പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യങ്ങൾക്കായി ആറു വർഷത്തിനിടെ കേന്ദ്രസർക്കാർ ചിലവഴിച്ചത് 2586 കോടി രൂപ എന്ന് വിവരാവകാശ രേഖ. 2020 മുതൽ 2026 കാലയളവിലെ രേഖയാണ് പുറത്തുവന്നത്. അച്ചടി മാധ്യമങ്ങൾ, ടെലിവിഷൻ, ഡിജിറ്റൽ മാധ്യമങ്ങൾ, റേഡിയോ എന്നിവകളിലൂടെയും ഫോർഡിങ്ങുകളിലൂടെയും പ്രധാനമന്ത്രിയെയും കേന്ദ്ര ആവിഷ്കൃത പദ്ധതികളെയും പ്രചരിപ്പിച്ചതിന്റെ മൊത്തത്തിലുള്ള ചിലവാണ് വിവരാവകാശ രേഖകളിൽ ഉള്ളത്. തൃണമൂൽ കോൺഗ്രസ് ലോക്സഭാംഗം സാകേത് ഗോഖലെ വിവരാവകാശ കമ്മീഷന് നൽകിയ അപേക്ഷയെ തുടർന്നാണ് രേഖകൾ പുറത്തുവന്നത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
കരാറുകൾ ഏതെല്ലാം ഏജൻസികൾക്കാണ് നൽകിയത് എന്ന് സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് പുറത്തുവിട്ടിട്ടില്ല. ഇത് വാണിജ്യ രഹസ്യമാണ് എന്ന ന്യായമാണ് ഈ വിവരം പുറത്തു വിടാത്തതിന് കാരണമായി മന്ത്രാലയം പറയുന്നത്. 2020-26 കാലയളവിൽ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി 796 കോടി രൂപയാണ് ചെലവഴിച്ചത്. റേഡിയോ, ടെലിവിഷൻ വിഭാഗങ്ങളിലെ പരസ്യങ്ങൾക്കായി 936 കോടി രൂപ ഈ കാലയളവിൽ നീക്കിവെച്ചു. സോഷ്യൽ മീഡിയകളിലെ പരസ്യങ്ങൾക്കായി 2020-21 കാലയളവിൽ ചിലവഴിച്ചത് 14 കോടി ആണെങ്കിൽ 2025-26 ആയപ്പോഴേക്കും ഇത് 131.35 കോടിയായി ഉയരുകയാണ് ഉണ്ടായത്
