August 13 Thursday 2026

റോഡ് അരികിലെ മെസ്സിയും നെയ്മറും

കഴിഞ്ഞ രണ്ടു ദിവസമായി വയനാട്, മലപ്പുറം ജില്ലകളിലൂടെ യാത്ര ചെയ്യുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ തന്നെ കാണുന്നത് ബ്രസീൽ ഫാൻസിന്റെ വലിയ ഒരു ഫ്ലെക്സ് ആണ്. വീട്ടിന്റെ അയൽപക്കത്തുള്ള കുട്ടികളും വലിയവരും ഒക്കെ ചേർന്ന് നിർമ്മിച്ച വലിയ ഫ്ലെക്സ്. അതിന്റെ ഒരു പ്രത്യേകതയായി തോന്നിയത് ഞങ്ങളുടെ ആ പ്രദേശത്തെ ഒരു വിധം എല്ലാവരും ആ ഫ്ലെക്സിൽ ഇടം പിടിച്ചിരിക്കുന്നു എന്നത് കൂടെയാണ്. ഫാൻസ് എന്ന ഒരു യൂണിറ്റ് ഫ്ലെക്സ് ബോർഡിൽ വിസിബിൾ ആകുന്നു എന്ന ഒരു സോഷ്യൽ എൻജിനീയറിങ് കൂടി രൂപപ്പെടുന്ന ഒരു പ്രക്രിയയാണ് ഞാൻ അവിടെ കണ്ടത്. ആ ഫ്ലെക്സ് അവിടെ ഒരു മാസത്തോളം നിലനിൽക്കും. അത് വഴി പോകുന്നവർ ആ കുട്ടികളും വലിയവരും അടങ്ങുന്ന ഒരു കൂട്ടത്തെ നിരന്തരം കണ്ടുകൊണ്ടേയിരിക്കും. രസമുള്ള ഒരു സോഷ്യൽ ട്രാൻസ്ഫർമേഷൻ ആണ് അത്.

വയനാട്, മലപ്പുറം ജില്ലകളിലൂടെ സഞ്ചരിക്കുമ്പോൾ ഇത്തരം കുറേ അധികം ഫ്ലെക്സുകളാണ് പിന്നീട് കണ്ടത്. കേരളത്തിലെ റോഡരികുകളിൽ പതിറ്റാണ്ടുകളായി ഫ്ലെക്സുകൾ നിർമ്മിക്കുന്ന ഒരു വിഷ്വൽ സെമിയോട്ടിക്സിന്റെ ഏറ്റവും രസകരമായ ഒരു വിഘടനം കൂടിയാണ് ഫുട്ബോൾ ഫാൻസിന്റെ ഫ്ലെക്സുകൾ. തുണിക്കടകളുടെ പരസ്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫ്ലെക്സുകൾ, സിനിമാ ഫ്ലെക്സുകൾ, മുണ്ടിന്റെ പരസ്യങ്ങൾ, മലയാളത്തിലെ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തിയ ഫ്ലെക്സുകൾ, രാഷ്ട്രീയ നേതാക്കളുടെ ഫ്ലെക്സുകൾ അങ്ങനെ പല തരത്തിലുള്ള വിഷ്വൽ എക്സ്ട്രാവഗൻസകൾ കേരളത്തിലെ റോഡരികുകൾ സൃഷ്ടിക്കുന്നുണ്ട്. അതിൽ ഫുട്ബോൾ ഫ്ലെക്സുകളുടെ ഒരു വ്യത്യസ്തത കൂടി ചികയാനും ചിന്തിക്കാനുമാണ് തോന്നുന്നത്.

എൽ.ഡി.എഫ് അല്ലാതെ മറ്റാര് എന്ന ഒരു ഫ്ലെക്സ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫ്ലെക്സുകൾ, തുണിക്കടകളുടെ പരസ്യങ്ങൾ അടക്കമുള്ള അനേകം ഫ്ലെക്സുകൾ ഒക്കെ ഒരു തരത്തിൽ സമൂഹത്തെ രൂപപ്പെടുത്താനും അതിനെ നേർവഴിക്കു നടത്താനും അതിനുള്ളിൽ നിലനിൽക്കാനുമുള്ള വിഷ്വൽ ഫോർമാറ്റുകൾ കൂടിയാണ്. പക്ഷെ ഫുട്ബോൾ എന്ന ഒരു ഇന്റർനാഷണൽ ഗെയിമിന്റെ ‘മൃഗീയത’ ആണ് ഈ ഫ്ലെക്സുകളിൽ കൃത്യമായി സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. നെയ്മർ സിംഹരാജാവായും മെസ്സി പുലിയായും മറ്റും പല തരത്തിൽ അവതരിപ്പിക്കപ്പെടുന്നു. കാട്ടിലെയും നാട്ടിലെയും യുദ്ധങ്ങൾ പൊലിപ്പിച്ചു കാണിക്കപ്പെടുന്നു. മനുഷ്യരിലെ വയലൻസിന് സാമൂഹിക അംഗീകാരം കൊടുക്കുന്ന ഒരു വെന്റിലേഷൻ പ്രോസസ് ഈ ഫ്ലെക്സുകളിലൂടെ നടക്കുന്നു. ഈ ഫ്ലെക്സുകളിലെ ക്യാപ്ഷനുകളിൽ ഒക്കെ അത് കാണാം. ചിലപ്പോഴൊക്കെ സിനിമയുടെ ഫ്ലെക്സുകളിലും അത് കാണാം. വി.ഡി. സതീശനെ മുഖ്യമന്ത്രി പൂക്കി എന്ന കഥാപാത്രമായി ചമയ്ക്കുന്നതിലൂടെ ഒരു ജനറേഷന്റെ മാസ് സൈക്കിയെ തൃപ്തിപ്പെടുത്തുന്ന പോലെ മനുഷ്യരിലെ നിയന്ത്രിത വയലൻസിന് സമൂഹം താത്കാലികമായി ഫുട്ബോൾ കളിയിലൂടെ അംഗീകാരം കൊടുക്കുകയാണ്. മനുഷ്യർ ഒരു തരത്തിൽ വെന്റിലേറ്റ് ചെയ്യുന്നത് ഇങ്ങനെ കൂടിയാണ്.

ഫുട്ബോൾ ഫ്ലെക്സുകൾ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല എന്നും കാണാം. പ്രത്യേകിച്ച് കണ്ണൂർ പോലുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടവരുടെ പേരിൽ നിർമ്മിക്കപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡുകളും സ്മാരകങ്ങളും മറ്റൊരു തരത്തിലുള്ള വിഷ്വൽ രാഷ്ട്രീയമാണ് സൃഷ്ടിക്കുന്നത്. രക്തസാക്ഷികളുടെ മുഖങ്ങൾ, അവരുടെ ചിത്രങ്ങൾ, പാർട്ടി ചിഹ്നങ്ങൾ എന്നിവ പൊതുഇടങ്ങളിൽ സ്ഥിരമായി നിലകൊള്ളുന്നു. ഒരു തരത്തിൽ മരണം, ത്യാഗം, പോരാട്ടം, പ്രതികാരം എന്നീ ആശയങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഒരു വിഷ്വൽ മെമ്മറി പൊളിറ്റിക്സ് അവിടെ പ്രവർത്തിക്കുന്നുണ്ട്. ഫുട്ബോൾ ഫ്ലെക്സുകളിൽ നെയ്മറോ മെസ്സിയോ സിംഹമായും പുലിയായും അവതരിക്കപ്പെടുമ്പോൾ ആഘോഷിക്കപ്പെടുന്നത് കായിക മത്സരത്തിന്റെ പ്രതീകാത്മക പോരാട്ടമാണ്. കണ്ണൂരിലെ രക്തസാക്ഷി ഷെഡുകളിൽ ആഘോഷിക്കപ്പെടുന്നത് യഥാർത്ഥ രാഷ്ട്രീയ പോരാട്ടത്തിന്റെ ഓർമ്മകളുമാണ്. രണ്ടും വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ളതാണെങ്കിലും പൊതുഇടങ്ങളിൽ വീരത്വം, ത്യാഗം, ജയം, പരാജയം, പ്രതികാരം, സംഘബോധം എന്നിവയുടെ ദൃശ്യഭാഷ നിർമ്മിക്കുന്നതിൽ ഇവ തമ്മിൽ ഒരു സാമ്യം കാണാൻ കഴിയും.കഥാപാത്രമായി ചമയ്ക്കുന്നതിലൂടെ ഒരു ജനറേഷന്റെ മാസ് സൈക്കിയെ തൃപ്തിപ്പെടുത്തുന്ന പോലെ മനുഷ്യരിലെ നിയന്ത്രിത വയലൻസിന് സമൂഹം താത്കാലികമായി ഫുട്ബോൾ കളിയിലൂടെ അംഗീകാരം കൊടുക്കുകയാണ്. മനുഷ്യർ ഒരു തരത്തിൽ വെന്റിലേറ്റ് ചെയ്യുന്നത് ഇങ്ങനെ കൂടിയാണ്.

ഒരർത്ഥത്തിൽ കേരളത്തിലെ റോഡരികുകൾ ഒരു വലിയ വിഷ്വൽ ആർകൈവ് പോലെയാണ് പ്രവർത്തിക്കുന്നത്. അവിടെ രാഷ്ട്രീയം, സിനിമ, ഫുട്ബോൾ, മരണം, വീരത്വം, ആരാധന എന്നിവ നിരന്തരം പരസ്പരം കലർന്നുകൊണ്ടിരിക്കുന്നു. ഇത്തരം ദൃശ്യ നിർമ്മിതികളെ ‘മെമ്മറിസ്കേപ്പുകൾ’ എന്നും ‘വെർണാകുലർ പബ്ലിക് മെമ്മോറിയലുകൾ’ എന്നും വായിച്ചെടുക്കാം. ഔദ്യോഗിക ചരിത്രം എഴുതാത്ത ഇടങ്ങളിൽ ജനങ്ങൾ സ്വയം നിർമ്മിക്കുന്ന ഓർമ്മയുടെ ഭൂപ്രദേശങ്ങൾ. കേരളത്തിലെ ഫുട്ബോൾ ഫ്ലെക്സുകളും രാഷ്ട്രീയ രക്തസാക്ഷി സ്മാരകങ്ങളും അത്തരം ഓർമ്മയുടെ ഭൂപ്രദേശങ്ങളായി കൂടെ ആണ്.

ഇനി ഇത്തരം ഫ്ലെക്സുകൾ നിർമ്മിക്കുന്ന മാസ്കുലിനിറ്റിയുടെ രീതികൾ ശ്രദ്ധിച്ചാൽ അത് ഒന്നുകൂടി കൗതുകകരമാകും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൽ.ഡി.എഫ് അല്ലാതെ മറ്റാര് എന്ന ഒരു ഫ്ലെക്സിലൂടെ കേരളത്തിൽ അങ്ങോളമിങ്ങോളം പിണറായി വിജയൻ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം ഒരു തരത്തിൽ ഒരു എസ്റ്റാബ്ലിഷ്ഡ് മലയാളി ഫിഗർ കൂടിയായിരുന്നു. അദ്ദേഹത്തിന് ഒരു മുണ്ടുടുത്ത കാരണവർ രൂപമുണ്ടായിരുന്നു. അതിന് തൊട്ടുമുമ്പ് ദൃശ്യം എന്ന സിനിമയിലൂടെ ഫ്ലെക്സിലൂടെയും സ്ക്രീനിലൂടെയും മോഹൻലാൽ എന്ന താരശരീരത്തിന്റെ മാസ്കുലിനിറ്റിയും ആഘോഷിക്കപ്പെട്ടു. അവിടെ ഒക്കെ പല തരത്തിൽ വിഘടിക്കപ്പെട്ടുവെങ്കിലും രൂപപ്പെടുന്നത് മലയാളി ഫിഗറുകൾ കൂടിയാണ്.

പക്ഷെ, ഫുട്ബോളിന്റെ ഫ്ലെക്സുകളിൽ മുഴുവനും ലാറ്റിൻ അമേരിക്കൻ, അർജന്റീനിയൻ, കുറച്ച് യൂറോപ്യൻ മാസ്കുലിനിറ്റികളാണ് ഓടിക്കളിക്കുന്നത്. നെയ്മറും മെസ്സിയും റൊണാൾഡിനോയും അതിന്റെ കൂടെ കേരളത്തിലെ അരികുകളിൽ ജീവിക്കുന്ന ഫാൻസും കൂടി കലരുമ്പോൾ കേരളം നിർമ്മിച്ചുവെച്ച ഒരു മലയാളി മാസ്കുലിനിറ്റിയിലേക്ക് ഈ ഫ്ലെക്സ് ബോർഡുകളിലൂടെ ഒരു കലർപ്പ് രൂപപ്പെടുകയാണ്. അവരുടെ സ്പോർട്സ് ഷോർട്ട് ട്രൗസറുകൾക്ക് അപ്പുറമുള്ള മസിലുള്ള തുടകളും കാലുകളും കേരളത്തിന്റെ പബ്ലിക് സ്ഫിയറിൽ വിസിബിൾ ആകുന്നു. ഇത് പക്ഷെ മലയാള സിനിമയുടെ ഫ്ലെക്സുകൾക്ക് രൂപപ്പെടുത്താൻ കഴിയുന്നതല്ല. വേൾഡ് കപ്പ് ഫുട്ബോൾ എന്ന ഇന്റർനാഷണൽ ഗെയിമിന് മാത്രമാണ് മാസ്കുലിനിറ്റിയിൽ ഇത്തരം ഒരു കലർപ്പ് രൂപീകരിക്കാൻ കഴിയുന്നത്.

കേരളത്തിലെ സിനിമാ ഫാൻസുകളും ഫുട്ബോൾ ഫാൻസുകളും തമ്മിലുള്ള വ്യത്യാസങ്ങളും വളരെ പ്രകടമാണ്. ഒരു പക്ഷെ 1980-കളുടെ അവസാനത്തിലാണ് മമ്മൂട്ടിക്കും മോഹൻലാലിനും കേരളത്തിൽ ഒരു ഫാൻസ് കൾച്ചർ രൂപപ്പെടുന്നത്. കട്ട് ഔട്ടുകൾ വെക്കുന്നതിലൂടെയും പാലാഭിഷേകങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും ഈ മലയാളി താരശരീരങ്ങളെ മലയാളിയുടെ സാംസ്കാരികതയിൽ നിരന്തരം ഫാൻസുകൾ നിലനിർത്തി. സലിം കുമാറിനെ പോലുള്ള നടന്മാർ ഡിജിറ്റൽ കൾച്ചറിലെ മീം റിയാക്ഷനുകളിലൂടെ അവരുടെ സാന്നിധ്യം ഇവിടെ നിലനിർത്തിയിട്ടുണ്ട്. പക്ഷെ, ഫുട്ബോൾ ഫാൻസ് ഓരോ നാല് കൊല്ലം കൂടുമ്പോഴും വേൾഡ് കപ്പ് ഫുട്ബോളിലൂടെ, അതിന്റെ കട്ട് ഔട്ടുകളിലൂടെ, മമ്മൂട്ടി-മോഹൻലാൽ പോലുള്ള മാസ്കുലിനിറ്റികളെ താത്കാലികമായി പിന്നിലേക്ക് തള്ളുന്നുമുണ്ട്. കേരളത്തിലെ കൾച്ചറൽ സ്ഫിയറിലെ വളരെ രസകരമായ ഒരു കാര്യമാണത്. ഒരു സുനാമി വന്നു തിരിച്ചു പോകുന്നത് പോലെയാണ് അത്.

ഫ്ലെക്സ് പ്രിന്റിങ്ങിന്റെ ടെക്നോളജി ഒന്നുകൂടി ജനാധിപത്യവൽക്കരിക്കപ്പെട്ടതോടെയും അതിന്റെ സാമ്പത്തികശാസ്ത്രം സാധാരണക്കാർക്ക് താങ്ങാവുന്നതായതോടെയും കേരളത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കിട്ടുന്നവർ പോലും ഫ്ലെക്സ് വെക്കാൻ തുടങ്ങി. പക്ഷെ, ഇത്തരം ഫ്ലെക്സുകളൊക്കെ ഒരു തരത്തിൽ സമൂഹത്തിന്റെ കാമനകളോടും ഫാന്റസികളോടും ആഗ്രഹങ്ങളോടും അറ്റാച്ച് ചെയ്തു പോകുന്നതാണ്. ഫുട്ബോൾ എന്നത് അതിൽ അന്തർലീനമായിരിക്കുന്ന വയലൻസ് കൂടി ഇത്തരം ഫ്ലെക്സുകൾ വളരെ കണ്ണിങ്ങായി ആഘോഷിക്കുന്നു എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. ‘ടു ഹാഫ് ടൈംസ് ഇൻ ഹെൽ’ പോലുള്ള സിനിമകളിൽ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഫുട്ബോൾ കളിക്കേണ്ട ചരിത്രം പറയുന്നുണ്ട്. അതായത് ഒരു തരത്തിൽ സമൂഹം അംഗീകരിച്ച പോരാട്ടം, വേട്ട, ഇര, ജയം, തോൽവി, ആർപ്പുവിളി എന്നിവയിലെ വയലൻസ് അല്ലെങ്കിൽ ഒരു റോറിങ് പരിപാടി സാധാരണക്കാരായ ജനങ്ങൾ ആഘോഷിക്കുന്നു. അത് ഫ്ലെക്സ് ബോർഡുകളിലൂടെ എക്സിബിറ്റ് ചെയ്യുകയും ചെയ്യുന്നു.

 

Related