August 9 Sunday 2026

പിഎംശ്രീ: വസ്തുതയും രാഷ്ട്രീയ ആഖ്യാനങ്ങളും – സമ്പൂർണ്ണ ഫാക്ട് ചെക്കിങ് റിപ്പോർട്ട്

കേരളത്തിന്റെ രാഷ്ട്രീയ-വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ‘പി.എം ശ്രീ’ അഥവാ PM Schools for Rising India പദ്ധതി. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പാക്കുന്നതിൻറെ ഭാഗമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ പദ്ധതി, കേരളത്തിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ തീരുമാനങ്ങളും, കഴിഞ്ഞ മാസം അധികാരത്തിൽ വന്ന വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വസ്തുതാപരമായും രാഷ്ട്രീവുമായ ചർച്ചകൾക്കപ്പുറം പരസ്പരം പഴിചാരലുകൾക്കും കാരണമായിട്ടുണ്ട്. “പാഠ്യപദ്ധതി കാവിവത്കരിക്കാൻ കേന്ദ്രത്തിന് കൂട്ടുനിൽക്കുന്നു” എന്ന പച്ചയായ വസ്തുതയും “പദ്ധതിയിൽ നിന്ന് പിന്മാറിയാൽ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ നഷ്ടമാകും” എന്ന യാഥാർത്ഥ്യവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.
പിഎംശ്രീ പദ്ധതിയുടെ ആരംഭം, ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നിലപാടുകൾ, കേരളം ഇതുവരെ എടുത്ത തീരുമാനങ്ങൾ എന്നിവയെ അവലോകനം ചെയ്യുകയാണ് ഈ ലേഖനം.

എന്താണ് പിഎംശ്രീ? ലക്ഷ്യവും യാഥാർത്ഥ്യവും
പിഎംശ്രീ എന്നത് കേവലം സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകുന്ന ഒരു സാമ്പത്തിക സഹായ പദ്ധതി മാത്രമാണ്.
വസ്തുത: ഭാഗികമായി മാത്രം ശരി. 2022 സെപ്റ്റംബർ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 14,500 സ്കൂളുകളെ 27,360 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ, സയൻസ് ലാബുകൾ, ഹരിത വിദ്യാലയങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ, ഇതിനൊരു മറുപുറം കൂടിയുണ്ട്. രാജ്യത്തെ കാവിവത്കരിക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയം (NEP 2020) സംസ്ഥാനങ്ങളിൽ പൂർണ്ണമായും പ്രായോഗിക തലത്തിൽ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു ‘വാഹനം’ കൂടിയാണ് പിഎംശ്രീ. അതായത്, കേവലം ഫണ്ട് നൽകുക മാത്രമല്ല, പുതിയ പാഠ്യപദ്ധതി, പഠനരീതി, മൂല്യനിർണ്ണയം എന്നിവ കേന്ദ്ര നിർദ്ദേശപ്രകാരം ഈ സ്കൂളുകളിൽ നടപ്പാക്കേണ്ടി വരും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ, സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം കൂടിയാണ് ഇത്.

ദേശീയ ചിത്രം – മറ്റ് സംസ്ഥാനങ്ങളുടെ നിലപാടുകൾ
കേരളം മാത്രമാണ് പിഎംശ്രീ പദ്ധതിയെ അനാവശ്യമായി എതിർക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം ഇത് സന്തോഷത്തോടെ സ്വീകരിച്ചു എന്നാണ് സംഘ്പരിവാറുകാർ ഉന്നയിക്കുന്നത്.
വസ്തുത: പൂർണ്ണമായും തെറ്റ്. ഇന്ത്യയിലെ ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളും തുടക്കത്തിൽ ഈ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു.
പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി സംസ്ഥാനങ്ങൾ ഒരു ധാരണാപത്രം (MoU) ഒപ്പുവെക്കേണ്ടതുണ്ട്. പഞ്ചാബ്, പശ്ചിമ ബംഗാൾ, ഡൽഹി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ ഇത് ഒപ്പുവെക്കാൻ വിസമ്മതിച്ചു. ഇതോടെ കേന്ദ്ര സർക്കാർ പുതിയൊരു തന്ത്രം പ്രയോഗിച്ചു. ഈ സംസ്ഥാനങ്ങൾക്ക് വർഷങ്ങളായി നൽകിക്കൊണ്ടിരുന്ന സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് കേന്ദ്രം പൂർണ്ണമായും തടഞ്ഞുവെച്ചു.

• പഞ്ചാബിന്റെ കീഴടങ്ങൽ: എസ്എസ്എ ഫണ്ട് നിലച്ചതോടെ അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ പഞ്ചാബ് സർക്കാർ പ്രതിസന്ധിയിലായി. ഒടുവിൽ ഗത്യന്തരമില്ലാതെ അവർക്ക് പിഎംശ്രീ കരാറിൽ ഒപ്പുവെക്കേണ്ടി വന്നു.
• പശ്ചിമ ബംഗാൾ: മമതാ ബാനർജിയുടെ സർക്കാരും കടുത്ത എതിർപ്പിലായിരുന്നു. എന്നാൽ, ഫണ്ട് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസം (2026 മെയ്) ബംഗാളും എംഒയുവിൽ ഒപ്പുവെച്ചു.
• തമിഴ്നാടിന്റെ നിയമപോരാട്ടം: തമിഴ്നാട് സർക്കാർ 2,151 കോടി രൂപയുടെ എസ്എസ്എ ഫണ്ട് നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, അടിയന്തര വാദം കേൾക്കേണ്ടതില്ല എന്ന് പറഞ്ഞ് കോടതി അത് തള്ളി. ഇന്നുവരെ കോടതി കേസിൽ വാദം കേട്ടു തുടങ്ങിയിട്ടില്ല. നിലവിൽ തമിഴ്നാട് മാത്രമാണ് പിഎംശ്രീ കരാറിൽ ഒപ്പുവെക്കാതെ മാറിനിൽക്കുന്ന ഏക സംസ്ഥാനം.

കേരളവും പിഎംശ്രീയും – ആദ്യ നിലപാടും ഒപ്പുവെക്കലും
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ തുടക്കം മുതലേ പിഎംശ്രീ പദ്ധതിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നത് ശരിയാണോ?
വസ്തുത (Fact): തെറ്റ്. തുടക്കത്തിൽ കേരളവും ഈ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി രൂപീകരണത്തിലുള്ള അവകാശം അടിയറവ് വെക്കാനാകില്ല എന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട്. എന്നു മാത്രമല്ല, പിഎം ശ്രീ പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ രംഗം കാവിവത്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നായിരുന്നു കേരളം ഭരിച്ചിരുന്ന സിപിഎമ്മിൻ്റെ രാജ്യവ്യാപകമായുള്ള നിലപാട്.
എന്നാൽ, കേരളത്തിനും കേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദം താങ്ങാനായില്ല. കേരളത്തിനുള്ള കോടിക്കണക്കിന് രൂപയുടെ എസ്എസ്എ (SSA) ഫണ്ട് കേന്ദ്രം മരവിപ്പിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല സാമ്പത്തികമായി കൂപ്പുകുത്തുമെന്ന അവസ്ഥ വന്നപ്പോൾ, 2025 ഒക്ടോബർ മാസത്തിൽ എൽഡിഎഫ് സർക്കാർ പിഎം ശ്രീയുടെ എംഒയു-വിൽ (MoU) ഒപ്പുവെച്ചു. ഇത് കേരളത്തിൻ്റെ മന്ത്രിസഭയിലോ ഇടതു മുന്നണിയിലോ സിപിഎം പാർട്ടിയിൽ തന്നെയോ ചർച്ച ചെയ്തിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ആരുമറിയാതെ ഒപ്പുവെയ്ക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഒരു തന്ത്രപരമായ കീഴടങ്ങലായിരുന്നു അത് എന്നാണ് ഒപ്പുവെച്ച വിഷയം വിവാദമായപ്പോൾ സർക്കാർ ആഖ്യാനം.

ഫണ്ട് വിവാദം – കേരളം പണം കൈപ്പറ്റിയോ?
കേരളം പിഎംശ്രീ പദ്ധതിയുടെ ഫണ്ട് കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റിയ ശേഷം അവരെ വഞ്ചിച്ചു എന്ന വാദം ഉയരുന്നുണ്ട്.
വസ്തുത: ഇത് വസ്തുതാപരമായി തെറ്റായ ഒരു ആഖ്യാനമാണ്. 2025 ഒക്ടോബറിൽ കേരളം കരാർ ഒപ്പുവെച്ചതിന് പിന്നാലെ കേന്ദ്രം ഏകദേശം 92 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു എന്നത് സത്യമാണ്.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ പരിശോധിച്ചാൽ ഈ തുക പിഎം ശ്രീ പദ്ധതിക്കുള്ളതായിരുന്നില്ല എന്ന് വ്യക്തമാകും. കരാർ ഒപ്പിട്ടതോടെ, കേന്ദ്രം നേരത്തെ തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ കേരളം (SSK/SSA) പദ്ധതിക്കുള്ള ആദ്യ ഗഡുവാണ് അന്ന് കേരളത്തിന് ലഭിച്ചത്. പിഎം ശ്രീ നടപ്പിലാക്കാനുള്ള സ്കൂളുകളുടെ പട്ടിക പോയിട്ട്, പ്രാഥമിക നടപടികൾ പോലും കേരളം അന്ന് തുടങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ പിഎംശ്രീ ഫണ്ട് കേരളം വാങ്ങി എന്ന വാദം അടിസ്ഥാനരഹിതമാണ്.

എൽഡിഎഫിലെ ആഭ്യന്തര എതിർപ്പും യുഡിഎഫ് നിലപാടും
കരാർ ഒപ്പിട്ടത് സുതാര്യമായ നടപടി ക്രമങ്ങളായിരുന്നോ?
വസ്തുത: അല്ല. 2025 ഒക്ടോബറിൽ സർക്കാർ എംഒയു ഒപ്പുവെച്ചത് പുറത്തു വന്നതോടെ ഇടതു കേന്ദ്രങ്ങളിൽ തന്നെ വലിയ അമ്പരപ്പ് രൂപപ്പെട്ടു. സിപിഐ പ്രത്യക്ഷമായി രംഗത്തു വന്നു.
• എതിർപ്പിന്റെ കാരണം: പിഎംശ്രീ പദ്ധതി വഴി കേന്ദ്രം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ആർഎസ്എസ് അജണ്ടയായ ‘വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം’ കേരളത്തിൽ നടപ്പാക്കും എന്നതായിരുന്നു പ്രധാന ആശങ്ക. സംസ്ഥാനം സ്വന്തമായി തയ്യാറാക്കിയ കരിക്കുലം ഫ്രെയിംവർക്കിന് പകരമായി കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കപ്പെടുമെന്ന് ഇടത് അധ്യാപക സംഘടനകളടക്കം ഭയന്നു.
• അന്നത്തെ യുഡിഎഫ് നിലപാട്: അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫും വി.ഡി സതീശനും ഈ അവസരം കൃത്യമായി ഉപയോഗിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പിണറായി സർക്കാർ ബിജെപിക്ക് അടിയറവ് വെച്ചു എന്നും, ഫണ്ടിന് വേണ്ടി കേരളത്തിന്റെ മതനിരപേക്ഷ പാഠ്യപദ്ധതിയെ വിറ്റു എന്നും യുഡിഎഫ് ശക്തമായി ആരോപിച്ചു.

കത്ത് വിവാദം – കേരളം പിന്മാറിയോ?
എതിർപ്പുകൾ ശക്തമായപ്പോൾ മുൻ എൽഡിഎഫ് സർക്കാർ പിഎംശ്രീ പദ്ധതിയിൽ നിന്ന് സമ്പൂർണ്ണമായും നിയമപരമായും പിന്മാറിക്കൊണ്ട് കേന്ദ്രത്തിന് കത്തയച്ചു.
വസ്തുത: ഇതൊരു പകുതി സത്യം മാത്രമാണ്. മുന്നണിയിൽനിന്നും നിന്നും പ്രതിപക്ഷത്ത് നിന്നും സമരം ശക്തമായപ്പോൾ, മുഖം രക്ഷിക്കാനായി 2025 നവംബറിൽ സംസ്ഥാന സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒരു കത്തയച്ചു.
എന്നാൽ, ആ കത്തിൽ “കേരളം എംഒയു റദ്ദാക്കുന്നു” എന്നോ “സമ്പൂർണ്ണമായി പിന്മാറുന്നു” എന്നോ പറഞ്ഞിരുന്നില്ല. പകരം, “പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നു (Keep in abeyance )” എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പദ്ധതിയുടെ വ്യവസ്ഥകൾ പഠിക്കാൻ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, അവരുടെ റിപ്പോർട്ട് വരുന്നത് വരെ നടപടികൾ നിർത്തിവെക്കുന്നു എന്നുമാണ് അറിയിച്ചത്.
നിയമപരമായി നോക്കിയാൽ, ഒപ്പുവെച്ച ഒരു എംഒയു-വിൽ നിന്ന് ഇത്തരത്തിലൊരു കത്ത് കൊണ്ട് മാത്രം ഏകപക്ഷീയമായി പിന്മാറാൻ ഒരു സംസ്ഥാനത്തിനും കഴിയില്ല. ഫലത്തിൽ അതൊരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു.

പുതിയ യുഡിഎഫ് സർക്കാരിന്റെ സമീപനം
2026-ൽ അധികാരത്തിൽ വന്ന വി.ഡി സതീശൻ സർക്കാർ മുൻ നിലപാട് മാറ്റി പിഎംശ്രീ നടപ്പിലാക്കാൻ കേന്ദ്രവുമായി ഒത്തുകളിക്കുന്നു.
വസ്തുത: യാഥാർത്ഥ്യം കുറച്ചുകൂടി ഭരണപരമായ സങ്കീർണ്ണതകൾ നിറഞ്ഞതാണ്. ഇടതു സർക്കാർ എംഒയുവിൽ ഒപ്പുവെച്ച സ്ഥിതിക്ക് കഴിഞ്ഞ മാസം അധികാരമേറ്റ വി.ഡി സതീശൻ സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രമാണുണ്ടായിരുന്നത്:
1. പദ്ധതിയിൽ നിന്ന് പൂർണ്ണമായി പിന്മാറുക: നിലവിൽ എൽഡിഎഫ് സർക്കാർ അയച്ച കത്തിൽ താത്കാലികമായി മരവിപ്പിച്ചു എന്നു മാത്രമേയുള്ളൂ. ഫലത്തിൽ അവർ പിൻവാങ്ങിയിരുന്നില്ല. ഏഴംഗ മന്ത്രിസഭാ ഉപസമിതി തീരുമാനം അനുസരിച്ച് അടുത്ത നടപടി എന്നാണ് ആ കത്തിൽ ഉണ്ടായിരുന്നത്. പക്ഷേ മന്ത്രിസഭാ ഉപസമിതിയുടേതായി ഒരു തീരുമാനവും ഇതുവരെ വന്നിട്ടില്ല. സംസ്ഥാനത്തെ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് കേന്ദ്രം വീണ്ടും തടഞ്ഞുവെക്കും എന്ന നിലയാണ് ഉള്ളത്. പുതിയൊരു സർക്കാരിന് തുടക്കത്തിൽ തന്നെ താങ്ങാനാകുന്നതിലും വലിയ സാമ്പത്തിക ബാധ്യതയാകും അത്. എങ്കിലും രാഷ്ട്രീയമായി അത്തരം ഒരു തീരുമാനം കൈക്കൊള്ളുകയാണ് സർക്കാർ ചെയ്യേണ്ടത്.
2. പദ്ധതി നടപ്പിലാക്കുക: എംഒയു നിലനിൽക്കുന്നതിനാൽ പദ്ധതിയുമായി മുന്നോട്ട് പോവുക എന്നതാണ് രണ്ടാമതുള്ള വഴി.
യുഡിഎഫ് സർക്കാരിന്റെ നിലവിലെ തീരുമാനം: മുൻ സർക്കാർ ഔദ്യോഗികമായി ഒപ്പുവെച്ച കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ നിയമപരമായി കഴിയില്ല എന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയത്. എന്നാൽ, കേന്ദ്രം പറയുന്നതെല്ലാം അതേപടി അംഗീകരിക്കാനും പുതിയ സർക്കാർ തയ്യാറല്ല. പകരം കർശന വ്യവസ്ഥകളോടെ പദ്ധതി നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം.
ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ പുതിയ സർക്കാർ മുന്നോട്ടുവെക്കുന്നു:
• വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ആയതിനാൽ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള കേരളത്തിന്റെ അവകാശം ഒരു കാരണവശാലും കേന്ദ്രത്തിന് വിട്ടുകൊടുക്കില്ല.
• സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
• ഈ വ്യവസ്ഥകൾ കേന്ദ്രത്തെ അറിയിക്കാനും, പദ്ധതിയുടെ നടത്തിപ്പ് എപ്രകാരമായിരിക്കണം എന്ന് പഠിക്കാനും പുതിയ സർക്കാർ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഇത് എത്രത്തോളം കേന്ദ്രം അംഗീകരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. നിലവിലെ ബിജെപി സർക്കാരിൻ്റെ സമഗ്രാധിപത്യ സ്വഭാവം വെച്ച് ഇതൊന്നും അംഗീകരിക്കാൻ സാദ്ധ്യതയില്ല.

പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം കേരള രാഷ്ട്രീയത്തിലെ കേവലമൊരു വാഗ്വാദമല്ല; മറിച്ച് ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ വലിയൊരു മാറ്റത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. “സഹകരണ ഫെഡറലിസം” എന്നതിന് പകരം, സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ട് കേന്ദ്ര നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന “സമ്മർദ്ദ ഫെഡറലിസം” ആണ് ഇവിടെ പ്രകടമാകുന്നത്.

എൽഡിഎഫ് സർക്കാരിന് സാമ്പത്തിക സമ്മർദ്ദം കാരണം പദ്ധതിയിൽ ഒപ്പുവെക്കേണ്ടി വന്നു; എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം അത് മരവിപ്പിക്കേണ്ടിയും വന്നു. പുതിയതായി വന്ന യുഡിഎഫ് സർക്കാരിനാകട്ടെ, മുൻ സർക്കാർ വെച്ച നിയമക്കുരുക്കിൽ നിന്നും ഫണ്ട് പ്രതിസന്ധിയിൽ നിന്നും പെട്ടെന്നൊരു മോചനം സാധ്യമല്ലാത്തതിനാൽ, വ്യവസ്ഥകളോടെ പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതരാകുകയും ചെയ്തു.

ചുരുക്കത്തിൽ, പദ്ധതിയിൽ നിന്ന് കേരളം പൂർണ്ണമായി പിന്മാറിയിട്ടില്ല, പിന്മാറാൻ നിയമപരമായി എളുപ്പവുമല്ല. ഫണ്ട് പ്രതിസന്ധിക്കിടയിലും കേരളത്തിന്റെ മതനിരപേക്ഷ പാഠ്യപദ്ധതിയിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകാതിരിക്കാൻ പുതിയ സർക്കാരിന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയും എന്നതാണ് ഇനി കണ്ടറിയേണ്ടത്. കാവിവത്കരണ ഭീതിയും ഖജനാവിലെ ചോർച്ചയും തമ്മിലുള്ള ഈ വടംവലി വരും നാളുകളിലും കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കും എന്നത് ഉറപ്പാണ്.

 

Related