ലളിതമായ മാനദണ്ഡങ്ങൾ, പെട്ടെന്ന് ലഭ്യമാകുന്ന വായ്പകൾ, സ്വയം സഹായ സംഘങ്ങൾ വഴിയുള്ള പെട്ടെന്നുള്ള തുക വിതരണം-തീരദേശങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും നിർധന കുടുംബങ്ങൾക്ക് മൈക്രോ ഫിനാൻസുകളും ലോൺ ആപ്പുകളും വായ്പകൾ തുടക്കത്തിൽ നൽകിയത് വലിയ പ്രതീക്ഷകളായിരുന്നു. എന്നാൽ, ഇന്ന് ആ പ്രതീക്ഷകൾ പല കുടുംബങ്ങളിലും കണ്ണീരും ഭയവും ദുരന്തങ്ങളുമാണ് വിതയ്ക്കുന്നത്. തിരിച്ചടവ് ഒരു ദിവസം വൈകിയാൽ പോലും വീട്ടുപടിക്കൽ എത്തുന്ന കളക്ഷൻ ഏജന്റുമാരുടെ മാനസിക പീഡനവും ഭീഷണിയും പലരെയും ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിടുന്നു.
പലിശക്കെണിയും പരസ്യമായ അപമാനിക്കലും
ചെറിയ തുകകളിൽ തുടങ്ങുന്ന വായ്പകൾക്ക് ഉയർന്ന പലിശനിരക്കും പ്രോസസിങ് ചാർജുകളുമാണ് ഈടാക്കുന്നത്. തൊഴിലില്ലായ്മ, രോഗങ്ങൾ, അല്ലെങ്കിൽ മറ്റ് അടിയന്തിര സാഹചര്യങ്ങൾ കാരണം തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണിയുടെ യഥാർത്ഥ മുഖം പുറത്തുവരുന്നു.
സാമൂഹികമായ അപമാനം: വായ്പയെടുത്തയാളുടെ വീടിന് മുന്നിൽ കൂട്ടംകൂടി നിന്ന് ബഹളം വെക്കുക, അയൽക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് അസഭ്യം പറയുക, സാമ്പത്തികശേഷിയില്ലാത്തവരെ പരസ്യമായി അധിക്ഷേപിക്കുക എന്നിവ പ്രധാന അപമാന രീതികളാണ്.
അടിയന്തരമായി സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ മുന്നും പിന്നും നോക്കാതെ ഓൺലൈൻ വഴികളിലേക്ക് തിരിയുന്നവർ നേരിടുന്ന വൻ ചതിക്കുഴികളുടെ നേർസാക്ഷ്യമാണ് അരുണിന്റെ അനുഭവം. പെട്ടെന്നൊരു പണത്തിന് ആവശ്യം വന്നപ്പോഴാണ് അരുൺ ഒരു ഓൺലൈൻ ലോൺ വെബ്സൈറ്റിനെ ആശ്രയിക്കുന്നത്.
വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയ ഉടൻ തന്നെ 4,000 രൂപ വായ്പ അനുവദിച്ചതായി സന്ദേശം ലഭിച്ചു. എന്നാൽ, അക്കൗണ്ടിലേക്ക് എത്തിയത് കേവലം 2,500 രൂപ മാത്രമാണ്; ബാക്കി 1,500 രൂപ പ്രോസസിംഗ് ഫീസും കമീഷനുമായി അവർ മുൻകൂട്ടി ഈടാക്കി.
കൃത്യം ഒരു മാസം പൂർത്തിയായപ്പോൾ 4,000 രൂപ തിരിച്ചടക്കണമെന്ന ആവശ്യവുമായി സ്ഥാപനത്തിൽ നിന്ന് വിളിയെത്തി. തുക അടക്കാനായി അരുൺ മുൻപ് ഉപയോഗിച്ച വെബ്സൈറ്റ് തുറന്നു നോക്കിയെങ്കിലും അത് പ്രവർത്തനരഹിതമായിരുന്നു. ഈ വിവരം പണം ആവശ്യപ്പെട്ട് വിളിച്ചവരെ അറിയിച്ചപ്പോൾ, അവർ ഒരു വ്യക്തിഗത ഫോൺ നമ്പർ നൽകുകയും അതിലേക്ക് പണം അയക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പറഞ്ഞതുപോലെ അരുൺ പണം അയച്ചുകൊടുത്തു. എന്നാൽ, തട്ടിപ്പ് അവിടെയും അവസാനിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ പണം ലഭിച്ചില്ലെന്നും ഒന്നുകൂടി അയക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും ഭീഷണി സമാനമായ വിളിയെത്തി. ഇതിൽ വലിയ സംശയം തോന്നിയ അരുൺ ഉടൻ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, ഈ ഓൺലൈൻ തട്ടിപ്പുകാർക്ക് എതിരെ തുടർന്നുള്ള നടപടികളിൽ വലിയ ഫലമൊന്നും ഉണ്ടായില്ല.
ഡിജിറ്റൽ യുഗത്തിൽ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നൽകുന്ന ‘എളുപ്പത്തിലുള്ള വായ്പകൾ’ എത്രത്തോളം അപകടകരമാണെന്ന് അരുണിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. കൃത്യമായ അംഗീകാരമില്ലാത്ത ഇത്തരം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് സാമ്പത്തിക നഷ്ടത്തിനും മാനസിക സമ്മർദ്ദത്തിനും വഴിവെക്കുമെന്ന വലിയൊരു പാഠമാണ് ഇത് നൽകുന്നത്. ‘
” ഒരു ഓൺലൈൻ ലോൺ ആപ്പ് വഴിയാണ് അവൾ കുറച്ച് തുക വായ്പയെടുത്തത്. പറഞ്ഞ സമയപരിധിക്കുള്ളിൽ തന്നെ അത് കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. എന്നാൽ അടവ് പൂർത്തിയായി മൂന്ന് മാസങ്ങൾക്ക് ശേഷം, വായ്പ തീർന്നിട്ടില്ലെന്നും ഭീമമായ പലിശയും പിഴയും ചേർത്ത് വൻ തുക തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ കോളുകൾ വരാൻ തുടങ്ങി. തുടക്കത്തിൽ ഭീഷണിയായിരുന്ന കോളുകൾ പിന്നീട് ഭീകരമായ മാനസിക പീഡനമായി മാറി. തുക നൽകിയില്ലെങ്കിൽ അവളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലരൂപത്തിലാക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നായിരുന്നു അടുത്ത ഭീഷണി. പറയുകയം ചെയ്തു; അവളുടെ ഫോണിലുണ്ടായിരുന്ന കോൺടാക്റ്റുകളിലേക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങളും കോളുകളും ചെന്നുതുടങ്ങി. തീർത്തും ഭയന്നുപോയ അവൾ മാനസികമായി തകർന്ന് ആത്മഹത്യയുടെ വക്കോളമെത്തി. എങ്ങനെയൊക്കെയോ കൗൺസിലിംഗും കുടുംബത്തിന്റെ പിന്തുണയും നൽകിയാണ് അവളെ ഞങ്ങൾ ആ തകർച്ചയിൽ നിന്നും കരകയറ്റിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്നതാണ് ഖേദകരമായ വസ്തുത. “
മറ്റൊരാൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കാൻ തന്റെ അനുജത്തിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം തുറന്നു പറയുകയാണ് ഒരു അനുഭവസ്ഥ.
TVS കമ്പനിയിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരിൽ നിന്ന് കടുത്ത സാമ്പത്തിക ചൂഷണവും ജാതീയ അധിക്ഷേപവും നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ രമണൻ വെളിപ്പെടുത്തുന്നു. കുടുംബത്തിലുണ്ടായ കടുത്ത ആരോഗ്യപ്രതിസന്ധികൾ കാരണം തിരിച്ചടവ് വൈകിയപ്പോഴുണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്:
പരസ്പരവിരുദ്ധമായ തുക ആവശ്യപ്പെടൽ: 1,60,000 രൂപ വായ്പയെടുത്ത് 18 ഗഡുക്കൾ കൃത്യമായി അടച്ചിരുന്നു. എന്നാൽ, മകന്റെയും ഭാര്യയുടെയും രോഗവിവരങ്ങൾ കാരണം തുടർ അടവുകൾ മുടങ്ങി. ഇതോടെ കമ്പനിയിൽ നിന്നും വിളിച്ച പ്രതിനിധി 10,000 രൂപ അടച്ചാൽ വായ്പ പൂർണ്ണമായി ക്ലോസ് ചെയ്യാമെന്ന് അറിയിച്ചു. ഇത് തട്ടിപ്പാണെന്ന് സംശയം തോന്നി വീണ്ടും ബന്ധപ്പെട്ടപ്പോൾ, തെറ്റ് പറ്റിയതാണെന്നും 55,000 രൂപ നൽകിയാൽ ഒറ്റത്തവണയായി വായ്പ തീർപ്പാക്കാമെന്നും പറഞ്ഞു. പിന്നീട് മറ്റൊരു പ്രതിനിധി വിളിച്ച് 70,000 രൂപ അടയ്ക്കണമെന്ന് നിർബന്ധിച്ചു.
ഒരേ നമ്പറിൽ നിന്ന് വ്യത്യസ്ത ആളുകൾ: കമ്പനിയുടെ ഒരേ ഫോൺ നമ്പറിൽ നിന്ന് ഓരോ സമയത്തും വ്യത്യസ്ത വ്യക്തികളാണ് വിളിച്ച് ഓരോ തുക വീതം ആവശ്യപ്പെടുന്നത്.
മാനസിക പീഡനവും ജാതീയ അധിക്ഷേപവും: പട്ടികവർഗ്ഗ (ST) വിഭാഗത്തിൽപ്പെട്ട തനിക്കെതിരെ കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത ജാതീയ അധിക്ഷേപവും ഭീഷണിയും ഉണ്ടായി.
പൊലീസ് നടപടിയിലെ വീഴ്ച: ജീവനക്കാർ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡിംഗുകൾ തെളിവായി നൽകി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
കമ്പനി ജീവനക്കാരുടെ അനധികൃതമായ പണപ്പിരിവ് ശ്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇദ്ദേഹം. അനീതിക്കെതിരെ പത്തനംതിട്ട TVS കമ്പനി ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് രമണന്റെ തീരുമാനം.
മാനസിക സമ്മർദ്ദം: തുടർച്ചയായ ഫോൺ കോളുകൾ, ഭീഷണി സന്ദേശങ്ങൾ, രാത്രിയിലോ പുലർച്ചെയോ ഉള്ള സന്ദർശനങ്ങൾ എന്നിവ വ്യക്തികളെ കടുത്ത മാനസിക വിഭ്രാന്തിയിലേക്കും ഭയത്തിലേക്കും തള്ളിയിടുന്നു. “തിരിച്ചടക്കാൻ കഴിയില്ലെങ്കിൽ ചത്തൂടെ” എന്ന തരത്തിലുള്ള അങ്ങേയറ്റം ക്രൂരമായ വാക്കുകളാണ് പല ഏജന്റുമാരും ഉപയോഗിക്കുന്നത്.
ആർ.ബി.ഐ (RBI) നിർദ്ദേശങ്ങളും ലംഘനങ്ങളും
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും റിക്കവറി ഏജന്റുമാർക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
സമയപരിധി: രാവിലെ 8 മണിക്ക് മുൻപോ വൈകുന്നേരം 7 മണിക്ക് ശേഷമോ വായ്പക്കാരുമായി ബന്ധപ്പെടാൻ പാടില്ല.
ഭീഷണിയും അപമാനവും: വായ്പക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ ശാരീരികമായോ മാനസികമായോ ഭീഷണിപ്പെടുത്താനോ അസഭ്യം പറയാനോ പാടില്ല.
സ്വകാര്യത: വായ്പയെടുത്ത വിവരങ്ങൾ അയൽക്കാരോടോ ബന്ധുക്കളോടോ പരസ്യപ്പെടുത്താൻ പാടില്ല. എന്നാൽ, ഈ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ചൂഷണം ചെയ്തുകൊണ്ട് ഏജന്റുമാർ അനധികൃതമായി പെരുമാറുന്നു.
മൈക്രോ ഫിനാൻസ് ഏജന്റുമാരുടെ ഭീഷണികൾ നേരിടാൻ വായ്പക്കാർ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
നിയമപരമായ സംരക്ഷണം: ഭീഷണിയോ അസഭ്യവർഷമോ നേരിടേണ്ടി വന്നാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം. വായ്പ തിരിച്ചടയ്ക്കാത്തത് ഒരു സിവിൽ വിഷയമാണ്, എന്നാൽ ഭീഷണിപ്പെടുത്തുന്നതും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
ആർ.ബി.ഐ ഓംബുഡ്സ്മാൻ: ബാങ്കിങ് അല്ലെങ്കിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, ലോൺ അപ്പുകൾ മാന്യമല്ലാത്ത രീതികൾ പിന്തുടർന്നാൽ ആർ.ബി.ഐ ഓംബുഡ്സ്മാന് പരാതി നൽകാം.
സാമ്പത്തിക സാക്ഷരത: വ്യക്തിഗത പലിശക്കാരെയും ലൈസൻസില്ലാത്ത സ്ഥാപനങ്ങളെയും തിരിച്ചറിഞ്ഞ് ഒഴിവാക്കുക. വായ്പ എടുക്കുന്നതിന് മുൻപ് പലിശനിരക്കും നിബന്ധനകളും പൂർണ്ണമായി മനസ്സിലാക്കുക.
