August 11 Tuesday 2026

പാമ്പാടി ജോൺ ജോസഫ്: നവോത്ഥാന മുന്നേറ്റത്തിലെ ചരിത്രാന്വേഷണങ്ങൾ

1806-ൽ റിംഗിൾ ടോബിയാസ് ടോബി എന്ന ജർമ്മൻ പാതിരി സുവിശേഷ വേലയ്ക്കായി തമിഴ്നാട്ടിലെ മൈലാടിയിൽ കാലുകുത്തുന്നതോടെ ഇന്നാട്ടിൽ ആരംഭിക്കുന്ന പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതത്തിന്റെ പ്രചാരണം പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വിവിധ കൈവഴികളിലൂടെ ഒരു വലിയ സാമൂഹിക പരിവർത്തന പ്രസ്ഥാനമായി കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ പ്രത്യക്ഷവും പരോക്ഷവുമായി സ്വാധീനിക്കുന്നത്. ക്രിസ്തുവിന്റെ സുവിശേഷ പ്രചാരണാർഥമാണ് പല ഘട്ടങ്ങളിലായി പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മിഷണറി സംഘങ്ങൾ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പ്രവർത്തനം ആരംഭിക്കുന്നതെങ്കിലും ഇന്നാട്ടിൽ അക്കാലത്ത് വേരുറച്ചുപോയിരുന്ന ജാതി കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയെയും, നിഷ്ഠൂരമായ ആ സാമൂഹിക വ്യവസ്ഥയ്ക്കു കീഴിൽ ചവിട്ടിമെതിക്കപ്പെട്ടിരുന്ന ഇവിടത്തെ ആദിമ ജനവിഭാഗങ്ങളെയും അത്യന്തം ദുരിതപൂർണ്ണമായ അവരുടെ ജീവിതാവസ്ഥയെയും കണ്ടില്ലെന്ന് നടിക്കുവാൻ മിഷണറി സുവിശേഷകർക്ക് കഴിയുമായിരുന്നില്ല. സ്വാഭാവികമായും അവർ ഇന്നാട്ടിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിക്കുകയും പലവിധത്തിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെടൽ നടത്താൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുകയുണ്ടായി. ഇതാകട്ടെ നൂറ്റാണ്ടുകളായി ജാതിസമ്പ്രദായത്തിൻ കീഴിൽ അടിമത്തവും വിവേചനവും ബഹിഷ്കരണവും പൗരാവകാശ ധ്വംസനങ്ങളും അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളിൽ നല്ലൊരു ശതമാനത്തെ ക്രിസ്തുമത വിശ്വാസത്തിൽ തങ്ങളുടെ വിമോചന മാർഗം കണ്ടെത്താൻ പ്രേരിപ്പിക്കുകയും തദ്വാരാ അത് ഇന്നാട്ടിൽ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ മതവിശ്വാസത്തിന്റെ വളർച്ചയെ പരിപോഷിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തു.

ഹിന്ദുമതത്തിലെ സാമൂഹിക അടിച്ചമർത്തലിൽ നിന്നും വിടുതൽ നേടാൻ ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് മാർഗം കൂടുന്നതിലൂടെ തങ്ങൾ വിമോചിപ്പിക്കപ്പെടുമെന്ന് വിശ്വസിച്ച്, ആ മതവിശ്വാസത്തിൻ്റെ തണലിലേയ്ക്ക് ചേക്കേറിയ ഒരു ദലിത് കുടുംബത്തിലാണ് പിൽക്കാലത്ത് ക്രിസ്തീയ സഭകൾക്കുള്ളിലെ ജാതിവിവേചനത്തെ നിശിതമായി ചോദ്യം ചെയ്തതിന്റെ പേരിൽ കൊടിയ വിവേചനവും അവഹേളനവും അനുഭവിക്കേണ്ടിവന്ന പാമ്പാടി ജോൺ ജോസഫ് എന്ന നവോത്ഥാന ശില്പി ജനിക്കുന്നത്;1887 മേയയിൽ. ജനന തീയതി കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. ഔസേപ്പ് എന്ന പേരിൽ ബാല്യത്തിൽ അറിയപ്പെട്ട ജോൺ ജോസഫ് വിദ്യാഭ്യാസ കാലത്താണ് തന്റെ പേരിന് ഔദ്യോഗിക അംഗീകാരം നേടിയെടുക്കുന്നത്. അന്നത്തെ ഉയർന്ന നാട്ടുവിദ്യാഭ്യസ യോഗ്യതയായ ഏഴാം ക്ലാസ് പാസ്സായതോടെ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും വേണ്ടത്ര അവഗാഹം നേടിയിരുന്നു. അക്കാലത്തെ ഈ ഉയർന്ന വിദ്യാഭ്യാസ യോഗ്യത അദ്ദേഹത്തെ പാമ്പാടിയിലെ മിഷൻ സ്കൂളിലെ അധ്യാപക വൃത്തിയിലേയ്ക്കാണ് നയിച്ചത്. എന്നാൽ, വേതനമായി ലഭിച്ചിരുന്ന നിസ്സാര തുകക്ക് തൻ്റെയും തൻ്റെ കുടുംബത്തിൻ്റെയും അതിജീവനം പ്രയാസമായതോടെ അദ്ദേഹം കുടുംബസമേതം ചങ്ങനാശ്ശേരിയിലെ ആലപ്രയിൽ പെരുമ്പെട്ടി എന്ന സ്ഥലത്തേക്ക് പോവുകയും അധ്യാപകവൃത്തി തുടരുകയും ചെയ്തു പോന്നു. എങ്കിലും അദ്ദേഹത്തിന്റെ സാമ്പത്തിക പ്രാരാബ്ധങ്ങൾക്ക് ശമനമുണ്ടായില്ലെന്നു മാത്രമല്ല, അത് ദിനന്തോറും ഏറിവരികയും ചെയ്തു. ഈയവസരത്തിലാണ് ഭേദപ്പെട്ട വരുമാനമുള്ള മറ്റൊരു തൊഴിൽ കണ്ടെത്തിയേ മതിയാവൂ എന്ന അവസ്ഥ സംജാതമാകുന്നതും കിഴക്കൻ തോട്ടം മേഖലയിൽ ഒരു തൊഴിൽ കണ്ടെത്താൻ അദ്ദേഹം നിർബന്ധിതനാവുന്നതും അങ്ങനെ തോട്ടം മേഖലയിൽ കങ്കാണിയായി വേലയ്ക്കായി പോവുന്നതും. അതോടെ അദ്ദേഹത്തിന്റെ വരുമാനം വർധിക്കുകയും ക്രമേണ ജീവിതസാഹചര്യം മാറ്റിയെഴുതാൻ അവസരം ഉണ്ടാകുംവിധം നവീന ചിന്തകൾ അദ്ദേഹത്തെ ആശ്ലേഷിക്കാൻ തുടങ്ങുകയും ചെയ്തു.

ഇക്കാലത്താണ് ഒന്നാം ലോകമഹാ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങുന്നതും. പ്രാരാബ്ധങ്ങളുടെ മറുകരതാണ്ടാൻ ഇതൊരവസമായി കണ്ട ജോൺ ജോസഫും പട്ടാളത്തിൽ ചേർന്നു; 1914-ൽ. സൈനിക സേവനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് നിരവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ അവസരം ഉണ്ടായി. യാത്ര ചെയ്ത ഇടങ്ങളിലെയെല്ലാം കരളലിയിപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവസരമുണ്ടായ ജോൺ ജോസഫ് മനുഷ്യ ജീവിതത്തിൻ്റെ അതിജീവന പ്രതിസന്ധികൾ എന്തെല്ലാമാണെന്ന് നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. ഇതാകട്ടെ ജോൺ ജോസഫ് എന്ന മനുഷ്യസ്നേഹിയെ അടിമുടി പുതിക്കിപ്പണിയാൻ വഴിയൊരുക്കുക തന്നെ ചെയ്തു. സൈനിക സേവനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം താമസിയാതെ തന്നെ തന്റെ ജീവിതത്തിന് ഒരു നിയോഗമുണ്ടെന്ന് തിരിച്ചറിയുകയും മനുഷ്യസേവനം ലക്ഷ്യമാക്കി താമസംവിന അക്കാലത്ത് ദേശീയതലത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫ്ളൈസിറ്റി മിഷൻ എന്ന ക്രൈസ്തവ മതപ്രചാരണ സഭയിൽ സുവിശേഷകനായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സുവിശേഷകനായി മാറിയ ജോൺ ജോസഫ് മതപ്രചാരണാർഥം ഇന്ത്യയിലുടെനീളം സഞ്ചരിച്ചു. ഈ യാത്രകളിലെല്ലാം അതതിടങ്ങളിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു. മിഷൺ പ്രവർത്തനത്തിന് പ്രതിഫലമായി തനിക്ക് ലഭിച്ച പണം മുഴുവൻ ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു അദ്ദേഹത്തിന് പതിവ്. എന്നാൽ, ഈ തുക മുഴുവൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആകസ്മികമായി ഇന്ത്യയിൽ നിന്നും മടങ്ങി പോകേണ്ടി വന്ന മിഷന്റെ വിദേശ സഹപ്രവർത്തകർക്ക് യാത്രാ ചെലവിനായി അദ്ദേഹം മടക്കി നൽകി. നാട്ടിലെത്തിയ സായ്പ്പന്മാർ മാസാമാസം ഗഡുക്കളായാണ് പിന്നീട് ഈ തുക മുഴുവൻ ജോൺ ജോസഫിന് തിരികെ അയച്ചു നൽകിയത്.

1915 -ൽ ജോൺ ജോസഫ് വിവാഹിതനായി. വെണ്ണിക്കുളത്ത് നാരകത്താനത്ത് അഞ്ചാനിയിൽ ഐസക്ക് ആശാന്റെ മകൾ സാറയായിന്നു വധു. വിവാഹാനന്തരം നാരകത്താനത്ത് താമസമാക്കിയ ജോൺ ജോസഫിനും സാറയ്ക്കും 1916 – ൽ ഒരു മകൾ പിറന്നു , കുഞ്ഞിപ്പായി. മകൾ പിറന്ന് ദിവസങ്ങൾ കഴിയവെ ഒരുനാൾ ആരോടും ഉരിയാടാതെ എങ്ങോട്ടെന്നില്ലാതെ ജോൺ ജോസഫ് അപ്രത്യക്ഷനാവുകയും നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം ഒരുനാൾ നാട്ടിൽ മടങ്ങിയെത്തുകയും ചെയ്തു. അജ്ഞാതവാസത്തിന്റെ ഈ കാലഘട്ടത്തിൽ ശ്രീലങ്കയിൽ അദ്ദേഹം പ്രേക്ഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് വിശ്വസ്തരായ അദ്ദേഹത്തിന്റെ സഹയാത്രികർ പില്ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. അജ്ഞാതവാസത്തിന് ശേഷം കുടുംബവുമായി പുനഃസമാഗമം യാഥാർഥ്യമാക്കിയ ജോൺ ജോസഫ് അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിന്റെ ഭാഗമായി കുടുംബത്തോടൊപ്പം കൊല്ലത്തേക്ക് താമസം മാറുകയും ചെയ്തു. നാരായണ ഗുരുവിന്റെയും മഹാത്മ അയ്യൻകാളിയുടെയും പൊയ്കയിൽ അപ്പച്ചന്റെയും മറ്റും നേതൃത്വത്തിൽ തിരുവിതാംകൂറിലും കോട്ടയത്തുമെല്ലാം ജാതിവിവേചനങ്ങൾക്കും ഉച്ചനീചത്വത്തിനും ബ്രാഹ്മണാധിപത്യത്തിനുമെതിരെ രൂപം കൊണ്ട സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങൾ സമൂഹത്തിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പരിവർത്തനത്തിൻ്റെ കാലമായിരുന്നു അത്. മഹാത്മ അയ്യൻകാളിയുടെ നേതൃത്വത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന സാധുജന പരിപാലന സംഘത്തിന്റെ പ്രവർത്തനങ്ങൾ അക്കാലത്ത് കോട്ടയത്തും സമീപപ്രദേശങ്ങളിലും സാമൂഹ്യ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. കോട്ടയത്തെ ദലിതർ ഒന്നടങ്കം ജാതി, മത വ്യത്യാസങ്ങൾക്കതീതമായി സാധുജന പരിപാലനസംഘത്തിന്റെ കൊടിക്കീഴിൽ അണിനിരന്നതോടെ വളരെപ്പെട്ടെന്ന് മധ്യകേരളത്തിലും അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന്റെ അനുരണനങ്ങൾ ദൃശ്യമായി തുടങ്ങിയിരുന്നു. കർമ്മധീരരായ നിരവധി യുവാക്കൾ സ്വയം സമർപ്പിത മനസ്സോടുകൂടി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ മുന്നോട്ട് വന്നുകൊണ്ടിരുന്നു. ഇത്തരത്തിൽ സാമൂഹിക പ്രവർത്തനം ജീവിതദൗത്യമായി ഏറ്റെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു കോട്ടയത്തുകാരനായ പി.ജെ ജോസഫ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സവർണ മാടമ്പിമാരുടെ വെല്ലുവിളികളെ നേരിട്ടു കൊണ്ട് വടക്കൻ തിരുവിതാംകൂറിലെ വെള്ളൂരിൽ വച്ച് 1918-ൽ മാഹാത്മ അയ്യൻകാളിക്ക് കോട്ടയത്തുകാർ ഉജ്ജ്വല സ്വീകരണം നൽകുന്നത്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ കോട്ടയത്ത് നിന്നും 1919-ൽ പ്രസിദ്ധീകരണം ആരംഭിച്ച “സാധുജന ദൂതൻ ” എന്ന മാസിക ദലിതരെ സമരോത്സുകരാക്കുന്നതിൽ വഹിച്ച പങ്കും അവിസ്മരണീയമാണ്.

ഈയവസരത്തിലാണ് 1920-ൽ ജോൺ ജോസഫ് കൊല്ലത്ത് എത്തുന്നതും പിന്നീട് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറുന്നതും , തിരുവനന്തപുരത്ത് വച്ച് ജ്ഞാന ജ്വോഷ എന്ന പണ്ഡിതനെ പരിചയപ്പെടുന്നതും. അക്കാലത്ത് തിരുവിതാംകൂറിൽ ചീഫ് അക്കൗണ്ട്സ് ഓഫീസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു നാഗർകോവിൽ സ്വദേശിയും പണ്ഡിതനുമായ ജ്ഞാന ജ്വോഷ. വെള്ളക്കാരുടെ സഹായത്തോടെ അതിസാഹസികമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ച ധൈര്യശാലിയായ ദലിതനായിരുന്നു ജ്ഞാന ജ്വോഷ. അദ്ദേഹവുമായുള്ള സൗഹൃദം ജോൺ ജോസഫിന്റെ സാമൂഹിക വീക്ഷണങ്ങളെ അപ്പാടെ മാറ്റിമറിച്ചു എന്നു വേണം പറയാൻ. സംഘസാഹിത്യാധി കൃതികളിലും പ്രാചീന ചരിത്രരേഖകളിലും ലിഖിതങ്ങളിലും തെളിഞ്ഞ അവഗാഹമുണ്ടായിരുന്ന ജ്ഞാന ജ്വോഷ കേരളത്തിന്റെ പ്രാചീന ചരിത്രമുൾപ്പെടെ ദലിതരുടെ പൂർവ ചരിത്രത്തെപ്പറ്റിയും ഒരു കാലത്ത് ദലിതർ ചേരനാട്ടിലെ ഭരണാധികാരികളായിരുന്നതിനെപ്പറ്റിയും സവിസ്തരം ജോൺ ജോസഫിനോട് വിശദീകരിച്ചപ്പോൾ അക്ഷരാർഥത്തിൽ അദ്ദേഹം പ്രബുദ്ധനാവുക തന്നെ ചെയ്തു. പിന്നെ അല്പം പോലും താമസിക്കാതെ അദ്ദേഹം കോട്ടയത്തേക്ക് പോവുകയും അവിടെ വച്ച് മുതിർന്ന സമുദായ പ്രമുഖരുമായി തനിക്ക് ലഭിച്ച ചരിത്രജ്ഞാനം പങ്കുവയ്ക്കുകയും ചെയ്തു. ദലിതർ ഏതെങ്കിലും ഒരു മതത്തിന്റെ ഭാഗമല്ലെന്നും, അവർ ഇന്നാട്ടിലെ ആദിമനിവാസികളായിരുന്നെന്നും ചേരനാട്ടിൽ ഒരു കാലത്ത് അവർ ഭരണാധികാരികളായിരുന്നെന്നും ബ്രാഹ്മണാധിപത്യവും ജാതിസമ്പ്രദായവുമാണ് തങ്ങളുടെ പാരമ്പര്യത്തെ തല്ലിക്കെടുത്തി അടിമകളാക്കിയതെന്നും സംഘടിത മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ടു പോയ തങ്ങളുടെ പ്രതാപവും അന്തസ്സും വീണ്ടെടുക്കണമെന്നും അദ്ദേഹം യോഗത്തിൽ പങ്കെടുത്തവരോട് വികാരഭരിതനായി വിശദീകരിച്ചു. പുലയർ എന്ന ജാതിപ്പേരിൽ അറിയപ്പെടുന്ന തങ്ങൾ യഥാർഥത്തിൽ ആദിചേരന്മാരുടെ പിൻതലമുറക്കാരാണെന്നും ആയതിനാൽ ഇനി മുതൽ തങ്ങൾ ചേരമർ എന്ന പഴയ പേരിൽ അറിയപ്പെടണമെന്നും ജോൺ ജ്വോസഫ് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ചരിത്ര വിശദീകരണവും സംഘടിത മുന്നേറ്റത്തിനു വേണ്ടിയുള്ള ആഹ്വാനവും യോഗത്തിൽ സംബന്ധിച്ച സമുദായംഗങ്ങളെ ഒരു പോലെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒപ്പം ആവേശഭരിതരാക്കുകയും ചെയ്തു. അതോടെ പുതിയൊരു സാമൂഹിക മുന്നേറ്റത്തിൻ്റെ അലയൊലികൾ കേട്ടുതുടങ്ങി. തത്ഫലമായി 1921-ൽ തിരുവിതാംകൂർ ചേരമർ മഹാജനസഭ എന്ന സംഘടന രൂപീകൃതമായി. ജോൺ ജോസഫ് തന്നെയായിരുന്ന സഭയുടെ ജനറൽ സെക്രട്ടറി. ചേരമർ മഹാജനസഭ രൂപീകൃതമായതോടെ ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും സാഹചര്യത്തിന്റെ സമ്മർദത്താൽ അകപ്പെട്ടുപോയ ദലിതർ, പ്രത്യേകിച്ചും പുലയർ പ്രസ്തുതസഭയിൽ അംഗമാവുകയും വളരെ വേഗത്തിൽ സംഘടന വളർച്ചയുടെ പടവുകൾ താണ്ടുകയും ചെയ്തു.

1921 ജനുവരി 14-ന് സഭയുടെ പ്രഥമ സമ്മേളനം തിരുവല്ലക്കടുത്തുള്ള പൊടിപ്പാറയിൽ സംഘടിപ്പിക്കപ്പെട്ടതോടെ ചേരമർ മഹാജനസഭയുടെ അനിഷേധ്യ നേതാവെന്ന നിലയിൽ ജോൺ ജോസഫ് ശ്രദ്ധേയനായി മാറി. പുലയ സമുദായം തങ്ങളുടെ കുലമഹിമയും ആഭിജാത്യവും വീണ്ടെടുക്കാൻ പുതിയ പേര് സ്വീകരിച്ച് ആ പേരിൽ സഭ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതോടെ പല ഭാഗത്തു നിന്നും എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവന്നു. വംശമഹിമയെ ഉദ്ഘോഷിക്കുന്ന പുതിയ ജാതിപ്പേരിന്റെ യുക്തിയെ ചോദ്യം ചെയ്തു കൊണ്ട് പൊയ്കയിൽ അപ്പച്ചൻ പരിഹാസ്യ പാട്ടുകൾ പാടുന്നതു പോലും പതിവാക്കി. പൊടിപ്പാറ സമ്മേളനത്തിൽ പങ്കെടുക്കവെ പരസ്യമായി തന്നെ അപ്പച്ചൻ ചേരമർ വാദത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുകയുണ്ടായി. ”പുലയരെല്ലാരും കൂടി ചേരമരായാൽ പുലയൻ്റെ പുല മാറുമോ ” എന്നു അപ്പച്ചൻ പരസ്വമായി ചോദ്യമുയർത്തി. പേരുകൾ മാറുന്നതുകൊണ്ട് ദലിതരുടെ പരാധീനതകളും ആവലാതികളും മാറുന്നില്ല എന്നായിരുന്നു അപ്പച്ചൻ്റെ വാദം. എന്നാൽ, ഇതൊന്നും ജോൺ ജോസഫിന്റെ പ്രവർത്തനങ്ങളെ തളർത്തിയില്ല. ചേരമർ എന്ന് പേര് ദലിതർക്ക് ആത്മാഭിമാനവും അന്തസ്സം ആഭിജാത്യവും പോരാട്ട വീര്യവും ചരിത്രബോധവും പ്രദാനം ചെയ്യുന്നതായി അദ്ദേഹം നിരന്തരം അഭിപ്രായപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളും വിശദീകരണങ്ങളും സമുദായം ഏറ്റെടുത്തതോടെ വളരെപ്പെട്ടന്ന് അതൊരു സാമൂഹിക നവോത്ഥാന മുന്നേറ്റമായി പരിണമിച്ചു. നിയതാർഥത്തിൽ ദലിതർ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ അല്ലെന്നും അവർ ഇന്നാട്ടിലെ ആദിമ ഗോത്രവിഭാഗങ്ങളിൽ ഉൾപ്പെടുന്ന വ്യതിരിക്തമായൊരു സ്വതന്ത്ര ജനവിഭാഗമാണെന്നുമുള്ള പ്രഖ്യാപനമാണ് ചേരമർ എന്ന സ്വത്വവാദത്തിലൂടെ ജോൺ ജോസഫ് മുന്നോട്ടുവച്ചത്. ഇപ്രകാരം ചേരമർ മഹാജനസഭയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുമ്പോഴാണ് ഐക്കര യജമാനൻ എന്ന പ്രതാപശാലിയെ കുറിച്ചുള്ള ഒരു കഥ ജോൺ ജോസഫ് അറിയുന്നതും അദ്ദേഹത്തെ കുറിച്ചുള്ള ചരിത്രം തേടിപ്പുറപ്പെടുന്നതും. ചേരവംശത്തിലെ അവസാനത്തെ വ്യക്തി ജീവിച്ചിരിക്കുന്നുണ്ട് എന്ന വിവരമാണ് ജോൺ ജോസഫിന് ലഭിച്ചത്. അതിൻപ്രകാരം അദ്ദേഹം അന്വേഷണം നടത്തുകയും ഒടുവിൽ കൊടുങ്ങല്ലൂരെത്തി സാമൂഹ്യ പരിഷ്കർത്താവായ കൃഷ്ണാദി ആശാനെ കണ്ടുമുട്ടി അദ്ദേഹത്തെ ഐക്കര യജമാനനായി പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴേക്കും കൃഷ്ണാദി ആശാൻ സമുദായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. എങ്കിലും ചേരവംശത്തിലെ അവസാനത്തെക്കണ്ണി എന്ന പേരിൽ ഐക്കര യജമാനനായി കൃഷ്ണാദി ആശാനെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു സമ്മേളനം നടത്താൻ ജോൺ ജോസഫ് തീരുമാനിച്ചു. അങ്ങനെ 1923 മാർച്ച് 9-ന് പുത്തരിക്കണ്ടത്ത് ഒരു മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടു. മഹാകവി ഉളളൂർ എസ്. പരമേശ്വരയ്യർ അധ്യക്ഷത വഹിച്ച പ്രസ്തുത സമ്മേളനത്തിൽ അവസാനത്തെ ചേരരാജാവിനെ കാണാൻ ആളുകൾ കൂട്ടം കൂട്ടമായെത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്കവെ, ചേരമർ ചരിതം വിശദീകരിച്ചുകൊണ്ട് ജോൺ ജോസഫ് ഉജ്ജ്വലമായി പ്രസംഗിക്കുകയും, ഐക്കര യജമാനനെ തങ്ങളുടെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. തിരുവിതാംകൂറിൽ രാജവാഴ്ച നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ദലിതർ സമ്മേളിച്ച് ഒരാളെ തങ്ങളുടെ രാജാവായി പ്രഖ്യാപിക്കുന്നു ! രാജകോപത്തിന് ഇനി മറ്റെന്തെങ്കിലും കാരണം വേണോ? രാജാവ് ഉടൻ തന്നെ ജോൺ ജോസഫിനെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു. താൻ ചരിത്ര സത്യങ്ങൾ മാത്രമാണ് പ്രസംഗിക്കുന്നതെന്നായിരുന്നു ജോൺ ജോസഫിന്റെ യുക്തിസഹമായ മറുപടി. അതിന്റെ സ്രോതസ്സ് പക്ഷേ എന്തുകൊണ്ടോ അദ്ദേഹം വ്യക്തമാക്കിയതുമില്ല. കൊട്ടാരത്തിൽ നിന്നും മടങ്ങവെ രാജാവിന്റെ ചൊൽപ്പടിക്കാരിൽ നിന്നും അദ്ദേഹത്തിന് മർദ്ദനമേറ്റതായി കേട്ടുകേൾവിയുണ്ട്. അതെന്തായാലും ജോൺ ജോസഫ് തന്റെ ചേരമർ സുവിശേഷം തുടരുക തന്നെ ചെയ്തുകൊണ്ടിരുന്നു എന്നാണ് ചരിത്രം.

പുത്തരിക്കണ്ടം സമ്മേളനത്തിന് ശേഷം ചേരമർ മഹാജനസഭയുടെ പ്രവർത്തനം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരുന്നു, ഒപ്പം സഭയ്ക്കുള്ളിലെ അന്തച്ഛിദ്രങ്ങളും.1923-ൽ “സാധുജന ദൂതൻ ” “ചേരമർ ദൂതൻ ” എന്ന പേരിൽ പുനഃപ്രസിദ്ധീകരണം ആരംഭിച്ചു. ഈയവസരത്തിലാണ് ക്രിസ്ത്യൻ സഭകൾക്കുള്ളിലെ ജാതിവിവേചനങ്ങൾക്കെതിരെ ജോൺ ജോസഫ് അതിശക്തമായി ശബ്ദമുയർത്താൻ തുടങ്ങുന്നത്. ജോൺ ജോസഫ് ഉയർത്തിയ പ്രതിഷേധ ശബ്ദങ്ങൾ വളരെപ്പെട്ടെന്ന് ക്രിസ്തീയ സഭകൾ വിട്ടൊഴിയാനുള്ള ദലിതരോടുള്ള തുറന്ന ആഹ്വാനമായി മാറുകയും, തത്ഫലമായി 1923-ൽ ചേരമർ ക്രിസ്ത്യൻ സഭ രൂപീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ ദലിതർ സുറിയാനികൾ നേതൃത്വം നൽകുന്ന ക്രിസ്തീയ സഭകൾ ബഹിഷ്കരിക്കയും സ്വന്തമായി സഭകൾ രൂപീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതാകട്ടെ ചേരമർ ക്രിസ്ത്യൻ സഭയ്ക്കുള്ള തുറന്ന അംഗീകാരമായി വിലയിരുത്തപ്പെട്ടു. ഇതോടെ ചേരമർ മഹാജന സഭയിൽ ഹിന്ദു ചേർമർ എന്നും ക്രിസ്ത്യൻ ചേരമർ എന്നും വിശ്വാസപരമായി രണ്ടു ചേരികൾ രൂപപ്പെടുന്നതിന് വഴിയൊരുക്കി. എന്നാൽ, ഇതിനൊന്നും ജോൺ ജോസഫ് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ചേരമർ ഹിന്ദുമതത്തിൽ നിന്നാലും ക്രിസ്തുമതത്തിൽ നിന്നാലും ചേരമർ തന്നെ. എങ്കിലും ജോൺ ജോസഫിന്റെ പ്രസ്ഥാനത്തിൽ ഹിന്ദു – ക്രിസ്ത്യൻ വേർതിരിവ് പ്രത്യക്ഷമായി തന്നെ പ്രകടമാവുകയും, ക്രമേണ ആ പ്രസ്ഥാനം ദലിത് ക്രൈസ്തവരുടെ മാത്രം പ്രസ്ഥാനമായി ചിത്രീകരിക്കപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു എന്നതാണ് വസ്തുത. എങ്കിലും ചേരമർ മഹാജനസഭയുടെ പ്രവർത്തനവുമായി ജോൺ ജോസഫ് മുന്നോട്ടു പോവുക തന്നെ ചെയ്തു.

നാടിന്റെ നാനാഭാഗത്തും യോഗങ്ങൾ സംഘടിപ്പിച്ച അദ്ദേഹം ഹിന്ദു മതവും ക്രിസ്തുമതവും ദലിതരോട് പുലർത്തുന്ന വിവേചനത്തെ തുറന്നു കാട്ടുകയും സംഘടിത ശക്തിയാൽ ഒരു സാമൂഹ്യ മുന്നേറ്റമായി വികസിക്കുവാൻ ആഹ്വാനം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ ജോൺ ജോസഫ് എന്ന നവോത്ഥാന നായകന് പ്രശംസനീയമാംവിധം സ്വീകാര്യത നേടികൊടുക്കുകയുണ്ടായി. ഈ കാലഘട്ടത്തിലാണ് ക്രിസ്തീയ സഭകൾക്കുള്ളിലെ ജാതിവിവേചനങ്ങളെ നിഷ്പക്ഷമായി അവലോകനം ചെയ്തു കൊണ്ട് ചേരമരുടെ ആചാര്യൻ “സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും ” എന്ന തലക്കെട്ടിൽ ഒരു ഗ്രന്ഥം രചിക്കുന്നത്. വിമോചനം ലക്ഷ്യമാക്കി ജാതിഭേദമില്ലാത്ത ക്രിസ്തുമതത്തിൽ ചേർന്നിട്ടും, ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെടുന്ന ദലിതരുടെ അമർഷവും പ്രതിഷേധവും രോദനവുമാണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം എന്നറിയുമ്പോഴാണ് എത്ര കാര്യക്ഷമമായാണ് ജോൺ ജോസഫ് എന്ന നവോത്ഥാന ശില്പി ദലിതരുടെ വിമോചനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ചതെന്നു മനസ്സിലാക്കാൻ കഴിയുക. 1924-ൽ പി.ജെ ജോസഫ് ആരംഭിച്ച ചേരമർ ദൂത് പ്രസ്സിലായിരുന്നു ജോൺ ജോസഫ് തന്റെ ഗ്രന്ഥം അച്ചടിച്ച് വിതരണം ചെയ്തത്. 1931 – ൽ മഹാത്മ അയ്യൻകാളിയുടെ ശുപാർശയോടെ ജോൺ ജോസഫ് ശ്രീമൂലം പ്രജാസഭാ മെമ്പറായി. പ്രജാസഭാ മെമ്പറായിരിക്കുമ്പോഴും അദ്ദേഹം സ്വസമുദായത്തിന്റെ അഭ്യുന്നിതിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരുന്നു. ഇക്കാലയളവിൽ അദ്ദേഹം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുമ്പോഴാണ്,1932 ജനുവരി 5-ന് പ്രജാസഭാ മെമ്പർ എന്ന നിലയിൽ തിരുവല്ലയിൽ വച്ച് അനുയായികൾ അദ്ദേഹത്തിന് അവിസ്മരണീയമായൊരു സ്വീകരണം നൽകുന്നത്. സ്വീകരണാർഥം ജനുവരി 5-ന് അദ്ദേഹം തിരുവല്ലയിൽ എത്തി. അവിടെ നിന്ന് അനുയായികൾ അദ്ദേഹത്തെ വെണ്ണിക്കുളത്തേക്ക് കൊണ്ടു പോവുകയും ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെ തടിയൂരിൽ എത്തിച്ചേരുകയും ചെയ്തു. നിരവധി പ്രമുഖർ പങ്കെടുത്ത സ്വീകരണ യോഗത്തിൽ ജോൺ ജോസഫ് വികാരാധീനനായി ചേരമർ ചരിത്രത്തെപ്പറ്റി സുദീർഘമായി സംസാരിച്ചു. നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് സമ്മേളനത്തിൽ പങ്കെടുത്തവർ അദ്ദേഹത്തിന്റെ പ്രവാചക സമാനമായ വാക്കുകൾ ശ്രവിച്ചത്.

ശ്രീമൂലം പ്രജാസഭാ മെമ്പറായി അവരോധിതനായതോടെ ജോൺ ജോസഫിന്റെ പേരും പെരുമയും തിരുവിതാംകൂറിലുടനീളം വ്യാപിച്ചു. പിന്നെയങ്ങോട്ട് തിരക്കുകളുടെ നാളുകളായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. യോഗസ്ഥലങ്ങളിൽ നിന്നും യോഗസ്ഥലങ്ങളിലേക്ക് അദ്ദേഹം വിശ്രമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു. പങ്കെടുത്ത യോഗങ്ങളിലെല്ലാം ചേരമരുടെ ചരിത്രവും സവർണ ക്രിസ്ത്യാനികൾ പരിവർത്തിത ക്രൈസ്തവരോട് കാണിക്കുന്ന വിവേചനത്തെപ്പറ്റിയുമാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. ഹിന്ദു മതത്തെപ്പോലെ ക്രിസ്തുമതവും ദലിതരോട് വിവേചനത്തോടും അസഹിഷ്ണുതയോടുംകൂടിയാണ് പെരുമാറുന്നതെന്നും അദ്ദേഹം നിരന്തരം ആരോപിച്ചു. പക്ഷേ, ഈ ആരോപണം ഒരു ആരോപണം എന്നതിനപ്പുറം നഗ്നമായ യാഥാർഥ്യമായിരുന്നു എന്നതാണ് വസ്തുത. ചില യോഗങ്ങളിൽ സംസാരിക്കവെ, സവർണ ക്രിസ്ത്യാനികൾ, പുതുതായി മാർഗം കൂടുന്ന ദലിതരോട് തികഞ്ഞ അവജ്ഞയോടും വിവേചനത്തോടും കൂടി പൊരുമാറുന്നത് ക്രിസ്തുമതത്തിന്റെ ആദർശങ്ങൾക്ക് തന്നെ വിപരീതമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സാമൂഹിക ജീവിതത്തിന്റെ മിക്ക മേഖലകളിലും ജാതിയുടെ പേരിൽ ദലിതരെ ബോധപൂർവം മാറ്റിനിർത്തുകയാണെന്നും, ഇതിനെതിരെ ക്രിസ്തുമതം സ്വീകരിച്ച ദലിതർ ഉണർന്നെഴുന്നേൽക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി. ഒരു വേള, ദലിത് ക്രിസ്ത്യാനികളുടെ ആത്മാഭിമാനവും അവകാശങ്ങളും വ്യതിരിക്ത സ്വത്വവും സംരക്ഷിക്കാൻ അവർക്കുവേണ്ടി ഒരു പ്രത്യേക ഇടവക രൂപീകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാൽ, ആ ആവശ്യം സഭാനേതൃത്വവും സവർണ ക്രിസ്ത്യാനികളും സംയുക്തമായി നിരാകരിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ക്രിസ്തുമതം സ്വീകരിച്ച ദലിതർ ക്രിസ്തീയ സഭകൾക്കുള്ളിൽ ജാതിയുടെ പേരിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തെയും അവഹേളനത്തെയും സംബന്ധിച്ച് വിശദമായൊരു നിവേദനം തയ്യാറാക്കി ബ്രിട്ടീഷ് പാർലമെന്റിന് അയയ്ക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്. തുടർന്ന് 1935 – ൽ പ്രസ്തുത നിവേദനം തയ്യാറാക്കി പാർലമെന്റിലേക്ക് അയയ്ക്കുന്നതിനുള്ള അനുമതിക്കായി തിരുവിതാംകൂർ രാജാവിന് സമർപ്പിക്കുകയും ചെയ്തു. ഏപ്രിൽ 24-ന് ദിവാൻ പ്രസ്തുത നിവേദനം ബ്രിട്ടീഷ് പാർലമെന്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയും ചെയ്തു. ക്രിസ്തീയ സഭകൾക്കുള്ളിൽ ജാതിയുടെ പേരിൽ ദലിതർ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തെ ശക്തമായ ഭാഷയിൽ വിശദീകരിച്ച മുൻചൊന്ന നിവേദനം പാർലമെന്റിൽ എത്തിയതോടെ സഭാധ്യക്ഷനായ മൂർസായിപ്പ് മലനാട്ടിലെ സഭാമേലാളന്മാരോട് വിശദീകരണം ആവശ്യപ്പെട്ടു. അവർ സുറിയാനി ക്രിസ്ത്യാനികളുടെ നേതൃത്വത്തിൽ കോട്ടയത്തെ നല്ല ഇടയൻ പള്ളിയിൽ ഒത്തുകൂടി മെമ്മോറാണ്ടത്തെ അട്ടിമറിക്കുന്നതിനുള്ള വഴികളെപ്പറ്റി ആലോചിച്ചു. ക്രിസ്തീയ സഭകളിൽ ജാതീയമായ വിവേചനവും അസമത്വവും വേർതിരിവുകളും ഇല്ലെന്ന് പാർലമെന്റിനെ ബോധ്യപ്പെടുത്തേണ്ടത് അവരുടെ നിലനിൽപ്പിന് ആവശ്യമായിരുന്നു. ഇതിനായി ചില ചേരമർ ക്രിസ്ത്യൻ നേതാക്കളെയും അനുയായികളെയും തങ്ങളുടെ വശത്താക്കി അവരുടെ പങ്കാളിത്തത്തോടെ പന്തിഭോജനങ്ങൾ സംഘടിപ്പിക്കുകയും, അതിന്റെ ഫോട്ടോകളും റിപ്പോർട്ടും ഒപ്പം ഒറ്റുകാരായ ചേരമർ സമുദായംഗങ്ങളുടെ അനുകൂല പ്രസ്താവനകളും കൂടി ഉൾപ്പെടുത്തി ബ്രിട്ടീഷ് പാർലമെന്റിന് അയച്ചു കൊടുത്തു! സുറിയാനി ക്രിസ്ത്യാനികളുടെ മേൽനോട്ടത്തിൽ ജോൺ ജോസഫിനെതിരെ നടന്ന ഈ വഞ്ചന ഉദ്ദേശിച്ച ഫലം ഉളവാക്കുക തന്നെ ചെയ്തു. സുറിയാനി ക്രിസ്ത്യാനികളുടെ മറുപടി ലഭിച്ചയുടൻ ജോൺ ജോസഫിന്റെ മെമ്മോറാണ്ടം നടപടിയെടുക്കാതെ തിരുവിതാംകൂറിലേക്ക് തിരിച്ചയയ്ക്കപ്പെട്ടു. ഇതിൽ കുപിതനായ രാജാവ് വിശദീകരണത്തിനായി ജോൺ ജോസഫിനെ വിളിച്ചുവരുത്തി. താൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത് വസ്തുതകൾ മാത്രമാണെന്നും, താൻ തന്റെ ജനങ്ങളാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം രാജാവിനോട് വികാരാധീനനായി വിശദീകരിച്ചു. ജോൺ ജോസഫിന്റെ വിശദീകരണത്തിൽ തൃപ്തനായ രാജാവ് അദ്ദേഹത്തിന് നിരുപാധികം മാപ്പ് നൽകി. അങ്ങനെ ക്രിസ്തീയ സഭകൾക്കുള്ളിൽ നിലനിൽക്കുന്ന ജാതീയമായ വിവേചനങ്ങൾക്കെതിരെ, സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി ജോൺ ജോസഫ് എന്ന ദലിത് ക്രിസ്ത്യാനി നടത്തിയ ആദ്യ മുന്നേറ്റം സംഘടിതമായി അട്ടിമറിക്കപ്പെട്ടെങ്കിലും രാജസന്നിധിയിൽ അദ്ദേഹം ശിക്ഷിക്കപ്പെടാതെ മോചിതനാക്കപ്പെട്ടു. എങ്കിലും ജോൺ ജോസഫ് എന്ന സാമൂഹ്യ പരിഷ്കർത്താവ് പതറിയില്ല. ജാതിക്കും ജാതീയമായ വിവേചനങ്ങൾക്കുമെതിരെയുള്ള പോരാട്ടത്തെ തന്റെ ജീവിത ദൗത്യവും നിയോഗവുമായി സ്വീകരിച്ച ആ മനുഷ്യസ്നേഹി ജീവിതാവസാനം വരെ തന്റെ വീക്ഷണങ്ങളിലും പ്രവർത്തനങ്ങളിലും അടിയുറച്ചു നിൽക്കുകതന്നെ ചെയ്തു.

ജോൺ ജോസഫിൻറെ വീക്ഷണത്തിൽ ദലിതരെ അടിച്ചമർത്തുന്നതിലും അവരോട് വിവേചനം പുലർത്തുന്നതിലും ഹിന്ദുമതവും ക്രിസ്തുമതവും പരസ്പരപൂരകമായി ഒരു പോലെ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹത്തിൽ ആഴത്തിൽ വേരോടിയ ജാതീയമായ ഉച്ചനീചത്വബോധമാണ് ഇതിന് കാരണം. ഹിന്ദുമതത്തിലെ ജാതീയമായ അടിച്ചമർത്തലുകളിൽ നിന്നും മോചനം തേടി ക്രിസ്തുമതത്തിൽ കുടിയേറിയിട്ടും ദലിതർ മോചിപ്പിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, അവർ വീണ്ടും പാർശ്വവത്ക്കരിക്കപ്പെടുകയും, അടിച്ചമർത്തുകയുമാണുണ്ടായത് എന്ന പാമ്പാടി ജോൺ ജോസഫിന്റെ നിരീക്ഷണം വർത്തമാന കാലഘട്ടത്തിലും പ്രസക്തമാണെന്നതിൽ സംശമില്ല. എണ്ണത്തിൽ ദലിത് ക്രിസ്ത്യാനികളെകൂടി ഉൾപ്പെടുത്തി ക്രിസ്ത്യാനികൾക്കുള്ള അവകാശങ്ങൾ ചൂഷണം ചെയ്ത സവർണ ക്രിസ്ത്യാനികൾ, സഭകൾക്കുള്ളിൽ ദലിതരുടെ വ്യതിരിക്ത സ്വത്വത്തെ അംഗീകരിക്കുകയോ അവരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ഇത്തരം വിവേചനങ്ങളെ ദലിതർ തങ്ങളുടെ സ്വത്വബോധവും ചരിത്രബോധവും കൊണ്ട് നേരിടണമെന്നും അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ചുരുക്കത്തിൽ ജാതി ചിന്തകൾക്കും സവർണാധിപത്യ മനോഭാവത്തിനും വിധേയമായി അധഃപതിച്ച കേരളത്തിലെ ക്രിസ്തീയ സഭകൾക്കു നേരെയുള്ള ശക്തമായ താക്കീതായിരുന്നു ജോൺ ജോസഫിന്റെ പ്രവർത്തനങ്ങൾ.19- ഉം 20- ഉം നൂറ്റാണ്ടുകളിൽ വിമോചനാർഥം ക്രിസ്തുമതം സ്വീകരിക്കുക വഴി, ജാതീയമായ വിവേചനത്തിന്റെയും സവർണാധിപത്യത്തിന്റെയും ചതിക്കുഴികളിൽ നിപതിച്ചുപോയ ആദിമജനതയുടെ സാമൂഹികവും ആത്മീയവുമായ ഉയർത്തെഴുന്നേൽപ്പിന്റെ നവസുവിശേഷകനായി പില്ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുള്ള ജോൺ ജോസഫിന്റെ വീക്ഷണങ്ങൾ വർത്തമാനകാലഘട്ടത്തിലും പ്രസക്തമാകുന്നത് ഇപ്രകാരമാണ്. ആധുനിക കേരളത്തിൽ മതദേദമന്യെ ദലിതരുടെ ഉയർത്തെഴുന്നേൽപ്പിനും മുന്നേറ്റത്തിനും മാർഗദീപം തെളിച്ച് കേരള നവോത്ഥാനത്തിന് ദിശാബോധം നൽകിയ ജോൺ ജോസഫ് എന്ന നവോത്ഥാന നായകൻ 1940 ജൂൺ 16-ന് കാലയവനികയ്ക്കുള്ളിൽ അനശ്വരനായി.

 

Related