November 19 Thursday 2026

അടൂരിലെ ചന്തു, ശാസ്തമംഗലത്തെ ഉണ്ണിയാർച്ച, ആഗ്രയിലെ ശകുനി, പാർട്ടിയിലെ നക്ഷത്രങ്ങൾ | കൂത്തും കുത്തും | Political satire

അടൂരിലെ ചന്തു

വടശേരി ദാമോരമേനോൻ സതീശൻ സർക്കാർ, നുറുദിവസം പിന്നിട്ടു. അതത്ര ചെറിയ കാര്യമായി കുതന്ത്രിക്ക് തോന്നുന്നില്ല. പത്തുവർഷം ഭരിച്ച പിണറായി സർക്കാരിനെപോലെയല്ല സതീശൻ സർക്കാർ. പിണറായി മന്ത്രിസഭക്ക് ഒരൊറ്റത്തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ചിരിക്കാത്ത മുഖ്യമന്ത്രിയുടെതായിരുന്നു. ഭരണത്തിന് ഒരു സ്വരം മാത്രമേ പുറത്തു കേൾക്കുമായിരുന്നുള്ളൂ. തലൈവരുടേത് മാത്രം. തലവൻ, ചുറ്റിക മേശമേൽ അടിച്ച് ഉത്തരവിടുന്നു. അടിമകളെ പോലെ പാർട്ടി സെക്രട്ടറിയടക്കം എല്ലാവരും കമിഴ്ന്നു കിടന്ന് അനുസരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചതുപോലും പിണറായിയുടെ ഒരൊറ്റത്തല മാത്രമായിരുന്നു. തിരുവാക്കിന് എതിർവാക്കില്ല എന്ന കണക്കെയുള്ള വിജയഭരണകാലത്ത് നൂറുദിവസമല്ല ഒരു നൂറ്റാണ്ട് അവർ ഭരിച്ചാലും പാർട്ടിക്ക് മടുപ്പ് തോന്നാൻ വഴിയില്ല. പക്ഷെ, ജനത്തിന് മടുത്തതുകൊണ്ടാണ് അവർക്ക് കരക്കിരിക്കേണ്ടിവന്നത്.

പക്ഷെ, അതുപോലയല്ലല്ലോ സതീശഭരണം. കുതന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ടല്ലോ. സ്വന്തം മൂക്കിന് താഴെ, മുഖ്യമന്ത്രിയെ കുത്തിമലർത്താൻ തക്കം പാർത്തിരിക്കുന്ന ഗ്രൂപ്പ് പുംഗവന്മാരുണ്ടെന്ന്. തരം കിട്ടാൻ അവർ അക്ഷമയോടെ കാത്തിരിക്കുകയാണ്. നൂറു ദിവസങ്ങൾക്കുള്ളിൽ ഇരുനൂറുകൂട്ടം തർക്കങ്ങൾ ഇവർ ഖനനം ചെയിതിട്ടുണ്ട്. സീറ്റുകളുടെ കാര്യത്തിൽ സെഞ്ച്വറി തികച്ചെത്തിയ സതീശൻ, മുഖ്യമന്ത്രി കപ്പിൽ മുത്തമിടുമെന്ന് വിചാരിച്ചിരിക്കുമ്പോഴല്ലെ കെ.സി വരട്ടെയെന്ന സംഘഗാനം പാർട്ടിയിൽ മുഴങ്ങിയത്. ലീഗ് വട്ടം നിന്ന് ഒരുമയുടെ മാപ്പിളപാട്ട് പാടിയതുകൊണ്ട് തർക്കം തൽക്കാലം അടങ്ങിയെന്ന് മാത്രം. ആ വാൾ ഇപ്പോഴും സതീശൻറെ തലയ്ക്ക് വില പറയുന്നുണ്ട്. പ്രിയദർശിനിയിൽ സത്രീകൾക്ക് സൌജന്യയാത്ര നൽകിയതുകൊണ്ട് മഹിള കോൺഗ്രസുകാർ ആനന്ദതുന്ദിലകളായിട്ടുണ്ടാകാം. പക്ഷെ, പുരുഷകേസരികളിപ്പോഴും അസ്വസ്ഥരാണ്. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ കരിയിപ്പിച്ചിട്ടേ അവർ അടങ്ങുകയുള്ളൂ.
അങ്ങിനെയാണ് അടൂരിലെ ചന്തു ചട്ടംകെട്ടിയിറങ്ങുന്നത്. ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവനാണ് ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്ന് കള്ളം പറഞ്ഞവനാണ് ചന്തു. കെ.പി. സി. സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി സ്വന്തം മുഖ്യമന്ത്രിക്ക് പാര പണിയുന്ന ഒരു ബെടക്കൻ വീരാഗാഥയാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. ദില്ലിയിൽ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ, മമതയും ഇടതുപക്ഷവുമെക്കൊ ഭിന്നത മറന്ന് കോൺഗ്രസുമായി സഹകരിച്ചു നിൽക്കുമ്പോൾ, ആ ബാനർ കയ്യിലേന്തി സതീശനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്ന അടൂരിലെ ചന്തുവിൻറെ തൊലിക്കട്ടി അപാരം തന്നെ.

ശാസ്തമംഗലത്തെ ഉണ്ണിയാർച്ച
തലസ്ഥാനനഗരിയൽ കഥാപാത്രങ്ങൾ അപ്രതീക്ഷിതനീക്കങ്ങളിലൂടെ പ്രജകളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പുരാതന രാജ്യനഗരമാണല്ലോ അനന്തപുരി. ഭരണാധികാരികൾ രാജാവിൻറെ സ്വഭാവം കാണിച്ചാൽ അതിൽ അശേഷം അത്ഭുതപ്പെടാനില്ല. അല്ലെങ്കിൽ കേരളത്തിലെ ആദ്യത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യത്തെ വനിതയുമായ ശ്രീലേഖക്ക്, കൌൺസിലർ സ്ഥാനം രാജിവെക്കേണ്ടത് വാട്സ്ഗ്രൂപ് വഴിയല്ലെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലല്ലോ. രാജി നഗരസഭാ സെക്രട്ടറിക്ക് അയച്ചുകൊടുത്തിരിന്നുവെങ്കിൽ അപ്പോൾ തന്നെ അത് സ്വീകരിക്കുമായിരുന്നു. പകരം കത്ത് നൽകിയതാകട്ടെ ജില്ലാ കള്കടർക്കും. മേയർ രാജേഷിനെ വെട്ടിലാക്കി തലക്ക് വില പറയുകയായാരുന്നു ആയമ്മയുടെ ആഗ്രഹം. തനിക്ക് മേയർ സ്ഥാനം നൽകുമെന്ന് മോഹിപ്പിച്ചാണത്രെ ശാസ്തമംഗലത്ത് മൽസരിപ്പിച്ചത്. ജയിച്ചപ്പോൾ ഡി.ജിപിയെ കൊണ്ട്, കോൺസറ്റബിളിൻറ പണി എടുപ്പിക്കുകയാണത്രെ. പി. സി ജോർജടക്കമുള്ള പലപ്രമുഖരും ജനങ്ങളെ സേവിക്കാനുള്ള അതിയായ ത്വര കൊണ്ട് മിസ് കോളടിച്ചു ബിജെപിയിൽ കയറികൂടിയതാണല്ലോ. സ്ഥാനമാനങ്ങൾക്കായി താങ്കൾ ക്യൂവിലാണ് എന്ന സന്ദേശമാണ് അവർക്കിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി നേതാക്കന്മാരെ വിളിക്കുമ്പോഴാകട്ടെ, എല്ല ലൈനുകളും ബിസിയാണ് എന്ന മറുപടിയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനർഥിയായി മൽസരിച്ചു തോറ്റ് തുന്നം പാടിയവരൊക്കെ ഇപ്പോൾ മാരാർജി ഭവനിൽ ഊഴം വെച്ച് തൂപ്പ് ജോലി ചെയ്തുവരവെയാണ് ശാസ്തമംഗലത്തെ ഉണ്ണിയാർച്ചയുടെ അളിഞ്ഞ രാജിനാടകം. രാഷ്ട്രപതിഭവനിലോ ലോക്ഭവനിലോ തന്നെ ഇരുത്തുമെന്ന് വിചാരിച്ചാണത്രെ അവർ ബിജെപിയിൽ അംഗത്വമെടുത്തത്. ഉണ്ണിയെ കണ്ടാലറിയാം കീശ നിറയെ ആശയാണെന്ന്.

ആഗ്രയിലെ ശകുനി
ചൂതിലൂടെ ധർമപക്ഷത്തെ പരാജയപ്പെടുതിയ ശകുനിയുടെ പുതിയ അവതാരമാണ് ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കേരളത്തിൽ നടത്തിയ അഴിമതി ആരോപണങ്ങളുടെ വെളിച്ചത്തിൽ ആളൊരു ചെറയ മീനല്ല എന്ന് വ്യക്തമായിരിക്കുകയാണ്. ചൌക്കിദാർ ചോർ ഹൈ എന്നായിരുന്നു മുമ്പ് ദില്ലിയിൽ ഉയർന്നുകേട്ടിരുന്ന മുദ്രാവാക്യം. അയോധ്യയിലെ ഫൈസാബാദിൽ രാമജന്മഭൂക്ഷേത്രത്തിൽ നടന്ന നോട്ടുകൊള്ള വലിയ ചർച്ചയായിരുന്നു. ആ ട്രസ്റ്റിന് നേതൃത്വം നൽകിയവരിൽ ഈ മാന്യദേഹമുണ്ടായിരുന്നു. അവിടെ നിന്നാണ് വോട്ടുകൊള്ളക്ക് ചുക്കാൻ പിടിക്കാൻ കുമാരനെ തെരഞ്ഞെടുപ്പ് കമീഷനിലേക്ക് നിയോഗിക്കുന്നത്. കോടിജനത്തിൻറെ വോട്ടാണ് ടിയാൻ ഒറ്റവെട്ടിന് ഇല്ലാതാക്കിയത്. ഇപ്പോൾ പാർടികളും പാറ്റകളും ടിയാനെതിരെ തലസ്ഥാനത്ത് സമരരംഗത്താണ്. കേരളത്തിൽ ഗതിയില്ലാതെയലയുന്ന പാർടികളും ചുവന്നകൊടിയുമായി ദില്ലിയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. പാർടിയിൽ പ്രത്യേകിച്ച് പണിയില്ലാത്ത ബേബി സഖാവും , കുട്ടികളുടെ കൂടെ കൂടി, കുട പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ വൈറലാകുന്നുണ്ട്. സമരത്തിൽ പങ്കടുക്കുന്നവർ പാക് പൌരാരാണെന്നാണ് ബിജെപി ആരോപണം. ദ്രുവ് റാഠി താൻ ഇന്ത്യക്കാരാനാണെന്ന് തെളിയിക്കാൻ ഇന്ത്യൻ പാസ്പോർട് ഉയർത്തിക്കാണിച്ചപ്പോൾ, അതിന് ദുരന്ധർ സിനിമയുടെ ടിക്കറ്റ് ഉണ്ടെങ്കിൽ കാണിക്ക് എന്നാണ് കാവിട്രൌസറുകാരുടെ പ്രതികരണം. രണ്ടു കവിളിലും മോദിയുടെ സ്റ്റിക്കർ പതിച്ചിട്ട് ചെകിടത്ത് അടിച്ചോ എന്ന ഭാവത്തിൽ നിൽക്കുന്ന ജെൻസികൾ പോലീസുകാരെ പോലും ചിരിപ്പിച്ച് കൊല്ലുകയാണ്. പാറ്റ ശകുനിയെ നക്കിക്കൊല്ലുമെന്ന് തീർച്ചയാണ്.

പാർട്ടിയിലെ നക്ഷത്രങ്ങൾ
അരിവാൾ ചുറ്റിക നക്ഷത്രം എന്നതാണ് സിപിഎമ്മിൻറെ തെരഞ്ഞെടുപ്പ് ചിഹ്നം. ലക്ഷണമൊത്ത ചിഹ്നമാണ് അത് എന്നാണ് കുതന്ത്രിയുടെ അഭിപ്രായം. എതിരഭിപ്രായങ്ങൾ പറയുന്നവരെ അരിവാളുകൊണ്ട് വെട്ടാം. വേണമെങ്കിൽ ചുറ്റിക കൊണ്ട് തലക്കടിക്കാം. തെറ്റു തിരുത്തുന്നു എന്ന പേരിൽ നടക്കുന്ന അച്ചടക്കനടപടികളിൽ പോലും ചിഹ്നത്തിലെ ഈ രണ്ടു ആയുധങ്ങളും നന്നായി ഉപയോഗപ്പെടുന്നുണ്ട്. അപ്രകാരം ആയുധങ്ങൾ കയ്യിലേന്തി മനുഷ്യർ അധ്വാനം ചെയ്തതിൻറെ ഫലമായാണ് ചരിത്രം മുന്നോട്ടു പോയതെന്നാണ് മാക്സും ഏംഗൽസും കൂടി ലേഖനമെഴുതിപിടിപ്പിച്ചിട്ടുള്ളത്. പക്ഷെ, അപ്പോഴും നക്ഷത്രം എന്തിനാണെന്ന് കുതന്ത്രിക്ക് മനസിലായിരുന്നില്ല. ചില നേതാക്കന്മാർക്ക് പാർടിയിൽ മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും താരപദവി ലഭിക്കുമെന്നാണ് നക്ഷത്രം വ്യക്തമാക്കുന്നത്. മിന്നൽ പിണറായിക്കും വീണമകൾക്കും പൊതുമരുമകനും ലഭിക്കുന്നത് ആ താരപദവിയാണ്. പാർടി അണികൾ നക്ഷത്രമെണ്ണിയാണെങ്കിലും അത് അവർക്ക് നൽകിയിരിക്കും.

Related