തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടാകുമ്പോള്‍ നേതൃത്വം ചെയ്യേണ്ടത് ഭരണത്തിലോ സംഘടനയിലോ എവിടെയാണ് പിഴച്ചത് എന്ന് പരിശോധിക്കുകയാണ്. എന്നാല്‍, ജനങ്ങള്‍ക്ക് രാഷ്ട്രീയബോധം കുറഞ്ഞു’ എന്ന് പറയുന്നതിലൂടെ പരാജയത്തിന്റെ ഉത്തരവാദിത്തം നേതൃത്വത്തിന്റെ തലയില്‍ നിന്ന് വോട്ടര്‍മാരുടെ തലയിലേക്ക് മാറ്റുകയാണ് സ്വരാജ് ചെയ്യുന്നത്. ഇത് പിണറായി സംഘത്തിന്റെ വീഴ്ചകളെ വെള്ളപൂശാനുള്ള തന്ത്രമാണ്. ‘ഞങ്ങള്‍ എപ്പോഴും ശരി’ എന്ന അഹന്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ത്തുന്ന ഏറ്റവും വലിയ സ്വഭാവവൈകല്യം സ്വയം നവീകരിക്കാനുള്ള വിമുഖത’ആണ്. തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നും അതിനെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ അരാഷ്ട്രീയവാദികള്‍ അല്ലെങ്കില്‍ ശത്രുക്കള്‍ എന്നുമുള്ള മനോഭാവം. തങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന വിശ്വാസമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഇത്രയധികം അകറ്റിയത്.
തിരുത്തല്‍വാദികളെ നിശബ്ദരാക്കല്‍
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുള്ള സമയമാണിത്. എന്നാല്‍, ‘പരാജയത്തിന് കാരണം ജനങ്ങളുടെ ചിന്താഗതിയാണ്’ എന്നൊരു പൊതുബോധം നിര്‍മിച്ചെടുക്കുന്നതിലൂടെ, പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍വാദികളുടെ വായടപ്പിക്കാന്‍ പിണറായി സംഘത്തിന് സാധിക്കും. നേതാക്കളുടെ ശൈലിയല്ല, മറിച്ച് ജനങ്ങളുടെ ബോധമാണ് പ്രശ്‌നം എന്ന് സ്ഥാപിക്കുന്നതിലൂടെ നിലവിലെ അധികാര ഘടനയെ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.
എം. സ്വരാജിന്റെ പ്രസ്താവന കേവലം ഒരു പരാജയപ്പെട്ട നേതാവിന്റെ വിലാപമല്ല, മറിച്ച് സി.പി.എമ്മിനുള്ളിലെ പിണറായി സംഘം നടത്തുന്ന ആസൂത്രിതമായ ഒരു പ്രതിരോധമാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കേണ്ട തിരുത്തല്‍ പ്രക്രിയയെ അട്ടിമറിക്കാനും, നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുവെക്കാനുമുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ട്. ഭരണത്തുടര്‍ച്ചയുടെ ലഹരിയില്‍ ജനങ്ങളില്‍ നിന്ന് അകന്ന നേതൃത്വം, പരാജയപ്പെടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുന്നത് കൂടുതല്‍ അകല്‍ച്ചയുണ്ടാക്കുകയേയുള്ളൂ.
തിരുത്തല്‍ നടപടികളെ ഭയക്കുന്നു
35 സീറ്റിലേക്ക് കൂപ്പുകുത്തിയിട്ടും ‘ഞങ്ങള്‍ ശരിയായിരുന്നു’ എന്ന് സ്ഥാപിക്കുന്നത്, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വരാവുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ്. അരാഷ്ട്രീയത ആരുടേതാണ്; ജനങ്ങളുടെ വിവേകത്തെ അവിശ്വസിക്കുന്ന നേതൃത്വമാണ് യഥാര്‍ത്ഥത്തില്‍ അരാഷ്ട്രീയത കാണിക്കുന്നത്. പിണറായി എന്ന വന്‍മരത്തിന്റെ തണലില്‍ വളര്‍ന്ന ഈ ‘അധികാര സംഘം’ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുകയാണ്. ജനങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം ശൈലി തിരുത്താന്‍ തയ്യാറല്ലാത്ത ഈ മനോഭാവമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
കേരളത്തിലെ സിപിഎം ഇന്ന് ഒരു ചരിത്രപരമായ സന്ധിയിലാണ്. കേവലം ഒരു തെരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഭീകരമായ ഒരു രാഷ്ട്രീയ ശൂന്യതയിലേക്കാണ് പാര്‍ട്ടി വീണിരിക്കുന്നത്. 140ല്‍ വെറും 35 സീറ്റുകളിലേക്ക് ഇടതുപക്ഷം ഒതുങ്ങുമ്പോള്‍ അത് വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നടിയുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്.
പിണറായി എന്ന വന്‍മരം
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പിണറായി വിജയന്‍ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി കേന്ദ്രീകരിക്കപ്പെട്ടു. ‘വന്‍മരത്തിന് താഴെ ചെടികള്‍ വളരില്ല’ എന്ന ചൊല്ല് ശരിവെക്കുന്ന തരത്തില്‍, അദ്ദേഹത്തിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ള ഒരു രണ്ടാം നിരയെ വളര്‍ത്തിയെടുക്കുന്നതില്‍ സി.പി.എം പരാജയപ്പെട്ടു.
വിമതര്‍ക്ക് ലഭിച്ച അംഗീകാരം
പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ജി. സുധാകരന്‍, കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവരുടെ വിജയം തെളിയിക്കുന്നത് ജനങ്ങള്‍ക്ക് പാര്‍ട്ടിയേക്കാള്‍ വിശ്വാസം വ്യക്തികളിലാണെന്നാണ്. അച്ചടക്കത്തിന്റെ പേരില്‍ ജനകീയരായ നേതാക്കളെ പുറന്തള്ളിയത് പാര്‍ട്ടിയുടെ അടിത്തറ ഇളക്കി. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ വിമതര്‍ ഉണ്ടാകാനും അണികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകാനും കാരണമാകും.
പ്രായം തീര്‍ക്കുന്ന പ്രതിസന്ധി
അടുത്ത അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പിണറായി വിജയന്‍ എന്ന നേതാവിന് മറ്റൊരു പോരാട്ടത്തിന് പ്രായവും ആരോഗ്യവും അനുവദിച്ചെന്നു വരില്ല. അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ അണികള്‍ക്കു സ്വീകാര്യനായ ഒരു മുഖം ഇന്ന് പാര്‍ട്ടിയിലില്ല. പ്രായത്തിന്റെഅവശതകളെ അതിജീവിച്ചാലും ജനം ഇനി പിണറായിയെ സ്വീകരിക്കില്ല എന്നതും പ്രതിസന്ധിയാണ്. പത്തുവര്‍ഷംകൊണ്ട് പിണറായിയുടെ സ്വഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബംഗാളിലും സംഭവിച്ചത് ഇതായിരുന്നു; ജനങ്ങളില്‍ നിന്ന് അകന്ന നേതൃത്വവും, തകര്‍ന്നടിഞ്ഞ സംഘടന സംവിധാനവും. കേരളത്തിലും തിരുത്തല്‍ പ്രക്രിയകള്‍ നടന്നില്ലെങ്കില്‍ അത് എത്ര സാധ്യമാകും എന്ന് കണ്ടറിയണം. കാരണം, പാര്‍ട്ടിയുടെ സംവിധാനങ്ങളും നേതാക്കളുടെ മനോഘടനയും അത്രയേറെ ദുഷിച്ചു പോയിരിക്കുന്നു. സി.പി.എമ്മിനെ കാത്തിരിക്കുന്നത് ബംഗാള്‍ മോഡല്‍ അപ്രസക്തിയാണ്.
വ്യക്തിപൂജയ്ക്കും ധാര്‍ഷ്ട്യത്തിനും ജനകീയ പ്രതിഷേധത്തെ നേരിടുന്നതില്‍ പാര്‍ട്ടി തോറ്റുപോയിരിക്കുന്നു. ഒരു പുതിയ നേതാവിനെയോ ശൈലിയെയോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ചുവപ്പന്‍ കോട്ടകള്‍ കേവലം ചരിത്രസ്മാരകങ്ങളായി മാറും. എന്നാല്‍, ഒരു പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യും
