August 13 Thursday 2026

പൊൻകുന്നം വർക്കി: അധികാരകേന്ദ്രങ്ങളോടും അനീതിയോടും കലഹിച്ച മനുഷ്യസ്നേഹി

വീണ്ടും ഒരു ജൂലൈ മാസം കടന്നുപോയിക്കൊണ്ടിരിക്കുന്നു. 1910 ജൂലൈ 1 ന് ജനിച്ച പൊൻകുന്നം വർക്കിയുടെ ചരമദിനവും മറ്റൊരു ജൂലൈ ആണ്, 2004 ജൂലൈ 2. അധികാരത്തെയും സാമൂഹിക കാപട്യങ്ങളെയും നിർഭയമായി ചോദ്യം ചെയ്ത പൊൻകുന്നം വർക്കിയുടെ 116 ാം ജന്മദിനവും 22 ാം ചരമവാർഷികവും കടന്നുപോയി. മലയാളി സമൂഹം ഈ അതുല്യ സാഹിത്യകാരനെ അദ്ദേഹത്തിന് അർഹമായ രീതിയിൽ ഓർത്തുവോ എന്ന ചോദ്യം പ്രസക്തമാണ്. പൊൻകുന്നം വർക്കിയുടെ ഓർമ്മയും ആശയങ്ങളും പൊതുസമൂഹത്തിൽ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്.

അധികാരകേന്ദ്രങ്ങളോട് സന്ധി ചെയ്യാതെ ജീവിതം മുഴുവൻ കലഹിച്ച എഴുത്തുകാരനായിരുന്നു പൊൻകുന്നം വർക്കി. സാഹിത്യം ഒരു സാമൂഹിക ഇടപെടലും സമൂഹത്തെ മാറ്റാനുള്ള ആയുധവുമാണെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ ജീവിതവും എഴുത്തും മുന്നോട്ടുകൊണ്ടുപോയത്. മലയാളത്തിലെ ധീരരായ എഴുത്തുകാരിൽ ഒരാളായ അദ്ദേഹത്തിന്റെ തൂലിക സജീവമായിരുന്നത്, മലയാള ആധുനിക ചെറുകഥാ സാഹിത്യത്തിന്റെ സുവർണ്ണകാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1930കൾ മുതൽ 1960കൾ വരെയുള്ള (രണ്ടാം ഘട്ടം) കാലയളവിലായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, തകഴി, കേശവദേവ്, കാരൂർ തുടങ്ങിയ സമകാലികരായ എഴുത്തുകാർ സാമൂഹിക യാഥാർത്ഥ്യങ്ങളെ വ്യത്യസ്ത രീതികളിൽ അവതരിപ്പിച്ചപ്പോൾ, വർക്കി സഭയുടെയും ഭരണകൂടത്തിന്റെയും അധികാരഘടനകളെ നേരിട്ട് ചോദ്യം ചെയ്തു.

ജീവിതവും പോരാട്ടവും

1910 ൽ ആലപ്പുഴ ജില്ലയിലെ ഇടത്വയിലാണ് വർക്കി ജനിച്ചത്. അച്ഛന്റെ മരണത്തെത്തുടർന്നുണ്ടായ ദാരിദ്ര്യം കാരണം 1917 ൽ അമ്മയുടെ നാടായ പൊൻകുന്നത്തേക്ക് താമസം മാറി. കുട്ടിക്കാലത്ത് അദ്ദേഹം അനുഭവിച്ച ദാരിദ്ര്യവും അത് സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയുമാണ് പിൽക്കാലത്ത് അദ്ദേഹത്തിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്.

വർക്കി തികഞ്ഞ സഭാവിരോധിയോ ദൈവവിരോധിയോ ആണെന്നുള്ള തെറ്റായ ചില വിലയിരുത്തലുകൾ സമൂഹത്തിലുണ്ട്. സഭയിലെ സാധാരണക്കാരായ മനുഷ്യരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്ന പൗരോഹിത്യത്തെയും സഭയിലെ ചില അധികാരകേന്ദ്രങ്ങളെയുമാണ് അദ്ദേഹം എതിർത്തത്. കുട്ടിക്കാലം മുതലേ തനിക്ക് ശരിയല്ലെന്ന് തോന്നിയ കാര്യങ്ങളെ ചോദ്യം ചെയ്തിരുന്നതിനാൽ, സഭയുടെ ഭാഗത്തുനിന്ന് നിരവധി കഷ്ടതകൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ഈ അനുഭവങ്ങളെല്ലാം ‘എന്റെ വഴിത്തിരിവ്’ എന്ന ആത്മകഥയിൽ വർക്കി രേഖപ്പെടുത്തുന്നുണ്ട്. സഭയുടെ പൊരുത്തക്കേടുകളെ ചോദ്യം ചെയ്യുക എന്നത് ഒരു വിശ്വാസിക്ക് പോലും ചിന്തിക്കാനാകാത്ത കാലത്താണ് വർക്കിയുടെ തൂലിക ചലിച്ചതെന്നത് ശ്രദ്ധേയമാണ്.

സ്കൂൾ പഠനത്തിന് ശേഷം കത്തോലിക്കാ മാനേജ്‌മെന്റ് സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചെങ്കിലും സഭയിലെ ജീർണ്ണതകൾക്കെതിരെയുള്ള വിമർശനങ്ങൾ കാരണം അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കി. തുടർന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ചെങ്കിലും, അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തെ കഥയിലൂടെ വിമർശിച്ചതിന്റെ പേരിൽ വീണ്ടും ജോലി നഷ്ടപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.

സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയ ചിന്തകളും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം കേരളം ഒരു ഫ്യൂഡൽ സമൂഹത്തിൽ നിന്നും മുതലാളിത്ത വ്യവസ്ഥിതിയിലേക്കും ജനാധിപത്യ മൂല്യങ്ങളിലേക്കും മാറിക്കൊണ്ടിരുന്ന സമയമായിരുന്നു. 1930-കളിൽ കേരളത്തിൽ ശക്തമായ ഇടതുപക്ഷ സമരരാഷ്ട്രീയവും പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ സ്വാധീനിച്ചു. ജാതി ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ ജനങ്ങൾ ബോധവാന്മാരാകുന്ന ആ കാലത്ത്, അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കൊപ്പം നിന്നാണ് അദ്ദേഹം രചനകൾ നടത്തിയത്.

മധ്യതിരുവിതാംകൂറിന്റെ കിഴക്കൻ മേഖലയിലെ മലയോര കർഷകരുടെ ജീവിതദുരിതങ്ങളാണ് വർക്കിയുടെ കഥകളിൽ നിറഞ്ഞത്. ഒരേസമയം ജന്മിത്തവും വിശ്വാസത്തിൻറെ പേരിൽ പൗരോഹിത്യം നടത്തുന്നു ചൂഷണവും ഉദ്യോഗസ്ഥരുടെ നീതിനിഷേധവും അനുഭവിക്കുന്ന പാവങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. രാഷ്ട്രീയത്തോടും മതത്തോടും മറ്റ് എഴുത്തുകാർ പല രീതിയിൽ സംവദിച്ചപ്പോൾ, വർക്കി ഭരണകൂടത്തോടും പൗരോഹിത്യത്തോടും വിട്ടുവീഴ്ചയില്ലാതെ കലഹിച്ചു. യേശുക്രിസ്തുവിന്റെ പേരിൽ സാധാരണ വിശ്വാസികളെ ചൂഷണം ചെയ്യുന്ന സഭയിലെ അധികാരകേന്ദ്രങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്തതിനാൽ അദ്ദേഹത്തിന് സഭയിൽ നിന്ന് ഭ്രഷ്ട് വരെ നേരിടേണ്ടി വന്നു. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട് മാത്രം സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. “എല്ലാവർക്കും നീതിയും ദുർബല ജനവിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണവുമുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണമെന്നായിരുന്നു” അദ്ദേഹത്തിന്റെ ആഗ്രഹം.

ഞാൻ കഥ എഴുതിയ കഥ

തന്റെ കൂടെ മുൻകൈയിൽ സ്ഥാപിച്ച സാഹിത്യപ്രവർത്തക സഹകരണ സംഘം (SPCS) തന്റെ തെരഞ്ഞെടുത്ത ചെറുകഥകൾ പ്രസിദ്ധീകരിക്കുന്ന സമയത്ത്, പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ. ഗുപ്തൻ നായരുടെ അഭ്യർത്ഥനപ്രകാരം എഴുതിയ ലേഖനമാണ് ‘ഞാൻ കഥ എഴുതിയ കഥ’. അതിന്റെ തുടക്കത്തിൽ “തന്നെ താൻ സ്വയം കഥാകാരൻ ആയതല്ല, മറിച്ച് സാഹചര്യങ്ങൾ തന്നെ കഥാകാരൻ ആക്കുകയായിരുന്നു” എന്ന് വർക്കി നിരീക്ഷിക്കുന്നു.

തന്റെ കഥകൾ വഴി എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

“ജനങ്ങളുടേതല്ലാത്ത ഗവൺമെന്റും മുതലാളിത്തവും പൗരോഹിത്യവും കൈകോർത്തുപിടിച്ചു നിന്നുകൊണ്ട് തകരേണ്ട വ്യവസ്ഥിതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു. ദുർബലമായിരിക്കാം, എങ്കിലും അതിനെതിരെയുള്ള അടികളാണ് കഥകൾ വഴി ഞാൻ സാധിച്ചുകൊണ്ടിരിക്കുന്നത്.”

ജീവിതത്തിലെ തന്റെ സന്ധിയില്ലാത്ത സമരത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നു: “ഒന്നോ രണ്ടോ മാർഗ്ഗങ്ങളേ എനിക്ക് ശരണമായിട്ടുണ്ടായിരുന്നുള്ളൂ. ഒന്ന്, വിഴുപ്പുകെട്ടുമായി ഒരു കഴുതയെപ്പോലെ അനുസരിക്കുക; രണ്ടാമതായി, ഒരു ചെന്നായയെപ്പോലെ എതിർക്കുക.” അദ്ദേഹം രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. അക്കാലത്ത് എഴുത്തുകാർ നേരിട്ട പ്രതിസന്ധിയായിരുന്നു കൃതികൾ അച്ചടിച്ചു വിൽക്കുക എന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വർക്കിയുടെ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘സാഹിത്യപ്രവർത്തക സഹകരണ സംഘം’ മലയാള പുസ്തക പ്രസാധന രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയത്.

മലയാള ഗദ്യശൈലിയും വർക്കിയും

മലയാള ഗദ്യശൈലിയെ ജനകീയമാക്കുന്നതിൽ പൊൻകുന്നം വർക്കി നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത അവ കൈകാര്യം ചെയ്യുന്ന രീതിയാണ്. കഠിനമായ പദാവലികളോ മനഃശാസ്ത്രപരമായ സങ്കീർണ്ണതകളോ ഇല്ലാതെ, തികച്ചും നാട്ടിൻപുറത്തെ ലളിതമായ സംഭാഷണ ശൈലിയിലാണ് അദ്ദേഹം കഥകൾ പറഞ്ഞത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ സ്വാഭാവികമായ ഒരു ഗ്രാമീണ ഭാഷ അദ്ദേഹം നിലനിർത്തി. അതേസമയം, സാമൂഹികവും രാഷ്ട്രീയവുമായ കാപട്യങ്ങൾക്കെതിരെ പരിഹാസവും വിമർശനവും അദ്ദേഹം ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്തു. നിസ്സാരമെന്ന് തോന്നുന്ന പ്രതീകങ്ങളിലൂടെ രാഷ്ട്രീയ സത്യങ്ങൾ വിളിച്ചുപറയാൻ ഈ ശൈലി അദ്ദേഹത്തെ സഹായിച്ചു. ഈ ലളിമായ ഭാഷാശൈലിയാണ് അദ്ദേഹത്തിന്റെ കഥകളെ ജനപ്രിയമാക്കിയത്.

വർക്കിയുടെ കഥകൾ സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹിക പശ്ചാത്തലം കൂടുതലും ദരിദ്ര കർഷകരോ അടിസ്ഥാന ജനവിഭാഗങ്ങളോ ആയിരുന്നു.

മോഡലും മന്ത്രികെട്ടും

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വർക്കിക്ക് ഭരണകൂട വേട്ടയാടലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ‘മോഡൽ’ എന്ന കഥയുടെ പേരിൽ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ആറുമാസത്തെ തടവുശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. ജയിലിൽ കിടക്കുന്ന സമയത്ത് മാപ്പപേക്ഷ നൽകി പുറത്തിറങ്ങാൻ അവസരമുണ്ടായിരുന്നിട്ടും അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്.

‘മോഡൽ’ എന്ന കഥയിലൂടെ ഭരണകൂടം ജനങ്ങളുടെ തിരഞ്ഞെടുപ്പ് അവകാശം കവർന്നെടുക്കുമ്പോൾ ജനാധിപത്യം എങ്ങനെ അർത്ഥശൂന്യമാകുന്നു എന്ന രാഷ്ട്രീയ ചോദ്യമാണ് വർക്കി ഉയർത്തുന്നത്. സി.പി. ഫ്രാൻസിസ് എന്ന തയ്യൽക്കാരൻ ജനങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം വസ്ത്രം തയ്ക്കാൻ സ്വാതന്ത്ര്യം നൽകുന്നില്ല, സി.പി ഫ്രാൻസിസ് ആണ് അവിടെ തുണി തയ്ക്കാൻ വരുന്ന ആളുകൾക്ക് ഏതു മോഡൽ വേണമെന്ന് തീരുമാനിച്ചിരുന്നത്. ഇത് പാപ്പൻ എന്ന സാധാരണക്കാരൻ ചോദ്യം ചെയ്തുകൊണ്ട് ചോദിക്കുന്ന, “എന്റെ മോഡൽ തിരഞ്ഞെടുക്കേണ്ടത് ഞാനോ നിങ്ങളോ?” എന്ന ചോദ്യം യഥാർത്ഥത്തിൽ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെയാണ് അടയാളപ്പെടുത്തുന്നത്. ‘മന്ത്രികെട്ട്’ എന്ന കഥയിലാകട്ടെ, ചതുരംഗകളിയിലെ മന്ത്രിയെ മുൻനിർത്തി കരുക്കൾ നീക്കുന്ന കുട്ടിപിള്ള ആശാൻ തോറ്റമ്പുന്നത് സാധാരണ പടയാളികളെ മുന്നിൽ നിർത്തി കളിക്കുന്ന വ്യക്തിയോടാണ്. ഭരണാധികാരികളേക്കാൾ ആത്യന്തികമായ ശക്തി സാധാരണ ജനങ്ങളാണെന്ന് ഈ കഥയിലൂടെ വർക്കി സ്ഥാപിക്കുന്നു.

ശബ്ദിക്കുന്ന കലപ്പയും വിത്തുകാളയും

കേരളത്തിലെ മലയോര കർഷകരുടെ ജീവിതത്തിന്റെ ഉള്ളറകളെയാണ് വർക്കി ഈ കഥകളിലൂടെ വരച്ചുകാട്ടുന്നത്. ബ്രിട്ടീഷ് നികുതി പരിഷ്കാരങ്ങളും ജന്മിത്വത്തിന്റെ ക്രൂരതയും കർഷകരെ എങ്ങനെ തളർത്തി എന്ന് അദ്ദേഹം തുറന്നുകാട്ടുന്നു. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കഥയിലെ കർഷകനായ ഔസേപ്പും തന്റെ കണ്ണൻ എന്ന കാളയും തമ്മിലുള്ള ബന്ധം വെറും യജമാനനും മൃഗവും തമ്മിലുള്ളതല്ല. അവർ ഒന്നിച്ച് മണ്ണിൽ പണിയെടുത്തവരാണ്, പരസ്പരം കണ്ണീരൊപ്പിയവരാണ്. കടബാധ്യത വന്ന് ശ്വാസം മുട്ടുമ്പോൾ, ഹൃദയം പൊട്ടിക്കൊണ്ടാണ് ഔസേപ്പിന് കണ്ണനെ വിൽക്കേണ്ടി വരുന്നത്. പിന്നീട് കോട്ടയത്തെ ഒരു അറവുശാലയ്ക്ക് മുന്നിൽ നിൽക്കുന്ന കണ്ണനെ കണ്ട്, തന്റെ മകളുടെ കല്യാണത്തിന് വേണ്ടി മാറ്റിവെച്ച് സമ്പാദ്യം കൊടുത്ത് അവനെ തിരികെ വാങ്ങുമ്പോൾ ഔസേപ്പിന്റെ മനസ്സ് നമ്മെ ഉലയ്ക്കും. മകൾ ചോദിക്കുന്ന ചോദ്യത്തിന് പറയുന്ന മറുപടി ഒരു സാധാരണ കർഷകന്റെ ആത്മാവാണ് തുറന്നുകാട്ടുന്നത്: “നീയും അവനും എനിക്ക് ഒന്നുപോലെയാടി” വർക്കിയുടെ കഥകളിലെ കാളകൾ വെറും മൃഗങ്ങളല്ല, ‘ആത്മാഭിമാനമുള്ള കാളകൾ’ ആയിരുന്നു. ‘വിത്തുകാള’യിലെ നീലാണ്ടനും യജമാനൻ പറയുന്നത് തെറ്റാണെങ്കിൽ അനുസരിക്കാതിരിക്കാനുള്ള ആർജ്ജവം കാണിക്കുന്നവനാണ്.

അന്തോണീ നീയും അച്ഛനായോടാ & രണ്ട് ചിത്രം

സ്ഥാപിത ശക്തികളുടെ മൂല്യച്യുതികളെയാണ് ഈ കഥകൾ തുറന്നുകാട്ടുന്നത്. ‘അന്തോണീ നീയും അച്ഛനായോടാ?’ എന്ന കഥയിൽ പള്ളീലച്ചൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി വോട്ട് പിടിക്കുന്നതിനെ പീറ്റർ എന്ന കഥാനായകൻ ചോദ്യം ചെയ്യുന്നു. “ഇതൊരു മതേതര രാഷ്ട്രമാണ്, വോട്ട് മതത്തിന്റെ പേരിൽ തിരിക്കാൻ നോക്കുന്നത് കരിഞ്ചന്ത പണിയാണ്” എന്ന് പീറ്റർ വ്യക്തമാക്കുന്നു.

‘രണ്ട് ചിത്രം’ എന്ന കഥയിലാകട്ടെ, ദാരിദ്ര്യത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് വർക്കി വരച്ചുകാട്ടുന്നത്. കുഞ്ഞാണ്ടി എന്ന ദരിദ്രനായ കർഷകന്റെ അച്ഛൻ മരിക്കുമ്പോൾ ശവമടക്കാൻ പള്ളിയിൽ കൊടുക്കാൻ പണമില്ലാതെ വരുന്നു. പണമില്ലാത്തവന് പള്ളിപ്പറമ്പിൽ മാന്യമായ ശ്മശാനമില്ലെന്നും അവനെ ‘തെമ്മാടിക്കുഴിയിൽ’ അടക്കണമെന്നും പറയുന്ന പുരോഹിതന്റെ ക്രൂരത വായനക്കാരനെ അസ്വസ്ഥനാക്കും. ദാരിദ്ര്യവും രോഗവും കൊണ്ട് തകരുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയോട് പൗരോഹിത്യം എത്ര നിർദയമായാണ് പ്രതികരിക്കുന്നത് എന്ന് വർക്കി ഈ കഥയിൽ വരച്ചുകാട്ടുന്നു.

ചാത്തന്റെ മകൻ, ജയിൽ, ഇടിവണ്ടി

‘ചാത്തന്റെ മകൻ’ എന്ന കഥയിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ അധ്വാനത്തെയും അവരുടെ നിസ്സഹായാവസ്ഥയെയുമാണ് പറയുന്നത്. ജന്മിയുടെ കൃഷിഭൂമി രക്ഷിക്കാൻ വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വരുന്ന ചാത്തനിലൂടെ വർക്കി ചരിത്രപരമായ ഒരു സത്യം രേഖപ്പെടുത്തുന്നു. “ചരിത്രം സൃഷ്ടിക്കുന്നത് ചാത്തനാണ്, പക്ഷേ ചരിത്രത്തിൽ ഒരിക്കലും ചാത്തനെ രേഖപ്പെടുത്തുന്നില്ല.” ‘ഇടിവണ്ടി’ എന്ന കഥയിലാകട്ടെ, സഭയുടെയും പ്രമാണികളുടെയും വിലക്കുകളെ മറികടന്ന്, ജാതി ചിന്തകൾക്കതീതമായി പ്രണയിക്കുന്ന മകളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കീഴടങ്ങുന്ന ഔസേപ്പ് എന്ന കർഷകന്റെ കഥയാണ് അവതരിപ്പിക്കുന്നത്.

എന്തുകൊണ്ട് പൊൻകുന്നം വർക്കിയെ വീണ്ടും വായിക്കണം?

വർക്കി എഴുതി നിറുത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും, അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ ഇന്നും നമ്മുടെ സമൂഹത്തെ പിന്തുടരുന്നുണ്ട്. ജനവിരുദ്ധ രാഷ്ട്രീയവും കോർപ്പറേറ്റ് താൽപര്യങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും വർക്കിയുടെ കൃതികൾക്ക് പ്രസക്തിയേറുകയാണ്. ജനാധിപത്യം എന്നത് വെറും വോട്ടവകാശമല്ല, മറിച്ച് പൗരന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേൽ കരിനിഴൽ വീഴുന്ന സമകാലിക സാഹചര്യത്തിൽ, മാപ്പപേക്ഷ നൽകി ജയിൽ മോചിതനാകാൻ വിസമ്മതിച്ച വർക്കിയുടെ നിലപാട് ഓരോ എഴുത്തുകാരനും പൗരനും വലിയൊരു പാഠമാണ്.

എപ്പോഴും സ്വന്തം ആദർശങ്ങളോടൊപ്പം നിലകൊണ്ട പൊൻകുന്നം വർക്കിയുടെ ജീവിതം സുഖകരമായിരുന്നില്ല. വ്യവസ്ഥാപിത സ്ഥാപനങ്ങളോട് ഒത്തുതീർപ്പ് ചെയ്യാത്തതിനാൽ തൻ്റെ സമകാലികർക്ക് ലഭിച്ച പല സ്ഥാനമാനങ്ങളും അദ്ദേഹത്തിന് ലഭിച്ചില്ലെങ്കിലും അതിലൊന്നും അദ്ദേഹം നിരാശനായിരുന്നില്ല. ജീവിതാവസാനം വരെ തന്റെ നിലപാടുകളിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. പിൽക്കാലത്ത് അക്ബർ കക്കട്ടിലുമായി നടത്തിയ അഭിമുഖത്തിൽ പോലും, ഇടതുപക്ഷ രാഷ്ട്രീയത്തിൽ വന്ന സ്വജനപക്ഷപാതത്തോടും അധികാര മനോഭാവത്തോടും അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്.

പൊൻകുന്നം വർക്കിയുടെ കഥകൾ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ രേഖകൾ മാത്രമല്ല; അധികാരത്തെ ചോദ്യം ചെയ്യുന്ന സാധാരണ മനുഷ്യന്റെ പ്രതിരോധത്തിന്റെ ചരിത്രമാണ്. അതുകൊണ്ടുതന്നെ പൊൻകുന്നം വർക്കിയെ വായിക്കുന്നത് ഒരു എഴുത്തുകാരനെ പരിചയപ്പെടുക മാത്രമല്ല, അനീതിക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം ഉൾക്കൊള്ളുകയും കൂടിയാണ്.

 

Related