ്യക്തമായി കാണുന്നത്.
ഒരു രാഷ്ട്രീയ നേതാവിന്റെ യഥാർത്ഥ ബൗദ്ധികത അദ്ദേഹത്തിന് എത്ര കാര്യങ്ങൾ അറിയാം എന്നതിൽ മാത്രം തെളിയുന്നില്ല. തനിക്ക് അറിയാത്തത് എത്രത്തോളം കേൾക്കാൻ തയ്യാറാണ് എന്നതിലാണ് അതിന്റെ യഥാർത്ഥ പരീക്ഷണം. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇടപെടലുകളിൽ കാണുന്ന ഒരു പ്രധാന സവിശേഷത അതാണ്. വിദ്യാർത്ഥികളുമായി സംസാരിക്കുമ്പോൾ അദ്ദേഹം അവരോട് മാത്രം സംസാരിക്കുന്നില്ല; അവരിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു. തൊഴിലാളികളുമായി സംസാരിക്കുമ്പോൾ അവരുടെ ജീവിതാനുഭവങ്ങളെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നു. കർഷകരെ കാണുമ്പോൾ കൃഷിയുടെ സാമ്പത്തിക കണക്കുകൾക്കപ്പുറം അവരുടെ ജീവിതത്തിലെ പ്രതിസന്ധിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നു. യുവാക്കളോട് സംസാരിക്കുമ്പോൾ തൊഴിലില്ലായ്മയുടെ കണക്കിനപ്പുറം അവരുടെ ഭാവിയെക്കുറിച്ചുള്ള ഭയം കേൾക്കുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങളിൽ പലപ്പോഴും ചരിത്രവും സാമ്പത്തികശാസ്ത്രവും സാമൂഹിക ഘടനയും ഭരണഘടനയും വിദ്യാഭ്യാസവും തൊഴിലും സാങ്കേതികവിദ്യയും പരിസ്ഥിതിയും സംസ്കാരവും പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു. വെറും രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തി ജനക്കൂട്ടത്തെ ആവേശപ്പെടുത്തുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു വിഷയത്തിന്റെ പിന്നിലെ ഘടന എന്താണ്, അത് എങ്ങനെ രൂപപ്പെട്ടു, അതിന്റെ ആഘാതം ആരിലാണ് കൂടുതലായി പതിക്കുന്നത്, ഭരണകൂടത്തിന്റെ നയങ്ങൾ അതിനെ എങ്ങനെ ബാധിക്കുന്നു, അതിന്റെ സാമൂഹിക പ്രത്യാഘാതം എന്താണ് എന്നൊക്കെ വിശദീകരിക്കാനുള്ള ശ്രമമാണ് പലപ്പോഴും കാണുന്നത്.
ഇതിലാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ ഒരു സാധാരണ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ച് കാണേണ്ടത്. രാഷ്ട്രീയ ബോധം സൃഷ്ടിക്കുക എന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണ്. ജനങ്ങളോട് എന്ത് ചിന്തിക്കണമെന്ന് പറയുക എന്നതല്ല; അവർക്ക് സ്വയം ചിന്തിക്കാൻ ആവശ്യമായ വിവരങ്ങളും ചോദ്യങ്ങളും നൽകുക എന്നതാണ് ജനാധിപത്യ നേതൃത്വത്തിന്റെ ഉയർന്ന രൂപം. ഈ അർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ വിദ്യാർത്ഥി-യുവജന സംവാദങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ഇത് ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഒരു സാദൃശ്യം സൃഷ്ടിക്കുന്നു. ജയിലിൽ കഴിയുമ്പോൾ തന്റെ മകൾ ഇന്ദിരയ്ക്ക് നെഹ്റു എഴുതിയ കത്തുകൾ വെറും പിതാവിന്റെ സ്വകാര്യ കത്തുകളായിരുന്നില്ല. ചരിത്രവും ശാസ്ത്രവും സംസ്കാരവും ലോക രാഷ്ട്രീയവും മനുഷ്യസംസ്കാരത്തിന്റെ വളർച്ചയും പരിചയപ്പെടുത്തിക്കൊണ്ട് ഒരു പുതിയ തലമുറയുടെ ചിന്തയെ രൂപപ്പെടുത്താനുള്ള ശ്രമമായിരുന്നു അവ. ഒരു തലമുറയ്ക്ക് രാഷ്ട്രീയബോധത്തോടൊപ്പം ലോകത്തെ മനസ്സിലാക്കാനുള്ള ജിജ്ഞാസ നൽകുകയായിരുന്നു നെഹ്റു. ഇന്നത്തെ കാലത്ത് അതേ രീതിയിലുള്ള ഒരു ബൗദ്ധിക ഇടപെടലിന്റെ ആവശ്യകത പുതിയ രൂപത്തിൽ നിലനിൽക്കുന്നു. യുവാക്കളോട് സംസാരിക്കുകയും അവരെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ലോകത്തെ കൂടുതൽ വിശാലമായ കാഴ്ചപ്പാടിൽ കാണാൻ ശ്രമിപ്പിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ആ പാരമ്പര്യത്തിന്റെ ഒരു ആധുനിക പ്രതിധ്വനി കാണാം.
ഇവിടെയാണ് അദ്ദേഹത്തിന്റെ വാർത്താസമ്മേളനങ്ങളും പൊതുസംവാദങ്ങളും ശ്രദ്ധിക്കേണ്ടത്. വെറും ആരോപണം ഉന്നയിച്ച് മാറിനിൽക്കുന്ന രാഷ്ട്രീയ ശൈലി അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളുടെ സവിശേഷതയല്ല. രേഖകൾ മുന്നിൽ വയ്ക്കുക, കണക്കുകൾ അവതരിപ്പിക്കുക, ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുക, സംഭവങ്ങളുടെ പശ്ചാത്തലം വിശദീകരിക്കുക, തുടർന്ന് അതിന്റെ രാഷ്ട്രീയ അർത്ഥം ജനങ്ങളോട് പറയുക-ഈ അവതരണരീതി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ കൂടുതൽ വ്യക്തമായി വന്നിട്ടുണ്ട്. സങ്കീർണ്ണമായ വിഷയങ്ങളെ സാധാരണ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കാനുള്ള ശ്രമമാണ് അതിൽ കാണുന്നത്.
ഇത് പ്രത്യേകിച്ച് പരീക്ഷാ ക്രമക്കേടുകളുടെയും NEET വിവാദത്തിന്റെയും പശ്ചാത്തലത്തിൽ കാണേണ്ടതാണ്. ചോദ്യപേപ്പർ ചോർച്ചയോ പരീക്ഷാ ക്രമക്കേടോ ഒരു ദിവസത്തെ വാർത്തയായി മാത്രം കാണാതെ അതിന്റെ പിന്നിലെ വലിയ വിദ്യാഭ്യാസ സമ്പദ്‌വ്യവസ്ഥയെ ചോദ്യം ചെയ്യുകയായിരുന്നു പ്രധാനപ്പെട്ടത്. പ്രവേശന പരീക്ഷകൾ എങ്ങനെ ഒരു വലിയ സാമ്പത്തിക വ്യവസായമായി മാറി? കോച്ചിംഗ് സ്ഥാപനങ്ങൾ എങ്ങനെ വിദ്യാർത്ഥികളുടെ ജീവിതത്തെ സ്വാധീനിക്കുന്നു? ഒരു ദരിദ്ര കുടുംബത്തിലെ കുട്ടിക്ക് ദേശീയതലത്തിലുള്ള മത്സരപരീക്ഷയിൽ പങ്കെടുക്കുന്നതിന് എത്ര സാമ്പത്തിക ചെലവുണ്ട്? പരീക്ഷാ സംവിധാനത്തിലെ ചെറിയൊരു വീഴ്ച പോലും ഒരു കുടുംബത്തിന്റെ വർഷങ്ങളായുള്ള നിക്ഷേപത്തെയും പ്രതീക്ഷകളെയും എങ്ങനെ തകർക്കുന്നു? വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം അവസരങ്ങളുടെ സമത്വത്തെ എങ്ങനെ ബാധിക്കുന്നു? ഈ ചോദ്യങ്ങളിലേക്ക് ചർച്ചയെ കൊണ്ടുപോകാൻ ശ്രമിച്ചതാണ് പ്രധാനപ്പെട്ടത്.
വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വെറും രാഷ്ട്രീയ മുദ്രാവാക്യമായി കാണാതെ അവരുടെ സ്വന്തം അനുഭവമായി കാണാൻ ശ്രമിച്ചതും ശ്രദ്ധേയമാണ്. വിദ്യാർത്ഥികളെ കേൾക്കുക എന്നത് ഒരു നേതാവ് അവരോട് പ്രസംഗിക്കുക എന്നതല്ല. അവരുടെ പരാതികൾ കേൾക്കുക, അവരുടെ ഭയങ്ങൾ മനസ്സിലാക്കുക, അവർ അനുഭവിച്ച അനീതിയെ രേഖപ്പെടുത്തുക, അവർക്കുതന്നെ അവരുടെ ശബ്ദം രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുക എന്നതാണ്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ ഈ സമീപനം പല ഘട്ടങ്ങളിലും കാണാൻ കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദങ്ങൾ ഈ രാഷ്ട്രീയ ശൈലിയുടെ ഭാഗമായിരുന്നു. രാജസ്ഥാനിലെ കോട്ട പോലുള്ള മത്സരപരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ബിഹാറിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിയെ ഒരു ദേശീയ വിഷയമായി കാണാനുള്ള ശ്രമം ഉണ്ടായി. വിദ്യാർത്ഥികളുടെ ആത്മഹത്യകൾ ഒരു കണക്കായി മാത്രം കാണാതെ അതിന്റെ പിന്നിലെ സാമൂഹികവും സാമ്പത്തികവുമായ സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നു. ഒരു വിദ്യാർത്ഥി പരാജയപ്പെടുമ്പോൾ അതിനെ വ്യക്തിപരമായ കഴിവില്ലായ്മയായി കാണുന്ന സമൂഹത്തിന്റെ മനോഭാവത്തെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന ബോധ്യവും അതിനൊപ്പം വരുന്നു.
ഇവിടെയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ പക്വത അളക്കേണ്ടത്. ഒരു പ്രക്ഷോഭം ആരംഭിച്ച ഉടൻ അതിനെ സ്വന്തം പാർട്ടിയുടെ കൊടിക്കീഴിലേക്ക് കൊണ്ടുവരിക എന്നത് ഏറ്റവും എളുപ്പമുള്ള രാഷ്ട്രീയ തന്ത്രമാണ്. എന്നാൽ, അങ്ങനെ ചെയ്താൽ ഭരണകൂടത്തിന് ആ പ്രതിഷേധത്തെ “പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഢാലോചന” എന്നൊറ്റ വാചകത്തിൽ തള്ളിക്കളയാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികളുടെ പ്രശ്നം വിദ്യാർത്ഥികളുടെ തന്നെ പ്രശ്നമായി ആദ്യം വളരാൻ അനുവദിക്കുകയും, അതിന്റെ സാമൂഹിക വിശ്വാസ്യത ഉറപ്പാകുമ്പോൾ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ശക്തി അതിനൊപ്പം ചേർക്കുകയും ചെയ്യുന്നത് കൂടുതൽ സങ്കീർണ്ണമായ തന്ത്രമാണ്. രാഷ്ട്രീയത്തിൽ timing എന്നത് ഇതാണ്.
ഒരു നേതാവ് എപ്പോൾ മുന്നിൽ വരണം, എപ്പോൾ പിന്നിൽ നിന്ന് പിന്തുണ നൽകണം, എപ്പോൾ ബാധിതർ തന്നെ സംസാരിക്കണം, എപ്പോൾ പാർട്ടി ഇടപെടണം, എപ്പോൾ വ്യക്തിപരമായ രാഷ്ട്രീയ പ്രചാരണം ഒഴിവാക്കണം-ഇതെല്ലാം രാഷ്ട്രീയ പക്വതയുടെ ഭാഗമാണ്.രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ പലപ്പോഴും ഈ timing കാണാം.
പ്രതിഷേധത്തിന്റെ കേന്ദ്രത്തിൽ സ്വയം നിൽക്കുന്നതിനുപകരം വിദ്യാർത്ഥികൾക്ക് തന്നെ വേദി നൽകുക, അവരുടെ അനുഭവങ്ങൾ അവർ തന്നെ പറയാൻ അനുവദിക്കുക, സ്വന്തം രാഷ്ട്രീയ സാന്നിധ്യത്തെക്കാൾ വിഷയത്തെ മുന്നിൽ നിർത്തുക-ഇത് സാധാരണ രാഷ്ട്രീയക്കാരന്റെ ശൈലിയല്ല. ഒരു നേതാവ് സ്വന്തം ജനപ്രീതി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം ഒരു പ്രക്ഷോഭത്തിന്റെ ഉടമസ്ഥത ബാധിതർക്കുതന്നെ വിട്ടുകൊടുക്കുമ്പോൾ അവിടെ ജനാധിപത്യ നേതൃത്വത്തിന്റെ മറ്റൊരു രൂപം കാണാം.
സ്വന്തം അറസ്റ്റിനെയും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കാതിരിക്കുക എന്ന സമീപനവും ഇതുമായി ബന്ധപ്പെട്ടതാണ്. ഒരു നേതാവിനെ അറസ്റ്റ് ചെയ്താൽ സാധാരണയായി പാർട്ടി അതിനെ വലിയ രാഷ്ട്രീയ പ്രചാരണമായി മാറ്റും. നേതാവിന്റെ ചിത്രങ്ങളും മുദ്രാവാക്യങ്ങളും മുൻനിരയിൽ വരും. എന്നാൽ, സ്വന്തം വ്യക്തിയെക്കാൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുന്നിൽ നിർത്തണം, പ്രതിഷേധം വ്യക്തികേന്ദ്രിതമാകരുത് എന്ന സന്ദേശമാണ് യഥാർത്ഥ ജനകീയ നേതൃത്വത്തിന്റെ അടയാളം. “ഞാൻ” എന്ന രാഷ്ട്രീയത്തിൽ നിന്ന് “നാം” എന്ന രാഷ്ട്രീയത്തിലേക്കുള്ള മാറ്റമാണത്. ഇതാണ് രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ചർച്ചയിൽ പലപ്പോഴും നഷ്ടപ്പെടുന്ന ഭാഗം.
അദ്ദേഹത്തെക്കുറിച്ചുള്ള വിമർശനങ്ങളിൽ വലിയൊരു പങ്കും വ്യക്തിഹത്യയുടെ പരിധിയിലാണ്. അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലം, രൂപം, പ്രസംഗത്തിലെ ചെറിയ പിഴവുകൾ, പഴയ പരാജയങ്ങൾ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസങ്ങൾ-ഇവയെല്ലാം രാഷ്ട്രീയ വിമർശനമായി അവതരിപ്പിക്കപ്പെടുന്നു. ഒരു രാഷ്ട്രീയ നേതാവിനെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ, വ്യക്തിഹത്യയും രാഷ്ട്രീയ വിമർശനവും രണ്ടാണ്.
ഒരു നേതാവിന്റെ നയത്തെ വിമർശിക്കാം. ഒരു തീരുമാനത്തിന്റെ പരാജയം ചൂണ്ടിക്കാണിക്കാം. സംഘടനാ ദൗർബല്യത്തെ ചോദ്യം ചെയ്യാം. രാഷ്ട്രീയ തന്ത്രത്തെ വിമർശിക്കാം. തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം ചോദിക്കാം. പക്ഷേ, അദ്ദേഹം പഠിക്കുന്നുണ്ടോ, വിദ്യാർത്ഥികളോട് സംസാരിക്കുന്നുണ്ടോ, രേഖകൾ പരിശോധിക്കുന്നുണ്ടോ, വിഷയങ്ങളെക്കുറിച്ച് തയ്യാറെടുക്കുന്നുണ്ടോ എന്നൊന്നും പരിശോധിക്കാതെ ഒരു പഴയ പരിഹാസചിത്രത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിലയിരുത്തുന്നത് ബൗദ്ധിക സത്യസന്ധതയല്ല.
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾക്ക് ഈ വ്യത്യാസം മനസ്സിലാകും. അദ്ദേഹം പലപ്പോഴും വിഷയത്തെക്കുറിച്ച് തയ്യാറെടുത്താണ് എത്തുന്നത്. കണക്കുകൾ ഉപയോഗിക്കുന്നു. രേഖകൾ മുന്നിൽ വയ്ക്കുന്നു. ചോദ്യങ്ങൾ നേരിട്ട് സ്വീകരിക്കുന്നു. ചിലപ്പോൾ സ്വന്തം വാദത്തെ കൂടുതൽ വിശദീകരിക്കുന്നു. ഒരു സാങ്കേതിക വിഷയത്തെ പൊതുഭാഷയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇതൊന്നും അദ്ദേഹത്തെ വിമർശനാതീതനാക്കുന്നില്ല. എന്നാൽ, അദ്ദേഹം ഗൗരവമായി പഠിക്കുന്ന രാഷ്ട്രീയക്കാരനല്ലെന്ന ധാരണയെ തീർച്ചയായും ചോദ്യം ചെയ്യുന്നു.
ഇതാണ് ശശി തരൂരിന്റെ വിമർശനവും കൂടുതൽ വിശാലമായ പശ്ചാത്തലത്തിൽ വായിക്കേണ്ടത്. തരൂർ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ തെറ്റില്ല. കോൺഗ്രസിനുള്ളിൽ തന്നെ നേതാക്കളെ വിമർശിക്കാനുള്ള ജനാധിപത്യ അവകാശം ഉണ്ടായിരിക്കണം. പക്ഷേ, പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ പഴയ രാഷ്ട്രീയ അളവുകോൽ ഉപയോഗിച്ച് മാത്രം വിലയിരുത്തുമ്പോൾ പ്രശ്നമുണ്ടാകും.
തരൂർ ഒരു ബൗദ്ധിക രാഷ്ട്രീയത്തിന്റെ ശക്തമായ പ്രതിനിധിയാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തുകളും അന്താരാഷ്ട്ര കാഴ്ചപ്പാടും കോൺഗ്രസിന് ഒരു പ്രത്യേക ബൗദ്ധിക സമ്പത്ത് നൽകുന്നു. പക്ഷേ, പുതിയ തലമുറ ചോദിക്കുന്ന രാഷ്ട്രീയ ചോദ്യങ്ങൾ വ്യത്യസ്തമാണ്. അവർ നേതാവിന്റെ ബൗദ്ധികതയെ മാത്രം അളക്കുന്നില്ല. അദ്ദേഹം എത്രത്തോളം കേൾക്കുന്നു, എത്രത്തോളം ജനങ്ങളോടൊപ്പം നിൽക്കുന്നു, എത്രത്തോളം അപകടം ഏറ്റെടുക്കുന്നു, അധികാരത്തെ എത്രത്തോളം നേരിട്ട് ചോദ്യം ചെയ്യുന്നു, സ്വന്തം രാഷ്ട്രീയ ഇമേജിനേക്കാൾ ജനങ്ങളുടെ പ്രശ്നത്തെ എത്രത്തോളം മുൻപിൽ വയ്ക്കുന്നു എന്നതാണ് അവർ നോക്കുന്നത്.
അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിലെ “Let Go” മനോഭാവം പ്രസക്തമാകുന്നത്. അധികാരം സ്വന്തമാക്കാനുള്ള രാഷ്ട്രീയത്തിൽ നിന്ന് അധികാരത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് മാറാനുള്ള ശ്രമം. സ്വന്തം ഇമേജ് സംരക്ഷിക്കുന്നതിനേക്കാൾ ഒരു വിദ്യാർത്ഥിയുടെ പ്രശ്നത്തെ മുന്നിൽ കൊണ്ടുവരാനുള്ള ശ്രമം. ഒരു പ്രക്ഷോഭത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കുന്നതിനേക്കാൾ അത് ജനങ്ങളുടേതായി നിലനിർത്താനുള്ള ശ്രമം. ഈ സമീപനം പുതിയ തലമുറയുടെ രാഷ്ട്രീയബോധവുമായി കൂടുതൽ ചേർന്നുനിൽക്കുന്നു.
ഇതുകൊണ്ട് തരൂർ അപ്രസക്തനായി എന്ന് പറയുന്നത് ശരിയായിരിക്കില്ല. അദ്ദേഹം ഇപ്പോഴും പ്രധാനപ്പെട്ട രാഷ്ട്രീയക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രസക്തി പുതിയ തലമുറയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതാണ് നിർണായകം. Gen Zയെക്കുറിച്ച് സംസാരിക്കുന്നത് മാത്രം പോരാ; Gen Zയുടെ രാഷ്ട്രീയ മനസ്സിലേക്ക് കടക്കണം. അവരുടെ ഭാഷ കേൾക്കണം. അവരുടെ സംശയങ്ങൾ സ്വീകരിക്കണം. അവർ ചോദിക്കുന്ന അസൗകര്യകരമായ ചോദ്യങ്ങൾ സ്വന്തം രാഷ്ട്രീയത്തിന്റെ ഭാഗമാക്കണം.
ഇവിടെ രാഹുൽ ഗാന്ധിക്ക് ഒരു രാഷ്ട്രീയ മുൻതൂക്കം ലഭിക്കുന്നുണ്ട്. കാരണം അദ്ദേഹം യുവാക്കളെ വെറും വോട്ടർമാരായി കാണുന്നതിൽ നിന്ന് മാറി അവരെ രാഷ്ട്രീയ സംവാദത്തിന്റെ പങ്കാളികളാക്കാൻ ശ്രമിക്കുന്നു. വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ അവരോട് പ്രസംഗിക്കുന്നതിനു പകരം സംവദിക്കുന്നു. അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. അവർക്ക് തന്നെ ചോദ്യം ചെയ്യാനുള്ള ഇടം നൽകുന്നു. അതാണ് ജനാധിപത്യ വിദ്യാഭ്യാസം.
ജവഹർലാൽ നെഹ്റുവിന്റെ കത്തുകൾ ഇന്ദിരയ്ക്ക് നൽകിയത് ലോകത്തെക്കുറിച്ചുള്ള അറിവ് മാത്രമല്ല; ലോകത്തെ ചോദ്യം ചെയ്യാനുള്ള ബൗദ്ധിക സ്വാതന്ത്ര്യവുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായതും അതുതന്നെയാണ്. രാഷ്ട്രീയം വെറും പാർട്ടി അനുകൂല-വിരുദ്ധ മുദ്രാവാക്യങ്ങളായി ചുരുങ്ങരുത്. ചരിത്രം അറിയണം. സമ്പദ്‌വ്യവസ്ഥ മനസ്സിലാക്കണം. ഭരണഘടന വായിക്കണം. ശാസ്ത്രത്തെക്കുറിച്ച് അറിയണം. സമൂഹത്തിന്റെ ഘടന മനസ്സിലാക്കണം. ലോകം എങ്ങനെ മാറുന്നു എന്ന് പഠിക്കണം. സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾ വലിയ സാമൂഹിക ഘടനകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയണം.
രാഹുൽ ഗാന്ധിയുടെ യുവജന സംവാദങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ മൂല്യം ഇതിലാണെന്ന് പറയാം. അദ്ദേഹം യുവാക്കളോട് വോട്ട് ചോദിക്കുന്നതിനു മുമ്പ് അവരോട് രാഷ്ട്രീയം സംസാരിക്കാൻ ശ്രമിക്കുന്നു. അവർക്ക് ഒരു രാഷ്ട്രീയ ഉത്തരമല്ല, ഒരു രാഷ്ട്രീയ ചോദ്യമാണ് നൽകുന്നത്. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് അത്. ഇതാണ് ഒരു ജനാധിപത്യ നേതാവിന്റെ ഏറ്റവും വലിയ സംഭാവന.
ജനാധിപത്യം എന്നത് ജനങ്ങൾക്കുവേണ്ടി തീരുമാനമെടുക്കുന്ന നേതാക്കളെ മാത്രം സൃഷ്ടിക്കുന്ന സംവിധാനം അല്ല. ജനങ്ങൾക്ക് സ്വയം ചിന്തിക്കാനും ചോദ്യം ചെയ്യാനും തീരുമാനങ്ങളെടുക്കാനും കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുന്ന സംവിധാനമാണ്. ഒരു രാഷ്ട്രീയ നേതാവ് തന്റെ പ്രസംഗത്തിലൂടെ ഒരു ജനക്കൂട്ടത്തെ ആവേശപ്പെടുത്തുന്നത് ഒരു നേട്ടമാണ്. എന്നാൽ, ഒരു വിദ്യാർത്ഥിയെ ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുന്നത് അതിനേക്കാൾ വലിയ രാഷ്ട്രീയ നേട്ടമാണ്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ ഈ അളവുകോൽ ഉപയോഗിച്ച് കൂടി വിലയിരുത്തേണ്ട സമയമാണിത്. അദ്ദേഹം പൂർണനല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ പരാജയങ്ങളുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിക്ക് സംഘടനാപരമായ ദൗർബല്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ എല്ലായ്പ്പോഴും വിജയിക്കുന്നില്ല. അദ്ദേഹത്തെ വിമർശിക്കാനുള്ള കാരണങ്ങൾ ഏറെയാണ്. പക്ഷേ, അദ്ദേഹത്തെ വെറും പരിഹാസ കഥാപാത്രമാക്കി ചുരുക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ ചെറുതാക്കുകയാണ്. ഒരു നേതാവിനെ അനുകൂലിക്കാം. എതിർക്കാം. വിയോജിക്കാം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളെ നിരാകരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ പഠനവും തയ്യാറെടുപ്പും ജനങ്ങളുമായുള്ള സംവാദവും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കാനുള്ള ശ്രമവും അംഗീകരിക്കാതിരിക്കുക ബൗദ്ധിക സത്യസന്ധതയല്ല.
രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള യഥാർത്ഥ ചർച്ച അതുകൊണ്ട് ഇനി “അദ്ദേഹം എത്ര പ്രസംഗങ്ങൾ നടത്തി?” എന്നതായിരിക്കരുത്. “അദ്ദേഹം എത്ര പേരെ ചിന്തിക്കാൻ പ്രേരിപ്പിച്ചു?” എന്നതായിരിക്കണം. “അദ്ദേഹം എത്ര മുദ്രാവാക്യങ്ങൾ വിളിച്ചു?” എന്നതല്ല ചോദ്യം. “എത്ര സങ്കീർണ്ണമായ വിഷയങ്ങളെ സാധാരണ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ വിശദീകരിച്ചു?” എന്നതാണ്. “അദ്ദേഹം എത്ര രാഷ്ട്രീയ ക്രെഡിറ്റ് നേടി?” എന്നതല്ല. “എത്ര തവണ സ്വന്തം വ്യക്തിത്വത്തെ പിന്നിലേക്ക് മാറ്റി ബാധിതരുടെ ശബ്ദത്തെ മുന്നിലേക്ക് കൊണ്ടുവന്നു?” എന്നതാണ്. ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ പുതിയ രീതിയിൽ വായിക്കേണ്ടിവരും. അദ്ദേഹം ഒരു സാധാരണ രാഷ്ട്രീയ നേതാവല്ല എന്ന വാദത്തിന്റെ അർത്ഥം അദ്ദേഹം വിമർശനാതീതനാണ് എന്നല്ല. മറിച്ച് അദ്ദേഹത്തെ വിലയിരുത്താൻ കൂടുതൽ ഗൗരവമുള്ള അളവുകോൽ ആവശ്യമാണ് എന്നതാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇപ്പോഴും വളരുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ യഥാർത്ഥ ഫലം ചരിത്രം മാത്രമേ തീരുമാനിക്കൂ. പക്ഷേ, ഒരു കാര്യം ഇതിനകം വ്യക്തമാണ്: അദ്ദേഹം സ്വയം മാറാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ്. കേൾക്കാൻ ശ്രമിക്കുന്നു. പഠിക്കാൻ ശ്രമിക്കുന്നു. ജനങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്നു. യുവാക്കളെ രാഷ്ട്രീയത്തിന്റെ ഉപഭോക്താക്കളായി കാണാതെ പങ്കാളികളാക്കാൻ ശ്രമിക്കുന്നു. അധികാരത്തെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നു. തന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രതിച്ഛായയെക്കാൾ ചിലപ്പോൾ വിഷയത്തെ മുന്നിൽ നിർത്താൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഇന്നത്തെ ഇന്ത്യയിലെ പുതിയ തലമുറയുടെ രാഷ്ട്രീയവുമായി അദ്ദേഹത്തിന് ഒരു ബന്ധം രൂപപ്പെടുന്നത്.
നാളെയുടെ ഇന്ത്യയെ നിർമിക്കുന്നത് പഴയ രാഷ്ട്രീയത്തിന്റെ സുരക്ഷിതമായ വേദികളിൽ ഇരിക്കുന്നവർ മാത്രമല്ല. ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളും, ജോലി തേടുന്ന യുവാക്കളും, അനീതിക്കെതിരെ തെരുവിലിറങ്ങുന്ന ജനങ്ങളും, ഡിജിറ്റൽ ലോകത്ത് പുതിയ രാഷ്ട്രീയഭാഷ സൃഷ്ടിക്കുന്ന Gen Zയും ചേർന്നാണ് ആ ഇന്ത്യയെ നിർമിക്കുക. അവരോട് സംസാരിക്കാൻ കഴിയുന്ന നേതാക്കൾക്ക് ഭാവിയുണ്ടാകും. അവരെ കേൾക്കാൻ കഴിയുന്ന നേതാക്കൾക്ക് ഭാവിയുണ്ടാകും. അവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നേതാക്കൾക്ക് അതിലും വലിയ ഭാവിയുണ്ടാകും. അവരുടെ ശബ്ദം സ്വന്തം ശബ്ദമാക്കി മാറ്റാതെ, അവരുടെ ശബ്ദത്തിന് വേദി ഒരുക്കുന്ന നേതാവിനാണ് ജനാധിപത്യത്തിൽ ഏറ്റവും വലിയ സ്ഥാനം.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ യാത്രയുടെ യഥാർത്ഥ അർത്ഥം ഒരുപക്ഷേ അവിടെയാണ്. അദ്ദേഹം ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ എന്നതിനെക്കാൾ വലിയ ചോദ്യം, ഇന്ത്യയുടെ അടുത്ത തലമുറയെ എത്രത്തോളം ചിന്തിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ്. അതിനാൽ രാഹുൽ ഗാന്ധിയെ ഒരിക്കൽ കൂടി നോക്കേണ്ടതുണ്ട്-പരിഹാസങ്ങളുടെ കണ്ണിലൂടെ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ; പഴയ രാഷ്ട്രീയ ഇമേജുകളിലൂടെ അല്ല, പുതിയ രാഷ്ട്രീയ ഇടപെടലുകളിലൂടെ; മുദ്രാവാക്യങ്ങളിലൂടെ അല്ല, അദ്ദേഹം കേൾക്കുന്നവരുടെയും പഠിക്കുന്ന വിഷയങ്ങളുടെയും ആഴത്തിലൂടെ.
അപ്പോൾ ഒരുപക്ഷേ നമ്മൾ തിരിച്ചറിയും: രാഹുൽ ഗാന്ധി വെറും ഒരു രാഷ്ട്രീയ നേതാവല്ല. പഠിച്ചും കേട്ടും ചിന്തിച്ചും സംവദിച്ചും അടുത്ത തലമുറയെ ചിന്തിക്കാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ പരീക്ഷണമാണ്. ആ പരീക്ഷണം വിജയിക്കുമോ എന്ന് ചരിത്രം തീരുമാനിക്കും. പക്ഷേ, അതിനെ മനസ്സിലാക്കാതെ പരിഹസിക്കുന്നത് ചരിത്രത്തെ മനസ്സിലാക്കാനുള്ള നമ്മുടെ സ്വന്തം പരാജയമായിരിക്കും.
