September 16 Wednesday 2026

September 16 Wednesday 2026

പി.എം കെയേഴ്‌സ് ഫണ്ട്‌: അഞ്ചിലൊന്നു പോലും ചെലവഴിച്ചില്ല

കോവിഡ് കാലത്ത് ആരംഭിച്ച പി.എം കെയേഴ്‌സ് ഫണ്ടിന്‍റെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. മൂന്നു വർഷങ്ങൾക്കുശേഷമാണ് സർക്കാർ കണക്കുകളുടെ വിവരം പുറത്തുവിടുന്നത്. 2023-25 സാമ്പത്തിക വർഷ കാലയളവിലെ റിപ്പോർട്ടാണ് നിലവിൽ സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപയാണ് ഈ കാലയളവിൽ ഒഴുകിയെത്തിയത്. എന്നാൽ, ചിലവഴിച്ചതാവട്ടെ വളരെ തുച്ഛമായ പണവും എന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2024-25 കാലയളവിൽ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 1,279 കോടി രൂപയാണ്. എന്നാൽ, ഇതിൽ സർക്കാർ ചെലവഴിച്ചതാട്ടെ വെറും 87 ലക്ഷം രൂപ. അതായത് ഫണ്ടിന്റെ 0.1 ശതമാനം മാത്രം. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 1162 കോടി രൂപ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് എത്തിയെങ്കിലും ആകെ ചെലവഴിച്ചതാകട്ടെ വെറും 16 കോടി രൂപ മാത്രം. ജനക്ഷേമ പ്രവർത്തനങ്ങളെ ലക്ഷ്യം വെച്ച് 2020 ൽ ആരംഭിച്ച പദ്ധതിയിൽ ആകെ ചിലവായത് 18.7 ശതമാനം മാത്രമാണ്. അതായത് ആകെ ഫണ്ടിന്റെ അഞ്ചിലൊന്നു പോലും സർക്കാർ ജനങ്ങൾക്കായി മാറ്റി വെച്ചില്ല എന്ന് സാരം. നിലവിലെ കണക്ക് പ്രകാരം 8452 കോടി രൂപയാണ് സർക്കാരിന് കൈവശം ഫണ്ടിന്റെ ഇനത്തിൽ ഉള്ളത്. ഇതിൽ 7837 കോടി സ്ഥിരം നിക്ഷേപമാണ്. മുൻ വർഷത്തേക്കാൾ 17.8 ശതമാനം ഈ കാലയളവിൽ വർധനവ് ഉണ്ടായി.

ഇത്രയും രൂപ സർക്കാർ ചെലവഴിക്കാത്തതിനെതിരെ പ്രതിഷേധങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. പി.എം കെയേഴ്‌സ് ഫണ്ട്‌ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതുകൊണ്ടും പാർലമെന്റിൽ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാത്തതിനാലും ഇതിന്റെ സുതാര്യതയെ കുറിച്ചുള്ള സംശയങ്ങൾ ഏറെ ഉയർന്നിട്ടുണ്ട്.

കോവിഡ് മഹാമാരി രാജ്യത്തെ ചകിതമാക്കി പടരവേ, ദുരന്ത നിർമാർജന പ്രവർത്തനങ്ങള്‍ക്ക് സഹായം നൽകാനെന്ന പേരിൽ, പ്രധാനമന്ത്രി അധ്യക്ഷനായി 2020 മാർച്ച് 28ന് രൂപീകരിച്ച സംവിധാനമാണ് പി.എം കെയേഴ്സ് ഫണ്ട്.

Related