September 16 Wednesday 2026

September 16 Wednesday 2026

ദേശീയപാത വീതി: ഇടക്കാല ഉത്തരവിലെ ആശങ്കകൾ

ദേശീയപാതയോരത്തു നിന്നും ഇരുവശത്തേക്കും 40 മീറ്റർ ദൂരം പാർപ്പിട ആവശ്യത്തിനും 75 മീറ്റർ ദൂരം വ്യവസായിക ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി കേരളത്തിന്റെ സാഹചര്യത്തിൽ തീർത്തും അപ്രായോഗികമായ ഒന്നാണ്. രാജസ്ഥാൻ, തെലുങ്കാന എന്നിവിടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളെ തുടർന്നാണ് സുപ്രീംകോടതി ഇത്തരത്തിൽ ഒരു ഇടക്കാല ഉത്തരവിലേക്ക് തിരിയുന്നത്.

2025 നവംബർ രണ്ടിന് രാജസ്ഥാനിലെ ഫലോധി ജില്ലയിൽ മറ്റോഡ ഗ്രാമത്തിന് സമീപം നടന്ന അപകടത്തെ തുടർന്ന് നാല് കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടെ 15 തീർത്ഥാടകർ മരിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ദേശീയപാതയോരത്തെ അനധികൃത ധാബകളും, ട്രക്കുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതും ഹൈവേകളിൽ അപകട സാധ്യത കൂട്ടുന്നു എന്നതായിരുന്നു കോടതിയുടെ മുൻകാല നിരീക്ഷണം. അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ചയും അധികൃതരുടെ അശ്രദ്ധയുമാണ് അപകടങ്ങളുടെ കാരണമെന്നായിരുന്നു കോടതിയുടെ കണ്ടത്തെൽ. തുടർന്ന് മുതിർന്ന അഭിഭാഷകൻ എ എൻ എസ് നഡ്കർണിയെ അമിക്കസ്ക്യുറിയായി കോടതി നിയമിക്കുകയായിരുന്നു. അമിക്കസ്ക്യുറിയും, സോളിറ്റർ ജനറലും ചേർന്ന് നടപടികൾ വിലയിരുത്തി. രണ്ടുതവണയാണ് നാഷണൽ ഹൈവേ അതോറിറ്റി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇവയെല്ലാം പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത്.

1781.36 km നീണ്ടുകിടക്കുന്ന സംസ്ഥാനത്തെ 11 ദേശീയപാതകളുടെ ഇരുവശത്തുമായി ജീവിതം തള്ളിനീക്കുന്ന അനേകം പേരുടെ ജീവിതമാണ് കോടതി ഉത്തരവിലൂടെ ആശങ്കയിൽ ആകുന്നത്. ഇരുവശത്തേക്കും 22.5 മീറ്റർ വിട്ടുകൊണ്ട് കേരളത്തിൽ ദേശീയപാത 45 മീറ്റർ വീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ നിലവിലുള്ള ഹൈവേ അതിർത്തിക്ക് 17.5 മീറ്റർ അപ്പുറം മാത്രമേ വീടുകൾ നിർമ്മിക്കാനായി അനുമതി ലഭിക്കുകയുള്ളൂ. മറ്റു പല സംസ്ഥാനങ്ങളിലും ദേശീയപാതയുടെ മധ്യത്തിൽ നിന്നും ഇരുവശത്തേക്കും 30 മീറ്റർ വീതിയിൽ മൊത്തം 60 മീറ്ററിലാണ് ദേശീയപാതയുടെ നിർമ്മാണം. അതുകൊണ്ടുതന്നെ ദേശീയപാത അതിർത്തിയിൽ നിന്ന് 10 മീറ്റർ അകലെ വീടുകൾ നിർമ്മിക്കാം. കേരളത്തിലെ ഹൈവേകൾക്ക് 45 മീറ്റർ വീതിയുള്ളതിനാൽ ഭൂപരിധിയിൽ സംസ്ഥാനത്തിന് ഇളവ് ലഭിക്കുന്നുണ്ട്.

കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കേരളത്തിൽ ദേശീയപാതയുടെ വീതി 60 മീറ്ററിൽ നിന്ന് 45 മീറ്ററായി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. നിലവിലെ വിധിയനുസരിച്ച് 45 മീറ്റർ കഴിഞ്ഞ് 52.5 മീറ്റർ ഇരുവശത്തും ബഫർ സോണായി കണക്കാക്കപ്പെടും. സുരക്ഷയെ മുൻനിർത്തി 2026 ഓഗസ്റ്റ് മാസം ഉണ്ടായ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിൽ മാത്രം ലക്ഷങ്ങളെയാണ് ബാധിക്കുക. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിലായുള്ള തീരദേശ മേഖലയിലെ ജനങ്ങളെയാകും ഇത് പ്രധാനമായും ബാധിക്കുക. പുതുക്കിയ ദേശീയപാതയുടെ ദൂരത്തെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനത്തിൽ പറയുന്ന ഭൂമി സർക്കാർ ഏറ്റെടുക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. പുതുക്കിയ പരിധി പ്രകാരം ദേശീയപാതയുടെ മധ്യരേഖയിൽ നിന്നും 40 മീറ്റർ ദൂരപരിധിയിൽ താമസസ്ഥലങ്ങളും 75 മീറ്റർ പരിധിയിൽ കച്ചവട വ്യാവസായിക സ്ഥാപനങ്ങളും നിർമ്മിക്കുവാൻ അനുവാദമില്ല.

കഴിഞ്ഞവർഷം ഉണ്ടായ കോടതി ഉത്തരവിനെ തുടർന്ന് 693 കിലോമീറ്റർ ദേശീയപാതയോരം ദേശീയ ഹൈവേ അതോറിറ്റി സർവ്വേ ചെയ്തതിന്റെ ഫലമായാണ് 361 അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയത്. 2026 ജൂലൈ 29ന് പുറത്തിറക്കിയ ദേശീയ ഹൈവേ അതോറിറ്റിയുടെ പ്രസ്താവനയിൽ ദേശീയപാതയോരത്തെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ 1403 നോട്ടീസുകൾ അയച്ചതായി ഹൈവേ അതോറിറ്റി അറിയിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ഏപ്രിൽ സുപ്രീംകോടതി രാജ്യവ്യാപകമായി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹൈവേ അതോറിറ്റി സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഈ പരിധിയിൽ നിലകൊള്ളുന്ന വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ലൈസൻസ് പുതുക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. കേരളത്തിൽ ദേശീയപാത 45 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുകയാണ്. 27,035 കെട്ടിടങ്ങൾ പൊളിച്ചുമാറ്റി 1,079.66 ഹെക്ടറിലാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ദേശീയപാത 66 നിർമ്മിച്ചിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയാൽ ഇരുവശങ്ങളിലുമായി 35 മീറ്റർ ഒഴിച്ച് ഇടേണ്ടതുണ്ട്. ദേശീയപാതയോരത്തെ ഏകദേശം 2500 ഹെക്ടർ ഭൂമിയിലെ ആയിരക്കണക്കിന് വീടുകളെ സുപ്രീം കോടതി ഉത്തരവ് ദോഷകരമായി ബാധിക്കും. ഒരു ലക്ഷത്തോളം വ്യാപാരികളെയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ബാധിക്കുക.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയപാത കടന്നുപോകുന്നത് കുന്നുകളിലൂടെയും താഴ് വരകളിലൂടെയും ആയതിനാൽ അത്തരം സംസ്ഥാനങ്ങൾക്ക് പല സന്ദർഭങ്ങളിലായി ദേശീയപാത നിർമാണത്തിൽ ഇളവുകൾ ലഭിച്ചിട്ടുണ്ട്. അതിനു സമാനമായി ഉയർന്ന ജനസംഖ്യയെ തുടർന്ന് കേരളത്തിലും അത്തരം ഇളവുകൾ ദേശീയപാത നിർമാണത്തിൽ ആവശ്യപ്പെടാവുന്നതാണ്. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതിന്റെ ഫലമായി കെട്ടിടം പുനർനിർമ്മിച്ചവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇത്തരം കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ കെട്ടിട നമ്പറുകൾ പതിച്ചു നൽകുകയോ കെട്ടിടനികുതി വാങ്ങുകയോ ചെയ്യുന്നില്ല എന്ന പരാതികൾ ഉയരുന്നുണ്ട്. കൂടാതെ ഈ പരിധിയിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കി ലഭിക്കാൻ പ്രയാസം അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഗവർമെന്റ് ഏറ്റെടുത്ത കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നതിനോ കെട്ടിടങ്ങൾ ഉപയോഗിക്കുന്നതിനോ നിയന്ത്രണങ്ങൾ ഇല്ല. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയും ആവശ്യമില്ല. എന്നാൽ, കെട്ടിടത്തിന്റെ വിസ്തീർണ്ണം വർദ്ധിപ്പിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അനുമതികളുടെ ആവശ്യം നിലനിൽക്കുന്നത്.

ജില്ലാ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ 15 ദിവസത്തിനുള്ളിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുക, പ്രത്യേക ഹൈവേ നിരീക്ഷണ സംഘങ്ങളെ പൊലീസ് രൂപീകരിക്കുക, ദേശീയപാതകളിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച പരാതികൾ 1033 എന്ന ടോൾഫ്രീ നമ്പറിൽ സ്വീകരിക്കുക, അനധികൃത പാർക്കിംഗ് നിരോധിക്കുക, ഹൈവേ സുരക്ഷാമേഖലകളിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുവാദമില്ലാതെ ലൈസൻസുകളോ എൻ ഒ സി കളോ അനുവദിക്കുകയില്ല എന്നീ നിർദ്ദേശങ്ങളും ദേശീയപാത സുരക്ഷയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളായി സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

Related