August 9 Sunday 2026

പുസ്തകങ്ങളെ ഭയക്കുന്ന കശ്മീര്‍ ഭരണകൂടം

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ 25 പുസ്തകങ്ങള്‍ കശ്മീര്‍ ഭരണകൂടം നിരോധിച്ച വാര്‍ത്ത വായിച്ചപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നി. ഈ പുസ്തകങ്ങളൊന്നും ഇന്നലെയോ കഴിഞ്ഞ വര്‍ഷമോ പ്രസിദ്ധീകരിക്കപ്പെട്ടതല്ല, വര്‍ഷങ്ങളായി പ്രചാരത്തിലുള്ളതാണ്. നിരോധിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണഘടനാ വിദഗ്ധനായിരുന്ന എ.ജി. നൂറാനിയുടെ ‘ദി കശ്മീര്‍ ഡിസ്പ്യൂട്ട്’ എന്ന രണ്ട് വാള്യങ്ങളിലുള്ള ശ്രദ്ധേയമായ കൃതിയാണ്. 2013 ജനുവരിയില്‍, അതായത് സംഘ്പരിവാര്‍ ഭരണത്തിലേറുന്നതിന് ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയതാണ് പുസ്തകം. അതിപ്പോള്‍ നിരോധിക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഒരു മറുപടിയേയുള്ളൂ. സംഘ്പരിവാറിന്റെ കണ്ണിലെ കരടായിരുന്നു മരണ ശേഷവും അദ്ദേഹം.

നിരോധിച്ച പുസ്തകങ്ങളിലൊന്ന് പത്രപ്രവര്‍ത്തകനും എഴുത്തുകാരനായ ഡേവിഡ് ദേവദാസിന്റെ ‘ഇന്‍ സേര്‍ച്ച് ഓഫ് എ ഫ്യൂച്ചര്‍: ദി സ്റ്റോറി ഓഫ് കശ്മീര്‍’ ആണ്. ഇത് പ്രസിദ്ധീകരിച്ചിട്ട് 18 വര്‍ഷമാകുന്നു. 2007 ഡിസംബറില്‍ വൈക്കിംഗാണ് പുറത്തിറക്കിയത്. കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കിയ ശേഷം പുറത്തിറങ്ങിയവയാണ് അരുന്ധതി റോയിയുടെയും അനുരാധ ഭാസിന്റെയും കൃതികള്‍. ബുക്കര്‍ പ്രൈസ് ജേതാവായ അരുന്ധതിയുടെ ‘ആസാദി: ഫ്രീഡം, ഫാഷിസം, ഫിക്ഷന്‍’ ഇറങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഉപന്യാസങ്ങളുടെ ഈ സമാഹാരം സ്വേഛാധിപതികളുടെ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ അര്‍ഥതലങ്ങള്‍ അന്വേഷിക്കുന്നു. ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയ ശേഷമുള്ള കശ്മീരിന്റെ അവസ്ഥ വിവരിക്കുന്നതാണ് പത്രപ്രവര്‍ത്തകയും ‘കശ്മീര്‍ ടൈംസ്’ എഡിറ്ററുമായ അനുരാധ ഭാസിന്റെ 2022 ഡിസംബറില്‍ പുറത്തിറങ്ങിയ ‘എ ഡിസ്മാന്റ്ല്‍ഡ് സ്റ്റേറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് കാശ്മീര്‍ ആഫ്റ്റര്‍ ആര്‍ട്ടിക്ക്ള്‍ 370’. അതായത് പുസ്തകം പ്രസിദ്ധീകരിച്ചിട്ട് മൂന്നു വര്‍ഷം തികയാറായി.

നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ ‘അല്‍ ജിഹാദു ഫില്‍ ഇസ്ലാം’ എന്ന ഗ്രന്ഥവുമുണ്ട്. ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് സഹോദര സമുദായങ്ങള്‍ക്കിടയില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ എന്താണ് ജിഹാദെന്ന പഠനമാണ് പ്രസ്തുത പുസ്തകം. വിശുദ്ധ ഖുര്‍ആന്‍, ഹദീസ് എന്നിവയുടെ അടിസ്ഥാനത്തില്‍ ജിഹാദിനെക്കുറിച്ച യഥാര്‍ത്ഥ ആശയം വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെറും 24 വയസ്സുള്ളപ്പോള്‍ മൗദൂദി ഈ പുസ്തകം എഴുതിയത്. ജിഹാദിനെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് മുസ്ലിംകളെയും അമുസ്ലിംകളെയും പഠിപ്പിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങള്‍. ജിഹാദിനെക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാടിന് വ്യക്തത നല്‍കുന്നതിനായി, ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം, അതിന്റെ വിവിധ രൂപങ്ങള്‍, ജിഹാദ് എപ്പോള്‍, എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച ഇസ്ലാമിക നിയമങ്ങള്‍ എന്നിവയെല്ലാം മൗദൂദി പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 1927-ല്‍ ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം ഒരു നൂറ്റാണ്ട് തികയാനിരിക്കവെയാണ് സംഘ്പരിവാര്‍ ഭരണകൂടത്തിന് അതൊരു അപകടകരമായ രചനയായി തോന്നിയത്!

‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023’-ലെ 98-ാം വകുപ്പനുസരിച്ചാണ് 25 പുസ്തകങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. കശ്മീരില്‍ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റ് ഉണ്ടെങ്കിലും 2019 ഒക്ടോബര്‍ 31-ന് സമ്പൂര്‍ണ സംസ്ഥാന പദവി റദ്ദാക്കിയതിനാല്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശമായതോടെ ആഭ്യന്തര വകുപ്പിന്റെ മേല്‍നോട്ടം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. സംഘ്പരിവാറുകാരനായ സിന്‍ഹ മുന്‍ കേന്ദ്ര മന്ത്രിയും 2020 മുതല്‍ ഗവര്‍ണറുമാണ്.

‘നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാന്‍ വിയോജിക്കുന്നുണ്ടാവാം, പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി മരണം വരെ ഞാന്‍ നിലകൊള്ളും.’ ഇവ്ലിന്‍ ബിയാട്രീസ് ഹാള്‍ 1906-ല്‍ എഴുതിയ ‘ദി ഫ്രണ്ട്സ് ഓഫ് വോള്‍ട്ടയര്‍’ എന്ന പുസ്തകത്തിലെ വരികള്‍ ഒന്നേ കാല്‍ നൂറ്റാണ്ടായി ജനാധിപത്യ സമൂഹങ്ങളില്‍ ഉണര്‍ത്തുപാട്ടാണെങ്കിലും രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പോകുന്ന വേളയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും എത്ര വലിയ വെല്ലുവിളികളാണ് നേരിടുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പുസ്തകളുടെ നിരോധനം.

കഴിഞ്ഞ 19 വര്‍ഷമായി ആഗോള സ്വാതന്ത്ര്യ സൂചികയില്‍ തുടര്‍ച്ചയായി വലിയ ഇടിവുണ്ടായതായി ‘ഫ്രീഡം ഹൗസ്’ പോലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ സ്വേച്ഛാധിപത്യ രാജ്യങ്ങളാണുള്ളതെന്ന് പഠനങ്ങള്‍ പറയുന്നു. ലോക ജനസംഖ്യയുടെ 40 ശതമാനത്തിലേറെയും ജീവിക്കുന്നത് സ്വേച്ഛാധിപത്യ ഭരണത്തിനു കീഴിലാണത്രെ. കാരണം, ജനാധിപത്യ രാജ്യങ്ങളെന്നു പറയപ്പെടുന്നവയുടെ അവസ്ഥയും നിരാശാജനകമാണ്. അമേരിക്ക ആസ്ഥാനമായ ‘ദി ഫ്യൂച്ചര്‍ ഓഫ് ഫ്രീ സ്പീച്ച്’ നടത്തിയ ആഗോള സര്‍വേ ചൂണ്ടിക്കാട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പിന്നോക്കം പോയെന്നാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ജപ്പാന്റെയും പേരെടുത്ത പറഞ്ഞ റിപ്പോര്‍ട്ടില്‍, സര്‍വേ നടന്ന 33 ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 24-ാമതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി പോലും ചെയ്യാത്തതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യം ഫാഷിസത്തിനു വഴി മാറിക്കൊടുക്കുന്ന പുതിയ ഇന്ത്യയിലല്ലേ നമ്മളിപ്പോള്‍!

 

Related