നവോത്ഥാനനന്തര രാഷ്ടീയ ജനാധിപത്യ പ്രബുദ്ധ കേരളത്തിൽ ദലിത്-ആദിവാസി ജനവിഭാഗങ്ങളുടെ അതിജീവന പോരാട്ട ചരിത്രത്തിൽ നിർണ്ണായകമായ നിരവധി ഏടുകൾ എഴുതിച്ചേർത്ത എം .ഗീതാനന്ദൻ എന്ന ദലിത് – ആദിവാസി നേതാവിൻ്റെ ജീവിതത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ രേഖപ്പെടുത്താവുന്നതാണ് – സമര ജീവിതം കൊണ്ട് ചരിത്രമെഴുതുന്നൊരാൾ. കേരള സമൂഹത്തെ പിടിച്ചുലച്ച 2003-ലെ മുത്തങ്ങ സമരത്തിൻ്റെ പേരിൽ അന്യായമായി ചാർത്തപ്പെട്ട വ്യാജകേസുകളുടെ വിവേചനപരമായ വിധിന്യായത്തെത്തുടർന്ന് അദ്ദേഹം ഇപ്പോൾ ജയിലാണ്. മുത്തങ്ങ സമരത്തിൻ്റെ ഭാഗമായുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട അദ്ദേഹത്തെയും 53 സമര പോരാളികളെയും കുറ്റവിമുക്തരാക്കിയെങ്കിലും മറ്റൊരു പൊലീസുകാരനെ ആക്രമിച്ചു എന്ന പേരിൽ ചുമത്തപ്പെട്ട വ്യാജ കേസിൽ ശിക്ഷിക്കപ്പെട്ടാണ് ആദിവാസികളുടെ നീതിക്കുവേണ്ടി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ അദ്ദേഹം ഇപ്പോൾ ജയിലിൽ കഴിയുന്നത്. ആദിവാസികളുടെ മണ്ണിനും അതിജീവനത്തിനും ആത്മാഭിമാന സംരക്ഷണത്തിനും വേണ്ടി സമർപ്പിത ജീവിതം നയിക്കുന്ന തൻ്റെ പോരാട്ട ജീവിതത്തിൽ അദ്ദേഹം പല പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അറസ്റ്റും ജയിൽവാസവും തികച്ചും അന്യായവും വിവേചനപരവുമാണെന്ന് ജനാധിപത്യ ബോധവും നീതിബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്.
സമൂഹത്തിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ടവരും അതി ദുർബലരും അതിജീവന ഭീഷണി നേരിടുന്നവരും ദൂരഹിതരുമായ ആദിവാസികളുടെ ഭൂമിയുൾപ്പെടെയുള്ള വിഭവാധികാരത്തിനും വനാവകാശത്തിനും മനുഷ്യാവകാശങ്ങൾക്കും അന്തസ്സാർന്ന ജീവിതത്തിനും വേണ്ടി ജീവിതം സമർപ്പിച്ച, അവരുടെ ഉയർത്തെഴുന്നേൽപ്പും വിമോചനവും രാഷ്ട്രീയവും ജീവിതദൗത്യമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ തന്നെ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് എം. ഗീതാനന്ദൻ എന്നാണ് അദ്ദേഹത്തിൻ്റെ സമര ജീവിതം സാക്ഷ്യപ്പെടുത്തുന്നത്. ആധുനിക കേരളം കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകകൾ ആദിവാസികളെ കൈയൊഴിഞ്ഞപ്പോഴും അവരുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തിരികെ നൽകുന്നതിനു വേണ്ടി നിർമ്മിച്ച നിയമങ്ങൾ കുടിയേറ്റക്കാർക്കും അധീശശക്തികൾക്കും വേണ്ടി രാഷ്ട്രീയ ഭേദമന്യെ ഭരണകൂടങ്ങൾ അട്ടിമറിച്ചപ്പോഴും ശബ്ദമില്ലാത്തവരുടെ ശബ്ദവും പ്രതീകവുമായി സഹന ജീവിതം നയിച്ച് അവർക്കു വേണ്ടി വിട്ടുവീഴ്ചയില്ലാതെ വാദിച്ചും കേരള സമൂഹം ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത സമരമുഖങ്ങൾ തുറന്നുമായിരുന്നു ഗീതാനന്ദൻ എന്ന നിതാന്ത മനുഷ്യാവകാശ പോരാളി ദലിത്-ആദിവാസി മുന്നേറ്റത്തിൻ്റെ നെടുനായകത്വത്തിലേയ്ക്ക് ഏകാന്തപഥികനെ പോലെ കടന്നു വരുന്നത്. ആദിവാസികളും മനുഷ്യരാണെന്നും അവരുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളാണെന്നും അവരുടെ അതിജീവനത്തിനും വേണ്ടി ഭരണകൂടവും പൊതുസമൂഹവും ഇടപെടേണ്ടത് അനിവാര്യമാണെന്നും നിരന്തരം ശബ്ദമുയർത്തിയും ആദിവാസി ജനതയെ സംഘബോധത്തിലേയ്ക്കും അവകാശ പോരാട്ടങ്ങളിലേയ്ക്കും കൈപിടിച്ചുയർത്തിയുമാണ് പതിറ്റാണ്ടുകൾ പിന്നിടുന്ന അദ്ദേഹത്തിൻ്റെ സമരജീവിതം കേരളത്തിലെ നിരാലംബരും അസംഘടിതരും അശരണരുമായ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ഭൂമിക്കും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും അനുഭവസാക്ഷ്യങ്ങളായി മാറുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നീതി നിഷേധിക്കപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം തന്നെയാണ് ജീവിതത്തിൻ്റെ ലക്ഷ്യവും ദൗത്യവും.
1954- ൽ കണ്ണൂർ ജില്ലയിലെ തയ്യിൽ എന്ന ഗ്രാമത്തിലെ ഒരു സാധാരണ ദലിത് കുടുംബത്തിൽ ജനിച്ച ഗീതാനന്ദൻ്റെ ജീവിതം എന്നും പ്രതിബന്ധങ്ങളോട് ഏറ്റുമുട്ടുന്ന വെല്ലുവിളികൾ നിറഞ്ഞ അനുസ്യൂതമായ പോരാട്ടങ്ങളുടേതായിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ അസാധാരണ ജീവിതത്തെ സമര ജീവിതം എന്നു വിശേഷിപ്പിക്കുന്നത്. പയ്യന്നൂർ ഗവൺമെൻ്റ് കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കൊച്ചിൻ ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ നിന്നും സമുദ്ര ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം തിരുവനന്തപുരത്ത് അക്കൗണ്ടൻ്റ് ജനറൽ ഓഫിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് ആ ഉദ്യോഗം രാജിവച്ചാണ് അദ്ദേഹം സാമൂഹിക- രാഷ്ടീയ പ്രവർത്തനങ്ങളെ തൻ്റെ ജീവിത നിയോഗവും ദൗത്യവുമായി തിരഞ്ഞെടുക്കുന്നത്. സർക്കാർ ഉദ്യോഗം സ്വതന്ത്രമായ സാമൂഹിക, രാഷ്ടീയ പ്രവർത്തനങ്ങൾക്ക് വിഘാതമാവും എന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. വിദ്യാഭ്യാസ കാലഘഘട്ടത്തിൽ ആഴത്തിലുള്ള വായനയിലൂടെ രാഷ്ട്രീയ വിപ്ളവം എന്ന ലക്ഷ്യവുമായി തീവ്രഇടതുപക്ഷ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ദീർഘകാലം നക്സലൈറ്റ് പ്രസ്ഥാനത്തിനൊപ്പം സഞ്ചരിക്കുന്നതോടെയാണ് തൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ, ഇന്ത്യൻ റിയാലിറ്റിയായ ജാതിയെ അഭിസംബോധന ചെയ്യാതെ വർഗ്ഗസമരത്തിനു മാത്രം ഊന്നൽ നൽകുന്ന മാർക്സിസ്റ്റ് – ഇടതുപക്ഷ രാഷ്ട്രീയത്തോട് വിയോജിച്ച അദ്ദേഹം മഹാത്മ ഫൂലെ മുതൽ ഡോ. അംബേദ്കൾ ഉൾപ്പെടെയുള്ള അധഃസ്ഥിത നവോത്ഥാന നായകരുടെ ജീവിതം വായിക്കുന്നതിലൂടെയാണ് പില്ക്കാലത്ത് ദലിത് – ആദിവാസി ജനസമൂഹങ്ങളുടെ അതിജീവനവും വിമോചന മുന്നേറ്റവും തൻ്റെ പ്രവർത്തന മേഖലയായി തിരഞ്ഞെടുക്കുന്നതും മർദിത ദേശീയതയുടെ അവകാശപോരാട്ടങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ആരംഭിക്കുന്നതും. മഹാത്മ അയ്യൻകാളിയുടെ പോരാട്ടങ്ങൾ എക്കാലവും അദ്ദേഹത്തിന് പ്രചോദനവും വഴി വെളിച്ചവുമായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ ബോധ്യപ്പെടലിൻ്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏറ്റവും പാർശ്വവൽക്കൃതരും രാഷ്ട്രീയമായി അസംഘടിതരും ബഹിഷ്കൃതരുമായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ മുഖ്യ പ്രമേയമാക്കി ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് ഗീതാനന്ദൻ്റെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ നടക്കുന്നത്.
1975- ലെ ആദിവാസി ഭൂ നിയമം കേരളത്തിൽ വലിയ ചർച്ചകൾ ഉയർത്തിയ കാലഘട്ടമായിരുന്നു അത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് അവർക്ക് തിരികെ നൽകുക എന്ന ലക്ഷ്യത്തോടെ 1975-ൽ കേരള നിയമ സഭ “കേരള പട്ടികവർഗ്ഗ (ഭൂമി കൈമാറ്റം നിയന്ത്രിക്കലും പുനരവകാശപ്പെടുത്തലും) നിയമം”പാസ്സാക്കിയെങ്കിലും കുടിയേറ്റക്കാരുടെ രാഷ്ട്രീയ സമ്മർദം മൂലവും ആദിവാസി സമൂഹത്തോടുള്ള ഭരണകൂടത്തിൻ്റെ പ്രതിലോമകരമായ നിലപാടുകൾ മൂലവും അധിനിവേശക്കാരുടെ താല്പര്യങ്ങൾക്കു വഴങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ നിശബ്ദത മൂലവും ഈ നിയമം വർഷങ്ങളോളം ജലരേഖയായി അവശേഷിക്കുകയായിരുന്നു. നിരാലംബരും അസംഘടിതരുമായ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി എത്രയും പെട്ടന്ന് വീണ്ടെടുത്ത് അവർക്ക് തിരികെ നൽകണമെന്ന 1988 – ലെ ഹൈക്കോടതിയുടെ സുപ്രധാന വിധിപോലും ഭരണകൂടങ്ങൾ ചെവിക്കൊണ്ടില്ല. എങ്കിലും 1975-ലെ നിയമം നടപ്പിലാക്കി ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തിരികെ നൽകണം എന്ന ആവശ്യം ദലിത്-ആദിവാസി സംഘടനകൾ നിരന്തരം ഉന്നയിച്ചുപോന്നു. 1989 മാർച്ച് 25-ന് കല്ലറ സുകുമാരൻ നേതൃത്വം നൽകിയ ഇന്ത്യൻ ദലിത് ഫെഡറേഷൻ്റെ നേതൃത്വത്തിൽ “ആദിവാസികളുടെ മണ്ണും മാനവും രക്ഷിക്കുക ” എന്ന മുദ്രാവാക്യവുമായി സുൽത്താൻബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് സംഘടിപ്പിച്ച ചരിത്ര പ്രസിദ്ധമായ ആദിവാസി മാർച്ച് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ രാഷ്ട്രീയം കേരളത്തിൽ വീണ്ടും ഒരു ഗൗരവമേറിയ ചർച്ചാ വിഷയമായി ഉയർത്തികൊണ്ടുവന്നു. എന്നാൽ, മാറിമാറി വന്ന സർക്കാരുകൾ, രാഷ്ടിയ ഭേദമന്യെ 1975-ലെ ആദിവാസി ഭൂ നിയമം നടപ്പിലാക്കി ആദിവാസികളോട് നീതി പുലർത്താൻ വിമുഖത കാട്ടുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് 1996-ൽ, 1975-ലെ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ നിയമം നിർമ്മിക്കുന്നത്. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം മറുഭൂമിയോ നഷ്ട പരിഹാരമോ നൽകാൻ വ്യവസ്ഥ ചെയ്ത ഈ നിയമം പക്ഷേ ദലിത്- ആദിവാസി വിഭാഗങ്ങളുടെ നിശിതമായ വിമർശനത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കുകയായിരുന്നു.
അരക്ഷിതാവസ്ഥയുടെ ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് 2001 ആഗസ്റ്റിൽ ഗീതാനന്ദൻ്റെയും സി.കെ ജാനുവിൻ്റെയും നേതൃത്വത്തിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടി തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും 48 ദിവസം നീണ്ടുനിന്ന, കേരളത്തിലെ ആദിവാസി മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ ഒന്നായ കുടിൽകെട്ടി സമരം ആരംഭിക്കുന്നത്. ആദിവാസികളെ സംബന്ധിച്ചിടത്തോളം കാടകങ്ങളിൽ അവരുടെ നഷ്ടപ്പെട്ട ഭൂമിയും വീണ്ടെടുത്ത് അതിജീവനം സാധ്യമാക്കാൻ പോരാട്ടമല്ലാതെ മറ്റു മാർഗ്ഗങ്ങൾ യാതൊന്നും തന്നെ ഇല്ലാതിരുന്നു. ആദിവാസികളുടെ സഹനസമര പ്രതിബദ്ധത വെളിപ്പെടുത്തിയ കുടിൽകെട്ടി സമരത്തോടുകൂടിയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെ വീണ്ടെടുക്കലും അവരുടെ അതിജീവനവും കേരള സമൂഹത്തിൽ വീണ്ടും ഒരു സജീവ ചർച്ചാ വിഷയമായി മാറുന്നത്. സ്വന്തം മണ്ണിൽ തങ്ങളുടെ സ്വത്വസും പൈതൃകവും സംസ്കാരവും സംരക്ഷിച്ച് ആധുനിക സമൂഹത്തോടൊപ്പം ജീവിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി ആദിവാസികൾ നടത്തിയ ചരിത്രപ്രസിദ്ധമായ കുടിൽകെട്ടി സമരം ഒടുവിൽ ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ സമ്മർദങ്ങൾക്ക് നടുവിൽ ഗവൺമെൻ്റ് ഗീതാനന്ദൻ ഉൾപ്പെടെയുള്ള സമര നേതാക്കളുമായി ചർച്ച നടത്തി അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ മുതൽ 5 ഏക്കർ വരെ മറുഭൂമി നൽകാം എന്ന കരാറിൽ എത്തിച്ചേരുകയായിരുന്നു. നിയതാർഥത്തിൽ ഈ കരാർ1975-ലെ ആദിവാസി ഭൂ നിയമത്തെ അപ്രസക്തമാക്കിയെങ്കിലും ഭൂരഹിതരായ ആദിവാസികൾക്ക് അതിജീവനത്തിന് പകരം ഭൂമി എന്ന ഭരണകൂട വാഗ്ദാനത്തിന് അടിത്തറ ഉറപ്പിക്കുന്നതായിരുന്നു. ഗീതാനന്ദനും സി.കെ. ജാനവും നേതൃത്വം നൽകിയ ആദിവാസി ഭൂസമര മുന്നേറ്റത്തിൻ്റെ ആദ്യ വിജയമായിരുന്നു ഈ കരാർ. കേരളത്തിൻ്റെ പൊതുമനസാക്ഷിയെ ആദിവാസി ജീവിതങ്ങളുടെ അതിജീവന സമസ്യയുടെ നേർക്കാഴ്ചയിലേയ്ക്ക് വഴിതിരിച്ചുവിട്ട പ്രക്ഷോഭമായ കുടിൽകെട്ടി സമരം സൃഷ്ടിച്ച അനുരണനങ്ങൾ നിരവധിയായിരുന്നു. കേരളത്തിലെ ആദിവാസി മുന്നേറ്റ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ഈ സമരമുഖത്തിലൂടെയാണ് സി.കെ. ജാനുവിനൊപ്പം ഗീതാനന്ദൻ ആദിവാസി ജനവിഭാഗങ്ങളുടെ അനിഷേധ്യ നേതാവെന്ന അംഗീകാരം നേടിയെടുക്കുന്നത്. ഈ സമരത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഗീതാനന്ദൻ്റെയും സി.കെ. ജാനുവിൻ്റെയും മറ്റും അനിഷേധ്യ നേതൃത്വത്തിൽ ആദിവാസികളുടെ പിറന്ന മണ്ണും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2000-ൽ ആദിവാസി ഗോത്രമഹാസഭ രൂപീകരിക്കപ്പെടുന്നതും കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ അവകാശങ്ങൾക്കു വേണ്ടിയുള്ള സംലടിത മുന്നേറ്റത്തിൻ്റെ സാധ്യത യാഥാർഥ്യമാവുന്നതും. ആദിവാസി ഗോത്രമഹാസഭയുടെ രൂപീകരണം ആദിവാസികളുടെ സ്വത്വവും സംസ്കാരവും അന്തസ്സും ആത്മാഭിമാനവും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ ചെലുത്തിയ സ്വാധീനം അസാധാരണവും അവർണനീയവുമായിരുന്നു.
എന്നാൽ, ആദിവാസികൾക്ക്, പകരം ഭൂമി എന്ന 2001-ലെ കരാർ സർക്കാർ പാലിച്ചില്ല. കേരളത്തിൽ ഒരിടത്തും ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഭൂമി നൽകിയില്ലെന്നു മാത്രമല്ല അതിനു വേണ്ടിയുള്ള ആശ്വാസകരമായ ശ്രമങ്ങൾ പോലും ഉണ്ടായില്ല. ഇതാകട്ടെ ആദിവാസികളുടെ അതിജീവനത്തെ വീണ്ടും സങ്കീർണ്ണമാക്കുകയായിരുന്നു. അവർക്കിടയിൽ പട്ടിണി മരണവും പോഷകാഹാര കുറവു മൂലമുള്ള ശിശുമരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിസങ്കീർണമായ ഈയൊരു സാഹചര്യത്തിലാണ് ഗീതാനന്ദൻ്റെയും സി.കെ. ജാനുവിൻ്റെയും നേതൃത്വത്തിൽ വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിൽ ആദിവാസികളുടെ ഭരണഘടനാപരമായ സ്വയംഭരണാവകാശവും ഭൂമിയും സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ വാഗ്ദാനം ചെയ്ത, ജീവിക്കാനാവശ്യമായ ഭൂമിക്കുവേണ്ടി കുടിലുകൾ കെട്ടി സമരം ആരംഭിക്കുന്നത്. ചരിത്രത്തിൽ മുത്തങ്ങ സമരം എന്ന പേരിൽ രേഖപ്പെടുത്തപ്പെട്ട ഈ സമരത്തിൻ്റെ മുഖ്യ സംഘാടകനും ശില്പിയും ഗീതാനന്ദനായിരുന്നു. വിവിധ ഊരുകളിൽ നിന്നെത്തിയ നൂറുകണക്കിന് ആദിവാസികളായിരുന്നു മുത്തങ്ങ സമരത്തിൽ പങ്കെടുത്തത്. സമാധാനപരമായി സമരം പുരോഗമിക്കവെ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുന്നതിന് പകരം വനത്തിനുള്ളിൽ ആദിവാസികൾ സമാന്തര ഭരണകൂടം സ്ഥാപിക്കുന്നു എന്ന ആരോപണമാണ് സർക്കാർ ഉന്നയിച്ചത്. 2003 ഫെബ്രുവരി 19-ന് സമരത്തെ അടിച്ചമർത്താൻ സമരക്കാർക്കു നേരെ പൊലിസ് വെടിവെക്കുക കൂടി ചെയ്തതോടെ സമാധാനപരമായി പുരോഗമിച്ച മുത്തങ്ങ സംരം സംഘർഷഭരിതവും രക്തരൂക്ഷിതമാവുകയായിരുന്നു. കേരള മനസാക്ഷിയെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. വെടിവെപ്പിൽ ജോഗി എന്ന ആദിവാസി പ്രവർത്തകനും സംഘർഷത്തിൽ വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെടുകയായിരുന്നു. വെടിവയ്പ്പിനെ തുടർന്ന് സമരഭൂമിയിൽ നിന്നും ആദിവാസികൾ ചിതറിയോടുകയും പോലീസ് ഊരുകളിൽ അക്രമം അഴിച്ചുവിടുകയുമായിരുന്നു. വെടിവെപ്പിൽ എത്ര പേർ മരിച്ചെന്നോ എത്ര പേരെ കാണാതായെന്നോ ഇനിയും വ്യക്തമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ റിപ്പോർട്ട് പ്രകാരം അതിക്രൂരമായ നരനായാട്ടാണ് മുത്തങ്ങയിൽ അരങ്ങേറിയത്. സമരത്തിൽ പങ്കെടുത്തവരും ഗീതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും ക്രൂരമർദനത്തിന് വിധേയമായി ജയിലിലടയ്ക്കപ്പെടുകയായിരുന്നു. പിന്നീട് ആദിവാസികൾക്ക് ഭൂമി നൽകാൻ സർക്കാർ മുത്തങ്ങ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതും പൂർണ അർഥത്തിൽ നടപ്പിലാക്കുകയുണ്ടായില്ല. സമരം ചെയ്ത ആദിവാസികൾക്ക് ഭൂമിയോ വെടിവെയ്പ്പിലും മർദ്ദനത്തിലും പരിക്കേറ്റവർക്കും മരിച്ചവർക്കും നീതിയോ ഭൂമിയോ ലഭിച്ചതുമില്ല. സമരവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ 23 വർഷങ്ങൾക്കു ശേഷം പര്യവസാനിക്കുമ്പോൾ ഭൂമിക്കു വേണ്ടി സമരം ചെയ്ത ആദിവാസികൾ കുറ്റക്കാരാണെന്ന അത്യന്തം വൈരുദ്ധ്യങ്ങൾ നിറഞ്ഞ വിധിന്യായമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തത്ഫലമായി ഗീതാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇപ്പോൾ ജയിലിലാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭുമിയ്ക്കും അവരുടെ അതിജീവനത്തിനും വേണ്ടി ജനാധിപത്യ മാർഗ്ഗത്തിൽ സമാധനപരമായി സമരം ചെയ്തവർ ജയിലലടക്കപ്പെട്ടുന്നത് ജനാധിപത്യ സമൂഹത്തിന് ഒരിക്കലും നീതികരിക്കാനാവാത്ത കീഴ്‌വഴക്കമാണെന്നു പറയാതെ വയ്യ.
മുത്തങ്ങ സമരത്തിന് ശേഷം ദലിത് വിഭാഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അധഃസ്ഥിത വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശ്രദ്ധേയമായ നിരവധി സമരങ്ങൾക്കും ഗീതാനന്ദൻ നേതൃത്വം നൽകുകയുണ്ടായി. 2014-ൽ, ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനും PESA നിയമം പ്രാബല്യത്തിലാക്കാനും വേണ്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ആദിവാസികളുടെ നിൽപ്പു സമരം ആദിവാസികളുടെ ഭൂമി പ്രശ്നം വീണ്ടും പൊതു സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും ശ്രദ്ധിയിൽ കൊണ്ടുവരുന്നതിന് വഴിയൊരുക്കി. 2018 മാർച്ച് 20. ന് സുപ്രീം കോടതി ഉത്തരവിലൂടെ പട്ടികജാതി/പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധമുയർന്നപ്പോൾ അതിൻ്റെ മുൻനിരയിലും ഗീതാനന്ദനുണ്ടായിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി 2018 ഏപ്രിൽ 9-ന് കേരളത്തിൽ നടന്ന ബന്ദിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ആദി ശക്തി സമ്മർ സ്കൂൾ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് കലാപാരമ്പര്യത്തിനും നൽകുന്ന സംഭാവനകൾ നിസ്തുലമാണ്. “വിദ്യാഭ്യാസം നമ്മുടെ ജന്മാവകാശമാണ് ” എന്ന ആശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ആദി ശക്തി സമ്മർ സ്കൂൾ പ്രവർത്തിക്കുന്നത്. പട്ടിക വിഭാഗത്തിൽപ്പെട്ടപ്പെട്ട വിദ്യാർഥികളുടെ ഇ – ഗ്രാൻ്റ് അട്ടിമറിക്കെതിരെ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന സമരവും ശ്രദ്ധേയമായിരുന്നു.
കേവലം ഒരു സമര നേതാവ് എന്നതിലുപരി കേരളത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ദലിത്-ആദിവാസി വിഭാഗങ്ങളുടെയും മത്സ്യതൊഴിലാളികളുടെയും അതി പിന്നോക്കക്കാരായ ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീബോധ്യങ്ങളെ ഉണർത്തിയ സാമൂഹിക-രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും പ്രചാരണം സംഘാടകനും കൂടിയാണ് ഗീതാനന്ദൻ. 2024-ൽ പട്ടിക വിഭാഗക്കാർക്കിടയിൽ ക്രീമിലെയറും ഉപസംവരണവും നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയ സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ ഉയർന്നുവന്ന പ്രതിഷേധ മുന്നേറ്റങ്ങളുടെ മുൻനിരയിൽ നേതൃത്വപരമായ പങ്ക് വഹിച്ചതും ഗീതാനന്ദനായിരുന്നു. കേരള ദലിത് പാന്തർ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാവായ കെ. അംബുജാക്ഷൻ, കേരള ചേരമർ സംഘം നേതാവ് ഐ.ആർ. സദാനന്ദൻ തുടങ്ങിയ നേതാക്കളുമായി ഐക്യപ്പെട്ട് കോട്ടയത്ത് സൗത്ത് ഇന്ത്യൻ ദലിത്- ആദിവാസി കോൺക്ലേവ് സംഘടിപ്പിച്ചും അറുപതോളം ദലിത്-ആദിവാസി സംഘടനകളെ സമന്വയിപ്പിച്ച് അംബേദ്ക്കെറെറ്റ് ഡെമോക്രാറ്റിറ്റ് മുന്നണി എന്ന ബഹുജന മുന്നേറ്റത്തിന് രൂപം നൽകിയുമാണ് ഗീതാനന്ദൻ സുപ്രിം കോടതിയുടെ വിധി പ്രസ്താവനത്തിനെതിരെ പ്രതിഷേധിച്ചത്. പട്ടിക വിഭാഗക്കാർക്കിടയിൽ ഉപസംവരണം പാടില്ലെന്ന് വാദിക്കുമ്പോൾ തന്നെ ഈ വിഭാഗങ്ങൾക്കിടയിലെ അതിദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ പ്രത്യേക പദ്ധതികൾ വേണമെന്ന ഗീതാനന്ദൻ്റെ നിർദേശം പരക്കെ അംഗീകരിക്കപ്പെടുകയുണ്ടായി.
കേരളത്തിലെ ദലിത്- ആദിവാസി വിഭാഗങ്ങളുടെ ബഡ്ജറ്റ് വിഹിതം വിനിയോഗിക്കുന്നതിലും ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും ഫണ്ട് ലാപ്സാക്കുന്നത് തടയുന്നതിനും തെലുങ്കാന മോഡൽ നിയമം കേരളത്തിലും വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതും യു.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പത്രികയിൽ പ്രസ്തുത ആവശ്യം ഉൾപ്പെടുത്താൻ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതും ഗീതാനന്ദൻ ജനറൽ കൺവീനറും ഐ.ആർ. സദാനന്ദൻ ചെയർമാനും കെ. അംബുജാക്ഷൻ വർക്കിംഗ് ചെയർമാനമായ അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് മുന്നണിയാണ്. പാട്ടക്കരാർ തീർന്ന തോട്ടം ഭൂമി വീണ്ടെടുത്ത്, ഭൂപരിഷ്കരണത്തിൻ്റെ പരിധിയിൽ നിന്നും നിരുപാധികം പുറത്താക്കപ്പെട്ട ഭൂരഹിതരായ ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് വിതരണം ചെയ്യണം എന്ന നിർണ്ണായകമായ ആവശ്യവും അധികാരത്തിൻ്റെ സമസ്ത മേഖലയിലും ഈ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കി നമ്മുടെ ജനാധിപത്യ പാരമ്പര്യത്തെ വികസിപ്പിക്കണമെന്നും അംബേദ്ക്കെറൈറ്റ് ഡെമോക്രാറ്റിക് മുന്നണയിലൂടെ ഗീതാനന്ദൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മുത്തങ്ങ സമരത്തിൻ്റെ പേരിൽ അന്യായമായി ചമയ്ക്കപ്പെട്ട വ്യാജ കേസിൽ പ്രതി ചേർക്കപ്പെട്ട് മറ്റു മൂന്ന് പേർക്കൊപ്പം അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടിരിക്കുന്നത്. മുത്തങ്ങ സമരത്തിലെ യോഗിയുടെ കൊലപാതകവും സമരത്തിൽ പങ്കെടുത്ത ആദിവാസികൾക്കു നേരെ ഉണ്ടായ എണ്ണിയാലൊടുങ്ങാത്ത മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കാൻ ഉത്തരവ് പുറപ്പെടുവിക്കാതെ, ക്രൂരമായ മർദ്ദനത്തിന് വിധേയമായവർക്ക് നഷ്പരിഹാരമോ വാഗ്ദാനം ചെയ്ത ഭൂമിയോ നൽകാൻ ശുപാർശ ചെയ്യാതെയാണ് കോടതി ഗീതാനന്ദൻ ഉൾപ്പെടെ നാലു പേരെ കുറ്റക്കാരെന്നു വിധിയെഴുതി ജയിലിലടച്ചിരിക്കുന്നത്. ഇതു ഭരണഘടന അനുശാസിക്കുന്ന നീതി പരിപാലനത്തിൻ്റെ നഗ്നമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടുതന്നെ നീതി നിഷേധിക്കപ്പെട്ടവർക്ക് നീതിയും, ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഭൂമിയും ലഭ്യമാക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനു വേണ്ടി നിലകൊള്ളുന്ന യു.ഡി.എഫ്. ഗവൺമെൻ്റും പൊതുസമൂഹവും ഇടപെടേണ്ടത് കാലഘട്ടത്തിൻ്റെ ചുവരെഴുത്തും അനിവാര്യതയുമായിത്തീർന്നിരിക്കുകയുമാണ്.
