November 19 Thursday 2026

വീണ്ടും പരാജയപ്പെട്ട NTA യും പിഴവിന്റെ വില നൽകേണ്ടിവരുന്ന വിദ്യാർത്ഥികളും ഗവേഷകരും

പരീക്ഷയെഴുതി റിസൾട്ടിനായി ആഴ്ചകളോളം കാത്തിരുന്നവരുടെ  നെഞ്ചിൽ ഇടുത്തി വീഴുന്ന പ്രഖ്യാപനമാണ് “ആദ്യം മുതൽ ഒന്നുകൂടി പഠിച്ച് വീണ്ടും വന്ന് പരീക്ഷയെഴുതണം” എന്ന NTA യുടെ പ്രഖ്യാപനം. NTA വരുത്തിവെക്കുന്ന തുടർച്ചയായ വീഴ്ചകളുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും ഭാരം മുഴുവൻ ചുമക്കേണ്ടിവരുന്നത് പാവം വിദ്യാർത്ഥികളും ഗവേഷകരും അവരുടെ രക്ഷിതാക്കളുമാണ്.

ജൂൺ 22 മുതൽ 30 വരെ നടന്ന UGC-NET പരീക്ഷയിലെ English, Commerce, Sociology എന്നീ മൂന്ന് വിഷയങ്ങളുടെ പരീക്ഷകളാണ് ഇപ്പോൾ റദ്ദാക്കി വീണ്ടും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചോദ്യപേപ്പറുകളിൽ നിറയെ വസ്തുതാപരമായ തെറ്റുകൾ, വിവർത്തനത്തിലെ അബദ്ധങ്ങൾ, ഭാഷാപിഴവുകൾ പോരാത്തതിന് ലോകപ്രശസ്തരായ പണ്ഡിതരുടെയും പുസ്തകങ്ങളുടെയും പേരുകൾ പോലും തെറ്റായാണ് ചോദ്യങ്ങളിൽ നൽകിയിരിക്കുന്നത്.

ഇതിലും വലിയ തമാശ എന്തെന്നുവെച്ചാൽ, Sociology പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണം മുമ്പ് ചോദിച്ച ചോദ്യങ്ങളിൽ നിന്ന് അക്ഷരം പ്രതി പകർത്തിയവയാണ്. ഇതിനെയൊക്കെ വെറുമൊരു “അച്ചടിപ്പിശക്” എന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാൻ NTA യ്ക്ക് എങ്ങനെ സാധിക്കുന്നു? ഒരു ദേശീയതല പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കാൻ നിർദ്ദിഷ്ട ഘട്ടങ്ങളിലൂടെയുള്ള പരിശോധനകളും വിദഗ്ധ സമിതികളുമൊക്കെയുണ്ട്. ചോദ്യങ്ങൾ ശരിയാണോ, വിവർത്തനത്തിൽ അർഥം മാറിയിട്ടുണ്ടോ, മുൻവർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചിട്ടുണ്ടോ എന്നൊന്നും നിരീക്ഷിക്കാൻ NTA യ്ക്ക് യാതൊരു സംവിധാനവുമില്ലേ? ഇതൊന്നും പരിശോധിക്കാതെ തട്ടിക്കൂട്ടിയ ചോദ്യപേപ്പറുകളാണ് പരീക്ഷയെഴുതിയവരുടെ കൈയിൽ കൊടുത്തതെങ്കിൽ, ഈ തകർന്ന സംവിധാനത്തെക്കുറിച്ച് കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി പറഞ്ഞേ തീരൂ!

ചോദ്യപേപ്പറിലെ അബദ്ധങ്ങൾ പരീക്ഷ കഴിഞ്ഞ ദിവസം തന്നെ ചൂണ്ടിക്കാണിച്ചാണ്. എന്നിട്ടും തീരുമാനമെടുക്കാൻ NTA യ്ക്ക് വേണ്ടിവന്നത് ഒന്നര മാസത്തെ സമയം! ഒടുവിൽ English, Commerce പരീക്ഷകൾ സെപ്റ്റംബർ 9നും Sociology പരീക്ഷ സെപ്റ്റംബർ 10നും വീണ്ടും നടത്താൻ ഉത്തരവിറക്കി കൈകഴുകി.

മാസങ്ങളോളം രാത്രിയെ പകലാക്കി പഠിച്ചവർ ഇനി ആദ്യമേ മുതൽ പുസ്തകം തുറക്കണം. വീണ്ടും പരീക്ഷാകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യണം, റൂം വാടകയും യാത്രാച്ചെലവും വീണ്ടും പോക്കറ്റിൽ നിന്ന് എടുക്കണം. JRF, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, PhD പ്രവേശനം എന്നിവ സ്വപ്നം കണ്ട് നിൽക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതമാണ് ഇങ്ങനെ വഴിയിലാകുന്നത്. ഇനി പുനഃപരീക്ഷ കഴിഞ്ഞാലെങ്കിലും ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ NTA തയ്യാറാകണം. അതോടൊപ്പം, ഈ താമസം കാരണം സർവകലാശാലകളിലെ അഡ്മിഷനും നിയമനങ്ങളും വൈകാതിരിക്കാൻ UGC അടിയന്തര ഇടപെടൽ നടത്തണം. NTA വരുത്തിവെക്കുന്ന ക്രിമിനൽ അനാസ്ഥയുടെ നഷ്ടം പരീക്ഷ എഴുതിയവർ മാത്രം സഹിക്കണമെന്നത് എവിടുത്തെ നീതിയാണ്?

NTAയുടെ ക്രൂരമായ മറ്റൊരു ചൂഷണമാണ് അവരുടെ ‘answer key challenge’ സംവിധാനം. ചോദ്യപേപ്പറിൽ NTA വരുത്തിവെച്ച മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ ഒരു ചോദ്യത്തിന് ₹200 വീതം നൽകണമെന്നാണ് വ്യവസ്ഥ! സ്വന്തം തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ഉയർന്ന ഫീസ് ഈടാക്കുന്നത് എന്ത് തരം പകൽക്കൊള്ളയാണ്?

പുതിയ വിദഗ്ധരെ കൊണ്ടുവന്നതുകൊണ്ടോ പരിശോധനയുടെ ഘട്ടങ്ങൾ കൂട്ടിയതുകൊണ്ടോ മാത്രം ഈ അഴുകിയ സിസ്റ്റം നന്നാകില്ല. പരീക്ഷാ നടത്തിപ്പിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് പരസ്യമാക്കണം. ചോദ്യപേപ്പർ തയ്യാറാക്കിയത് ആര്, അത് പരിശോധിച്ച അക്കാദമിഷ്യന്മാർ ആര്, വിവർത്തനം നടത്തിയത് ആര്, അന്തിമ അംഗീകാരം നൽകിയത് ആര് തുടങ്ങിയ വിവരങ്ങൾ പുറത്തുവരികയും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുകയും വേണം.

ചോദ്യപേപ്പർ തയ്യാറാക്കാൻ മനുഷ്യർക്ക് പകരം AI (കൃത്രിമ ബുദ്ധി) ഉപയോഗിച്ചെന്ന ആരോപണവും ശക്തമാണ്. ഇത് ദേശീയ പരീക്ഷകളുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. എല്ലാ ദേശീയതല പരീക്ഷകളുടെയും ചുമതല ഒരൊറ്റ കേന്ദ്രീകൃത ഏജൻസിയെ ഏൽപ്പിക്കുന്ന രീതി എത്രമാത്രം പരാജയമാണെന്ന് ഓരോ ദിവസവും തെളിയുകയാണ്. ഇത് രാജ്യത്തെ വിദ്യാഭ്യാസ വ്യവസ്ഥയിൽ നിലനിൽക്കുന്ന വിവേചനം വർദ്ധിപ്പിക്കുകയെ ഉള്ളൂ. വിദ്യാഭ്യാസ വിരുദ്ധമായ ദേശീയ വിദ്യാഭ്യാസം നയം 2020ൻ്റെ ഭാഗമായി രൂപീകരിച്ച ഈ സംവിധാനത്തിന്റെ പ്രായോഗികതയെ സംബന്ധിച്ച് അന്നേ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക – വിദ്യാർത്ഥി സംഘടനകളും സംശയമുന്നയിച്ചിരുന്നു!

NET പരീക്ഷയുടെ നടത്തിപ്പ് പഴയതുപോലെ തന്നെ UGC, CSIR എന്നീ അക്കാദമിക സ്ഥാപനങ്ങളെ തിരികെ ഏൽപ്പിക്കണം. അതേപോലെ, എല്ലാ കേന്ദ്രീകൃത പരീക്ഷകളും പഴയതുപോലെതന്നെ വികേന്ദ്രീകത രീതിയിലേക്ക് മാറ്റണം. ഈ പുനഃപരീക്ഷ മൂലം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ NTA തയ്യാറാകണം. പരീക്ഷകളുടെ അക്കാദമിക നിലവാരവും സുതാര്യതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രസർക്കാരിനും ഒളിച്ചോടാനാകില്ല.

Related