ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ചില പേരുകൾ വിധിന്യായങ്ങൾ കൊണ്ടുമാത്രമല്ല, സത്യത്തെ പിന്തുടരാനുള്ള അവരുടെ അചഞ്ചലമായ നിലപാട് കൊണ്ടും ഓർമിക്കപ്പെടുന്നു. അത്തരത്തിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (M.S. Liberhan). ബാബരി മസ്ജിദ് തകർത്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ അദ്ദേഹം, പതിറ്റാണ്ടുകൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും നടുവിലാണ് അന്വേഷണം പൂർത്തിയാക്കിയത്.
ഒരു ജഡ്ജിയുടെ യാത്ര
1938 നവംബർ 11-ന് ജനിച്ച മൻമോഹൻ സിങ് ലിബർഹാൻ അഭിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ജഡ്ജിയായി ഉയർന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെയും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. നീതിന്യായ രംഗത്തും സ്വതന്ത്രമായ നിലപാടുകൾക്ക് പേരുകേട്ട വ്യക്തിയായിരുന്ന അദ്ദേഹം 2026 ആഗസ്റ്റ് രണ്ടിനാണ് വിടപറഞ്ഞത്.
ചരിത്രം തേടിയെത്തിയ നിമിഷം
1992 ഡിസംബർ 6-ന് അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായക സംഭവങ്ങളിലൊന്നായിരുന്നു. തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന് പത്ത് ദിവസങ്ങൾക്ക് ശേഷം, അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ സർക്കാർ, സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം അന്വേഷിക്കുന്നതിനായി ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. ആ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടത് ജസ്റ്റിസ് എം.എസ്. ലിബർഹാനായിരുന്നു. കമീഷന് ആദ്യം അനുവദിച്ചിരുന്ന കാലാവധി വെറും മൂന്ന് മാസമായിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം 48 തവണ നീട്ടേണ്ടി വന്നു. ഒടുവിൽ ഏകദേശം 17 വർഷത്തെ അന്വേഷണത്തിനുശേഷം 2009 ജൂൺ 30-ന് അദ്ദേഹം തന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അന്വേഷണ കമീഷനായി ഇത് മാറി.
അന്വേഷണം നീണ്ടതിൻറെ കാരണങ്ങൾ
ലിബർഹാൻ പലതവണ വിശദീകരിച്ചതുപോലെ, തന്റെ ലക്ഷ്യം വേഗത്തിൽ റിപ്പോർട്ട് നൽകുക എന്നതല്ലായിരുന്നു; ലഭ്യമായ തെളിവുകളെല്ലാം പരിശോധിച്ച് സംശയങ്ങൾക്ക് ഇടനൽകാത്ത നിഗമനത്തിലെത്തുക എന്നതായിരുന്നു. അന്വേഷണത്തിനിടെ നൂറുകണക്കിന് സാക്ഷിമൊഴികൾ രേഖപ്പെടുത്തി. രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഭരണകൂട പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേരെ കമീഷൻ വിസ്തരിച്ചു. രേഖകളും വീഡിയോ ദൃശ്യങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും വിശദമായി പരിശോധിക്കപ്പെട്ടു. കമീഷൻ അന്വേഷണ ഏജൻസിയല്ലാത്തതിനാൽ ലഭ്യമായ തെളിവുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കേണ്ടി വന്നതെന്നും, ചില നിർണായക വിവരങ്ങൾ ലഭ്യമാക്കുന്നതിൽ സ്ഥാപനങ്ങൾ പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
പ്രധാന കണ്ടെത്തലുകൾ
ലിബർഹാൻ കമീഷന്റെ ഏറ്റവും പ്രധാനപ്പെട്ട നിഗമനം, ബാബരി മസ്ജിദ് തകർക്കൽ സ്വാഭാവികമായി ജനക്കൂട്ടം നടത്തിയ അപ്രതീക്ഷിത സംഭവം അല്ലായിരുന്നു എന്നതാണ്. അത് മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ട സംഭവമാണെന്ന് റിപ്പോർട്ട് വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ-സംഘടനാ നേതാക്കളുടെ പങ്ക് റിപ്പോർട്ട് വിമർശനവിധേയമാക്കി. ചില നേതാക്കൾ പൊതുവേദികളിൽ മിതത്വം പ്രകടിപ്പിച്ചെങ്കിലും സംഭവവികാസങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന നിലപാടും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ആകെ 68 പേരെ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി.
സത്യാന്വേഷണത്തിന്റെ വില
ലിബർഹാന്റെ പ്രവർത്തനത്തിന് വലിയ പ്രശംസ ലഭിച്ചതുപോലെ കടുത്ത വിമർശനങ്ങളും നേരിടേണ്ടി വന്നു. റിപ്പോർട്ട് വൈകിയതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. അന്വേഷണം പൂർത്തിയാക്കാൻ വർഷങ്ങളെടുത്തതും സർക്കാർ ചെലവുകൾ വർധിച്ചതും രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. എന്നാൽ, ലിബർഹാന്റെ മറുപടി വ്യക്തമായിരുന്നു – ഒരു അന്വേഷണ കമീഷന്റെ കടമ വേഗത്തിൽ നിഗമനത്തിലെത്തുക എന്നതല്ല; തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യം കണ്ടെത്തുക എന്നതാണ്. തന്റെ ജോലി സത്യസന്ധമായി ചെയ്തുവെന്നും, അതിനെ വിലയിരുത്തേണ്ടത് പൊതുസമൂഹവും ചരിത്രവുമാണെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വാർത്തയുടെ കേന്ദ്രബിന്ദുവായിരുന്നിട്ടും ഒരു ടി വി ചാനലിലും അഭിമുഖം നൽകാത്ത, മാധ്യമ ശ്രദ്ധയിൽ നിന്ന് എപ്പോഴും അകന്ന് നിന്ന അപൂർവ വ്യക്തിതമായിരുന്നു അദ്ദേഹം. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ തനിക്ക് ഏല്പിച്ച ദൗത്യം സത്യസന്ധമായി പൂർത്തിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു മുന്നറിയിപ്പ്
ലിബർഹാൻ റിപ്പോർട്ട് ഒരു സംഭവത്തിന്റെ കുറ്റപത്രം മാത്രമായിരുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, ഭരണകൂടത്തിന്റെ വീഴ്ചകൾ, നിയമവാഴ്ചയുടെ പ്രാധാന്യം, മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ അപകടം എന്നിവയെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പും അതിലുണ്ടായിരുന്നു. ജനാധിപത്യത്തിൽ അധികാരികൾ ഭരണഘടനയെക്കാൾ ഉയർന്നവരല്ലെന്നും, നിയമസംവിധാനങ്ങൾ തകരുമ്പോൾ അതിന്റെ ആഘാതം ഒരു സമൂഹത്തെയല്ല, മുഴുവൻ രാജ്യത്തെയാണ് ബാധിക്കുന്നതെന്നും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.
ലിബർഹാന്റെ പാരമ്പര്യം
ലിബർഹാൻ കമീഷന്റെ കണ്ടെത്തലുകളോട് എല്ലാവരും യോജിച്ചില്ല. റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ചില രാഷ്ട്രീയ കക്ഷികൾ ആരോപിച്ചു; മറ്റുചിലർ അത് ചരിത്രരേഖയായി വിലയിരുത്തി. എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഒരു കാര്യം നിഷേധിക്കാനാവില്ല: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു സംഭവത്തെക്കുറിച്ചുള്ള ഏറ്റവും വിപുലമായ ഔദ്യോഗിക അന്വേഷണരേഖയായി ലിബർഹാൻ റിപ്പോർട്ട് ഇന്നും നിലനിൽക്കുന്നു.
ജസ്റ്റിസ് എം. എസ്. ലിബർഹാനെ ഓർക്കുമ്പോൾ ഒരു അന്വേഷണ കമീഷന്റെ അധ്യക്ഷനെ മാത്രമല്ല നാം കാണുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കും വഴങ്ങാതെ, തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യം രേഖപ്പെടുത്താൻ ശ്രമിച്ച ഒരു ജഡ്ജിയെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലെ എല്ലാ നിഗമനങ്ങളും അംഗീകരിക്കണമെന്നില്ല; എന്നാൽ, ജനാധിപത്യത്തിൽ സംഭവങ്ങളെ അന്വേഷിക്കാനും അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കാനും ഭരണഘടനാപരമായ സംവിധാനങ്ങൾ എത്ര പ്രധാനമാണെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനം തെളിയിക്കുന്നു.
ചരിത്രം പലപ്പോഴും വിജയിച്ചവരുടെ കഥകളാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, ചിലപ്പോൾ ചരിത്രം സത്യത്തെ രേഖപ്പെടുത്താൻ ധൈര്യം കാണിച്ചവരെയും ഓർക്കും. ആ നിരയിൽ ജസ്റ്റിസ് എം. എസ്. ലിബർഹാന്റെ പേര് എന്നും ശ്രദ്ധേയമായിരിക്കും.
