August 11 Tuesday 2026

തെരഞ്ഞെടുപ്പ് പരാജയം: വലിയൊരു അഴിച്ചുപണി നടത്താതെ സിപിഐക്കോ സിപിഎമ്മിനോ നിലനിൽപില്ല – ടി.ടി ശ്രീകുമാർ

നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻറെ കനത്ത പരാജയത്തിന്, പരിശോധിച്ചാൽ കാരണങ്ങളൊരുപാട് കണ്ടെത്താനാവുമെന്നും സമരങ്ങളെ അവഗണിച്ചത് എൽഡിഎഫിന് വലിയ തിരിച്ചടി ആയെന്നും എഴുത്തുകാരനും ചിന്തകനുമായ ടി.ടി ശ്രീകുമാർ. കേരള ഇൻസൈറ്റ് യൂടൂബ് ചാനലിനുവേണ്ടി കെ.എസ് ഹരിഹരനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ടി.ടി ശ്രീകുമാർ ഇങ്ങനെ പ്രതികരിച്ചത്.

‘തുടർ ഭരണം’ എന്ന വാക്യത്തിലുള്ള പ്രചരണം ആണോ എൽഡിഎഫിനെ പരാജയത്തിലേക്ക് നയിച്ചത്? എന്ന കെ.എസ് ഹരിഹരൻറെ ചോദ്യത്തോട് ടി.ടി ശ്രീകുമാർ നടത്തിയ പ്രതികരണം:

ഏതൊരു പാർട്ടിയും മത്സരിക്കുന്നത് ജയിക്കാൻ ആണല്ലോ. ലോകത്തിലെ ആഗോള സാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭരണം എടുത്തു പറയാൻ പറ്റുന്നത് ത്രിപുര, ബംഗാൾ, എന്നിവിടങ്ങളിലെ ഭരണമാണ്. പിന്നെയുള്ളത് കേരളത്തിലെ എൽഡിഎഫ് ഭരണമാണ്. ഏതൊരു പാർട്ടിയാണെങ്കിലും അതിന്റെ ആന്തരിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ തിരിച്ചടികൾ ഉണ്ടാകും. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിട്ടു എന്നും സിപിഎം കഴിഞ്ഞ അഞ്ചുവർഷം അല്ലെങ്കിൽ പത്ത് വർഷം ഈ പ്രശ്നങ്ങളെ എങ്ങനെ നേരിട്ടു എന്നും എന്തൊക്കെയാണ് മാറ്റേണ്ടത്, എന്തൊക്കെയാണ് കൂട്ടിച്ചേർക്കേണ്ടത്, എന്നൊക്കെയുള്ളത് ആഭ്യന്തരപരമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. പ്രശ്നങ്ങൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം, പ്രശ്നങ്ങൾ ഉണ്ടായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്തത് അവരുടെ പ്രശ്നമാണ്. ഇതൊക്കെ ആയിരിക്കാം തോൽവിയുടെ കാരണങ്ങൾ. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് ആദ്യമായിട്ടല്ലല്ലോ. ഇപ്പോഴത്തെ പ്രതിസന്ധി, ബംഗാളിലും ത്രിപുരയിലും ഉണ്ടായ പോലെ നിർമൂലനത്തിന്റെ യുക്തി ഇല്ലാതാവുക എന്നതാണ്. അത് ഉണ്ടാവാതെ നോക്കേണ്ടത് എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഉത്തരവാദിത്വമാണ്.

ഒന്നല്ല പരാജയ കാരണം, ഒരുപാട് കാരണങ്ങളാണ്. ഭരണകാരണങ്ങൾ, സമരങ്ങളെ നേരിട്ട രീതിയിലുള്ള വിമർശനം, സമരങ്ങളോട് പൊലീസ് സ്വീകരിച്ച നിലപാട്, ഇവയെല്ലാമാണ്. യുവതി യുവാക്കൾ സമരം ചെയ്യുന്നതും ആദ്യമായിട്ടല്ലല്ലോ. യുഡിഎഫ് സർക്കാരിന്റെ ആണെങ്കിൽ യൂത്ത് കോൺഗ്രസ്, എൽഡിഎഫ് സർക്കാരിന്റെ ആണെങ്കിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ ഒക്കെയാണല്ലോ.

കരുണാകരൻ മുഖ്യമന്ത്രിയും വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും വിദ്യാർഥി പ്രവർത്തനം നടത്തിയിരുന്നവരാണ് ഇന്നത്തെ പല കമ്യൂണിസ്റ്റ് നേതാക്കളും. അന്നത്തെ കാലത്ത് എത്ര ഭീകരമായ മർദ്ദനമാണ് വിദ്യാർത്ഥി പ്രസ്ഥാനം നേരിട്ടത് എന്നുള്ളത് നമുക്കറിയാവുന്നതാണല്ലോ. അക്കാലത്ത് പൊലീസ് അസോസിയേഷൻ അവരുടെ യൂണിഫോമിന്റെ കാര്യത്തെപ്പറ്റി സംസാരിക്കാൻ കരുണാകരനെ കാണാൻ പോയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
“കന്നിനോട് ചോദിച്ചിട്ടല്ല കലപ്പ വയ്ക്കുന്നത് “.

അന്നത്തെ യുവജന കാണുന്നത് പോലെയല്ല, ഇപ്പോഴത്തെ ജെൻസി കാലഘട്ടത്തിലെ കുട്ടികൾ പൊലീസിനെ കാണുന്നത്. കരുണാകരന്റെ അതേ കാലത്തെ രീതിയിലാണ് പിണറായി സർക്കാരും നിന്നിരുന്നത്. പൊലീസിനെ കെട്ടഴിച്ച് വിട്ടുള്ള രീതികൾ ആയിരുന്നു അത്. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടത് പാർട്ടിയാണ്. വരുന്ന തെരഞ്ഞെടുപ്പിനെ അത് സാരമായി തന്നെ ബാധിക്കും. അതൊരിക്കലും പാർട്ടി അണികൾക്ക് ജനങ്ങളുടെ പ്രതിഷേധത്തെ പിടിച്ചുനിർത്താൻ കഴിയില്ല. എന്നാൽ, ഇത് മാത്രമാണോ എൽഡിഎഫ് നേരിട്ട് പരാജയത്തിന് കാരണം?

ഒരു ഇടതുപക്ഷ സമീപനത്തോടുകൂടി ജനങ്ങളെ സമീപിക്കാൻ കഴിയുന്ന സാഹചര്യം ആഗോളതരത്തിലും അഖിലേന്ത്യ തലത്തിലും ഇല്ലാതായിരിക്കുകയാണ്. ഇനിയുള്ള പ്രതിസന്ധി ഇതുതന്നെയാണ്. എന്ത് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ അവർ നേരിടും?

കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളോട് സംസാരിക്കുന്നതിനൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം പറയാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പിൻവലയേണ്ടി വരും. റഷ്യയിൽ ആണെങ്കിലും ചൈനയിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും ഇതൊരു പ്രശ്നം തന്നെയാണ്. കമ്യൂണിസ്റ്റ് ഭാഷ എങ്ങനെ തിരിച്ചു പിടിക്കും എന്നുള്ളതാണ് പ്രധാന പ്രശ്നം. പ്രതിരോധത്തിന്റെ ഇടതുപക്ഷ ഭാഷ പുതുതായി നിർമിച്ചെടുക്കേണ്ട ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ഉള്ളത്. അതിന് വിശ്വാസ്യത ഉണ്ടാക്കിയെടുക്കണം. മാർക്സിസത്തെ എതിർക്കാൻ ഒരു വരി മതി. പക്ഷേ, അവർക്ക് അത് പ്രതിരോധിക്കാൻ ആ ഒരു വരിയുടെ മറുപടി പോരാതെ വരുന്നു.

സർക്കാരുകളുടെ തുടക്കകാലങ്ങളിലും അഞ്ചാം വർഷത്തിലും ചെയ്യുന്നതിനേക്കാളും കുറച്ചുകൂടി സാമൂഹികപരമായി എന്ത് ചെയ്യാൻ കഴിയും എന്നും അതിന്റെ പ്രകടനപത്രിക എന്തായിരിക്കണം എന്നുമുള്ള ഒരു പുനർവിധി നിർണയം നടത്തേണ്ടിയിരിക്കുന്നു. ഇതിനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് പാർട്ടി. പക്ഷേ, അടുത്ത പ്രകടനപത്രിക എന്താണ് എന്നുള്ള അടിസ്ഥാന പ്രശ്നം കൃത്യമായി നിർവചിക്കാൻ കഴിയുന്നില്ല എങ്കിൽ വീണ്ടും തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഒരു അവസ്ഥ വരും.

സിപിഎമ്മിന് വലിയതോതിൽ സീറ്റ് കുറഞ്ഞു. കപ്പിത്താന് പാർട്ടിക്ക് അകത്തുതന്നെ വിമർശനങ്ങൾ ഉണ്ടായി. സിപിഐയും പ്രതിസന്ധിയിലാണ്. ജയിച്ചുകൊണ്ടിരുന്ന പല സീറ്റുകളും പോയി. സിപിഎമ്മിന്റെ വിമതർ എംഎൽഎമാരായി നിയമസഭയിലുണ്ട്. വലിയൊരു അഴിച്ചുപണി നടത്താതെ ഇനി സിപിഐക്കോ സിപിഎമ്മിനോ പറ്റില്ല. ആന്തരികമായി അഴിച്ചു പണിയുന്ന രീതി, പ്രാദേശികമായുള്ള പ്രശ്നങ്ങൾ കണ്ട് പരിഹാരം കണ്ടെത്തുന്ന രീതി. ഇവ രണ്ടുമാണ് പ്രധാന രീതികൾ. ഇടതുപക്ഷ മുന്നണിക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കാതെ ഇനി മുന്നോട്ടു പോകാൻ സാധിക്കില്ല.

ന്യൂനപക്ഷ പാർട്ടികൾ ആണെങ്കിലും മറ്റു ജനാധിപത്യ പാർട്ടികൾ ആണെങ്കിലും അവരെ വീണ്ടും സ്വീകരിച്ച് അവർക്ക് അർഹമായ ശബ്ദം കൊടുക്കണം. പ്രധാനമായും ഇടതുപക്ഷ മുന്നണിയിലേക്ക് വരുന്ന ജനാധിപത്യ പാർട്ടികൾക്ക് പിന്നീട് വളരാൻ സാധിക്കുന്നില്ല. പ്രധാനമായും സിപി എമ്മും സിപിഐയും തന്നെയാണല്ലോ. സിപിഐ തന്റെ ട്രേഡ് യൂണിയൻ രംഗത്തും, എഐവൈഎഫ്, ബാലവേദി, മഹിളാ സംഘടന, എഐടിയു സി, ഇതൊക്കെ ഉള്ളതുകൊണ്ട് നിലനിന്നു പോകുന്നു. ആന്റണിയുടെ കോൺഗ്രസ് തിരിച്ചുപോയി, മാണി-കോൺഗ്രസ് തിരിച്ചുപോയി, ജനതാ പാർട്ടിയുടെ ഘടകങ്ങൾ, ആർഎസ്പിയുടെ ഒരു ഭാഗം, അവർക്കൊന്നും നിലനിർപ്പുണ്ടായില്ല. അവർക്ക് വളരാനുള്ള സാഹചര്യമില്ലെങ്കിൽ അവരുടെ ബഹുജന അടിത്തറ ക്ഷയിക്കുന്നു എന്നാണെങ്കിൽ അവർ വലതുപക്ഷത്തേക്ക് പോകുന്നു എന്നാണ് അർത്ഥം.

ജനങ്ങൾക്ക് ബോധ്യമാകുന്ന ഒരു ജനാധിപത്യ സംവിധാനം ഇടതുപക്ഷ ജനാധിപത്യം മുന്നണിക്കകത്തുണ്ടാവണം. എങ്കിൽ മാത്രമേ ഐക്യമുന്നണി നിലനിൽക്കുകയുള്ളൂ. അവിചാരിതമായി മാണി-കോൺഗ്രസ് ഇതിനകത്ത് വന്നതൊഴിച്ചാൽ ബാക്കി കക്ഷികൾ ഒക്കെ ഇതിനകത്ത് നിന്ന് തന്നെ ജീർണിച്ച് ദ്രവിച്ചു പോയ പാർട്ടികളാണ്. ഒരു മുന്നണിയിൽ ഒരു പാർട്ടിയുണ്ടെന്നു പറഞ്ഞാൽ ആ പാർട്ടിക്ക് ഒരു ബഹുജന അടിത്തറ ഉണ്ടാവണം. അങ്ങനെയുള്ളവർക്ക് കൂടി നിലനിൽക്കാനുള്ള സാഹചര്യം ഇടതുമുന്നണിയിലുണ്ടാവണം. ഇല്ലെങ്കിൽ ഇടതുപക്ഷ പാർട്ടികൾ മാത്രമായി പോകും. ഇപ്പോൾ സിപിഐയും സിപിഎമ്മും അല്ലാതെ ബഹുജന അടിത്തറയുള്ള പാർട്ടികൾ ഇടതുപക്ഷ മുന്നണിയിലില്ല. ഇതൊരു രാഷ്ട്രീയ പരാജയമാണ്. മുന്നണിയിൽ ഉണ്ടായിരുന്ന പാർട്ടികൾ മുന്നണിയിൽ നിന്ന് പോയതും നിലനിന്ന വിഭാഗങ്ങൾ ദ്രവിച്ചു പോയതും ഇടതുപക്ഷ മുന്നണിയുടെ വിശ്വാസ്യതയാണ് ബാധിച്ചിട്ടുള്ളത്.

courtesy: https://www.youtube.com/@Kerala_Insight

 

Related