കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുതന്നാൽ താൻ നിരാഹാര സമരം അവസാനിപ്പിക്കാം എന്ന് സോനം വാങ്ചുക്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവർക്ക് സോനം വാങ്ചും കത്തയച്ചിരുന്നു. ഈ കത്തിലാണ് അദ്ദേഹം പ്രസ്തുത ഉപാധി മുന്നോട്ടു വച്ചത്. തന്റെ വിദ്യാർത്ഥികളിലേക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്കും തനിക്ക് തിരികെ മടങ്ങണമെന്നും എന്നാൽ ഈ സമരത്തിനു മുന്നിട്ടിറങ്ങിയ വിദ്യാർഥി യുവജനങ്ങളെ ബലികൊടുക്കാൻ തനിക്ക് കഴിയില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് ഭരണകൂടത്തിൽ നിന്നും ഉറപ്പ് ലഭിച്ചതായും കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂൺ 28 മുതൽ ജന്ദർ മന്ദിറിൽ നിരാഹാരം അനുഷ്ഠിക്കുകയാണ് സോനം വാങ്ചുക് . ഇതിനെത്തുടർന്ന് പോലീസ് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടരുകയാണ്.
