September 16 Wednesday 2026

September 16 Wednesday 2026

കേരളത്തിന്റെ ചരിത്രം നിർണ്ണയിക്കുന്ന അധികാരബന്ധങ്ങളെയാണ് മുത്തങ്ങ ചോദ്യം ചെയ്യുന്നത്

ഓർമ്മ, ചരിത്രം എന്നിവയെ വലിയ രീതിയിൽ ഒരു ജിയോഗ്രഫിക്കൽ സ്റ്റേറ്റ് നിഷ്കരുണം തുടച്ചുകളയുന്ന കേരളം എന്ന സ്റ്റേറ്റ് വംശീയതയുടെ ഒരു വലിയ പ്രോജക്റ്റിന്റെ ഇര കൂടെ ആണ് മുത്തങ്ങ എന്ന സമരം. ആദിവാസി ഭൂ സമരങ്ങൾ, ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ, ദളിത് മുന്നേറ്റങ്ങൾ, തുടങ്ങിയവയെ ഒക്കെ അപരവൽക്കരിച്ച് കൊണ്ടും അതിനെ കുറ്റവാളി വത്കരിച്ച് കൊണ്ടുമാണ് കേരളത്തിന്റെ ‘പൊതു’ എന്ന് അവകാശപ്പെടുന്ന ഭരണകൂട യുക്തികൾ എപ്പോഴും മാറ്റി നിർത്തിയത്. ഒരു കാലത്ത് അയ്യങ്കാളി വഴി പിടിച്ചെടുത്ത കേരളത്തിൽ അത്തരം അനേക പോരാട്ടങ്ങളിലൂടെ ആണ് വഴി നടക്കാൻ പറ്റാത്തവർ പൊതു വഴിയിലേക്ക് കയറിയത്. പക്ഷെ നിതിൻ രാജ് എന്ന ഒരു വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടു ദളിത് സമൂഹങ്ങൾ ഹാർദത്താൽ നടത്തിയപ്പോൾ തങ്ങൾക്ക് വഴിയിലൂടെ സഞ്ചരിക്കാൻ ദളിതർ/ദളിത് ഹർത്താൽ തടസ്സമാകുന്നു എന്ന കേരളത്തിന്റെ പ്രഖ്യാപനത്തിലൂടെ അയ്യൻകാളിയുടെ വഴി പിടിക്കലിനെയും വില്ലു വണ്ടി ഓട്ടത്തിന്റെയും ചരിത്രത്തിന്റെയും പുരോഗമന കേരളം അട്ടിമറിക്കുക കൂടെ ആയിരുന്നു. ഇവിടെ ആണ് പുരോഗമനപരം എന്ന് പറയുന്ന കേരളം വൈറ്റ് റെസിസ്റ്റ് കാസ്റ്റീയിസ്റ്റ് ആയ ഒരു സൊസൈറ്റി അതിന്റെ അപര സമൂഹങ്ങളായി വിലയിരുത്തപ്പെട്ട ദളിതർ ആദിവാസികൾ മുസ്ലീങ്ങൾ തുടങ്ങിയവർ നിർമ്മിക്കുന്ന ചരിത്രത്തത്തെ കൂടി അപര വൽക്കരിക്കുകയോ അട്ടിമറിക്കുകയോ തേച്ച് മായ്ക്കുകയോ ചെയ്യുന്നത്. മുത്തങ്ങ സമരത്തിന്റെ ചരിത്രത്തെയും ഓർമ്മയേയും കേരളം തേച്ച് മായ്ക്കുന്നതും അട്ടിമറിക്കുന്നതും അങ്ങനെ കൂടെ ആണ്.

മുത്തങ്ങ എന്നത് ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള പോരാട്ടം മാത്രമല്ല; ചരിത്രത്തിന്റെ ഉടമസ്ഥത, ഓർമ്മയുടെ ഉടമസ്ഥത, പൊതുസ്ഥലത്തിന്റെ ഉടമസ്ഥത, പ്രതിനിധാനത്തിന്റെ ഉടമസ്ഥത എന്നിവയെക്കുറിച്ചുള്ള പോരാട്ടം കൂടിയാണ്. ആരുടെ ചരിത്രമാണ് കേരളത്തിന്റെ ചരിത്രം എന്ന് നിർണ്ണയിക്കുന്ന അധികാരബന്ധങ്ങളെയാണ് മുത്തങ്ങ ചോദ്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുത്തങ്ങയെ വായിക്കേണ്ടത് ഒരു counter-memory-യുടെ, അഥവാ ഔദ്യോഗികവും ആധിപത്യപരവുമായ ഓർമ്മകൾക്കെതിരെയുള്ള പ്രതിഓർമ്മയുടെ രാഷ്ട്രീയമായി കൂടിയാണ്.

മുത്തങ്ങ സമരത്തിന് ശേഷം പത്ത് വർഷങ്ങൾക്ക് മുമ്പ് സെക്രട്ടേറിയേറ്റ് പടികളിൽ ആദിവാസി ഗോത്ര സമൂഹം നടത്തിയ നിൽപ് സമരത്തെക്കുറിച്ച് ഗീതാനന്ദൻ മാഷ് പറഞ്ഞത് ആ സമരം കേരളം ചരിത്രത്തിന്റെ വലിയ ഭാഗമായി മാറിയതു കേരളം എന്ന പൊതു സമൂഹത്തിന്റെ വലിയ പിന്തുണ ഉണ്ടായത് കൊണ്ടായിരുന്നു എന്നായിരുന്നു. മുത്തങ്ങ അല്ലെങ്കിൽ ഏതൊരു ആദിവാസി ജിയോഗ്രഫിയിൽ നിന്നും മാറി ‘കേരളം’ എന്ന ഇടത്തത്തിലെ അതിന്റെ ‘പൊതു’ ഇടത്തത്തിന്റെ കേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് ആ സമരം റീപ്ലെസ് ചെയ്തപ്പോഴാണ് കേരളത്തിൽ അത് ഒരു പുതിയ ചരിത്ര നിർമ്മിതി/മെമ്മറി എന്തിനു നൊസ്റ്റാൾജിയ പോലും ആകുന്നത്. (കേരളം എന്ന ‘പൊതു’വിൽ ആദിവാസികളും മുത്തങ്ങയും പെടാറില്ല എന്നത് ചരിത്രം). ചരിത്രം എന്നത് പൊതു ഇടത്തിൽ നിർമ്മിക്കപ്പെടുമ്പോൾ അതിന്റെ ജിയോഗ്രഫിക്കൽ പൊസിഷൻ പ്രധാനമാണ് എന്ന് കൂടെ സി.കെ ജാനുവും ഗീതാനന്ദനും അടക്കമുള്ളവർ മനസ്സിലാക്കിയിരുന്നു. ആദിവാസി ഗോത്ര സഭയുടെ നിൽപ് സമരം കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നത് അങ്ങനെ കൂടെ ആണ്. മുത്തങ്ങ സമരത്തിൽ പൊലീസുകാരൻ മരിച്ചത് കൊണ്ട് ആദിവാസികളെ ഭീകരവാദികളും ക്രിമിനലുകളും ഒക്കെ ആക്കി മാറ്റിയ കേരളത്തിന് സെക്രട്ടറിയേറ്റിലെ നിൽപ് സമരത്തിന്റെ കൂടെ നിൽക്കേണ്ടി വന്നു. മുത്തങ്ങ എന്നത് ഒരു അപര സ്ഥലവും സെക്രട്ടറിയേറ്റ് കേരളം എന്ന പൊതു ഇടത്തത്തിന്റെ ഭാഗവും ആയതു കൊണ്ടാണെന്നു അത്.

ഇവിടെ spatial politics, അഥവാ സ്ഥലത്തിന്റെ രാഷ്ട്രീയമാണ് നിർണ്ണായകമാകുന്നത്. ഒരു സമരം എവിടെ നടക്കുന്നു എന്നത് അതിന്റെ രാഷ്ട്രീയ അർത്ഥത്തെ നിർണ്ണയിക്കുന്നു. ഭൂമിയുടെ അതിരുകളിൽ നടക്കുന്ന ഒരു ആദിവാസി സമരം ഒരു “പ്രാദേശിക പ്രശ്നം” ആയി ചുരുക്കപ്പെടാൻ എളുപ്പമാണ്. എന്നാൽ, ഭരണകൂടത്തിന്റെ അധികാരകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ അതേ സമരം പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ സ്വഭാവംമാറുന്നു. അതിനാൽ നിൽപ് സമരം ഒരു സമരത്തിന്റെ സ്ഥലമാറ്റം മാത്രമല്ല; അധികാരത്തിന്റെ ഭൂപടത്തെ തന്നെ പുനർനിർമ്മിക്കാനുള്ള രാഷ്ട്രീയ ഇടപെടലാണ്.

മുത്തങ്ങയെ കുറിച്ചുള്ള അവിടെ വെടിവെപ്പ് നടക്കുന്നതിനു മുമ്പും ശേഷവുമുള്ള ചരിത്രം/ഓർമ്മകൾ എന്നിവ കേരളം നിർമ്മിക്കുന്നത് വളരെ വിചിത്രമായാണ്. ഗീതാനന്ദൻ മാഷുമായുള്ള ഒരു അഭിമുഖത്തിൽ ഈ ലേഖകനോട് ഗീതാനന്ദൻ മാഷ് പറഞ്ഞ ഒരു കാര്യമുണ്ട്. ഒരു പത്രക്കാരൻ അദ്ദേഹത്തെ മുത്തങ്ങ വെടിവെപ്പിന് മുമ്പോ മറ്റോ ഒരു അഭിമുഖം ചെയ്യാൻ പോയപ്പോൾ അദ്ദേഹത്തിന്റെ പുറകിലൂടെ ഒരു ആദിവാസി ഒരു ചുള്ളിക്കമ്പോ മറ്റോ വെട്ടാൻ ഒരു അരിവാളും കൊണ്ട് പോയി. അതിന്റെ ഫോട്ടോ എടുത്ത് മുത്തങ്ങ സമരക്കാർ ഭീകരവാദികളാണെന്നു ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായി. അത് അവിടെ ഉള്ളവർ കണ്ടു പിടിച്ചത് കൊണ്ട് രക്ഷപ്പെട്ടു. കുഞ്ഞാലിക്കുട്ടി എന്ന മന്ത്രിയെ തട്ടിക്കൊണ്ട് പോകാൻ മുത്തങ്ങ സമരക്കാർ പരിപാടി ഇട്ടിരുന്നു എന്ന് മനോരമ അന്ന് വെണ്ടയ്ക്ക നിരത്തി. എന്തിനു സെക്രട്ടറിയേറ്റിലെ നിൽപ് സമരത്തിൽ പങ്കെടുത്ത സിനിമാക്കാരെ അടക്കം കളിയാക്കി മാതൃഭൂമിയിലെ ഇന്ദ്രൻസ് എന്ന കോമിക് എഴുത്തുകാരൻ വംശീയതയുടെ കാർട്ടൂൺ ലേഖനം സൃഷ്ടിച്ചു. മുത്തങ്ങ വെടിവെപ്പിന് ശേഷം വയനാട്ടിൽ റേഷൻ വാങ്ങാൻ നഗരത്തിലേക്ക് ഇറങ്ങിയ ആദിവാസികളെ പോലും അവിടത്തെ പൊതു സമൂഹം ഓടിച്ചിട്ടു പിടിച്ച് പൊലീസിന് കൈമാറി.

ഒരു അരിവാൾ, ഒരു ഫോട്ടോഗ്രാഫിക് ഫ്രെയിം-ഇവയെല്ലാം ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ evidence ആയി നിർമ്മിക്കപ്പെടുന്നു. അങ്ങനെ ഒരു ആയുധത്തിന്റെ ദൃശ്യസൂചനയും ഒരു ആദിവാസി ശരീരവും തമ്മിൽ ബന്ധിപ്പിച്ച് “ഭീകരവാദി” എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നു. ഇത് വെറും തെറ്റായ വാർത്തയുടെ പ്രശ്നമല്ല; representation-ന്റെ അധികാരവും epistemic violence-ഉം പ്രവർത്തിക്കുന്ന രീതിയാണ്. ഒരു സമൂഹത്തെക്കുറിച്ചുള്ള അറിവ് ആരാണ് നിർമ്മിക്കുന്നത് എന്നതും അതിലൂടെ ആ സമൂഹത്തെ എങ്ങനെ കാണണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നതുമാണ് ഇവിടെ പ്രധാനപ്പെട്ട ചോദ്യം.

സി.കെ ജാനുവിനെ പോലുള്ള നേതാക്കൾ മുത്തങ്ങ പൊലീസ് വെടിവെപ്പിൽ ഇരുപത്തി അഞ്ചു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. സുകുമാരൻ ചാലിഗാദ്ധ പോലുള്ള കവികൾ ജോഗി എന്ന പൊലീസ് വെടിവെപ്പിൽ മരിച്ച ആദിവാസിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകൾ ആ സമരത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായി അല്ലെങ്കിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം സമരത്തിന് നേരെ വെടിവെച്ച ഒരു പ്രക്ഷോഭങ്ങളിൽ ഒന്നു ആയിരുന്നു മുത്തങ്ങ സമരം. പക്ഷെ, ആ സമരത്തെ ആദിവാസികൾ എന്ന സാമൂഹിക അപരത്തം കൊണ്ടും അതേസമയം, ജിയോഗ്രഫിക്കൽ അപരത്തം കൊണ്ടും കേരളം പല തവണ ചരിത്രത്തിൽ നിന്നും മായിച്ചു കളയാൻ ശ്രമിച്ചു. മുത്തങ്ങ സമരത്തിന് ശേഷം ആദിവാസികൾക്ക് നേരെ ഉണ്ടായിട്ടുള്ള നരനായാട്ടും അത്തരം നര നായാട്ടിനെ കുറിച്ചുള്ള ഓർമ്മകളും ചരിത്രവും മായിച്ചു കളയുന്നതും അങ്ങനെ ആണ്. കൂത്തുപറമ്പിൽ വെടി കൊണ്ട് മരിച്ചവർ രക്തസാക്ഷികൾ ആകുന്നതും ജോഗി കേരളത്തിന് വെറും ജോഗി ആകുന്നതും ഒരു രക്ത സാക്ഷി അല്ലാതെ ആകുന്നതും കേരളീയ വംശീയതയാണ്.

ഇത് അധികാരപരമായ ചരിത്രവും ജനകീയ ഓർമ്മയും തമ്മിലുള്ള സംഘർഷം കൂടെ ആണ്. ഒരു സമൂഹത്തിന്റെ സ്വന്തം അനുഭവസാക്ഷ്യങ്ങൾ, വാചികചരിത്രങ്ങൾ, കവിതകൾ, അഭിമുഖങ്ങൾ, കുടുംബ ഓർമ്മകൾ എന്നിവ ഔദ്യോഗിക ചരിത്രത്തിന്റെ അരികിലേക്ക് മാറ്റപ്പെടുമ്പോൾ ചരിത്രനിർമ്മാണം തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറുന്നു. ചരിത്രത്തിൽ നിന്ന് ഒരു സംഭവത്തെ ഇല്ലാതാക്കുന്നത് അതിന്റെ രേഖകൾ ഇല്ലാതാക്കുന്നതിലൂടെ മാത്രം സംഭവിക്കുന്നില്ല; അതിനെക്കുറിച്ച് സംസാരിക്കുന്നവരെ “അവിശ്വസനീയർ”, “അക്രമികൾ”, “ക്രിമിനലുകൾ”, “അപരിഷ്കൃതർ” എന്നിങ്ങനെ നിർവചിക്കുന്നതിലൂടെയും സംഭവിക്കുന്നു.മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടു അറസ്റ്റിൽ ആണ് ജയിലിൽ അടക്കപ്പെട്ട കെ. സുരേന്ദ്രൻ എന്ന അധ്യാപകനായി മാധ്യമം വാരികയ്ക്ക് വേണ്ടി ഈ ലേഖകൻ നടത്തിയ മറ്റൊരു അഭിമുഖത്തിൽ അദ്ദേഹം തന്റെ ജയിൽ ഓർമ്മകളും അദ്ദേഹത്തിനെ കോൺഗ്രസ് സർക്കാരിന്റെ പൊലീസ് ക്രൂരമായി പീഡിപ്പിച്ച ചരിത്രവും പറയുന്നുണ്ട്. അദ്ദേഹം ഒരു പക്ഷെ ആ സമരത്തിൽ നേരിട്ടു പങ്കെടുത്തിട്ടു പോലുമില്ല. അദ്ദേഹത്തിന്റെ പേര് ഗീതാനന്ദൻ മാഷുടെ ഡയറിയിൽ ഫോൺ നമ്പർ സഹിതം കണ്ടതിനാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്തത്. അവിടെ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് കൊണ്ട് പൊലീസുകാരുടെ ചവിട്ടു കൊണ്ട് വീർത്ത മുഖവുമായി വന്ന സി കെ ജാനുവിനെ കണ്ട ഓർമ്മയും അദ്ദേഹം ആ അഭിമുഖത്തിൽ പങ്കു വെച്ചിരുന്നു. കേരളത്തിന്റെ പത്ര പ്രവർത്തനത്തിന്റെ ചരിത്രത്തിൽ സി.കെ ജാനുവിന്റെ പൊലീസുകാർ ബൂട്ടിട്ട് ചവിട്ടി വീർത്ത മുഖവുമായി വന്നിറങ്ങുന്ന സി.കെ ജാനുവിന്റെയും അത് പോലെ ഗീതാനന്ദൻ മാഷിന്റെയും ഫോട്ടോയുമായി കേരളത്തിൽ പത്രങ്ങളുടെ ഫ്രണ്ട് പേജ് പുറത്തിറങ്ങി. കേരളത്തിന്റെ പ്രിന്റ് മാധ്യമങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. കേരളത്തിന്റെ ഓർമ്മകളെ പിടിച്ച് കുലുക്കിയ ഫോട്ടോ. പക്ഷെ, അത് കേരളം മറന്നു. പിന്നീട് സി.കെ ജാനു കാർ വാങ്ങിച്ചപ്പോൾ സി.കെ ജാനുവിന് കാർ വാങ്ങിക്കുവാൻ എങ്ങനെ പൈസ ഉണ്ടായി എന്ന് വിചാരണ നടത്തിയേ ഒരു വംശീയതയുടെ പേര് കൂടെ ആണ് കേരളം. ഈ carceral politics, അഥവാ തടവും ശിക്ഷയും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിരോധത്തെ നിയന്ത്രിക്കുന്ന ഭരണകൂട യുക്തിയും ചരിത്രത്തെ അട്ടിമറിക്കുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി കൂടെ ആണ്. സമരത്തിന്റെ രാഷ്ട്രീയ ആവശ്യം മറച്ചുവെച്ച് സമരത്തിൽ പങ്കെടുത്ത വ്യക്തിയുടെ നിയമപരമായോ സാമ്പത്തികമായോ ജീവിതപരമായോ ഓരോ നീക്കത്തെയും സംശയത്തിന്റെ കണ്ണിലൂടെ കാണുമ്പോൾ ഒരു രാഷ്ട്രീയ സമൂഹത്തെ തന്നെ കുറ്റവാളിസമൂഹമായി നിർമ്മിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. പ്രത്യേകിച്ച് ദളിത്-ആദിവാസി നേതാക്കളുടെ ജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ സംശയം ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള കൗതുകമല്ല; അത് സാമൂഹിക അധികാരത്തിന്റെ ഒരു രൂപമാണ്.

ഇതൊക്കെ മനസ്സിലാക്കി കൊണ്ട് തന്നെ ആണ് സമരം എന്നത് ചരിത്ര നിർമ്മിതി ആണെന്നും ഓർമ്മകളുടെ നിർമ്മിതി ആണെന്നും മനസ്സിലാക്കി കൊണ്ട് തന്നെ ആണ് ആദിവാസി ഗോത്ര മഹാസഭ നിൽപ് സമരം കേരളത്തിന്റെ സമരമാക്കി തിരുവനന്തപുരത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചത്. അതോടു കൂടെ കേരളം ഇളകി. വിദ്യാർത്ഥികൾ സാമൂഹീക പ്രവർത്തകർ കലാകാരന്മാർ സിനിമാക്കാർ എന്തിനു വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികൾ അടക്കം ആ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. അത് ലോകം ഏറ്റെടുത്ത സമരമായി. സുധാകരൻ എന്ന മുത്തങ്ങ വെടിവെപ്പിന് നേതൃത്വം നൽകിയ അന്നത്തെ വനം മന്ത്രി കെ. സുധാകരന്റെ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ പുറം പൂച്ച് വെളിയിലായി. കേരളത്തിലെ ഇടതുപക്ഷ വലതുപക്ഷ പുരോഗമനങ്ങളുടെ ആദിവാസി വിരുദ്ധ വംശീയത ലോക സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടപ്പെട്ടു. അങ്ങനെ കേരളം എന്ന പൊതു ഇടം വംശീയമായി തേച്ച് മായ്ക്കുകയും ഗതി കേട്ട് കൂടെ നിൽക്കുകയും ചെയ്യേണ്ടി വന്ന ഒരു സമരം കൂടെ ആണ് മുത്തങ്ങ പ്രക്ഷോഭവും അതിന്റെ പിന്തുടർച്ച് ആയ ആദിവാസി സമൂഹങ്ങളുടെ സമരങ്ങളും.

ഇവിടെ “കേരളം” എന്നത് ഒരു ഭൗമശാസ്ത്രപരമായ അതിർത്തി മാത്രമല്ല. ഒരു imagined community, ഒരു പൊതുസമൂഹം, ഒരു സാംസ്കാരിക-രാഷ്ട്രീയ സങ്കൽപ്പം കൂടിയാണ്. ആ സങ്കൽപ്പത്തിൽ ആരെ ഉൾപ്പെടുത്തുന്നു, ആരെ പുറത്താക്കുന്നു, ആരുടെ വേദനയെ പൊതുവേദനയായി അംഗീകരിക്കുന്നു, ആരുടെ മരണത്തെ ഒരു പ്രാദേശിക സംഭവമായി ചുരുക്കുന്നു എന്നതാണ് നിർണ്ണായകം. അതുകൊണ്ടുതന്നെ മുത്തങ്ങയുടെ രാഷ്ട്രീയം കേരളീയതയുടെ തന്നെ രാഷ്ട്രീയം കൂടിയാണ്. ഇത്തരം വളരെ സങ്കീർണമായ സമരങ്ങളുടെ ചരിത്രവും/ഓർമ്മകളും നിഷ്കാസിതമാക്കാനും അപരവൽക്കരിക്കാനും അത് പോലെ തേച്ച് മായിക്കാനുമുള്ള ഭരണകൂട- പൊതുസമൂഹത്തിന്റെ മറ്റൊരു പ്രോജക്ട് ആയിട്ടാണ് ഗീതാനന്ദൻ മാഷിന്റെയും അതുപോലെ അദ്ദേഹത്തിന്റെ കൂടെ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടു ജയിലിൽ അടക്കപ്പെട്ട ആദിവാസി സഹോദരങ്ങൾക്കെതിരെ ഉള്ള കഠിന തടവ് എന്ന ശിക്ഷയെ നോക്കിക്കാണേണ്ടത്. ഒരു കോൺഗ്രസ് ഭരണ കാലത്ത് വെടിവെപ്പ് നടന്ന മുത്തങ്ങ സമരത്തിലെ പോരാളികളെ മറ്റൊരു കോണ്ഗ്രസ് ഭരണകാലത്ത് അതിന്റെ നേതാക്കളെ ശിക്ഷ വിധിച്ചു ജയിലിൽ അടക്കുക എന്നത് ഒരു പാരഡോക്സ് ആണ്. എന്നിട്ടു അത്തരം ഒരു സർക്കാരിനെ ആ സമരത്തിനെ ഇപ്പോൾ തിരിഞ്ഞു നോക്കുന്ന ഒരു സർക്കാരിനെ പൂക്കി സർക്കാർ എന്നൊക്കെ വിളിക്കുന്നതാണ് തമാശ. ജോഗി എന്ന ആദിവാസി യുവാവിന്റെ വെടികൊണ്ടുള്ള മരണത്തെ പറ്റി ഒരു അന്വേഷണവും നടന്നിട്ടില്ല എന്ന് അദ്ദേഹത്തിന്റെ മക്കൾ പറയുന്നുണ്ട്. അതായത് പല വിധത്തിൽ കേരളത്തിന്റെ ചരിത്രത്തിനെ ഓർമ്മകളെ ഷേക്ക് ചെയ്ത മുത്തങ്ങ സമരത്തിനെ അതിന്റെ ചരിത്ര നിർമ്മിതിയിൽ നിന്ന് കേരളത്തിന്റെ ചരിത്രത്തിൽ അപരവൽക്കരിച്ച് കുറ്റവാളിവൽക്കരിച്ച് മാറ്റി നിർത്തുന്നതിന്റെ ഒരു പ്രോജക്ട് ആയി മാത്രമേ ഗീതാന്ദന് മാഷിന്റെയും അദ്ദേഹത്തിന്റെ കൂടെ ഉള്ളവരുടെയും തടവ് ശിക്ഷയെ കാണാൻ കഴിയുകയുള്ളൂ.

ഇവിടെ മുത്തങ്ങയെക്കുറിച്ചുള്ള ഓർമ്മ ഒരു counter-archive ആയി മാറുന്നുണ്ടു. ഔദ്യോഗിക രേഖകൾ, മാധ്യമവാർത്തകൾ, കോടതിവിധികൾ, ഭരണകൂട പ്രസ്താവനകൾ എന്നിവയ്ക്കപ്പുറം സമരത്തിൽ പങ്കെടുത്തവരുടെ ശരീരങ്ങൾ, മുറിവുകൾ, ജയിലോർമ്മകൾ, കുടുംബങ്ങളുടെ സാക്ഷ്യങ്ങൾ, കവിതകൾ, ഫോട്ടോഗ്രാഫുകൾ, വാചികചരിത്രങ്ങൾ എന്നിവയും ചരിത്രത്തിന്റെ രേഖകളാണ്. അവയെ ചരിത്രത്തിന്റെ “അനൗദ്യോഗിക” ഭാഗമാക്കി ഒഴിവാക്കി മാറ്റുന്നത് തന്നെ ഒരു അധികാരപ്രക്രിയയാണ്. മുത്തങ്ങയെ അതുകൊണ്ട് ഒരു പഴയ ഭൂസമരത്തിന്റെ ഓർമ്മയായി മാത്രം കാണാൻ കഴിയില്ല. അത് ആരാണ് കേരളം, ആരുടേതാണ് കേരളം, ആരുടെ ചരിത്രമാണ് കേരളത്തിന്റെ ചരിത്രം, ആരുടെ ഓർമ്മയാണ് പൊതുഓർമ്മ, ആരുടെ ഭൂമിയാണ് പൊതുഭൂമി, ആരുടെ ശരീരമാണ് ഭരണകൂടത്തിന്റെ നിയമ-അധികാരങ്ങൾക്ക് മുന്നിൽ സംരക്ഷിക്കപ്പെടേണ്ട ശരീരം എന്ന അടിസ്ഥാന ചോദ്യങ്ങളെ വീണ്ടും വീണ്ടും മുന്നോട്ടുവയ്ക്കുന്ന ഒരു രാഷ്ട്രീയ സംഭവമാണ്.

മുത്തങ്ങയുടെ ചരിത്രം മറക്കപ്പെടുന്നതും അതിന്റെ ഓർമ്മകൾ വീണ്ടും വീണ്ടും തിരിച്ചുവരുന്നതും തമ്മിലുള്ള സംഘർഷത്തിലാണ് കേരളത്തിന്റെ പുരോഗമനത്തിന്റെ യഥാർത്ഥ വിരോധാഭാസം തെളിയുന്നത്. ഒരു സമൂഹം സ്വയം പുരോഗമനപരമെന്ന് വിളിക്കുന്നതുകൊണ്ട് മാത്രം അതിന്റെ ചരിത്രനിർമ്മാണം പുരോഗമനപരമാകുന്നില്ല. അതിന്റെ അതിരുകളിൽ ജീവിക്കുന്നവരുടെ ഭൂമി, ശരീരം, ഭാഷ, ഓർമ്മ, പ്രതിഷേധം, ചരിത്രം എന്നിവയ്ക്ക് ആ സമൂഹം നൽകുന്ന സ്ഥാനം തന്നെയാണ് അതിന്റെ ജനാധിപത്യത്തിന്റെ യഥാർത്ഥ അളവുകോൽ. മുത്തങ്ങ അതുകൊണ്ട് അവസാനിച്ച ഒരു സമരമല്ല. അത് കേരളത്തിന്റെ ചരിത്രത്തോട് തുടർച്ചയായി ചോദിക്കുന്ന ഒരു അസ്വസ്ഥമായ ചോദ്യം കൂടിയാണ്. ആ ചോദ്യം മായ്ച്ചുകളയാനുള്ള ഓരോ ശ്രമവും അതിനെ കൂടുതൽ ശക്തമായ ഒരു പ്രതിഓർമ്മയായി തിരികെ കൊണ്ടുവരുന്നു. ഗീതാനന്ദൻ മാഷുടെയും കൂട്ടരുടെയും തടവ് ശിക്ഷ കേരളത്തിലെ ആദിവാസി പ്രക്ഷോഭങ്ങളെ അപരവൽക്കരിച്ചു കുറ്റവാളിവളക്കാരിക്കുന്ന വംശീയമായ കേരളത്തിന്റെ ഒരു പ്രോജക്ട് ആണ്. ഓര്മ്മകളെ ചരിത്രങ്ങളെ ആദിവാസികളിൽ നിന്നു വിടുതൽ ചെയ്യിക്കുക എന്നതാണ് ഇത്തരം പ്രോജക്ടുകളുടെ ലക്ഷ്യം.

Related