കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) എന്നത് കാലങ്ങളായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും അവസാനത്തെ ആശ്രയമായിരുന്നു. രാവും പകലും ഉറക്കമൊഴിഞ്ഞ് പഠിച്ച്, ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന സാധാരണക്കാരായ യുവജനങ്ങളുടെ ഏക പ്രതീക്ഷ. എന്നാൽ, സമീപകാല സംഭവവികാസങ്ങളും വിവാദങ്ങളും പരിശോധിക്കുമ്പോൾ, ഈ സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണെന്ന് നിസ്സംശയം പറയേണ്ടി വരും. സർക്കാർ ജോലികളിലെ സുതാര്യമായ നിയമനം എന്ന വലിയ ദൗത്യമുള്ള പി.എസ്.സി, ഇന്ന് പക്ഷപാതത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രഭവകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
പി.എസ്.സി എന്ന സ്വതന്ത്ര സ്ഥാപനത്തിന്റെ അധഃപതനം ആരംഭിക്കുന്നത് അതിന്റെ തലപ്പത്ത് നടക്കുന്ന നിയമനങ്ങളിൽ നിന്നാണ്. പി.എസ്.സി അംഗങ്ങളുടെ നിയമനം ഇന്ന് തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് നടക്കുന്നത്. അർഹതയോ ഉന്നത വിദ്യാഭ്യാസ യോഗ്യതയോ മികച്ച ഭരണപരിചയമോ മാനദണ്ഡമാക്കുന്നതിന് പകരം, ഭരണകക്ഷിയുടെ നോമിനികൾക്കാണ് ഇവിടെ പരിഗണന ലഭിക്കുന്നത്. നിലവിൽ കമ്മീഷനിലെ മുഴുവൻ അംഗങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പക്കാ രാഷ്ട്രീയ നിയമനങ്ങളാണെന്നത് പരസ്യമാണ്. വൻ ശമ്പളവും ഔദ്യോഗിക വാഹനവും പെൻഷനും അടക്കമുള്ള മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും നൽകി ലോക്കൽ രാഷ്ട്രീയ നേതാക്കളെയും പാർട്ടി അനുഭാവികളെയും സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ഒരു താവളമായി പി.എസ്.സിയെ മാറ്റിയിരിക്കുന്നു. ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റേണ്ട ഒരു ബോർഡിൽ, തികഞ്ഞ രാഷ്ട്രീയ വിധേയത്വമുള്ള വ്യക്തികൾ മാത്രം നിറയുമ്പോൾ അവിടെ മെറിറ്റിനും സുതാര്യതയ്ക്കും പകരം പാർട്ടി താല്പര്യങ്ങൾ മാത്രമായിരിക്കും സംരക്ഷിക്കപ്പെടുക എന്നത് സ്വാഭാവികമാണ്.
പി.എസ്.സിയുടെ റാങ്ക് ലിസ്റ്റുകളും പരീക്ഷാ നടത്തിപ്പും അഭിമുഖങ്ങളും ഇന്ന് വലിയ സംശയത്തിന്റെ നിഴലിലാണ്. കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നോക്കുകുത്തിയാക്കി തങ്ങൾക്ക് വേണ്ടപ്പെട്ടവരെ പിൻവാതിലിലൂടെയും മുൻവാതിലിലൂടെയും തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ വ്യാപകമായി നടക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കേരളത്തെ നടുക്കിയ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസും അതിന് പിന്നാലെ പുറത്തുവന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പും. യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് എസ്.എഫ്.ഐ ഗുണ്ടകൾ പി.എസ്.സി കാസർഗോഡ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാമതും ഉന്നത സ്ഥാനങ്ങളിലും റാങ്ക് നേടി ലിസ്റ്റിൽ ഇടംപിടിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ, പരീക്ഷാ ഹാളിൽ സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണും ഉപയോഗിച്ച് എസ്.എം.എസ് വഴി ഉത്തരങ്ങൾ കോപ്പിയടിച്ചാണ് ഇവർ ഉന്നത റാങ്ക് നേടിയതെന്ന് തെളിഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ഭരണകക്ഷി വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് പരീക്ഷാ പേപ്പറുകൾ ചോർത്തി നൽകിയെന്ന ആരോപണം പി.എസ്.സിയുടെ വിശ്വാസ്യതയ്ക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു. നാല് വർഷം കഴിഞ്ഞിട്ടും ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നതും പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർ ജാമ്യത്തിൽ വിലസുന്നതും ഭരണകൂടവും പി.എസ്.സിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ഇന്നും അതിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല എന്നു മാത്രമല്ല അവർ ഇത്തരത്തിലുള്ള പരീക്ഷകളുടെ നടത്തിപ്പുകാരായി തുടരുന്നു.
ഏറ്റവും ഒടുവിലായി പുറത്തുവന്ന സംസ്ഥാന പ്ലാനിംഗ് ബോർഡിലേക്കുള്ള നിയമനങ്ങളിലെ ക്രമക്കേടുകൾ ഞെട്ടിക്കുന്നതാണ്. ഉയർന്ന ശമ്പളമുള്ള ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണ്ണയം ചെയ്യാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്ന് വിവരാവകാശ രേഖകളിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഡിജിറ്റൽ മൂല്യനിർണ്ണയത്തിലെ പിഴവാണെന്ന് ന്യായീകരിക്കുമ്പോഴും, തങ്ങൾക്ക് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ അഭിമുഖത്തിലടക്കം കൃത്രിമം കാണിച്ചുവെന്ന ആരോപണം ശക്തമാണ്. വിവരാവകാശ കമ്മീഷൻ ഇടപെട്ടിട്ട് പോലും ഉദ്യോഗാർത്ഥികൾക്ക് രേഖകൾ കൈമാറാൻ പി.എസ്.സി മടിക്കുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്കുള്ള നിയമനത്തിലും വ്യാപക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയവർ പോലും ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചുവെന്ന വാർത്തകൾ പി.എസ്.സിയുടെ സൂക്ഷ്മപരിശോധനാ സംവിധാനങ്ങളുടെ കക്ഷി രാഷ്ട്രീയ വിധേയത്വമാണ് തുറന്നുകാട്ടുന്നത്.
സാമൂഹിക നീതി ഉറപ്പാക്കേണ്ട പി.എസ്.സി, നിയമനങ്ങളിലെ റൊട്ടേഷൻ രീതിയിലൂടെയും മറ്റ് സാങ്കേതിക നൂലാമാലകളിലൂടെയും വലിയ തോതിലുള്ള സംവരണ അട്ടിമറിയാണ് എക്കാലത്തും നടത്തുന്നത്. നേരിട്ടുള്ള നിയമനങ്ങൾക്ക് പകരം ഡെപ്യൂട്ടേഷൻ വഴിയും കരാർ അടിസ്ഥാനത്തിലും നടത്തുന്ന നിയമനങ്ങളിൽ സംവരണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. നേരത്തേ തന്നെ കുപ്രസിദ്ധമായ ഈ സംവരണ അട്ടിമറി (യഥാർത്ഥത്തിൽ മെറിറ്റ് അട്ടിമറി), പി.എസ്.സിയുടെ പിന്നാക്ക സമൂഹ വിരുദ്ധ മുഖം കൂടുതൽ വ്യക്തമാക്കുന്നു. അർഹരായ പട്ടികജാതി-പട്ടികവർഗ്ഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങൾ സാങ്കേതിക കാരണങ്ങൾ നിരത്തി അട്ടിമറിക്കപ്പെടുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങൾ എല്ലാം വിരൽചൂണ്ടുന്നത് വളരെ അപകടകരമായ ഒരു പ്രവണതയിലേക്കാണ്. സർക്കാർ ഉദ്യോഗങ്ങളിൽ സി.പി.എം-ഇടതുപക്ഷ അനുയായികളെയും പാർട്ടി കേഡർമാരെയും ആസൂത്രിതമായി വിന്യസിക്കാനുള്ള വലിയൊരു പദ്ധതിയാണ് പി.എസ്.സി വഴി അരങ്ങേറുന്നത്. പാർട്ടിക്കാർക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി മാത്രം നിയമനങ്ങൾ വഴിതിരിച്ചുവിടപ്പെടുമ്പോൾ, കഴിവും യോഗ്യതയുമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് അവഗണിക്കപ്പെടുന്നത്.
കേരള പി.എസ്.സി എന്നത് രാഷ്ട്രീയ പാർട്ടികളുടെ തൊഴുത്തിൽ കെട്ടാനുള്ള ഒരു സ്ഥാപനമല്ല. അത് ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിന് നിയമപരമായുള്ള ഉത്തരവാദിത്വമുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ വിയർപ്പിനും കണ്ണീരിനും വിലകൽപ്പിക്കാത്ത രാഷ്ട്രീയ പാർട്ടിയുടെ അടിമയായ കമ്മീഷൻ കേരളത്തിന് അപമാനമാണ്. റാങ്ക് ലിസ്റ്റുകളിലെ കൃത്രിമത്വങ്ങൾ, അഭിമുഖങ്ങളിലെ സ്വജനപക്ഷപാതം, ഉന്നത തസ്തികകളിലെ പാർട്ടിവൽക്കരണം എന്നിവ അവസാനിപ്പിച്ച് സുതാര്യവും നീതിയുക്തവുമായ ഒരു നിയമന പ്രക്രിയ പുനഃസ്ഥാപിച്ചില്ലെങ്കിൽ, കേരളത്തിലെ യുവജനങ്ങൾക്ക് ഈ ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയാകും ചെയ്യുക.
