“മുസ്ലിം വർഗീയതയ്ക്ക് ഒരിക്കലും ഇന്ത്യൻസമൂഹത്തിൽ ആധിപത്യം സ്ഥാപിക്കാനോ ഇവിടെ ഫാസിസം കൊണ്ടുവരാനോ കഴിയുകയില്ല. ഹൈന്ദവ വർഗീയതയ്ക്ക് മാത്രമേ അതിന് കഴിയൂ. അതുകൊണ്ട് നാം വളരെ ജാഗരൂകരായിരിക്കുകയും മറ്റെന്തിനെക്കാളും ഉപരി ഹൈന്ദവ വർഗീയതയ്ക്കെതിരെ പോരാടുകയും വേണം. ”
“ആർ എസ് എസ്സിന്റെ രാഷ്ട്രീയം വർഗീയവും അക്രമാസക്തവുമാണ് അവരുടെ വളർച്ചയെ നാം തടയിട്ടു നിർത്തണം തന്ത്രപൂർവ്വം അവർ നമ്മെ വഞ്ചിച്ചേക്കും”
“ഇന്ത്യയുടെ പല ഭാഗങ്ങളില്‍നിന്നും ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വളരെ മൃദുവായി സംസാരിക്കുക എന്നതാണ് ആര്‍.എസ്.എസ് രീതി.
അവരുടെ മൊത്തം പ്രത്യയശാസ്ത്രവും പ്രവര്‍ത്തനവും മറിച്ചാണ്.നാം ഇക്കാലമത്രയും പിന്തുടര്‍ന്നുവന്ന ആശയങ്ങള്‍ക്കെതിരെയാണത്.തെറ്റായ ഈ ആശയങ്ങള്‍ വ്യാപിപ്പിക്കുന്നതിനോട് ഗവണ്മെന്റിന് സഹിഷ്ണത കാണിക്കാനാവില്ല.പ്രൊവിന്‍ഷ്യല്‍ ഗവണ്മെന്റുകള്‍ ഇതിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.ആര്‍.എസ്.എസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മറ്റുപല വേഷങ്ങളിലുമാണ്.ആ പേരുകളില്‍ ഭ്രമിച്ചുകൂടാ.അതിനു പിന്നിലുള്ള ഉള്ളടക്കമാണ് കണ്ടെത്തേണ്ടത്.” ¹
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാർക്ക് പല ഘട്ടങ്ങളിലായി അയച്ച കത്തുകളിലെ വരികളാണിത്. ഹിന്ദുത്വത്തിനെതിരെ ഇങ്ങനെ ചങ്കൂറ്റത്തോടെയുള്ള വർത്തമാനം പറയാൻ കെൽപ്പുള്ള പ്രധാനമന്ത്രിമാർ ഈ രാജ്യത്തിന് ഉണ്ടായിട്ടുണ്ടോ എന്ന് ഒരുപക്ഷേ ഇത് വായിക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം,പുതുതലമുറയ്ക്ക് ഇന്നത്തെ നവ സാമൂഹിക ചുറ്റുപാടിൽ വിശേഷിച്ചും.
എന്നാൽ അങ്ങനെയൊരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്.1947ലെ വിഭജനകാല വംശീയ അക്രമണങ്ങളിൽ ആർ.എസ്.എസിന് പങ്കുണ്ട് എന്ന് അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി വല്ലഭായി പട്ടേലിന് കത്തയച്ച മനുഷ്യസ്നേഹിയായ പ്രധാനമന്ത്രി.ബാബരി മസ്ജിദിൽ രാമ വിഗ്രഹം പ്രത്യക്ഷപ്പെട്ടപ്പോൾ അതെടുത്ത് സരയൂ നദിയിൽ ഒഴുക്കാൻ അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ പന്തിനോട് പറയാനും, സോമധാക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോയ രാജേന്ദ്രപ്രസാദിനോട് അതിന്റെ വർഗീയ മുതലെടുപ്പിനെ കുറിച്ച് ഉണർത്താനും മറക്കാതിരുന്ന പ്രധാനമന്ത്രി.
ആ പ്രധാനമന്ത്രിയെ കുറിച്ച് ഇന്ത്യയുടെ വിശ്വവിഖ്യാത ചരിത്രകാരൻ ബിബിൻ ചന്ദ്ര പറഞ്ഞത് ഇങ്ങനെയാണ്
“His commitment to secularism was total and unprecedented and all pervasive ”
“മതേതരത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത സമ്പൂർണ്ണവും അഭൂതപൂർവവും സർവ്വവ്യാപിയുമായിരുന്നു”
ഇന്ത്യൻ മതേതരത്വത്തിന്റെ കാവൽക്കാരൻ മാത്രമായിരുന്നില്ല അദ്ദേഹം.ഇന്ത്യൻ നയതന്ത്ര രൂപീകരണത്തിന്റെ ശില്പി, ചേരിചേരാ പ്രസ്ഥാനം,അറ്റോമിക് കമ്മീഷൻ,ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ISRO),Defence Research and Development Organisation(DRDO) എയിംസ്,എയർ ഇന്ത്യ,പഞ്ചവത്സര പദ്ധതികൾ തുടങ്ങി ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യ വികസന പദ്ധതികൾക്കും പ്രാരംഭം കുറിച്ച ക്രാന്തദർശിയായ വികസന നായകൻ.ശാസ്ത്ര വേദികളിൽ മണ്ടത്തരം വിളമ്പുന്ന,PR ഏജൻസികൾ എഴുതിക്കൊടുക്കുന്ന Prompter നോട്ടുകൾക്ക് സാങ്കേതിക തടസ്സം നേരിട്ടാൽ പേടിച്ച് വിയർത്ത് മുട്ടിടിച്ച് സംസാരം പുറത്തുവരാത്ത പ്രധാനമന്ത്രി ആയിരുന്നില്ല അദ്ദേഹം.സ്വന്തമായി എഴുതി വന്ന് പ്രസംഗിക്കാനുള്ള വൈജ്ഞാനിക കരുത്തും രാജ്യത്തിന്റെ ഭാഗധേയത്തെക്കുറിച്ച് ഉൾക്കാഴ്ചയും ഉണ്ടായിരുന്ന ആളായിരുന്നു ആ പ്രധാനമന്ത്രി.ക്ലാസിക് ചരിത്ര രചനകളായ വിശ്വചരിത്രാവലോകനവും,ഡിസ്കവറി ഓഫ് ഇന്ത്യയും അടക്കം അദ്ദേഹത്തിന്റെ ധൈഷണിക സംഭാവന പരന്നുകിടക്കുന്നത് നൂറോളം വരുന്ന വോളിയങ്ങളിലായാണ്!!. ചരിത്ര വിജ്ഞാനത്തിനുള്ള അദ്ദേഹത്തിന്റെ അറിവ് അദ്ദേഹത്തിന്റെ മതേതരത്വ സങ്കൽപ്പനങ്ങളെ രൂപപ്പെടുത്തിയെന്ന് CSSP(Centre for the Study of Society and Politics) കൺപൂരിന്റെ വൈസ് ചെയർമാൻ വിവേക് കുമാർ ശ്രീവാസ്തവ നിരീക്ഷിക്കുന്നുണ്ട് ².
സംഘപരിവാർ പ്രൊഫൈലുകൾക്കും നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും ഈ മനുഷ്യൻ ഇന്നും അനഭിമതനാകുന്നതും പേടിസ്വപ്നമാകുന്നതും എന്തുകൊണ്ടാണെന്ന് ഇനി കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.ഹിംസാധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെ പണിതുയർത്തിയ ക്ഷേത്രത്തെ നോക്കി ഇതാണ് എന്റെ ക്ഷേത്രം എന്നു പറഞ്ഞ പ്രധാനമന്ത്രി ആയിരുന്നില്ല അദ്ദേഹം.പ്രത്യുത, ഏറെ പ്രതീക്ഷകൾ നെയ്തുകൂട്ടി ഇന്ത്യയുടെ വികസന പാതയിലെ വെള്ളിനക്ഷത്രമായ പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി പണിതുയർത്തിയ ഭക്രാനംഗൽ അണക്കെട്ടിന്റെ ഉദ്ഘാടന വേളയിൽ രാജ്യത്തിന്റെ വികസന സ്വപ്നങ്ങളെ മുന്നിൽകണ്ട് “അണക്കെട്ടുളാണ് ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ” എന്നു പറഞ്ഞുവെച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ആരാണ് ഈ പ്രധാനമന്ത്രി?
അദ്ദേഹത്തിന്റെ പേരാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മ ദിനമാണ്. നെഹ്റുവിനെ ഓർക്കുക എന്നത് ഇന്ത്യയെ തിരിച്ചു പിടിക്കലിന്റെ അത്യന്താപേക്ഷിതമായ ഘടകമാണ്.
റാൻ മൂളികളെ അല്ല എനിക്ക് ആവശ്യം, എന്നെ ശക്തമായി വിമർശിക്കുന്ന പ്രതിപക്ഷത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുവെച്ച നെഹ്റു ഇന്ത്യൻ മതേതര ജനാധിപത്യ വ്യവസ്ഥയെ രൂപപ്പെടുത്തിയതിൽ നിർണായക പങ്കാണ് വഹിച്ചത്.ബ്രാഹ്മണ്യത്തിൽ വിപ്ലവം കണ്ടെത്തിയ ഗാന്ധിയിൽ നിന്നും വ്യത്യസ്തനായി നടന്ന നെഹ്റു അതുകൊണ്ടുതന്നെ ഗാന്ധിയെക്കാൾ ജനാധിപത്യവാദിയായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.1959 ലെ വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് മന്ത്രിസഭയെ ഭരണഘടനയുടെ 356 ആം വകുപ്പ് പ്രകാരം പിരിച്ചുവിടാനുള്ള തീരുമാനം നെഹ്റുവാണ് കൈകൊണ്ടതെങ്കിലും പ്രസ്തുത തീരുമാനത്തോട് വ്യക്തിപരമായി അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിൽ നിന്നുമുണ്ടായ സമ്മർദ്ദവും, അന്നത്തെ കോൺഗ്രസ് ദേശീയ പ്രസിഡണ്ട് മകൾ ഇന്ദിരാഗാന്ധിയുടെ പിടിവാശിയുമാണ് അത്തരത്തിലൊരു തീരുമാനത്തിലേക്ക് നെഹ്റു എത്താൻ കാരണമായത് എന്ന് പറയപ്പെടുന്നുണ്ട്.ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ സ്ഥാനഭൃഷ്ടരാക്കുന്നത് ജനാധിപത്യത്തിനായി പടപൊരുതി അധികാരത്തിലെത്തിയ നെഹ്റുവിന് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷ്യവുമാണ്. നെഹ്റുവിനെ സാമ്രാജ്യത്വത്തിന്റെ ഏജന്റ് എന്നും, ബൂർഷ്വാ വിഭാഗത്തിന്റെ പ്രതിനിധി എന്നും ഇ.എം.എസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ ആക്ഷേപിച്ചപ്പോഴും³ കമ്മ്യൂണിസത്തിന്റെ വിമർശകൻ ആകുമ്പോൾ തന്നെ നെഹ്റുവിന്റെ അഭിപ്രായം എന്തായിരുന്നുവെന്ന് ചുവടെ ചേർക്കുന്നു.
“It must be remembered that the general principles underlying the communist doctrine, that is the economic principles of social organization have been accepted by some of the best minds of the age, and it does not help at all if second rate persons go about trying to combat them without even understanding them. This is not a policeman’s job, which normally is not acquainted with the intricacies of politics or economics. It must also be remembered that a very large part of the world today is definitely communistic” ⁴
“കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനമായ പൊതുതത്ത്വങ്ങൾ, അതായത് സാമൂഹിക സംഘടനയുടെ സാമ്പത്തിക തത്വങ്ങൾ, ഈ കാലഘട്ടത്തിലെ ചില മികച്ച മനസ്സുകൾ അംഗീകരിച്ചിട്ടുണ്ട്, രണ്ടാംകിട ആളുകൾ അവയെ മനസ്സിലാക്കാതെ അവയെ നേരിടാൻ ശ്രമിച്ചാൽ അത് ഒരു ഗുണവും ചെയ്യില്ല എന്നത് ഓർമ്മിക്കേണ്ടതാണ്.ഇത് ഒരു പോലീസുകാരന്റെ ജോലിയല്ല, സാധാരണയായി അവർക്ക് രാഷ്ട്രീയത്തിന്റെയോ സാമ്പത്തിക ശാസ്ത്രത്തിന്റെയോ സങ്കീർണതകൾ പരിചയമില്ല. ഇന്ന് ലോകത്തിന്റെ വലിയൊരു ഭാഗം തീർച്ചയായും കമ്മ്യൂണിസ്റ്റിക്കാണെന്ന് ഓർമ്മിക്കേണ്ടതാണ് ”.
നെഹ്‌റുവിന് ബദലാകാൻ തുടക്കം മുതലേ ഹിന്ദുത്വ ശക്തികൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്യാമപ്രസാദ് മുഖർജിയെ മുൻനിർത്തി ജനസംഘത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നെഹ്റുവിന് പകരം മുഖർജിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിഷ്ഠിക്കാനുള്ളതായിരുന്നു.എന്നാൽ ആ പദ്ധതി തീർത്തും പരാജയമായിരുന്നു. ഗാന്ധി വധത്തെ തുടർന്ന് നിരോധനത്തിലായ ആർ.എസ്.എസ്സിനെ ഇന്ത്യയുടെ പ്രഥമ ആഭ്യന്തര വകുപ്പ് മന്ത്രിയായ പട്ടേലിന്റെ ഇടപെടലിലൂടെയാണ് നിരോധനം നീക്കി കിട്ടുന്നത്.അന്നും ശക്തമായ നിലപാടാണ് നെഹ്റു ആർ.എസ്.എസിനോട് സ്വീകരിച്ചത്.മരണപ്പെട്ടു കഴിഞ്ഞിട്ടും നെഹ്റുവിനോടുള്ള പക സംഘപരിവാറിന് അടങ്ങാതിരിക്കുവാനുള്ള കാരണങ്ങൾ ഇനി പ്രത്യേകിച്ച് വിസ്തരിക്കേണ്ടതില്ലല്ലോ. പേരുമാറ്റൽ ചടങ്ങ് സംഘപരിവാറിന്റെ ഹിന്ദുത്വ പ്രൊജക്ടിന്റെ ഭാഗമാണ്.മുസ്ലിം നാമങ്ങളിലുള്ള സ്ഥലങ്ങളും സ്ഥാപനങ്ങളും ആ പ്രോജക്റ്റിന്റെ ഭാഗമായി പേര് മാറ്റപ്പെട്ടപ്പോൾ പേരു മാറ്റപ്പെട്ട മുസ്ലിം ഇതര നാമം ഒരുപക്ഷേ നെഹ്റുവിന്റേത് മാത്രമായിരിക്കും!.ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ജവഹർലാൽ നെഹ്റു മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്ന് മാറ്റിക്കൊണ്ടായിരുന്നു മോദി സർക്കാർ ഒടുങ്ങാത്ത പക വീണ്ടും വീട്ടിയത്.
നെഹ്റു മുന്നോട്ട് വെച്ച സമ്മിശ്ര സമ്പദ്ഘടന മുതലാളിത്തത്തിലേക്ക് വഴിമാറുമ്പോൾ, അദ്ദേഹം തുടങ്ങിവച്ച നയതന്ത്ര മുന്നേറ്റങ്ങൾ ഇന്നിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാജ്യം കയ്യൊഴിയുമ്പോൾ,നെഹ്‌റുവിയൻ ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുമ്പോൾ നെഹ്റുവിയൻ രാഷ്ട്രീയത്തിന്റെ കാവലാളാവുക നാം.
1.Jawaharlal Nehru Letters to Chief Ministers
Vol.1
2.Mainstream, VOL LII, No 47
3. നെഹ്റുവും നെഹ്റുയിസവും-ഇ എം എസ്
4.Prime Minister Jawahar Lal Nehru’s Statement on Communists, Prime Minister’s Secretariat, Under Secretary’s Secret Safe File, Govt. of Madras – 24/1949, T.N, Archives, Chennai
