‘കലാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത കേരളത്തില്‍ അതിന്റെ ആശയ അടിത്തറയായ ജാതീയത ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍’ (ദേശാഭിമാനി ഓണ്‍ലൈന്‍ 24-04-2026). അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നിതിന്‍രാജ് എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പത്രസമ്മേളനത്തെ കുറിച്ചുള്ള ദേശാഭിമാനി വാര്‍ത്തയിലെ വരികളാണിത്. കേരളത്തില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു എന്നവകാശപ്പെട്ടിരുന്ന ജന്മിത്തത്തിന്റെ ആശയ അടിത്തറ ജാതീയത ആയിരുന്നു എന്നാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് ലോകത്തിന്റെ തന്നെ ആകെ പ്രശ്‌നമെന്ന് സിദ്ധാന്തിച്ചവരുടെ ഈ നിലപാട് മാറ്റം നാം ശ്രദ്ധയോടെ കാണണം. ജാതിയില്ലാ കേരളം, ജാതിരഹിത കേരളം തുടങ്ങിയ പുരോഗമന നാട്യങ്ങളുടെ കേരളത്തില്‍ ജാതിയും അതിന്മേലുള്ള വിവേചനങ്ങളും ചൂഷണങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് അംഗീകരിക്കുന്നത് തന്നെ വലിയ കാര്യമാണ്. സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടതുപക്ഷ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ നിരീക്ഷണത്തെ കേരളം കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കണം. ഭൂപരിഷ്‌കരണ ‘വിപ്ലവ’ത്തില്‍ പിന്നാക്ക ജനതയെ പുറന്തള്ളിയപ്പോഴും മന്ത്രി കെ. രാധാകൃഷ്ണന്‍ പരസ്യമായി വിവേചനം നേരിട്ടപ്പോഴും ജാതിയെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ജന്മിത്തത്തിന്റെയും വംശീയതയുടെയും ആശയ അടിത്തറ സവര്‍ണ്ണതയാണെന്ന് മനസ്സിലാക്കാന്‍ വൈകുന്നതിന്റെ ന്യായം ഇനിയും മനസ്സിലായിരുന്നില്ല. ഇടതുപക്ഷ സൈദ്ധാന്തികരും ബുദ്ധിജീവികളും ജാതിയെ ഒരു പ്രശ്‌നമായി നിരീക്ഷിക്കുന്നത് കാണാറുണ്ട്. അതൊരു വര്‍ഗ്ഗ പ്രശ്‌നമാണെന്ന് സിദ്ധാന്തിച്ചവരും അക്കൂട്ടത്തിലുണ്ട്. അപ്പോഴും ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ പിന്നാക്കാവസ്ഥക്ക് കാരണം ജാതിയാണെന്ന് അവര്‍ തുറന്ന് സമ്മതിക്കാറുണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുന്നു എന്നത് തീര്‍ച്ചയായും ശുഭകരമാണ്.
നിതിന്‍ രാജിന്റെ മരണം കേവലം ഒരു വിദ്യാര്‍ത്ഥിയുടെ മരണമല്ല; അതൊരു ജനതയുടെ തന്നെ പ്രതീക്ഷകള്‍ക്കു മേലുള്ള അതിക്രമമാണ്. സവര്‍ണ്ണ സമൂഹങ്ങളില്‍ നിന്നും നിരവധി പേര്‍ ഡോക്ടര്‍ ആവുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്. അതിനുള്ള അവസരങ്ങള്‍ അവര്‍ക്കു മുന്നില്‍ ധാരാളമായി തുറന്നു കിടപ്പുണ്ട് എന്നതാണ് ശരി. എന്നാല്‍, പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടി പഠിക്കാന്‍ എത്തുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നിതിന്‍ രാജ്. വലിയ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയുമാണ് അദ്ദേഹം അവിടെ പഠിച്ചു കൊണ്ടിരുന്നത്. അതിന്‍മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് ഒരു ജാതിക്കൊല കൂടി കേരളത്തില്‍ നടന്നിട്ടുള്ളത്.
ഒരു ജനതയുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും മുന്നില്‍ നടക്കാന്‍ അവസരം ലഭിക്കുന്നവര്‍ സാമ്പത്തികവും വൈജ്ഞാനികവുമായ പുരോഗതിയിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്തുന്നവര്‍ കൂടിയാണ്. ഈ വഴികളിലൂടെ സഞ്ചരിച്ച മുന്‍ഗാമികള്‍ അവരില്‍ ഏറെയൊന്നും ഉണ്ടാവില്ല. പുതിയ തലമുറയില്‍ നിന്നും ഉന്നത മേഖലകളിലേക്ക് എത്തിച്ചേരുന്ന ചെറുപ്പത്തിന്റെ സാന്നിധ്യവും ഉയര്‍ച്ചയുമാണ് അവരുടെ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ദിശ നിര്‍ണയിക്കുന്നതും കരുത്താവുന്നതും. ഈ മുന്നേറ്റമാണ് നിതിന്‍ രാജിന്റെ മരണത്തിലൂടെ തടസ്സപ്പെട്ടത്. പിന്നാക്ക ജനതയുടെ ഉയിര്‍പ്പിന് സവര്‍ണ്ണത നല്‍കിയ വല്ലാത്ത പ്രഹരം തന്നെയാണിത്. തികച്ചും മാപ്പര്‍ഹിക്കാത്ത കുറ്റം.
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടുന്നതിനുള്ള നിയമനടപടികള്‍ വേഗത്തിലാക്കേണ്ട കേരള സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരെ നോയിഡയില്‍ നിന്നും തൂക്കിയെടുക്കാന്‍ കാണിച്ച ഉത്സാഹം ഡോ. റാമിന്റെ കാര്യത്തില്‍ കേരള പൊലീസിനില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നതാണ് പറയുന്ന ന്യായം. അതാണോ യഥാര്‍ത്ഥ്യം? ഇരയാക്കപ്പെട്ടത് ഒരു സവര്‍ണനായിരുന്നെങ്കില്‍ പൊലീസ് ഈ അവധാനത തുടരുമായിരുന്നോ?
പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇരകളാകുന്ന കേസുകളില്‍ കേരള പൊലീസിന്റെ അന്വേഷണ ചരിത്രം മറ്റൊന്നല്ല. മരണപ്പെട്ടത് ഒരു മുന്നോക്ക ജാതിക്കാരനായിരുന്നുവെങ്കില്‍ പ്രതികളെ പിടികൂടുന്ന നടപടികള്‍ വൈകാറില്ല. ഇരകള്‍ക്ക് സാന്ത്വനമായി സര്‍ക്കാരും രംഗത്തുണ്ടാവും. അക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്ന് പറയാതെ വയ്യ. പഴയിടം നമ്പൂതിരി അനാദരിക്കപ്പെട്ടു എന്ന് കേട്ടപ്പോഴേക്കും മന്ത്രി വാസവന്‍ നേരിട്ടെത്തിയാണ് സാന്ത്വനം നല്‍കിയത്. സവര്‍ണനായ സര്‍ക്കാര്‍ ജീവനക്കാരന്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് സിപിഎമ്മിന്റെ സമുന്നത വനിതാ നേതാക്കളില്‍ ഒരാളായ പി.പി ദിവ്യ ആയിരുന്നിട്ടും നടപടികള്‍ വൈകിയില്ല. സഖാവിനെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം സവര്‍ണ്ണ പക്ഷമാണെന്നാണ് സര്‍ക്കാര്‍ തെളിയിച്ചത്. മധു, വിനായകന്‍, സിദ്ധാര്‍ത്ഥ്, അഭിമന്യു തുടങ്ങിയ എത്രയോ പേരുകള്‍ നമുക്ക് പരിചിതമാണ്. ഇവരുടെയെല്ലാം മരണത്തിനു പുറകിലെ കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശുഷ്‌കാന്തിയില്ലാത്ത സര്‍ക്കാര്‍ നയത്തെ സവര്‍ണ്ണതയോട് പക്ഷം ചേര്‍ന്നവര്‍ എന്നു മാത്രമേ വിളിക്കാനാവൂ.
ഇത്തരം സംഭവങ്ങള്‍ കാമ്പസുകളില്‍ തടയുന്നതിന് വേണ്ടി രോഹിത് ആക്ട് നടപ്പിലാക്കണമെന്നത് പുതിയ ഒരു ആവശ്യമല്ല. ചുരുങ്ങിയത് ഒമ്പത് വര്‍ഷത്തോളമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അടക്കമുള്ള ധാരാളം സംഘടനകളും മറ്റും ഈ ആവശ്യം ഇന്ത്യയുടെയും കേരളത്തിന്റെയും തെരുവുകളിലും ഭരണകൂടങ്ങളോടും ഉന്നയിച്ചു കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴെല്ലാം രോഹിത് ആക്ട് കേരളത്തില്‍ എന്തിന് നടപ്പിലാക്കണം എന്ന് പരിഹസിച്ചവരായിരുന്നു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും സൈദ്ധാന്തികരും. അതേ സഖാക്കള്‍ ഇന്ന് ആവശ്യപ്പെടുന്നത് രോഹിത് ആക്ട് നടപ്പിലാക്കണം എന്നാണ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ശിവപ്രസാദും സിപിഎം നേതാവ് ഡോ. തോമസ് ഐസക്കും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അതിനുവേണ്ടി വാദമുഖങ്ങള്‍ നിരത്തി. അധികാരമുണ്ടായിരുന്ന പത്തുകൊല്ലത്തില്‍ ഇതെന്തേ നടപ്പിലാക്കിയില്ല എന്ന മറുചോദ്യത്തിന് കേന്ദ്രസര്‍ക്കാരാണ് പ്രതികള്‍ എന്നായിരുന്നു ഉത്തരം. ആര്‍ജവമില്ലായിരുന്നു എന്നു പറയലാണ് ശരിക്കും മര്യാദ. കര്‍ണാടക സര്‍ക്കാര്‍ ഈ ആക്ട് നടപ്പിലാക്കുന്നതിനുള്ള ബില്ല് അവതരിപ്പിച്ചു. തെലുങ്കാനയില്‍ പ്രാഥമിക നടപടികളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അപ്പോഴും ജാതിയെ ലാബ് പരിശോധനക്ക് അയച്ച് കാത്തിരിക്കുകയായിരുന്നു. മാനവ രക്തത്തില്‍ പരിശോധിച്ചാല്‍ സാധാരണയായി ജാതി പ്രത്യക്ഷത്തില്‍ കണ്ടെത്താന്‍ കഴിയാറില്ലെങ്കിലും ഈ വിഷയത്തില്‍ ടെസ്റ്റ് റിസല്‍റ്റുകളില്‍ ചില സംശയ പ്രകടനങ്ങള്‍ ആസ്ഥാന ടെക്‌നീഷ്യനായ ഗോവിന്ദന്‍ മാഷ് തന്നെ നടത്തിയെന്നത് ആശ്വാസകരമാണ്.
നിതിന്‍ രാജിന്റെ നീതിക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ കേരള സമൂഹം ഏറ്റെടുക്കേണ്ട ഒരു പോരാട്ടമാണ്. ഒരു ജനതയുടെ മുന്നേറ്റം തടയപ്പെട്ടതിന്റെ പ്രതിഷേധം കൂടിയാണത്. പിന്നാക്ക സമൂഹങ്ങളെ അടിച്ചമര്‍ത്താനും അവകാശങ്ങള്‍ നിഷേധിച്ച് ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്ന സവര്‍ണ്ണ വംശീയതയെ വളരാന്‍ അനുവദിക്കില്ലെന്ന് കേരളത്തിന്റെ പൊതുസമൂഹം ഒന്നായി പ്രഖ്യാപിക്കുന്ന ഒരു പോരാട്ടമാണത്. ഐക്യപ്പെടുന്നവര്‍ നീതിയുടെ പക്ഷത്തുള്ളവരും ഐക്യപ്പെടാത്തവര്‍ അനീതിയുടെ പക്ഷത്തോടു ചേര്‍ന്നുനില്‍ക്കുവാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. വികലമായ ന്യായീകരണങ്ങള്‍ കൊണ്ട് അതിനെ മറികടക്കുക സാധ്യമല്ല. ഒരു ജനത അവരുടെ അതിജീവനത്തിനു വേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോഴും അതിനുവേണ്ടി നിരന്തരം പ്രഹരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഒളിഞ്ഞിരിക്കാതെ അവര്‍ക്കൊപ്പം അണിനിരക്കാനാവുന്നതാണ് ജനാധിപത്യത്തെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കി തീര്‍ക്കുന്നത്. നിതിന്‍ രാജിന് നീതി ലഭിക്കട്ടെ.
