August 9 Sunday 2026

ഫലസ്തീൻ പ്രതിരോധ ചരിത്രവും ഭൗമ രാഷ്ട്രീയവും: ‌ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രനോട്ടം

‘ലളിതമായ ഭാഷാകൗശലംകൊണ്ട് സത്യത്തെ മറയ്ക്കാൻ എളുപ്പമാണ്: നിങ്ങൾ ‘രണ്ടാമത്’ സംഭവിച്ചത് പറഞ്ഞുതുടങ്ങുക…
‘രണ്ടാമതായ്’ എന്ന് കഥ തുടങ്ങുക, ലോകം കീഴ്മേൽ മറിയും.
‘രണ്ടാമതായി’ എന്ന് കഥ തുടങ്ങുക, റെഡ്‌ഇന്ത്യക്കാരുടെ അമ്പുകളാവും ആദ് ത്തെ കുറ്റവാളികൾ, വെള്ളക്കാരുടെ തോക്കുകൾ മുഴുവൻ ഇരകളായി മാറും.
‘രണ്ടാമതായി’ എന്ന് തുടങ്ങേണ്ട കാര്യമേയുള്ളു, വെള്ളക്കാരോടുള്ള കറുത്തവർഗക്കാരൻ്റെ ക്രോധം കിരാതമായി മാറാൻ.
‘രണ്ടാമത്’ എന്ന് തുടങ്ങിയാൽ, ബ്രിട്ടീഷുകാരുടെ ദുരന്തങ്ങൾക്ക് കാരണക്കാരൻ ഗാന്ധിയായിത്തീരും.
‘രണ്ടാമത്’ എന്ന് കഥ തുടങ്ങേണ്ട കാര്യമേയുള്ളൂ, കരിഞ്ഞുപോയ വിയറ്റ്നാംകാർ നാപാം ബോംബുകൊണ്ട് മനുഷ്യരാശിയെ മുറിവേൽപ്പിക്കുകയായി…’

പ്രശസ്ത ഫലസ്തീനിയൻ കവി മുറീദ്ബർഗുതിയുടെ റാമല്ല ഞാൻ കണ്ടു എന്ന പുസ്തകത്തിലെ വരികളാണ് മേലുദ്ധരിച്ചത്. ചോര ചിതറുന്ന ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന് ഈ കവിത ശകലവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഇരുപതാം നൂറ്റാണ്ട് രണ്ടു മഹായുദ്ധങ്ങളാൽ രക്തപങ്കിലമായ ഒരുകാലത്തെയാണ് അടയാളപ്പെടുത്തുന്നത്. ചോരയുടെ മണമുള്ള ഫലസ്തീൻ ചരിത്രത്തിന്റെ തിരശ്ശീല ഉയർന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിലാണ്. 1917 ലെ ബാൾഫർ പ്രഖ്യാപനത്തോടെയാണ് ഇതിന് ഔപചാരികമായ തുടക്കം ലഭിക്കുന്നത്. ഇന്നത് എത്തിനിൽക്കുന്നത് തൂഫാനുൽ അഖ്സയിലും ശേഷം ഇസ്രായേലിന്റെ കാർമികത്വത്തിൽ നടമാടിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഹിംസാത്മകമായ ദുരന്തത്തിലും ആണ്.

ഫലസ്തീൻ ദുരന്ത പർവങ്ങളുടെ ആരംഭ കാലം മുതൽ ഫലസ്തീനുമേലുള്ള ഇസ്രായേലിന്റെ അധിനിവേശത്തെ പ്രമേയമാക്കി ഒട്ടനവധി പുസ്തകങ്ങളും പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാളത്തിലും അത്തരം ഗ്രന്ഥങ്ങളും മൊഴിമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇസ്രായേൽ ചരിത്രകാരനായ ഇലാൻ പെപ്പയുടെ ഇസ്രായേൽ മിത്തും യാഥാർത്ഥ്യവും, അറബ് എഴുത്തുകാരൻ താരിക് സുവൈദാനിന്റെ ഫലസ്തീൻ സമ്പൂർണ്ണ ചരിത്രം, പ്രമുഖ മാധ്യമപ്രവർത്തകനും ആഗോള രാഷ്ട്രീയ നിരീക്ഷകനും മലയാളിയുമായ പി.കെ നിയാസിന്റെ ഹമാസ് സമരവും സന്ദേശവും തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിൽ ലഭ്യമായ ഇസ്രായേൽ അധിനിവേശത്തെ കുറിക്കുന്ന രചനകൾ ആണ്.

ഈ പട്ടികയിലേക്ക് പുതിയതായി സ്ഥാനം പിടിക്കുകയാണ് മദ്രാസ് യൂണിവേഴ്സിറ്റി ഫാക്കൽറ്റിയായ ഡോക്ടർ സൈഫുദ്ദീൻ കുഞ്ഞിന്റെ ‘ഫലസ്തീൻ പ്രതിരോധ ചരിത്രവും ഭൗമ രാഷ്ട്രീയവും’ എന്ന പുസ്തകം. ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്ര വർത്തമാനങ്ങളെ സമഗ്രമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഗ്രന്ഥകാരൻ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. 300 ൽ അധികം പേജുകളിലൂടെ ഗ്രന്ഥകാരൻ നടത്തുന്ന ഈ ശ്രമത്തിൽ അദ്ദേഹം വിജയിക്കുന്നുമുണ്ട്. മസ്ജിദുൽ അഖ്സയുടെ ചരിത്രം, ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം എന്നിവ മുതൽ തൂഫാനുൽ അഖ്സക്ക് ശേഷം ശക്തിപ്രാപിച്ച ബഹിഷ്കരണം പ്രസ്ഥാനമായ ബിഡിഎസ് മൂവ്മെന്റ് വരെയുള്ള സംഘർഷ ചരിത്രത്തെ സൂക്ഷ്മമായി അപഗ്രഥിക്കുവാൻ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്.

സങ്കീർണ്ണമായ ഭൂമിശാസ്ത്രവും രാഷ്ട്രീയമായ ഇടപെടലുകളുടെയും അക്രമോൽസുകമായ പിടിച്ചടക്കലുകളുടെയും ഫലമായി സ്ഥാപിക്കപ്പെട്ട രാഷ്ട്രമായാണ് ഇസ്രായേലിനെ പുസ്തകം കണ്ടെത്തുന്നത്. സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമായ വാഗ്ദത്ത ഭൂമി എന്ന സങ്കല്പത്തെ പുസ്തകം പരിശോധിക്കുന്നുണ്ട്. വാഗ്ദത്ത ഭൂമിയുടെ അവകാശം വംശീയതയിൽ അല്ല മറിച്ച് അനുസരണം നീതി ഉടമ്പടി പൂർത്തീകരണം എന്നിവയെ ആശ്രയിച്ചിരിക്കുന്നതായും ഉടമ്പടി ലംഘിക്കുന്ന ഏതൊരു സമൂഹത്തിനും ഈ അവകാശം നഷ്ടപ്പെടും എന്നും ബൈബിൾ പഴയ നിയമത്തെയും, ഖുർആനെയും മുൻനിർത്തി ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ 242 ആം പ്രമേയം ഭൂമിക്ക് പകരം സമാധാനം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയത്. ഈ തത്വമനുസരിച്ച് ഇസ്രായേൽ 1967 ൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് പിന്മാറുമ്പോൾ അറബ് രാഷ്ട്രങ്ങൾ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിക്കുകയും സുരക്ഷിതമായ അതിർത്തികൾ ഉറപ്പാക്കുകയും ചെയ്യണം. പ്രമേയം 242 അതിനു ശേഷം നടന്ന സമാധാന ശ്രമങ്ങളുടെ എല്ലാം അടിസ്ഥാന രേഖയാണെങ്കിലും അതിന്റെ വ്യാഖ്യാനത്തിലെ അവ്യക്തതയും പ്രമേയം പൂർണമായി നടപ്പിലാക്കാനുള്ള പരാജയവും ആണ് ഇന്നത്തെ സംഘർഷങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നായി പുസ്തകം കണ്ടെത്തുന്നത്. ഇസ്രായേൽ അധിനിവേശ ചരിത്രത്തിലെ നിർണായക ഉടമ്പടികളിൽ ഒന്നാണ് 2020 ൽ നിലവിൽ വന്ന അബ്രഹാം ഉടമ്പടി. ഈ കരാറിലൂടെ യുഎഇ, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തമ്മിൽ ഔദ്യോഗികമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ കരാറിലൂടെ മുസ്ലിം ബ്രദർഹുഡ് എന്ന പ്രസ്ഥാനത്തെ കൂടുതൽ നിയന്ത്രണത്തിൽ ആക്കി പ്രാദേശികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് പ്രസ്തുത കരാറിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന നിരീക്ഷണം പുസ്തകം പങ്കുവെക്കുന്നു. ഒന്നാം ഇൻതിഫാദയാണ് ഓസ്ലോ കരാറിലേക്കുള്ള സാഹചര്യമൊരുക്കിയത് എന്ന് കണ്ടെത്തുമ്പോൾ ഓസ്ലോ കരാറിന്റെ പരാജയമാണ് രണ്ടാം ഇൻതിഫാദയിലേക്ക് നയിച്ചത് എന്ന വിലയിരുത്തൽ ആണ് ഗ്രന്ഥകാരന്റെത്.

ഫലസ്തീൻ പോരാട്ടം കേവലം മത തത്വശാസ്ത്രത്തിൽ നിന്നുകൊണ്ടുള്ള പോരാട്ടം അല്ലെന്നും അറബ് ദേശീയത, സോഷ്യലിസം, കമ്മ്യൂണിസം, മതേതരത്വം തുടങ്ങിയ ആധുനിക ചിന്താധാരകളും ഫലസ്തീൻ പോരാട്ടങ്ങളുടെ ഭാഗമായിരുന്നു എന്ന് പുസ്തക വായനയിൽ നമുക്ക് കണ്ടെത്താം. പുസ്തകം ലൈല ഖാലിദിനെ കുറിച്ച് പറയുന്നുണ്ട്. മാർക്സിസ്റ്റ് ചിന്താധാരയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് അവർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് വിമാന റാഞ്ചലുകളെ കുറിച്ച് പുസ്തകം വാചാലമാകുന്നുണ്ട്. രചയിതാവ് ഹമാസിനെ കേവലം ഒരു പോരാട്ട പ്രസ്ഥാനം മാത്രമായല്ല, ജനകീയ പിന്തുണയുള്ള സാമൂഹിക സേവന ശൃംഖലകൾ ഉള്ള ഇസ്ലാമിക പ്രസ്ഥാനമായാണ് വിശേഷിപ്പിക്കുന്നത്. വ്യവസ്ഥാപിതമായ വംശഹത്യ നേരിടുന്ന ഫലസ്തീൻ ജനതയുടെ ദുരിത പർവം ലോക ജനതയ്ക്ക് വെളിവാക്കാൻ ഹമാസിനും ഫലസ്തീൻ പോരാളികൾക്കും തൂഫാനുൽ അഖ്സയിലൂടെ സാധിച്ചു എന്ന് പുസ്തകം വിലയിരുത്തുന്നുണ്ട്.

പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിൽ ഒന്ന് വിവിധ പ്രധാനമന്ത്രിമാരുടെ കാലങ്ങളിൽ ഇസ്രായേൽ -ഫലസ്തീൻ രാഷ്ട്രങ്ങളോട് ഇന്ത്യ കൈകൊണ്ട് നിലപാടുകളെ കുറിച്ചുള്ള ഭാഗമാണ്. ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള ഇന്ത്യയുടെ ഓരോ പ്രധാനമന്ത്രിമാരും എങ്ങനെയാണ് ഇസ്രായേലിനോടും ഫലസ്തീനോടും നയനിലപാടുകൾ സ്വീകരിച്ചിരുന്നത് എന്ന് സവിസ്തരം പുസ്തകം പ്രതിപാദിക്കുന്നു എന്നത് പ്രത്യേകമായി എടുത്തു പറയേണ്ട ഒന്നാണ്. ശൈഖ് അഹമ്മദ് യാസീൻ, ഖാലിദ് മിശ്അൽ, ഇസ്മായിൽ ഹനിയ്യ, യഹിയ സിൻവാർ, യാസിർ അറഫാത്ത് തുടങ്ങിയ പോരാട്ട വഴിയിലെ വിപ്ലവകാരികളിലൂടെയും അവരുടെ പോരാട്ട വഴികളിലൂടെയും പുസ്തകം സഞ്ചരിക്കുന്നുണ്ട്. ഇസ്രായേൽ ഫലസ്തീൻ ദ്വന്ദ യുദ്ധത്തിൽ ഫലസ്തീൻ അനുകൂല നിലപാടാണ് ഗ്രന്ഥകാരൻ കൈക്കൊള്ളുന്നത് എങ്കിലും വൈകാരിക ഭാവുകത്വം സ്വീകരിക്കാതെ രചനയെ അതിന്റെ അക്കാദമിക മികവോടെ നിലനിർത്തുവാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.

പുസ്തകത്തിലെ ഏതാനും ചില വരികൾ ഇങ്ങനെയാണ് –
“പ്രതിരോധ പ്രവർത്തനങ്ങളെ ഒരു പുണ്യപ്രവർത്തനമായി കാണുന്നതുകൊണ്ട് തന്നെ ഫലസ്തീനികൾക്ക് സംഭവിക്കുന്ന മുറിവുകൾ അവരെ പരാജിത മനസുകരാക്കുന്നില്ലെ. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ അതിജീവനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഭാഗമായാണ് ഇൻത്തിഫാദ രൂപപ്പെടുന്നത്. അതിനാൽ, സ്വാതന്ത്ര്യമോഹം സജീവമായി നിലനിൽക്കുന്ന ഫലസ്തീനികൾ ചെറുത്തുനിൽപ്പ് തുടരുക തന്നെ ചെയ്യും ”

ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിന്റെ നാൾ വഴികളെയും, പോരാട്ട ചിഹ്നങ്ങളെയും, ചിന്താധാരകളെയും സമഗ്രമായി ഉൾക്കൊള്ളുന്ന പുസ്തകം വിഷയത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടും നിരാശ പകരാത്ത വായന അനുഭവം സമ്മാനിക്കും. ഈ എഴുത്തിന്റെ തുടക്കത്തിൽ പറഞ്ഞുവെച്ച മുറീദ്ബർഗുതിയുടെ കവിത പോലെ രണ്ടാമത് തുടങ്ങുക എന്ന നയമാണ് കേരളത്തിൽ ഉൾപ്പെടെ ഒരു കൂട്ടർ ഫലസ്തീൻ – ഇസ്രായേൽ വിഷയത്തെ നോക്കി കാണാൻ സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാൽ രണ്ടാമത് തുടങ്ങിയ ഫലസ്തീനികൾ ആവും കുറ്റക്കാർ. ഈ കാരണത്താലും സത്യാനന്തരകാലം സൃഷ്ടിച്ചെടുത്ത വ്യാജ ബിംബങ്ങൾ നിമിത്തവും ഫലസ്തീനികൾ പലപ്പോഴും കുറ്റക്കാർ ആകാറുണ്ട്, അവരുടെ പോരാട്ടം കേവലം മതഭ്രാന്തായും, ഭീകരവാദമായും വ്യാഖ്യാനിക്കപ്പെടാറുണ്ട്. അത്തരം ഒരു സ്ഥിതിവിശേഷത്തിൽ ഡോക്ടർ സൈഫുദ്ദീൻ കുഞ്ഞിന്റെ ഈ ഉദ്യമം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഈ കാരണങ്ങളാൽ ഫലസ്തീൻ പ്രതിരോധ ചരിത്രവും ഭൗമ രാഷ്ട്രീയവും എന്ന പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതാണ്.

 

Related