August 11 Tuesday 2026

ആര്‍‌എസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ കൂടുതല്‍ പരാതികള്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്ത ജെൻസി പ്രക്ഷോഭകർക്ക് നേരെ വെടിവയ്ക്കണമെന്ന പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ  കൂടുതല്‍ പരാതികള്‍. ഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയില്‍ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിരുന്നു. കേസ് സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കാനും ഉത്രവിട്ടിരുന്നു. ഇതിന് പുറമെയാണ് മോഹന്‍ദാസിനെതിരെ വിവിധ സംഘടനകള്‍ പരാതികള്‍ നല്‍കിയിരിക്കുന്നത്.

ആർ.എസ്.എസ് നേതാവ് ടി.ജി.മോഹൻദാസ്, ദൽഹി ജന്ദർമന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെ കേസ് എടുത്ത് ജയിലിടക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ജന്തര്‍ മന്തറിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയവരെ വെടിവെച്ചു കൊല്ലണമെന്നും അവിടെ കൂടിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്യണമെന്നും മോഹൻദാസ് പറയുന്നുണ്ട്. പ്രതിഷേധിക്കാൻ ഒത്തുചേർന്ന വിദ്യാർത്ഥിനികൾ ബലാംത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പരാമർശവും അയാൾ നടത്തുന്നു. സമൂഹത്തിൽ വലിയ ആഘാതങ്ങൾ സൃഷ്‌ടിക്കുന്ന ഈ പരാമർശങ്ങൾക്കെതിരെ പോലീസ് ഇന്നുതന്നെ ശക്തമായ നടപടിയെടുക്കണം. കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ സ്പർധ സൃഷ്ടിക്കൽ തുടങ്ങിയ BNS വകുപ്പുകൾ പ്രകാരം കേസെടുത്ത് മോഹൻദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പരാതിയിൽ ആവശ്യപ്പെടുന്നു.

പ്രസ്താവനക്കെതിരെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദന്‍, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ എന്നിവര്‍ പരാതി നല്‍കി.

സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ടി.ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം- ടി ജി മോഹന്‍ദാസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. പ്രക്ഷോഭകർ ക്രിമിനലുകളും ബലാത്സംഗം ചെയ്യുന്നവരുമാണെന്നും അവർ അഴിഞ്ഞാടുകയാണെന്നും യൂട്യൂബ് വീഡിയോയിലൂടെ മോഹൻദാസ് പറഞ്ഞിരുന്നു.

 

Related