ഒരു പത്ത് വര്‍ഷം മുമ്പാണ് ഞങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ പൊട്ടന്‍ തെയ്യം എന്ന ഒരു തെയ്യത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി ഷൂട്ട് ചെയ്യുന്നത്. പൊട്ടന്‍ തെയ്യം എന്ന് പറഞ്ഞാല്‍ തീയില്‍ ചാടുന്ന ഒരു തെയ്യം ആണ്. ഗംഭീരമായ വിഷ്വല്‍ എക്‌സ്ട്രാവഗന്‍സ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരു തെയ്യവും ആണ്. തീയില്‍ ചാടിയും അതിന്റെ ഓല മുടി കത്തിച്ചു തീ പറത്തിയും ഒക്കെ ആ തെയ്യം പെര്‍ഫോം ചെയ്യും. ചെണ്ടയുടെ താളത്തില്‍ വലിയ ബഹളവും ഓരിയിടലും ഒക്കെ ഉണ്ട്. അതിലും ഏറ്റവും വലിയ മനോഹാരിത, ഈ ദൈവം മനുഷ്യരോട് സംസാരിക്കും/തമാശ പറയും എന്നതൊക്കെ ആണ്. എന്നോട് പറഞ്ഞത് ‘നീ എന്നെ ഡോക്യുമെന്ററി പിടിച്ചിട്ടു, എന്നെ വിറ്റു തിന്നുവോ?’ എന്നായിരുന്നു. ഞങ്ങള്‍ ദൈവത്തിനെ നോക്കിയും ദൈവം ഇങ്ങോട്ടു നോക്കിയും ചിരിച്ചു. കണ്ണൂര്‍ ജില്ലയിലെ അടിമകളായി ജീവിച്ച കര്‍ഷക തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ടു കൊണ്ടാണ് ഈ പൊട്ടന്‍ തെയ്യം രൂപപ്പെടുന്നത് എന്ന് അന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ആ തെയ്യത്തെക്കുറിച്ച് മനസ്സിലായ ചില കാര്യങ്ങള്‍, അവയുടെ ഒറിജിന്‍ ഹിന്ദു ദൈവങ്ങളും ഹിന്ദു മിത്തുകളും ആയി വലിയ ബന്ധം ഒന്നുമില്ല, അത് പോലെ തെയ്യം വെറും ഒച്ചപ്പാടും ബഹളവും ഒന്നുമല്ല, അതുപോലെ ഈ തെയ്യങ്ങളുടെ രൂപം ഉയിര്‍ക്കുന്നത് പ്രധാനമായും കീഴാളരുടെ തൊഴില്‍രൂപങ്ങളില്‍ നിന്നും ഭക്ഷണ സ്വഭാവങ്ങളില്‍ നിന്നും ആണ് എന്നും ഞങ്ങള്‍ക്കു ബോധ്യമായി. തെയ്യം എന്നത് വെറും ബഹളം അല്ല, തെയ്യം എന്നത് വെറും അലറി വിളിക്കല്‍ മാത്രമല്ല, തെയ്യം എന്നത് സാധാരണ മനുഷ്യരെ പോലെ വളരെ രസകരമായ, ദൈവം എന്ന സ്ഥാനം അഴിച്ചു വെച്ച് സംസാരിക്കുന്ന ഒരു രൂപം കൂടി ആണ് എന്നത് കൂടെയായിരുന്നു. മിനിമം ആയ ഞങ്ങളുടെ ബോധ്യത്തില്‍ നിന്നുള്ള ആ ഷൂട്ടിനു ശേഷമുള്ള ചില തിരിച്ചറിവുകള്‍ ആയിരുന്നു അത്. അതുപോലെ തെയ്യം എന്നത് വളരെ കീഴാളരായ കലാകാരന്മാരുടെ ഒരു രൂപം ആയിരുന്നു. അത് പിന്നീട് മറ്റു സമുദായക്കാരും ഹിന്ദുയിസവും കൃത്യമായി ഹൈജാക്ക് ചെയ്തു. അതുപോലെ തെയ്യം എന്ന കലാരൂപത്തില്‍ തന്റെ സാമൂഹികതയില്‍ ഇന്നും ജാതി വിവേചനം നിലനില്‍ക്കുന്നു എന്നതും കൂടെയായിരുന്നു.
കാന്താര ചാപ്റ്റര്‍ വണ്‍ എന്ന സിനിമയില്‍ ഇത്തരം ദൈവ സങ്കല്‍പ്പങ്ങളെ ഹിന്ദുയിസത്തിലേക്ക് പറിച്ച് നടുന്ന വംശീയമായ ഹൈജാക്കിങ് പരിപാടി വളരെ കൃത്യമായി നടത്തിക്കൊണ്ടു പോകുന്നു എന്ന് മനസ്സിലാക്കാന്‍ ദൈവശാസ്ത്രത്തില്‍ പി.എച്ച്.ഡി എടുക്കുകയൊന്നും വേണ്ട. ഗുളികന്‍ എന്ന ദൈവത്തെ വെറും ഒച്ചപ്പാടും ബഹളവും വയലന്‍സിന്റെ രൂപവും ആക്കി പ്രതിഷ്ഠിക്കുന്നതൊക്കെ കാണുമ്പോള്‍ ശരിക്കും കോമഡി ആയിട്ടാണ് തോന്നുക. ദൈവങ്ങളെയും ദൈവീക രൂപങ്ങളെയും ഒരു സിനിമയുടെ ഫിക്ഷണല്‍ ചിന്തകളാല്‍ പല തരത്തിലുള്ള മാറ്റങ്ങളിലേക്ക് രൂപാന്തരപ്പെടുത്തുന്നതിനു ഒരു പ്രശ്‌നവുമില്ല. പക്ഷെ, അതങ്ങനെ അലറി വിളിപ്പിച്ചു വയലന്‍സ് കാണിച്ച് ബോറടിപ്പിക്കുന്നതിനൊക്കെ ‘ഒരു പരിധി ഇല്ലടെ’ എന്നാണു ഈ സിനിമ കാണുമ്പോള്‍ തോന്നുക. ഗുളികന്‍ കൂടുമ്പോള്‍/തെയ്യം കൂടുമ്പോള്‍ അന്യായ അലറി വിളിയും വയലന്‍സും കൊലയും. കീഴാള ദൈവങ്ങളെ പ്രതിഷ്ഠിക്കുന്നത് ഈ വയലന്‍സിലേക്കാണ്. ഈ ദൈവങ്ങള്‍ക്ക് വയലന്‍സ് മാത്രമല്ല, ‘തമാശ പറയാനും അറിയാം എന്ന് ആരെങ്കിലും ഇവരോടൊക്കെ ഒന്ന് പറഞ്ഞു കൊടുക്കടേ’ എന്ന് പറയാന്‍ തോന്നും. കീഴാളരുടെ ദൈവം സമം വയലന്‍സ്, അലറി വിളിക്കല്‍, ബഹളം വെക്കല്‍, കൊല എന്നൊക്കെ ഉള്ള മാച്ചിങ് കോമഡി വിഷ്വലൈസേഷന്‍ നടത്തുക എന്ന ഒരു ഹിന്ദുത്വ വംശീയതയാണ് കാന്താര എന്ന സിനിമ കാണിക്കുന്നത്.
പൊട്ടന്‍ ദൈവം അടക്കമുള്ള പല ദൈവങ്ങളുടെയും പറശ്ശിനിക്കടവിലെ മുത്തപ്പന്റെ അടക്കം ഉള്ള ദൈവങ്ങളുടെ പ്രസാദങ്ങള്‍ മിക്കപ്പോഴും നോണ്‍-വെജ് ആണ്. അത് കീഴാളരായ മനുഷ്യരുടെ ഭക്ഷണ രൂപങ്ങളില്‍ നിന്നും ഉയിര്‍ക്കുന്നതാണ്. തെയ്യത്തിലെ തീയും ചൂരും ഒക്കെ രൂപപ്പെടുന്നത് അവര്‍ വെയിലിലും ചൂടിലും പണി എടുക്കുന്നതിന്റെ റെപ്രസെന്റേഷനിലൂടെ ആണ്. ഈ തെയ്യങ്ങളുടെ പാട്ടുകളും തമാശകളും രൂപപ്പെടുന്നതും അടക്കം കീഴാളരുടെ ജീവിതരീതികള്‍, വര്‍ക്ക് കള്‍ച്ചര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. (മറ്റ് പല വൈേ്രബഷന്‍സും ഉണ്ടാകാം). അവരുടെ അലര്‍ച്ച രൂപപ്പെടുന്നത് ഒരുപക്ഷെ ഒരിക്കലും അവസാനിക്കാത്ത അടിമത്തത്തില്‍ നിന്നുമാകാം. പക്ഷെ, ഈ അലര്‍ച്ചയും വയലന്‍സും മാത്രം എടുത്ത് ഡെപിക്റ്റ് ചെയ്യുന്നതിലൂടെ കാന്താര സിനിമ ചെയ്യുന്നത് ഗുളികന്‍ പോലുള്ള തെയ്യരൂപങ്ങള്‍ അലര്‍ച്ചയും വയലന്‍സും മാത്രമായി മിനിമലൈസ് ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ ഡെഫര്‍മേഷന്റെ ഭാഗം ആയി കൂടെ ആണ്. ക്ഷേത്രദൈവങ്ങള്‍ സാത്വികരായും കോട്ടങ്ങളിലെ ദൈവങ്ങള്‍ വയലന്റ് രൂപങ്ങള്‍ ആയി മാറുന്നതും അങ്ങനെ ആണ്. ഞങ്ങളുടെ ഒക്കെ വ്യക്തിജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക ശാന്തി ലഭിക്കുന്ന ഒരു ഇടം, ഞങ്ങളുടെ നാട്ടില്‍ കോട്ടം നിക്കുന്ന ഒരു പുഴയോരത്ത് പോയി വൈകുന്നേരം കാറ്റ് കൊള്ളുന്നതിലാണ്. അവിടെ പൂജാരിയും തേങ്ങയും ഒന്നുമില്ല. സ്ത്രീകള്‍ക്ക് ഏതു സമയവും അവിടെ വിളക്ക് വെക്കാം. ഹിന്ദുത്വയുടെ ശുദ്ധി അശുദ്ധി പ്രശ്‌നങ്ങളും ഇല്ല.
ആദിവാസി ജീവിതത്തെ നൈസ് ആയി ഹിന്ദുത്വത്തിലേക്ക് മിത്തിക്കല്‍ ആയി ചേര്‍ത്തു വെച്ചു കെട്ടിവെച്ച് കൊടുക്കുക എന്ന അതിഭീകരമായ ഹിന്ദുത്വ പ്രോജക്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ പോപ്പുലര്‍ കള്‍ച്ചര്‍ മാധ്യമമാകുന്ന കാന്താര ചാപ്റ്റര്‍ വണ്ണിന്റെ ബോക്‌സ് ഓഫീസ് വിജയത്തിലൂടെ സാധിച്ചെടുക്കും എന്നതാണ് ഈ സിനിമ ചെയ്യുന്ന ഏറ്റവും അപകടകരമായ കാര്യം. പണ്ട് ശങ്കരാചാര്യരെ ‘നീങ്കളെ കൊത്തിയാലും ചോരയല്ലേ തേവരെ, നാങ്കളെ കൊത്തിയാലും ചോരയല്ലേ തേവരെ’ എന്ന് പറഞ്ഞ അലങ്കാരന്‍ എന്ന പുലയ യുവാവിന്റെ ഒരു മിത്തിക്കല്‍ ചരിത്രം ഹിന്ദുത്വം ഹൈജാക്ക് ചെയ്തതു കൂടെ ചരിത്രമാണ്. ശങ്കരാചാര്യരെ ഒരു പുലയന്‍ ചോദ്യം ചെയ്തിട്ടില്ല, പകരം അയാള്‍ ശിവന്റെ പ്രതിരൂപം മാത്രമാണ് എന്ന് പറഞ്ഞാണ് പൊട്ടന്‍ ദൈവത്തിന്റെ മിത്തിനെ ഹിന്ദുത്വത്തിലേക്ക് കൂട്ടിക്കെട്ടുന്നത്. അതേപോലുള്ള ഒരു ഹിന്ദുത്വ ഹൈജാക്കിങ് ആണ് ഈ സിനിമയിലും നടക്കുന്നത്. ഇതിലെ ആദിവാസിയായ നായകന്റെ ജന്മം ശിവദൈവവുമായി ബന്ധപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ത്ത് കൊണ്ട് ആദിവാസി ദൈവരൂപങ്ങളെയും മിത്തുകളെയും ജീവിതങ്ങളെയും ആചാരങ്ങളെയും ഒക്കെ നൈസ് ആയി ഹിന്ദുത്വത്തിലേക്ക് ചേര്‍ത്ത് വെക്കുന്ന ഒരു പോപ്പുലര്‍ കള്‍ച്ചര്‍ പ്രോജക്റ്റ് ആയി മാറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍ എന്ന സിനിമ. ഇത് കാലഘട്ടങ്ങളായി രാമായണത്തില്‍ തുടങ്ങി ബാഹുബലിയിലൂടെ വളര്‍ന്ന് ഇപ്പോള്‍ കാന്താരയില്‍ എത്തിനില്‍ക്കുന്ന ഹിന്ദുത്വ വിഷ്വല്‍ പ്രോജക്റ്റുകളുടെ ഒരു ട്രാജക്ടറി ആണ്.
ഇത് വളരെ തന്ത്രപരമായി അതീവ സൂക്ഷ്മതയോടെ ആണ് ഹിന്ദുത്വം നടപ്പാക്കുന്നത്. പഴയ ഫ്യൂഡല്‍ രാജവംശങ്ങളുടെ ചരിത്രവും അതിലെ വംശീയതയും ജാതീയതയും മറ്റു അശ്ലീലതകളും ഡിജിറ്റല്‍ കാലങ്ങളില്‍ പല തരത്തില്‍ വെളിവായി തുടങ്ങി. പോപ്പുലര്‍ കള്‍ച്ചര്‍ ആയ സിനിമയില്‍ അടക്കം അതിനെതിരെ ഉള്ള ശബ്ദങ്ങള്‍ പലയിടത്തും ഉയിര്‍ക്കുന്നുണ്ട്. ജാതി പുതിയ കാലത്ത് പല തരത്തിലും രൂപേപ്പെടുന്നതാണെങ്കിലും അഭിനവ പുരോഗമന സിങ്കങ്ങളൊക്കെ ഫ്യൂഡലിസത്തിനെ ഇപ്പോള്‍ ട്രോളും. പക്ഷേ, അതില്‍ നിന്നും വ്യത്യസ്തമായി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തിലും തമിഴിലും പലതരത്തിലുള്ള രാഷ്ട്രീയ പാളിച്ചകളും ഉണ്ടാകുന്നുണ്ടെങ്കിലും കീഴാളരുടെ ജീവിതങ്ങള്‍, അവരുടെ രാഷ്ട്രീയങ്ങള്‍, ഉയിര്‍പ്പുകള്‍, അങ്ങനെ പലതും പോപ്പുലര്‍ കള്‍ച്ചറില്‍ വിഷയങ്ങള്‍ ആകുന്നുണ്ട്/ദൃശ്യതകള്‍ ആകുന്നുണ്ട്. ഏറ്റവും അവസാനം, മോഡേണിറ്റിയിലേക്ക് കടക്കുന്ന ആദിവാസി മിത്തുകളെ ഒക്കെ റെപ്രസെന്റ് ചെയ്യുന്ന ‘ലോക’ അടക്കമുള്ള സിനിമകള്‍ അത്തരം ദൃശ്യതകളാണ്. ആദിവാസി മിത്തുകള്‍, യുദ്ധങ്ങള്‍, ജീവിതങ്ങള്‍ എന്നിവയിലൂടെ ആദിവാസി ജീവിതങ്ങളെ ദൃശ്യമായി ഇത്തരം സിനിമകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുപോലെ ഡിജിറ്റലൈസ്ഡ് സോഷ്യല്‍ മീഡിയ കാലഘട്ടത്തില്‍ ആദിവാസികളില്‍ നിന്നുള്ള പാട്ടുകള്‍, കലാകാരന്മാര്‍, ജീവിതങ്ങള്‍, അവരില്‍ നിന്നുള്ള പഠനങ്ങള്‍ ഹിന്ദുത്വവുമായി സംഘര്‍ഷപ്പെട്ടു കൊണ്ട് പല തരത്തിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പുറത്ത് വന്നിട്ടുമുണ്ട്. അത്തരം ദൃശ്യതകളൊക്കെ പല സിനിമക്കാരെയും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സിനിമയുടെ സൗന്ദര്യശാസ്ത്രത്തില്‍ പലപ്പോഴും കീഴാളരും ആദിവാസികളും ദൃശ്യതയില്‍ പെട്ടിട്ടുണ്ട്. വളര്‍ച്ചയുടെ രൂപത്തില്‍ ആയാലും ആദിവാസി കീഴാളജീവിതങ്ങള്‍ പല തരത്തിലും സിനിമകളില്‍ ദൃശ്യപ്പെട്ടുതുടങ്ങി.
ഇത്തരം ദൃശ്യതകളെ വളരെ തന്ത്രപൂര്‍വ്വം അട്ടിമറിക്കാനുള്ള സൂക്ഷ്മമായ ഹിന്ദുത്വ പ്രോജക്റ്റുകളുടെ പൊളിറ്റിക്കല്‍ ആയ ശ്രമമാണ് കാന്താര ചാപ്റ്റര്‍ വണ്‍ എന്ന സിനിമ. കാന്താര എന്ന ടൈറ്റില്‍ കാണിക്കുമ്പോഴുള്ള ‘ഓം’ എന്ന സിംബല്‍ തന്നെ അതിന്റെ സൂചന തരുന്നുണ്ട്. കാന്താര എന്ന ആദിവാസികളുടെ ഒരു കാട്ടിനുള്ളിലെ ഒരു ദേശം/ജിയോഗ്രഫി എന്ന രീതിയിലാണ് ഈ സിനിമയില്‍ ദൃശ്യപ്പെടുന്നത്. അവിടെ നന്മ വിളയുന്ന, ദൈവഭയമുള്ള, ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന ഒരു ടിപ്പിക്കല്‍ മാവേലി നാടായിട്ടാണ് ചിത്രീകരിക്കുന്നത്. ശരിക്കും ആദിവാസി ഊരുകള്‍ അങ്ങനെ അല്ലെന്ന് ഇവരോടൊക്കെ ആരാണ് പറഞ്ഞു കൊടുക്കുക. ആദിവാസി ഊരുകള്‍ മറ്റേതൊരു സമൂഹം പോലെ പ്രശ്‌നങ്ങള്‍ ഉള്ളതും കള്ളവും ചതിയും ചീത്തവിളിയും ഒക്കെ പ്രകൃതിയെ ഉപയോഗിച്ചും ജീവിക്കുന്ന ഒരു ദേശം തന്നെയാണ്. നല്ലത്/ചീത്ത, ദുഷ്ടശക്തികളെ നിഗ്രഹിക്കുന്ന, നല്ല ദൈവങ്ങളുടെ അവതാരങ്ങള്‍ തുടങ്ങിയ ഹിന്ദുത്വ ചിന്തകള്‍ ഈ ദേശത്തേക്ക് അടിച്ചേല്‍പ്പിച്ച് ആദിവാസി ജീവിതങ്ങളെ ഹിന്ദുത്വ ലൈഫിലേക്ക് കയറ്റിവെക്കുന്ന വംശീയമായ തിങ്കിങ് പ്രോജക്റ്റ് ആയി ഈ സിനിമ മാറുകയാണ്. ആദിവാസികളെ നല്ലവരായി ചിത്രീകരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുന്ന നല്ല ദൈവങ്ങളാക്കി മാറ്റുന്ന, പ്യൂരിഫൈ ചെയ്യുന്ന ഒരു പരിപാടിയായി ഈ സിനിമ മാറുന്നു. അതിനെ നൈസ് ആയി കീഴാളദൈവങ്ങളെയും ഹിന്ദുത്വത്തിലേക്ക് ചേര്‍ത്ത് വെക്കുന്നു.
ഇവിടെ ആണ് എല്ലാരും ഫ്യൂഡല്‍ രാജഭരണങ്ങളെ കളിയാക്കുന്ന, അവര്‍ക്ക് എതിരെ നില്‍ക്കുന്ന ആദിവാസിയെ ഈ സിനിമ സൃഷ്ടിക്കുന്നത്. പക്ഷെ, അത്തരം സൃഷ്ടികളില്‍ ഹെറോയിക് ആകുന്ന ആദിവാസിയുടെ ഊര്‍ജം ഈ സിനിമ രൂപീകരിക്കുന്നത് ഹിന്ദുത്വത്തിലൂടെ ആണ്. അതാണ് പുതിയ കാലത്തെ ഹിന്ദുത്വം കാന്താര ചാപ്റ്റര്‍ വണ്‍ എന്ന പോപ്പുലര്‍ കള്‍ച്ചറിലൂടെ ലക്ഷ്യമിടുന്നത്. ഇവിടത്തെ ഫ്യൂഡല്‍ രാജവംശം ഒരു പ്രശ്‌നമായിരുന്നു എന്നും, അതിനെതിരെ ആദിവാസികളുടെ ഒരു ഫൈറ്റ് ഉണ്ടാകുമെന്നും പക്ഷെ ആ ആദിവാസികളുടെ എല്ലാ ദൈവങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഒക്കെ ഉള്ള ഊര്‍ജങ്ങള്‍ ഇവിടത്തെ ഹിന്ദുത്വമാണെന്നും എന്ന രീതിയിലുള്ള ഒരു ആര്‍കിടൈപ്പ് ഈ ഡിജിറ്റല്‍ കാലത്തും രൂപപ്പെടുത്തുന്ന വളരെ കണ്ണിങ് ആയ ഒരു പ്രോജക്ട് രൂപപ്പെടുത്തി എടുക്കുന്നതില്‍ ഈ സിനിമ വിജയിച്ചിരിക്കുന്നു. ഈ സിനിമ ഇറങ്ങിയ അന്ന് തന്നെ കേരളത്തിലെ റിപ്പാര്‍ട്ടര്‍ ചാനല്‍ അടക്കമുള്ളവരുടെ ഓണ്‍ലൈന്‍ ചാനലുകള്‍ ഗംഭീര ക്ലൈമാക്‌സ് എന്നൊക്കെ എഴുതി വിടുന്നത്, പുരോഗമന സ്‌പെസിലുള്ള ടീമുകള്‍ക്ക് അടക്കം ഇതിന്റെ പൊളിറ്റിക്‌സിന്റെ അപകടം മനസ്സിലായിട്ടില്ല എന്നതിന്റെ തെളിവ് കൂടെ ആണ്.
സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്നാല്‍ ബഹളം ഉണ്ടാക്കുക എന്നതാണ്/സൗണ്ട് ഡിസൈനിങ് എന്നാല്‍ ഒരു സെക്കന്‍ഡ് പോലും ഇടവേള നല്‍കാതെ ചെവിക്ക് വിശ്രമം കൊടുക്കാതിരിക്കുക എന്നതാണെന്ന് ചില സിനിമാക്കാരെങ്കിലും മനസ്സിലാക്കി വെച്ചിട്ടുണ്ടെന്ന് തൊന്നുന്നു. തെയ്യം എന്ന രീതിയില്‍ അലറി വിളിക്കുക, തെയ്യത്തിന്റെ കാഴ്ചയില്‍ ഹൈ വോള്‍ട്ടേജ് മ്യൂസിക് കുത്തിക്കെട്ടി വെക്കുക എന്നതുപോലുള്ള കോമഡി പരിപാടികളാണ് ഈ സിനിമ കാണിച്ച് കൂട്ടുന്നത്. വ്യക്തിപരമായി എനിക്ക്, ഈ സിനിമ കണ്ടപ്പോള്‍ ബഹളം കാരണം തലവേദന എടുത്ത് എങ്ങിനെ എങ്കിലും പുറത്തിറങ്ങിയാല്‍ മതി എന്ന അവസ്ഥയിലേക്കാണ് എത്തിയത്. കീഴാളരുടെ, ആദിവാസികളുടെ ജീവിതം മുഴുവന്‍ അലറി വിളിയും ബഹളവുമാണ് എന്ന രീതിയിലുള്ള ചിത്രീകരണം എന്തൊരു ബോറാണ്! ലോക സിനിമയില്‍ Gladiator, Apocalypto അടക്കം ഉള്ള യുദ്ധ/ആദിവാസി സിനിമകളിലെ സൗണ്ട് ഡിസൈനിങ് അനുഭവിച്ച പ്രേക്ഷകരുടെ മുന്നിലേക്കാണ്, ഈ തല്ലിപ്പൊളി മനുഷ്യരെ വെറുപ്പിക്കുന്ന സൗണ്ട് ഡിസൈന്‍ പരിപാടി ആയി വരുന്നത്. ഇതിനൊരു വേറെ വശമുണ്ട്: ഈ ബഹളങ്ങളിലൂടെ, അലര്‍ച്ചകളിലൂടെ, ഡോള്‍ബി സ്റ്റീരിയോ ശബ്ദങ്ങളുടെ കൂട്ടിലേക്ക് കാണികളെ തള്ളിയിട്ട്, അവരുടെ ചിന്താശേഷിയെ തന്നെ സിനിമ നടക്കുന്ന രണ്ടു മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിക്കുന്നു. ശബ്ദങ്ങളിലൂടെ മനുഷ്യരെ മരവിപ്പിച്ച് അവരുടെ ചിന്തകളെ ഇല്ലാതാക്കുക എന്നതാണ്. ചിന്താ ശേഷി മരവിപ്പിച്ചു പൊളിറ്റിക്‌സ് രൂപീകരിക്കുക എന്ന പരിപാടി രൂപപ്പെടുന്നു.
ബാഹുബലി അടക്കമുള്ള സിനിമകളിലൂടെ വളര്‍ന്നോ, അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമ തന്നെ വളര്‍ത്തിയെടുത്തോ വന്ന ഒരു പ്രോജക്ടാണ് ‘നല്ല ആദിവാസികള്‍’ക്ക് പകരം ‘കറുത്ത ആദിവാസികള്‍’/’ദുഷ്ട ശക്തികള്‍’ എന്നിവയെ സൃഷ്ടിച്ചു രൂപപ്പെടുത്തുന്നത്. ഇതൊരു സൗന്ദര്യശാസ്ത്രമാണ . പഴയ സി.ഐ.ഡി നസീര്‍ സിനിമകളില്‍ നിന്ന് തുടങ്ങുന്ന ഇന്നുവരെ ഇന്ത്യന്‍ സിനിമയില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്ന ഒരു ബോറന്‍ ഈസ്‌തെറ്റിക്‌സ്, ഈ സിനിമയിലും അതേ പരിതാപകരമായ അവസ്ഥയിലാണ് കാണുന്നത്. ഇവിടെ, ഫ്യൂഡല്‍ ജാതി-വംശീയ ശക്തികളുടെ എതിര്‍ വശത്ത് നില്‍ക്കുന്ന, അപരപക്ഷത്തു നില്‍ക്കുന്ന ഒരു ‘നല്ല’ ആദിവാസി സമൂഹം ആണ്. (നല്ല ആദിവാസി/ചീത്ത ആദിവാസി എന്നതു തന്നെ ബോറന്‍ പരിപാടി ആണ്). എന്നാല്‍, നല്ല ആദിവാസികളുടെ കാതല്‍ ഹിന്ദുത്വം ആണെന്നു പറഞ്ഞുകൊണ്ടിരിക്കുന്നു ഈ സിനിമ, അതിനെതിരെ ഉയരുന്ന ദുഷ്ടശക്തികളെ ‘കറുത്ത രൂപമുള്ള കണ്ണുപൊട്ടന്മാരായ’ മറ്റൊരു വിഭാഗം ജനങ്ങളായി ചിത്രീകരിക്കുന്നു. കാന്താര എന്ന കാട്ടിലെ ആദിവാസി ഭൂപ്രദേശത്തിന് ‘അപ്പുറം’ നല്ല ഭൂമിക്കപ്പുറം ‘മോശപ്പെട്ട കറുത്ത ആദിവാസികള്‍’ ഉണ്ടെന്നും, അവരുടെ ഭൂപ്രദേശം ഉണ്ടെന്നും അവര്‍ തന്നെയാണ് ഫ്യൂഡല്‍ തമ്പ്രാക്കന്മാരുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സിനിമ പറയുന്നു. മാത്രമല്ല, അവരുടെ മുലപ്പാല്‍ കുടിച്ചാണ് പുതിയ ദുഷ്ടശക്തികള്‍ രൂപപ്പെടുന്നതെന്നും സിനിമ വംശീയമായി പ്രഖ്യാപിക്കുന്നു. അങ്ങനെ, ഹിന്ദുത്വ ഐഡിയോളജിയുടെ വംശീയതയെ പൊപ്പുലര്‍ കള്‍ചറിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പുതിയ ശ്രമത്തിന്റെ, ഏറ്റവും വികൃതമായ ഉദാഹരണമാണ് കാന്താരി ചാപ്റ്റര്‍ വണ്‍ എന്ന ബോറന്‍ സിനിമ. ഇനി ഇന്ത്യക്കാര്‍ ഇതിന്റെ മൂന്നാം ഭാഗം കൂടെ സഹിക്കണം എന്നു പറയുമ്പോഴാണ് ശരിക്കും ചിരി വരിക.
