August 9 Sunday 2026

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള പുരസ്കാരം മമ്മുട്ടി കാർത്തിക് ആര്യനൊപ്പം പങ്കിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെ അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്കാണ് കാർത്തിക്കിന് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. ഈ സിനിമയിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ.

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ ‘അങ്ങ് വാനക്കോണില്’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷെഹനാദ് ജലാൽ സ്വന്തമാക്കി. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ‘ഭദ്രകാളി നാടക’ ത്തിന് സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. ധനുഷ് ഒരുക്കിയ റായനാണ് മികച്ച തമിഴ് സിനിമ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ മെയ്യഴകൻ, ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് സിനിമകൾ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി. മികച്ച ശബ്ദ മിശ്രണത്തിനാണ് മെയ്യഴകൻ പുരസ്‌കാരം നേടിയത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സംഗീത സംവിധായകൻ ജി.വി പ്രകാശ് സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അമരൻ എന്ന തമിഴ് സിനിമയിലൂടെ രാജ്‌കുമാർ പെരിയസാമി സ്വന്തമാക്കി.

നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചത്.

Related