കേരളത്തിന്റെ വികസനം സംബന്ധിച്ച സമാന്തര മാതൃകകളെയും പരിമിതികളെയും ചർച്ച ചെയ്യുന്ന പഠനം. ഭരണസംസ്കാരത്തിൻറെ മാറ്റത്തെയും വികസനത്തിലെ ജനപങ്കാളിത്തത്തെയും പഠന വിധേയമാക്കുന്നു. സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രീകൃത ഭരണവും പുതു കേരള മാതൃകകളും ചർച്ച ചെയ്യുന്നു. (ഭാഗം 03)
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക് കടക്കുന്ന കേരളം പുതിയ സാമൂഹികവും സാമ്പത്തികവും ഭരണപരവുമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ജനസംഖ്യാപരമായ മാറ്റങ്ങൾ, വയോജനങ്ങളുടെ വർധിച്ചുവരുന്ന അനുപാതം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ, നഗരവൽക്കരണം, കുടിയേറ്റം, സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച, കൃത്രിമബുദ്ധിയുടെ വ്യാപനം, തൊഴിൽ മേഖലയിലെ മാറ്റങ്ങൾ എന്നിവ വികസനത്തിന്റെ പുതിയ ചട്ടക്കൂട് ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ വികസന വിജയങ്ങൾ മാത്രം ഭാവിക്ക് മതിയാകില്ല. പുതിയ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ ഭരണസംസ്കാരവും സിവിൽ സർവീസും കേരളത്തിന് അനിവാര്യമാണ്.
ഇതുവരെ കേരളത്തിന്റെ വികസനത്തെ നയിച്ച പ്രധാന ശക്തി സാമൂഹിക മേഖലകളിലെ പൊതുനിക്ഷേപവും ശക്തമായ പൊതുസ്ഥാപനങ്ങളുമായിരുന്നു. എന്നാൽ, വരുംകാലത്ത് അതിനോടൊപ്പം സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത, തീരുമാനമെടുക്കുന്നതിലുള്ള വേഗത, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരമായ വിനിയോഗം, സേവനങ്ങളുടെ ഗുണനിലവാരം, പൊതുജനങ്ങളുടെ വിശ്വാസം എന്നിവയും വികസനത്തിന്റെ നിർണായക സൂചികകളായി മാറും. അതിനാൽ സിവിൽ സർവീസിന്റെ പരിഷ്കാരം ഒരു ഭരണപരിഷ്കാരത്തിന്റെ വിഷയം മാത്രമായല്ല, കേരളത്തിന്റെ വികസനത്തിന്റെ അടുത്ത അധ്യായത്തിന്റെ അടിസ്ഥാനശിലയായി കാണേണ്ടതുണ്ട്.
ധാർമികത: വ്യക്തിഗുണത്തിൽ നിന്ന് സ്ഥാപനമൂല്യത്തിലേക്ക്
സിവിൽ സർവീസിനെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന പദമാണ് ധാർമ്മികത (Ethics). എന്നാൽ, ധാർമ്മികതയെ പലപ്പോഴും വ്യക്തികളുടെ സത്യസന്ധതയിലേക്കോ അഴിമതിയില്ലായ്മയിലേക്കോ മാത്രം ചുരുക്കിക്കാണാറുണ്ട്. യഥാർത്ഥത്തിൽ ധാർമ്മികത വ്യക്തിയുടെ ഗുണവിശേഷമായല്ല, സ്ഥാപനത്തിന്റെ പ്രവർത്തനസംസ്കാരമായി മാറണം. ഒരു ഉദ്യോഗസ്ഥന്റെ ആത്മാർത്ഥത പ്രശംസനീയമാണ്. പക്ഷേ, ഒരു പൊതുസ്ഥാപനത്തിന്റെ പ്രവർത്തനം ഏതാനും വ്യക്തികളുടെ ആത്മാർത്ഥതയെ മാത്രം ആശ്രയിച്ചായിരിക്കരുത്. നല്ല വ്യക്തികളെ മാത്രം സൃഷ്ടിക്കുന്നതിലല്ല, നല്ല സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലാണ് ഒരു ആധുനിക ഭരണകൂടത്തിന്റെ വിജയം. അതിനാൽ ധാർമ്മികതയെ വ്യക്തിനിഷ്ഠമായ ഒരു മൂല്യമായി കാണാതെ സ്ഥാപനപരമായ ഒരു സംസ്കാരമായി വളർത്തേണ്ടതുണ്ട്. സുതാര്യത, നിഷ്പക്ഷത, സമയബന്ധിതത, പൊതുജനങ്ങളോടുള്ള ബഹുമാനം, നിയമത്തിന്റെ നീതിപൂർവമായ പ്രയോഗം, തീരുമാനങ്ങളുടെ യുക്തിസഹമായ വിശദീകരണം എന്നിവയെല്ലാം ഭരണധാർമ്മികതയുടെ അവിഭാജ്യ ഘടകങ്ങളാണ്.
മഹാത്മാ ഗാന്ധിയുടെ പ്രസിദ്ധമായ ‘ഉരകല്ല്-Gandhi’s Talisman’ പ്രയോഗം ഇന്നും പൊതുഭരണത്തിന് പ്രസക്തമാണ്. ഒരു തീരുമാനം എടുക്കുമ്പോൾ അത് സമൂഹത്തിലെ ഏറ്റവും ദുർബലനായ മനുഷ്യന് എന്ത് ഗുണം ചെയ്യും എന്ന് ആദ്യം ചിന്തിക്കണമെന്ന അദ്ദേഹത്തിന്റെ ഉപദേശം ഭരണനിർവഹണത്തിൻറെ ഒരു ധാർമ്മിക മാനദണ്ഡമാണ്. പൊതുഭരണം ഏറ്റവും ശക്തരായവരെ സേവിക്കുന്ന സംവിധാനമല്ലെന്നും ഏറ്റവും ദുർബലരായവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന സംവിധാനമാണെന്നും ഉറപ്പാക്കണം.
സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രീകൃത ഭരണവും
ഡിജിറ്റൽ ഗവേണൻസ്, കൃത്രിമബുദ്ധി, ഡാറ്റാ വിശകലനം തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ഭരണസംവിധാനങ്ങൾക്ക് വലിയ സാധ്യതകൾ തുറന്നുകൊടുക്കുന്നു. എന്നാൽ, സാങ്കേതികവിദ്യയെ ഭരണത്തിന്റെ ലക്ഷ്യമായി കാണാൻ കഴിയില്ല. അത് മികച്ച ഭരണത്തിലേക്കുള്ള ഉപകരണമാണ്. ഒരു അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്നത് പുരോഗതിയാണ്. എന്നാൽ, അതിനേക്കാൾ പ്രധാനപ്പെട്ടത് ആ അപേക്ഷ എത്ര വേഗത്തിൽ തീർപ്പാക്കപ്പെടുന്നു, പൗരന് എത്ര വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നു, തീരുമാനത്തിന്റെ കാരണം മനസ്സിലാക്കാൻ കഴിയുന്നുണ്ടോ, അനാവശ്യമായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകുന്നുണ്ടോ എന്നതാണ്. ഭാവിയിലെ കേരളം AI-enabled Government എന്നതിലുപരി Citizen-enabled Government എന്ന ആശയത്തിലേക്ക് മുന്നേറേണ്ടതുണ്ട്. അതായത് സാങ്കേതികവിദ്യ വഴി പൗരകേന്ദ്രീകൃതമായ സംവിധാനം രൂപപ്പെടണം. ഡിജിറ്റൽ സംവിധാനങ്ങൾ മനുഷ്യനെ കൂടുതൽ ബഹുമാനത്തോടെ സമീപിക്കുന്ന ഭരണസംസ്കാരത്തിലേക്കാണ് നയിക്കേണ്ടത് പുതിയ സാങ്കേതിക തടസ്സങ്ങളിലേക്കല്ല.
സിവിൽ സർവീസിന്റെ പുനർനിർവചനം
ഇന്നത്തെ സാഹചര്യത്തിൽ സിവിൽ സർവീസിന്റെ വിജയത്തെ നിർണ്ണയിക്കുന്നത് എത്ര നിയമങ്ങൾ നടപ്പാക്കി എന്നതിലല്ല, എത്ര ജീവിതങ്ങളെ ഗുണകരമായി സ്പർശിക്കാൻ കഴിഞ്ഞു എന്നത് വഴിയാകണം. ഒരു ഫയൽ തീർപ്പാക്കുന്നത് ഭരണനടപടിയുടെ അവസാനമാകാം. പക്ഷേ, ഒരു പൗരന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നത് മാത്രമാകണം ഭരണത്തിന്റെ യഥാർത്ഥ ലക്ഷ്യം. പൗരൻറെ നിവേദനത്തെ നിയമപരമായി പരിഹാരം കാണാൻ കഴിയാത്ത പ്രശ്നമെന്ന നിലയിൽ ഫയൽ തീർപ്പാക്കി അവസാനിപ്പിക്കുന്ന പ്രവണതയല്ല, പൗരകേന്ദ്രീകൃത സിവിൽ സർവീസ് എന്ന നിലയിൽ ആ പ്രശ്നം പരിഹരിക്കാനുള്ള നിയമപരമായ പുതിയ സാധ്യതകളെ തേടുന്ന ഒന്നായാണ് മാറേണ്ടത്. സിവിൽ സർവീസിനെ നിയമ നിയന്ത്രണാധിഷ്ഠിത സംവിധാനത്തിൽ നിന്ന് പ്രശ്നപരിഹാരാധിഷ്ഠിത സംവിധാനമായി മാറ്റേണ്ടതുണ്ട്. നിയമങ്ങൾ നടപ്പാക്കുക എന്നത് അതിന്റെ ഉത്തരവാദിത്തമായിരിക്കെ, നിയമത്തിന്റെ ആത്മാവായ നീതിയും പൊതുതാൽപര്യവും സംരക്ഷിക്കുക എന്നതാണ് അതിന്റെ ദൗത്യം. അതിന് ആവശ്യമായ ചില അടിസ്ഥാനപരമായ മാറ്റങ്ങൾ അനിവാര്യമാണ്. നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും കാലാനുസൃതമായ അവലോകനം, വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള (Evidence-based) തീരുമാനമെടുക്കൽ, സേവനഗുണനിലവാരം അളക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ, തുടർച്ചയായ പരിശീലനവും നേതൃത്വവികസനവും, പൗരന്മാരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളെ ഭരണപരിഷ്കാരത്തിന്റെ ഭാഗമാക്കൽ എന്നിവയാണവ. സിവിൽ സർവീസിന്റെ കാര്യക്ഷമതയെ സർക്കാർ ചെലവിന്റെയോ വരുമാനത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ കഴിയില്ല. ഒരു സർക്കാർ വകുപ്പ് ലാഭമുണ്ടാക്കേണ്ട വ്യവസായ സ്ഥാപനമല്ല. പൊതുമൂല്യം (Public Value) സൃഷ്ടിക്കുന്ന സാമൂഹിക സ്ഥാപനമാണ് അത്. അതിന്റെ യഥാർത്ഥ നേട്ടം സമൂഹത്തിൽ സൃഷ്ടിക്കുന്ന വിശ്വാസവും നീതിയും സേവനഗുണനിലവാരവുമാണ്.
പുതു കേരള മാതൃക
കേരളത്തിന്റെ ആദ്യ വികസനഘട്ടം പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്കരണം, സാമൂഹിക നീതി എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു. ആ ചരിത്രപരമായ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമാണിത്. പുതിയ കേരള മാതൃക താഴെ പറയുന്ന അഞ്ച് അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം.
1. മനുഷ്യകേന്ദ്രീകൃത വികസനം – എല്ലാ പൊതുനയങ്ങളുടെയും അടിസ്ഥാനം മനുഷ്യനും അവന്റെ അന്തസ്സും അവകാശങ്ങളും ആയിരിക്കണം.
2. ധാർമ്മികവും സുതാര്യവുമായ സിവിൽ സർവീസ് – അഴിമതിയില്ലായ്മ മാത്രമല്ല, നീതിയുക്തമായ തീരുമാനങ്ങളെടുക്കുന്ന ഭരണസംസ്കാരവും അതിന്റെ ഭാഗമാകണം.
3. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവഹണം – ഡാറ്റയും ഗവേഷണവും അനുഭവപാഠങ്ങളും ചേർന്നായിരിക്കണം പൊതുനയങ്ങൾ രൂപപ്പെടേണ്ടത്.
4. പങ്കാളിത്ത ജനാധിപത്യം – ജനപങ്കാളിത്തം സർക്കാർ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് അതിന് പകരമാകാൻ പാടില്ല.
5. തുടർച്ചയായി പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങൾ – മാറുന്ന ലോകത്തോടൊപ്പം മാറാൻ കഴിയുന്ന സ്ഥാപനങ്ങൾക്കാണ് ഭാവിയെ നയിക്കാൻ കഴിയുക.
ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിച്ചാൽ മതിയാകില്ല. ഈ അഞ്ച് ഘടകങ്ങളും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഭരണപരിഷ്കാരമാണ് കേരളത്തിന് ആവശ്യമായത്. കേരളത്തിന്റെ വികസനചരിത്രം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം, ഒരു സമൂഹത്തിന്റെ പുരോഗതി സർക്കാർ ചെലവിന്റെ അളവുകൊണ്ടല്ല, അതിലെ സർക്കാർ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൊണ്ടാണ് നിർണയിക്കപ്പെടുന്നത് എന്നതാണ്. സാമൂഹിക നവോത്ഥാനം, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജനകീയാസൂത്രണം എന്നിവ കേരളത്തിന്റെ ആദ്യ വികസനഘട്ടത്തിന് ശക്തമായ അടിത്തറ പാകി. ആ അടിത്തറയുടെ മുകളിൽ നിന്നുകൊണ്ടാണ് പുതു കേരളത്തെ നാം സൃഷ്ടിക്കേണ്ടത്. അതിന് വികസന പദ്ധതികൾ മാത്രം മതിയാകില്ല. അവയെ ജനങ്ങളുടെ ജീവിതത്തിലേക്ക് വിശ്വാസത്തോടെയും കാര്യക്ഷമതയോടെയും നീതിയോടെയും എത്തിക്കാൻ കഴിയുന്ന ഒരു പുതിയ സിവിൽ സർവീസ് സംസ്കാരം ആവശ്യമാണ്. നിയമം മനുഷ്യനെ സേവിക്കുകയും സാങ്കേതികവിദ്യ മനുഷ്യകേന്ദ്രിത ഭരണത്തെ ശക്തിപ്പെടുത്തുകയും പൊതുസ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്യുന്നിടത്താണ് വികസനം യഥാർത്ഥത്തിൽ ജനാധിപത്യപരമാകുന്നത്. പുതിയ കേരള മാതൃക എന്നത് പുതിയ കെട്ടിടങ്ങളുടെയോ പുതിയ പദ്ധതികളുടെയോ പേരായി മാറരുത്. മനുഷ്യനെ കേന്ദ്രമാക്കി പൊതുസ്ഥാപനങ്ങളെ നവീകരിക്കുകയും വികസനത്തെ നീതിയോടും ധാർമ്മികതയോടും ഉത്തരവാദിത്തത്തോടും ചേർത്ത് പുനർനിർവചിക്കുകയും ചെയ്യുന്ന ഭരണസംസ്കാരത്തിന്റെ പേരായി മാറണം. അതിനെയാണ് പുതുകേരള മാതൃകയായി ഭാവി വിലയിരുത്തുക.
(അവസാനിച്ചു)
