എഫ്സിആർഎ ഭേദഗതി നിയമം അടിയന്തരമായി പിൻ വലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. രണ്ട് ബിജെപി അംഗങ്ങളുടെ എതിർപ്പ് തള്ളിയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയം സഭയിൽ പാസായത്. എൽഡിഎഫ് പൂർണ്ണമായും പ്രമേയത്തെ പിന്താങ്ങി. എൻജിഒകളെയും, സന്നദ്ധ സംഘടനകളെയും പൂർണ്ണമായി നിയന്ത്രിക്കാനുള്ളതാണ് പുതിയ ഭേദഗതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആവിഷ്ക്കാര സ്വാതന്ത്ര്യതിനും, ന്യൂനപക്ഷ അവകാശങ്ങൾക്കും നേരെയുള്ള കയ്യേറ്റമാണ്. സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളെ ഭേദഗതി ദോഷകരമായി ബാധിക്കും. സാമൂഹിക സംഘടനകളുടെ ജനാധിപത്യപരമായ പ്രവർത്തന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും – മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശ ഫണ്ടിന്റെ ആദ്യ ഗഡു ചെലവഴിച്ചാൽ മാത്രമേ അടുത്ത ഗഡു നൽകു എന്ന ചട്ടം പദ്ധതികളുടെ കൃത്യസമയത്തെ പൂർത്തീകരണത്തിന് തടസമാകും. പിഴ ഈടാക്കുന്നത് സ്ഥാപങ്ങളെ ദോഷകരമായി ബാധിക്കും. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ചട്ടങ്ങളും ഭേദഗതിയിൽ ഉണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേൽ ഭരണകൂട നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്ഥകളും നിയമത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
