2003 ഫെബ്രുവരി 19നാണ് വയനാട് ജില്ലയിലെ മുത്തങ്ങയിൽ കേരളത്തെ പിടിച്ചുലച്ച മുത്തങ്ങ പൊലീസ് വെടിവെപ്പ് ഉണ്ടാകുന്നത്. പൊലീസിന്റെ അക്രമാസക്തമായ നടപടിയിൽ ഒരു ആദിവാസിയും പൊലീസുകാരനുമാണ് അന്ന് കൊല്ലപ്പെട്ടത്. ഭൂമിയും ഉപജീവനമാർഗ്ഗവും ആവശ്യപ്പെട്ട് മുത്തങ്ങയിലെ തോട്ടങ്ങൾ കയ്യേറിയ എണ്ണൂറോളം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടിയിൽ ഉണ്ടായ രക്തരൂക്ഷിതമായ സംഘർഷത്തെയാണ് മുത്തങ്ങ വെടിവെപ്പ് എന്ന പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടത്.
എന്തായിരുന്നു സമരത്തിന് വഴിവെച്ചത്?
കേരളം കണ്ട ഏറ്റവും വലിയ ആദിവാസി സമരം ആയിരുന്നു മുത്തങ്ങ സമരം. 2001ലാണ് കേരളത്തിലെ ആദിവാസികൾ തലസ്ഥാനത്ത് കുടിൽ കെട്ടി സമരം ആരംഭിച്ചത്. ദലിത് ആദിവാസി സമരസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം അരങ്ങേറിയത്. ഗോത്ര മഹാസഭയുടെ പിന്തുണയോടെ സി.കെ ജാനുവാണ് സമരത്തിന് നേതൃത്വം നൽകിയത്. കേരളത്തിൽ ഭൂമിയില്ലാത്ത എല്ലാ ആദിവാസികൾക്കും അഞ്ച് ഏക്കർ ഭൂമി നൽകണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന 5.5 ലക്ഷം ഹെക്ടർ ഭൂമി ആദിവാസികൾക്കും കോർപ്പറേഷനിലെ ഭൂരഹിതരായ തൊഴിലാളികൾക്കും പതിച്ചു നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മുഴുവൻ ആദിവാസികൾക്കും മൊത്തമായി രണ്ടേകാൽ ലക്ഷം ഏക്കർ ഭൂമി മതിയെന്നും എന്നിട്ടും ഭൂമിയില്ല എന്ന സർക്കാർ വാദം സത്യസന്ധമല്ലെന്നും സി.കെ ജാനു ഉന്നയിച്ചു.
2001 സെപ്റ്റംബർ മാസം നടന്ന സർക്കാരിന്റെ ഓണാഘോഷയാത്രയ്ക്കിടയിലേക്ക് നടന്ന പ്രതിഷേധത്തെ പൊലീസ് ലാത്തി ചാർജുമായാണ് നേരിട്ടത്. പൊലീസ് അതിക്രമത്തിൽ സി.കെ ജാനു, ഗോപാലൻ തിരുനെല്ലി, പന്തളം രാജേന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. സമരത്തിന് കേരളത്തിന്റെ പൊതു സമൂഹത്തിൽ നിന്നും വലിയ പിന്തുണ ലഭിക്കാൻ തുടങ്ങി. മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകന്മാരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. സമരപ്പന്തലിലേക്ക് ജീപിടിച്ചു കയറ്റിയാണ് പൊലീസ് ഇതിനോട് പ്രതികരിച്ചത്. സമരത്തിലേക്ക് ഒഴുകിയെത്തിയ ആദിവാസികളെ പണം കൊടുത്ത് സ്വാധീനിച്ച് തിരിച്ചയക്കാനുള്ള തല്പരകക്ഷികളുടെ ശ്രമം പൊളിയുകയാണ് ഉണ്ടായത്. ആദിവാസി ഊരുകളിൽ പട്ടിണി മരണവും ആരംഭിച്ച സ്ഥിതിവിശേഷത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അഭയാർത്ഥി ക്യാമ്പ് സ്ഥാപിക്കാനുള്ള പരിശ്രമവും നടന്നിരുന്നു. ഈ സമരത്തോടനുബന്ധിച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സി.കെ ജാനു അവകാശ പ്രഖ്യാപന ജാഥ നടത്തിയത്. സമരത്തെ തുടർന്ന് കെ.ആർ ഗൗരിയമ്മയുടെയും സുഗതകുമാരി ടീച്ചറുടെയും ഇടപെടലിൽ ഒത്തുതീർപ് ശ്രമങ്ങൾ രൂപപ്പെട്ടു.
നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ 2001 ഒക്ടോബർ മാസം അന്നത്തെ സർക്കാർ എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒന്നുമുതൽ അഞ്ചേക്കർ വരെ കാർഷികയോഗ്യമായ ഭൂമി നൽകാമെന്ന് ആദിവാസി ഗോത്ര മഹാസഭയുമായി ചേർന്ന് കരാറിൽ ഒപ്പിട്ടു. 52,000 ഗോത്ര കുടുംബങ്ങളെ ഭൂരഹിതരായി കണ്ടെത്തി. 19000 ഏക്കർ ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ വീതം വെക്കാൻ കേന്ദ്രസർക്കാർ നീക്കം ചെയ്തിരുന്നു. ഒടുവിൽ 48 ദിവസം നീണ്ടുനിന്ന സമരം ഇതോടെ അവസാനിച്ചു. ആന്റണി സർക്കാർ ആദിവാസി ഗോത്ര മഹാസഭയുമായി ഒപ്പിട്ട ഏഴ് വ്യവസ്ഥകൾ അടങ്ങിയ കരാറിനെ തുടർന്നാണ് സമരം അവസാനിച്ചത്.
കേരളത്തിലെ ഭൂരഹിതരായ എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഒന്നര ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ കൃഷിഭൂമി നൽകും, ഇതിനായി വനംവകുപ്പിന്റെ കൈവശമുള്ള 500000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ നിന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ അനുയോജ്യമായ ഭൂമി കണ്ടെത്തും, ഭൂമി വിതരണവും ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ പ്രത്യേക ട്രൈബൽ റീ സെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ രൂപീകരിക്കും. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തിലെ എല്ലാ ആദിവാസി ഊരുകളെയും ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും, ഭൂമി ലഭിക്കുന്ന ആദിവാസികൾക്ക് കൃഷിക്കാവശ്യമായ സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ അഞ്ചുവർഷത്തെ ഒരു സമഗ്ര വികസന പദ്ധതി നടപ്പിലാക്കും, ആദിവാസികളുടെ കയ്യേറ്റം ചെയ്യപ്പെട്ട ഭൂമി തിരിച്ചു നൽകുന്നത് സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന വിധികൾ പൂർണമായും നടപ്പിലാക്കും, ആദിവാസി മേഖലകളിൽ പട്ടിണി നിർമ്മാജനം ചെയ്യാനും കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തൊഴിൽ എന്നിവ ഉറപ്പുവരുത്താനും പ്രത്യേക പാക്കേജുകൾ കൊണ്ടുവരും എന്നിവയായിരുന്നു കരാറിലെ വ്യവസ്ഥകൾ. സർക്കാർ ആദിവാസികളുമായി ഒപ്പുവെക്കുന്ന ആദ്യത്തെ കരാർ കൂടിയാണിത്.
ഈ സമരത്തിലൂടെയാണ് സി.കെ ജാനു കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന പോരാട്ട മുഖമായി മാറിയത്. പിന്നീട് സർക്കാർ തങ്ങളുടെ വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ടു പോയപ്പോൾ മുത്തങ്ങയിലെ ആദിവാസി ജനത ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ സ്വകാര്യ തോട്ടങ്ങൾ കയ്യേറി പ്രതിഷേധിച്ചു. 2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്ര മഹാസഭ ചെയർപേഴ്സൺ സി.കെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ എണ്ണൂറോളം വരുന്ന ആദിവാസി ജനത നൂൽപ്പുഴ പഞ്ചായത്തിലേക്ക് സംഘടിതമായി പ്രവേശിച്ചു. തകരപ്പടി, അമ്പുകുറ്റി, പൊൻകുഴി, എന്നീ വനമേഖല പ്രതിഷേധക്കാർ കയ്യേറുകയും നൂറുകണക്കിന് കുടിലുകളും ചെക്ക് പോസ്റ്റും സ്ഥാപിക്കുകയും പൊതുജനങ്ങളുടെയും ഫോറസ്റ്റ് ജീവനക്കാരുടെയും പ്രവേശനം തടയുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയനാടിന് പുറത്തുള്ള ജില്ലകളിൽ നിന്നുള്ള ആദിവാസികളും സമര സ്ഥലത്തേക്ക് എത്തിത്തുടങ്ങി. രണ്ടായിരത്തോളം ആദിവാസികൾ ഈ കാലയളവിൽ സമരപ്രദേശത്തേക്ക് എത്തിച്ചേർന്നു എന്നാണ് കണക്കുകൾ.
സിപിഎം ഇടപെടല്
ഈ അവസരത്തിൽ സിപി ഐ എ എമ്മിന്റെ കാർമികത്വത്തിൽ പ്രവർത്തിക്കുന്ന ആദിവാസി ക്ഷേമസമിതി വയനാട്ടിലെ മറ്റിടങ്ങളിൽ ഭൂമി കയ്യേറ്റം നടത്തുകയും വ്യാപകമായി വനം കയ്യേറുകയും ചെയ്തു. ഭൂമി കയ്യേറി സർക്കാരിനെ മുത്തങ്ങയിലെ സമരക്കാർക്കെതിരെ തിരിക്കുകയായിരുന്നു സിപിഐ എമ്മിന്റെ തന്ത്രം. ഫെബ്രുവരി 17ന് കാട്ടുതീ ഉണ്ടാവുകയും അത് അണയ്ക്കുവാൻ എത്തിയ വനപാലകരെ സമരക്കാർ ബന്ദികളാക്കുകയും ചെയ്തു. തുടർന്ന് ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് ഫോറസ്റ്റ് ജീവനക്കാരെ പ്രതിഷേധക്കാർ വിട്ടയച്ചത്. ഫോറസ്റ്റ് ജീവനക്കാരെ പ്രതിഷേധക്കാർ മോചിപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷം, അതായത് ഫെബ്രുവരി 19ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ വനമേഖലയിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമം ആരംഭിച്ചു. പൊലീസ് സമരക്കാർക്കെതിരെ ഗ്രനേഡുകൾ പ്രയോഗിക്കുകയും കുടിലുകൾ കത്തിക്കുകയും ചെയ്തു.
രാവിലെ ഏഴു മണിക്കാണ് പൊലീസ് മുത്തങ്ങയിൽ പ്രവേശിക്കുന്നത്. ആദ്യം അറസ്റ്റ് വരിച്ചവരെ പൊലീസ് വാഹനത്തിലിട്ട് പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു. രാവിലെ എട്ടു മുപ്പതോടെ വെടിവെപ്പ് ആരംഭിച്ചു. ആദിവാസിയായിരുന്ന ജോഗി വെടിവെപ്പിൽ മരണപ്പെട്ടു. പൊലീസ് കോൺസ്റ്റബിൾ കെ.വി വിനോദ്, ഫോറസ്റ്റ് ഓഫീസർ പി.കെ ശശിധരൻ എന്നിവരെ പ്രതിഷേധക്കാർ പിടിച്ചു വെച്ചു. ഇതിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ കെ.വി വിനോദ് കൊല്ലപ്പെടുകയും പോലീസ് നടപടിയുടെ ഫലമായി ഗുരുതരമായ പരിക്കുകളോടെ പി.കെ ശശിധരൻ രക്ഷപ്പെടുകയും ചെയ്തു. രക്തം വാർന്നാണ് വിനോദ് മരിച്ചത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. വിനോദിന് ചികിത്സ ലഭ്യമാക്കാൻപൊലീസുകാർ മനപ്പൂർവം തടസ്സം നിന്നിരുന്നു എന്നും, അങ്ങനെ വിനോദ് മരിച്ചാൽ അതിന്റെ പേരിൽ സമരത്തെ മൃഗീയമായി അടിച്ചമർത്താമെന്നും പൊലീസ് കണക്ക് കൂട്ടിയിരുന്നതായും സമരത്തിന് നേതൃത്വം നൽകിയിരുന്ന ഗീതാനന്ദൻ പിന്നീട് വ്യക്തമാക്കുന്നുണ്ട്.പ്രതിഷേധത്തെ നേരിടുന്നതിൽ ആന്റണി സർക്കാർ പരാജയപ്പെട്ടു. പൊലീസിന് നൽകിയ സർവ്വസ്വാതന്ത്ര്യമാണ് മുത്തങ്ങയിലെ പ്രതിഷേധത്തെ രൂക്ഷമാക്കിയത് . അന്നത്തെ ഡി ജി പി ആയിരുന്ന കെ.ജി ജോസഫിന് ആദിവാസികളെ അടിച്ചമർത്താനുള്ള പൂർണ സ്വാതന്ത്ര്യം സർക്കാരിൽ നിന്നും ലഭിച്ചിരുന്നു. അന്നത്തെ ആന്റണി സർക്കാരിൽ വനം വകുപ്പ് മന്ത്രിയായിരുന്ന കെ. സുധാകരന്റെ ഇടപെടലും പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കി.
12 കേസുകളാണ് അക്കാലത്ത് സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. 23 വർഷങ്ങൾക്ക് ശേഷമാണ് മുത്തങ്ങ ഭൂസമര കേസിലെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി വരുന്നത്. കൽപ്പറ്റ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 53 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വിനോദിനെ കൊലപ്പെടുത്തിയതാണ് എന്നായിരുന്നു പിന്നീട് കേസ് ഏറ്റെടുത്ത് അന്വേഷിച്ച സിബിഐയുടെ കണ്ടെത്തൽ. കോടതിയുടെ വിധിപ്രകാരം രണ്ടാം പ്രതി അശോകന്റെ വെട്ടേറ്റാണ് വിനോദ് കൊല്ലപ്പെടുന്നത്. എന്നാൽ, അശോകൻ വിചാരണയ്ക്കിടെ മരണപ്പെട്ടതിനാൽ കോടതി ശിക്ഷ വിധിച്ചില്ല. എന്നാൽ, സമരത്തോടനുബന്ധിച്ച് നടന്ന മറ്റു പല കേസുകളിലും പ്രതിയാക്കപ്പെട്ട എം. ഗീതാനന്ദൻ അടക്കമുള്ളവർക്ക് അഞ്ചുവർഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
ദലിത്-ആദിവാസി ഭൂപ്രശ്നങ്ങളുടെ ഉദ്ഭവം
ആദിവാസി ഊരുകളുടെ സ്വയംഭരണം എന്ന സമരക്കാരുടെ ആവശ്യം ഇന്ത്യയിൽ പുതിയ ഒരു ആശയമേ ആയിരുന്നില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആദിവാസി ഊരുകൾക്ക് സ്വയംഭരണം ഉണ്ട്. ആദിവാസികൾ സംസ്ഥാനത്ത് നിർണായകമായ വോട്ട് ബാങ്ക് അല്ലാത്തതിനാൽ അവരുടെ ഇത്തരം ആവശ്യങ്ങളെല്ലാം അധികാരികൾ പരിഗണിച്ചതേയില്ല. മുത്തങ്ങ സമരം പരാജയപ്പെട്ടുവെങ്കിലും അരികുവൽക്കരിക്കപ്പെട്ടവരുടെ ശക്തമായ ഉയർത്തെഴുന്നേൽപ്പ് എന്ന നിലയിൽ മുത്തങ്ങ സമരം കേരളത്തിന്റെ പോരാട്ട ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് കേരളത്തിൽ ഉടലെടുത്ത പല ഭബസമരങ്ങളിലും സിവിലിയൻ മുന്നേറ്റങ്ങളിലും മുത്തങ്ങ പ്രസ്ഥാനം സ്വാധീനം ചെലുത്തിയിരുന്നതായി കണ്ടെത്തുവാൻ സാധിക്കും. ആദിവാസി സമുദായങ്ങൾ നടത്തിയ നിൽപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങളിൽ ഈ സ്വാധീനത്തെ കണ്ടെത്തുവാൻ സാധിക്കും. ചെങ്ങറ, അരിപ്പ, ആറളം, കല്ലടത്തണ്ണി തുടങ്ങിയ കേരളത്തിലെ നിരവധി ഭൂസമരങ്ങള്ക്ക് ഊര്ജമായി വര്ത്തിച്ചതില് മുത്തങ്ങ ഭൂസമരത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല. കേരളത്തിലെ ദലിത് – ആദിവാസി ഭൂപ്രശ്നത്തെ സജീവ രാഷ്ട്രീയ ചര്ച്ചയിലേക്ക് എത്തിക്കുന്നതില് മുത്തങ്ങ സമരത്തിന്റെ പങ്കും തള്ളിക്കളയാനാവില്ല.
