മോദി സർക്കാർ അധികാരത്തിൽ വന്ന് 12 വർഷം പിന്നിടുമ്പോൾ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും മാറ്റിവെച്ച് കണക്കുകൾ നോക്കിയാൽ രാജ്യത്തെ പൊതുവിദ്യാഭ്യാസം ഇന്ന് എവിടെ എത്തിനിൽക്കുന്നുവെന്ന് മനസ്സിലാക്കാം. നീതി ആയോഗിന്റെ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 94,000-ത്തോളം സർക്കാർ സ്കൂളുകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. അതായത്, ശരാശരി ഒരു ദിവസം 25 സ്കൂളുകൾ വീതം! 11.07 ലക്ഷമായിരുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം ഇപ്പോൾ 10.13 ലക്ഷമായി ചുരുങ്ങി.
ജനനനിരക്കിലെ കുറവുമൂലം കുട്ടികളുടെ എണ്ണം കുറയുന്നതാണ് സ്കൂളുകൾ പൂട്ടാനുള്ള പ്രധാന കാരണമായി സർക്കാർ അവകാശപ്പെടുന്നത്. 2014-15 ൽ 26.95 കോടിയായിരുന്ന സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം 2024-25 ൽ 24.69 കോടിയായി കുറഞ്ഞു. എന്നാൽ, കുട്ടികളുടെ എണ്ണം കുറയുന്നു എന്ന പേരിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് വഴി വിദ്യാഭ്യാസം നേടാനുള്ള ഒരു കുട്ടിയുടെ മൗലികാവകാശത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഒരു ഗ്രാമത്തിലെ സർക്കാർ സ്കൂൾ ഇല്ലാതായാൽ അടുത്ത സ്കൂളിലെത്താൻ കുട്ടികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരും. യാത്രാച്ചെലവ്, യാത്രാസമയം, പെൺകുട്ടികളുടെ സുരക്ഷ എന്നിവ സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ ആശങ്കയാണ്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ദിവസവും കുട്ടികളെ ദൂരെയുള്ള സ്കൂളിൽ അയക്കുന്നത് എളുപ്പമല്ല. ഇത്തരം സാഹചര്യങ്ങളിൽ ഗ്രാമീണ മേഖലയിലെ നിർധനരായ കുട്ടികൾക്ക് പഠനം തന്നെ ഉപേക്ഷിക്കേണ്ടിവരുന്നു. കുട്ടി
ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മറ്റൊരു വലിയ പ്രതിസന്ധി ഉയർന്ന ക്ലാസുകളിലേക്ക് പോകുമ്പോഴാണ് വ്യക്തമാകുന്നത്. രാജ്യത്ത് ഏകദേശം 7.3 ലക്ഷം പ്രൈമറി സ്കൂളുകളുള്ളപ്പോൾ സെക്കൻഡറി സ്കൂളുകൾ 1.42 ലക്ഷം മാത്രമാണ്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ തുടർച്ചയായി പഠിക്കാനുള്ള സൗകര്യം രാജ്യത്തെ അഞ്ച് ശതമാനം സ്കൂളുകളിൽ മാത്രമാണുള്ളത്. അഞ്ചാം ക്ലാസിനും എട്ടാം ക്ലാസിനും ശേഷം പുതിയ സ്കൂൾ കണ്ടെത്തേണ്ടിവരുന്നത് വിദ്യാർത്ഥികളുടെ പഠനത്തുടർച്ചയെ ബാധിക്കുന്നു. പ്രൈമറി തലത്തിൽ 90 ശതമാനത്തിന് മുകളിലുള്ള എൻറോൾമെന്റ് ഹയർ സെക്കൻഡറിയിലെത്തുമ്പോൾ 58.4 ശതമാനമായി കൂപ്പുകുത്തുന്നതിന് പ്രധാന കാരണം ഇതാണ്. കുടുംബങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, നേരത്തെ തൊഴിൽ തേടേണ്ട സാഹചര്യം, യാത്രാ ബുദ്ധിമുട്ട്, സമീപത്ത് ഉയർന്ന ക്ലാസുകളുള്ള സ്കൂളുകളുടെ അഭാവം തുടങ്ങിയ പല കാരണങ്ങളും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അതിനാൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടിയുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിൽ അല്ല, ഒന്നാം ക്ലാസിൽ ചേരുന്ന എത്ര വിദ്യാർത്ഥികൾ പ്ലസ് ടു പൂർത്തിയാക്കുന്നുണ്ട് എന്നതിലാണ് പൊതുവിദ്യാഭ്യാസത്തിന്റെ വിജയം.
ഇതിനിടയിലാണ് AI, കോഡിങ്, സ്മാർട്ട് ക്ലാസ് റൂം എന്നിവയെക്കുറിച്ചുള്ള വലിയ പ്രഖ്യാപനങ്ങൾ നടക്കുന്നത്. എന്നാൽ ആവശ്യത്തിന് അധ്യാപകരും ശൗചാലയങ്ങളും കുടിവെള്ളവുമില്ലാത്ത അടിസ്ഥാന സൗകര്യ വികസനം സാധ്യമാകാത്ത ക്ലാസ് മുറികളിലേക്ക് ഇത്തരം സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നത് പ്രഹസനമാണ്.
മറുവശത്ത് സർക്കാർ സ്കൂളുകളിൽ നിന്ന് സ്വകാര്യ സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്കും വർധിക്കുകയാണ്. UDISE+ കണക്കുകൾ പ്രകാരം 2023-24 മുതൽ 2025-26 വരെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം 12.75 കോടിയിൽ നിന്ന് 11.89 കോടിയായി കുറഞ്ഞു (86 ലക്ഷത്തിന്റെ കുറവ്). അതേസമയം സ്വകാര്യ സ്കൂളുകളിൽ 88 ലക്ഷം കുട്ടികളുടെ വർധനയുണ്ടായി. ഇത് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുന്നു. ഫീസ്, പാഠപുസ്തകങ്ങൾ, യൂണിഫോം തുടങ്ങിയ അധിക ചെലവുകൾക്ക് സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് രക്ഷിതാക്കൾക്ക് തുക കണ്ടെത്തേണ്ടി വരും.
UDISE+ വിവരങ്ങൾ അനുസരിച്ച് 2021-22 ൽ 4.82 കോടിയായിരുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ എണ്ണം 2025-26 ൽ 4.38 കോടിയായി കുറഞ്ഞതും കാണേണ്ടതാണ്. മോഡി ഗവൺമെൻറ് അധികാരത്തിൽ വന്നതിനു ശേഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പെടുന്ന എസ് സി, എസ് ടി, ഓ ബി സി, ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് നൽകിക്കൊണ്ടിരുന്ന പ്രീ മെട്രിക് സ്കോളർഷിപ്പുകൾ 9 10 ക്ലാസുകൾ ആക്കി ചുരുക്കി.
GDP യുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് മാറ്റിവെക്കണമെന്ന നിർദ്ദേശം ഇതുവരെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ആഗോളവൽക്കരണത്തിന്റെ കടന്നുവരവോടെ 1990 കൾ മുതൽ വിദ്യാഭ്യാസത്തിന് വേണ്ടിമാറ്റി മാറ്റിവെച്ചിരുന്ന GDP യുടെ വിഹിതം നാല് ശതമാനത്തിന് അടുത്ത് നിന്നും മൂന്നു ശതമാനത്തിനടുത്തേക്ക് കുറയുന്നതായി ആണ് കാണാൻ കഴിയുന്നത്.
സാമ്പത്തികശേഷിയുള്ളവർക്ക് സ്വകാര്യ വിദ്യാഭ്യാസം തേടാമെങ്കിലും സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും മക്കൾക്ക് സർക്കാർ സ്കൂളുകൾ മാത്രമാണ് ഏക ആശ്രയം. അതിനാൽ സർക്കാർ സ്കൂളുകൾ തകരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം പ്രശ്നമല്ല, അത് സാമൂഹികനീതിയുടെ പ്രശ്നമാണ്. സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് പകരം അവയെ ശക്തിപ്പെടുത്തുകയും അധ്യാപക ഒഴിവുകൾ നികത്തുകയും ചെയ്യുക എന്നതാണ് വേണ്ടത്. സാമ്പത്തികവും സാമൂഹികവും കാരണങ്ങളാൽ ഒരു കുട്ടിക്കും പഠനം നിർത്തേണ്ടിവരാത്ത സാഹചര്യം ഉറപ്പാക്കുമ്പോൾ മാത്രമേ പൊതുവിദ്യാഭ്യാസം എല്ലാവർക്കും അവകാശമായി നിലനിൽക്കൂ.
