ഒരു അവസരം പാഴായി! മൂന്ന് പതിറ്റാണ്ട് നീണ്ട ഒരു അഭിനയയാത്രയുടെ അന്ത്യാധ്യായമായിരിക്കേണ്ടതായിരുന്നു ജന നായകൻ. അറുപതിലധികം ചിത്രങ്ങളിലൂടെ തമിഴ് സിനിമയുടെ മുഖമായി മാറിയ വിജയ്, ഈ ചിത്രം തിയേറ്ററുകളിൽ എത്തുമ്പോഴേക്കും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നിട്ട് 75 നാളുകൾ ആയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രം വെറുമൊരു വാണിജ്യചിത്രമായിരുന്നില്ല. അത് ഒരു യുഗാന്ത്യത്തിന്റെ പ്രതീകമാകേണ്ടതായിരുന്നു. പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്ന അവസാന ഫ്രെയിം. എന്നാൽ, തിയേറ്ററിൽ ഇരുന്ന് ചിത്രം കാണുമ്പോൾ ഉണ്ടാകുന്ന വികാരം ആഘോഷത്തിന്റെയല്ല, നഷ്ടബോധത്തിന്റെതാണ്. വിജയ് തന്റെ ആരാധകർ പ്രതീക്ഷിക്കുന്നതെല്ലാം നൽകുന്നു; ചിലയിടങ്ങളിൽ അതിലും കൂടുതൽ. എന്നിട്ടും, താരത്തിന് അർഹമായ വിടവാങ്ങൽ നൽകാനുള്ള അവസരം ചിത്രം തന്നെ പാഴാക്കുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ, അനിൽ രവിപുടിയുടെ തെലുങ്ക് ഹിറ്റായ ‘ഭഗവന്ത് കേസരി’ യുടെ പുനർനിർമ്മാണമാണെന്ന് പറയപ്പെടുന്നു. കഥാന്തരീക്ഷം നിലനിർത്തുമ്പോഴും, ജനാധിപത്യം, ആധുനിക യുദ്ധരീതികൾ, സ്ഥാപനപരമായ അഴിമതി എന്നിവയെ മുൻനിർത്തി ഒരു രാഷ്ട്രീയ ആക്ഷൻ ത്രില്ലറായി ചിത്രത്തെ വികസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത് ഒരു ധീരമായ പരീക്ഷണമായി തോന്നാം. എന്നാൽ, സ്ക്രീനിൽ എത്തുമ്പോഴാകട്ടെ, രണ്ട് വ്യത്യസ്ത സിനിമകൾ ബലമായി ഒട്ടിച്ചുവെച്ചതുപോലെയാണ് – അപൂർണമായ കാൻവാസ്പോലെ. വിജയ് അവതരിപ്പിക്കുന്നത് മുൻ പൊലീസ് ഉദ്യോഗസ്ഥനായ വെട്രി കൊണ്ടൻ എന്ന കഥാപാത്രത്തെയാണ്. മമിത ബൈജു ചിത്രത്തിൽ നായികയായി എത്തുന്നു. ബോളിവുഡ് താരം ബോബി ഡിയോൾ അവതരിപ്പിക്കുന്ന ഫീനിക്സ് എന്ന അന്താരാഷ്ട്ര ആയുധക്കച്ചവടക്കാരന്റെ ഭീഷണിയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ആദ്യ പകുതി ഭഗവന്ത് കേസരിയുടെ ഘടനയെ വിശാലമായി പിന്തുടരുന്നു. വിജയ് ഒരു തടവുകാരനായി അവതരിപ്പിക്കപ്പെടുന്നു. ജയിലിലെ ആക്ഷൻ രംഗം അദ്ദേഹത്തിന്റെ ശാരീരിക ആധിപത്യം സ്ഥാപിക്കുന്നു. അതിനുശേഷമാണ് ബോബി ഡിയോളിന്റെ കഥാപാത്രത്തിന് നീണ്ട ആമുഖം വരുന്നത്. ഇവിടെയാണ് ചിത്രത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആഫ്രിക്കയിലെ ആഭ്യന്തരയുദ്ധങ്ങൾ, പാകിസ്താനിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങൾ, ഡ്രോൺ യുദ്ധം, മനുഷ്യരോട് പോരാടുന്ന റോബോട്ടുകൾ, വില്ലനും അയാളുടെ ആൾട്ടർ ഈഗോയും തമ്മിലുള്ള ഏറ്റുമുട്ടൽ – ഇങ്ങനെ വിപുലമായ ഒരു പശ്ചാത്തലം സംവിധായകൻ നിർമ്മിക്കുന്നു.
ഒരു യുഗാന്ത്യ ചിത്രത്തിന് വേണ്ട വൈകാരിക ആഴവും, കലാപരമായ പൂർണതയും ജന നായകന് നഷ്ടപ്പെട്ടിരിക്കുന്നു. ഇത് വിജയിയുടെ അവസാന ചിത്രമായി ഓർമ്മിക്കപ്പെടുമെങ്കിലും അത് അർഹിച്ച വിധത്തിലുള്ള വിടവാങ്ങലായിരുന്നില്ല. സിനിമയിലെ വിടവാങ്ങൽ കേവലമായൊരു നന്ദിപ്രകടനത്തിൽ തീരേണ്ടതായിരുന്നില്ല (credit card), യുഗാന്ത്യത്തിൻറെ പരിസമാപ്തിയാകണമായിരുന്നു. ജനനായകൻ അത് നിർവഹിക്കുന്നില്ല.
സിനിമയിൽ, ജോസഫ് വിജയ് എന്ന രാഷ്ട്രീയക്കാരൻറെ ‘രക്ഷകദൗത്യം’ വ്യക്തതയോടെ പറയുന്നുണ്ട്. അതിനുദാഹരണമാണ്: ആദ്യകാലങ്ങളിൽ വിജയ് സിനിമകളുടെ സംബോധന നാമമായ ‘ഇളയദളപതി’ എന്നത് ‘ദളപതി’ യിലേക്ക് മാറിയത്; 2026 ജനുവരി 8 ന് റിലീസാവേണ്ടിയിരുന്ന ചിത്രത്തിൻ്റെ പോസ്റ്ററിൽ ദളപതി വിജയ് in എന്നായിരുന്നു വിശേഷണം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പേ ചിത്രീകരണം പൂർത്തീകരിച്ചതായിരുന്നെങ്കിലും തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും, ഭരണമാറ്റത്തിനും ശേഷം വിജയ് അധികാരത്തിലേറി 75 നാൾ കഴിഞ്ഞ് റിലീസ് ചെയ്ത ചിത്രത്തിൻ്റെ പുതിയ പോസ്റ്ററുകളിൽ ചീഫ് മിനിസ്റ്റർ C. ജോസഫ് വിജയ് in എന്നത് വലിയൊരു രാഷ്ട്രീയ അടയാളപ്പെടുത്തലാണ്. (ആദ്യ റിലീസ് പ്രഖ്യാപിച്ചത് ജനുവരി 6നായിരുന്നു. ഒരു മുഴം മുമ്പേ എറിഞ്ഞ സിനിമ സെൻസർ യുദ്ധം, കോടതി കേസ്, രാജ്യവ്യാപക ലീക്ക്, എ സർട്ടിഫിക്കറ്റ് എന്നിവയിലൂടെ ആറ് മാസം കാത്തിരുന്നതിനു ശേഷമാണ് ജൂലൈ 24 നു റിലീസായത്).
നേരത്തേ സൂചിപ്പിച്ച പോലെ രാഷ്ട്രീയ ഉള്ളടക്കം സിനിമയിൽ വേണ്ടുവോളമുണ്ട്; ജനാധിപത്യം, അധികാര ദുരുപയോഗം, ജനങ്ങളെ സേവിക്കുന്ന നേതാക്കളുടെ ആവശ്യകത—ഇവയെല്ലാം സിനിമ പറയുന്നു. ഡയലോഗുകൾ രാഷ്ട്രീയ പ്രഖ്യാപനങ്ങളാൽ നിറഞ്ഞതാണ്. വിജയ് യുടെ രാഷ്ട്രീയത്തിലേക്കും, അധികാരോഹണണത്തിലേക്കുമുള്ള അവസാന വിസിലുകൾ കൂടിയായിരുന്നു ജനനായകൻ.
താരരാഷ്ട്രീയ പരീക്ഷണങ്ങളുടെ തമിഴകം
തമിഴ് സിനിമയും രാഷ്ട്രീയവും തമ്മിൽ എക്കാലത്തും ഇഴപിരിയാത്ത ബന്ധമാണ് നിലനിർത്തിപ്പോന്നിട്ടുള്ളത്. തമിഴ്‌നാട് രാഷ്ട്രീയത്തെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും പ്രകടമായ സവിശേഷത, സിനിമയും അധികാരവും തമ്മിലുള്ള അഭേദ്യമായ ആ ബന്ധമാണ്. ഇവിടെ സിനിമ വെറും വിനോദമല്ല; അത് രാഷ്ട്രീയ ബോധം രൂപപ്പെടുത്തുകയും, നേതൃത്വത്തെ നിർമ്മിക്കുകയും, അധികാരത്തെ സാധൂകരിക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക ഉപകരണമാണ്. താരരാഷ്ട്രീയം എന്ന പ്രതിഭാസം ഇവിടെ യാദൃശ്ചികമല്ല. അത് ദശാബ്ദങ്ങളായി വളർത്തിയെടുത്ത ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അനിവാര്യമായ പരിണാമമാണ്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സിനിമയെ പ്രചാരണ മാധ്യമമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. അണ്ണാദുരൈയും കരുണാനിധിയും തിരക്കഥകളിലൂടെ ജാതിവ്യവസ്ഥയെയും സാമൂഹ്യ അസമത്വത്തെയും ചോദ്യം ചെയ്തു. സിനിമാ ടാക്കീസുകൾ പൊതുജനങ്ങളുടെ രാഷ്ട്രീയ ക്ലാസ് മുറികളായി മാറി. ഈ സാംസ്കാരിക അടിത്തറയിൽ നിന്നാണ് പിന്നീട് താരങ്ങൾ നേരിട്ട് അധികാരത്തിലേക്ക് ഉയരുന്ന പ്രവണത ശക്തമാകുന്നത്.
എം.ജി. രാമചന്ദ്രന്റെ രാഷ്ട്രീയ വിജയം ഈ പ്രക്രിയയുടെ പൂർണ്ണമായ ഉദാഹരണമാണ്. സ്‌ക്രീനിൽ അദ്ദേഹം അവതരിപ്പിച്ച ‘ജനരക്ഷകൻ’ എന്ന ഇമേജ്, യഥാർത്ഥ ജീവിതത്തിലും അതേപടി തുടർന്നു. ആരാധകർ അദ്ദേഹത്തെ വെറും നടനായല്ല, ഒരു ധാർമ്മിക അധികാരിയായാണ് കണ്ടത്. അണ്ണാ ഡി.എം.കെ സ്ഥാപിച്ച് മൂന്ന് തവണ മുഖ്യമന്ത്രിയായ അദ്ദേഹം, താരത്വത്തെ രാഷ്ട്രീയ മൂലധനമാക്കി മാറ്റിയ ആദ്യ വ്യക്തിയായി. ജെ. ജയലളിത ഈ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തി. അഭിനയത്തിലൂടെ നേടിയ ജനസമ്മതി, അധികാരത്തിലേക്കുള്ള പാതയെ സുഗമമാക്കി. അവരുടെ “അമ്മ” എന്ന വിളിപ്പേര് തന്നെ ഒരു രാഷ്ട്രീയ പ്രതീകമായി മാറി. എന്നാൽ, എല്ലാ താരങ്ങൾക്കും ഈ വിജയം ആവർത്തിക്കാനായില്ല. ശിവാജി ഗണേശൻ, എസ്.എസ്. രാജേന്ദ്രൻ, എസ്.ആർ. ലക്ഷ്യ, കെ. ഭാഗ്യരാജ്, ടി. രാജേന്ദ്രൻ, ശരത് കുമാർ,വിജയകാന്ത്, കാർത്തിക്ക്, കമൽ ഹാസൻ, കരുണാസ്, സീമാൻ, രജനീകാന്ത് തുടങ്ങിയവരുടെ അനുഭവങ്ങൾ ഇതിന് തെളിവാണ്. ജനപ്രീതിയും സ്‌ക്രീൻ ഇമേജും മാത്രം കൊണ്ട് അധിരാകരം വാഴാൻ സാധിക്കില്ലെന്നവർ തെളിയിച്ചു. രാഷ്ട്രീയം ഒരു സംഘടനാത്മകവും പ്രത്യയശാസ്ത്രപരവുമായ ഘടനയാണെന്ന് മനസ്സിലാക്കാത്തവർ, താരത്വത്തിന്റെ മായാവെളിച്ചത്തിൽ അധികാരത്തിന്റെ പടവുകൾ കയറാനാകാതെ പോയി.
2026-ൽ വിജയ്‌യുടെ ഉദയം ഈ ചരിത്രത്തിന്റെ പുതിയ അധ്യായമാണ്. തമിഴക വെട്രി കഴകം (TVK) വഴി അദ്ദേഹം നേടിയ വിജയം, വെറും ഒരു തിരഞ്ഞെടുപ്പ് വിജയമല്ല. 59 വർഷത്തെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തെ തകർത്ത ഒരു സാംസ്കാരിക-രാഷ്ട്രീയ മാറ്റമാണ്. MGR-നും ജയലളിതയ്ക്കും ശേഷം, സിനിമയിലെ താരത്വത്തെ നേരിട്ട് മുഖ്യമന്ത്രിപദവിയിലേക്ക് ഉയർത്തിയ മൂന്നാമത്തെ വ്യക്തിയായി വിജയ് മാറി. കൂടാതെ തൻ്റെ പാർട്ടി സമ്മേളനത്തിടെ തമിഴ്‌നാട്ടിലെ കരൂരിൽ നാൽപത് പേരുടെ മരണത്തിനിടയാക്കിയ തിരക്ക് ദുരന്തത്തിൽ നിന്ന് കൈ കഴുകാൻ വിജയ് എന്ന രാഷ്ട്രീയക്കാരന് കഴിയുകയും ചെയ്തു.
തമിഴക താരരാഷ്ട്രീയം വെറും വ്യക്തികളുടെ വിജയഗാഥ സീരീസുകളല്ല. അത് ഒരു സമൂഹം അധികാരത്തെ എങ്ങനെ കാണുന്നു, അനുഭവിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. സ്‌ക്രീനിലെ നായകൻ യഥാർത്ഥ ജീവിതത്തിലും രക്ഷകനാകുമെന്ന പ്രതീക്ഷയാണ് ‘ജനനായകൻ’ പകർന്നു നൽകാൻ ശ്രമിച്ചത്. സിനിമയിലെ നായകൻ തൻ്റെ ദൗത്യം പൂർത്തിയാക്കുകയും, തിരശ്ശീലയിലല്ലാത്ത പുതിയൊരു ജനനായകനായി ജനമദ്ധ്യത്തിലേക്കിറങ്ങുകയും ചെയ്യുന്ന റിയാലിറ്റിയാണ് സിനിമയിലെന്നപോലെ തമിഴക രാഷ്ട്രീയവും സാക്ഷ്യം വഹിച്ചത്.
