കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും ഗുരുതര കള്ളപ്പണ വെളുപ്പെടുത്തൽ. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ 17 ചാക്കുകളിലായി 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി പി. അക്ഷയ് ആണ് രംഗത്തെത്തിയത്. പാർട്ടിക്കായി കൊണ്ടുവന്ന പണം മുതിർന്ന നേതാക്കൾ ചേർന്ന് അപഹരിച്ചെന്നും അക്ഷയ് ആരോപിച്ചു.
17 ചാക്കുകളിലായി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ആദ്യം പണമെത്തിച്ചത്. തുടർന്ന് 17 ചാക്കുകളിലും ഒരു പച്ച ബാഗിലുമായി 25 കോടിയോളം രൂപ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും സംഘടനാ സെക്രട്ടറിയുടെ മുറിയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് വെളിപ്പെടുത്തലിൽ പറയുന്നു.
പണം ഓഫീസിലെത്തിയ സമയത്തും പുറത്തേക്ക് കടത്തിയപ്പോഴും അവിടുത്തെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നേതാക്കൾ നിർദ്ദേശിച്ചു. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഡിവിആർ (DVR) മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി എത്തിയ ഈ ഫണ്ട് വിതരണം ചെയ്യാതെ ചില നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കായി വീതിച്ചെടുക്കുകയായിരുന്നു – അക്ഷയ് വെളിപ്പെടുത്തി.
ഈ സാമ്പത്തിക ക്രമക്കേടുകൾക്കും കള്ളപ്പണ ഇടപാടുകൾക്കും ദൃക്‌സാക്ഷിയായതിനാലും എതിർത്തതിനാലുമാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് പി. അക്ഷയ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ ജില്ലാ നേതാക്കളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ ജില്ലയില്‍ പല പ്രദേശങ്ങളിലും പണവും കിറ്റുകളും വിതരണം ചെയ്തിരുന്നത് വിവാദമായിരുന്നു. മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ബിജെപി-ആർഎസ്എസ് നേതാക്കൾ വിതരണം ചെയ്യാൻ തയ്യാറാക്കിയ ആയിരക്കണക്കിന് കിറ്റുകൾ യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻറെ നേതൃത്വത്തിൽ കൈയ്യോടെ പിടികൂടിയിരുന്നു. തൃശ്ശൂർ മണ്ഡലത്തിലെ ഒളരിയിൽ വിതരണം ചെയ്നൂത നൂറോളം കിറ്റുകൾ എൽഡിഎഫിൻറെ നേതൃത്വത്തിലും പിടികൂടിയുരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയും പണം വിതരണം ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
2021 നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഏപ്രിൽ 3-ന് തൃശൂർ കൊടകരയിൽ വച്ച് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടെന്നു സംശയിക്കപ്പെടുന്ന 3.5 കോടി രൂപയുടെ കുഴൽപ്പണം വ്യാജ വാഹനാപകടം സൃഷ്ടിച്ചു തട്ടിയെടുക്കപ്പെട്ട സംഭവം വിലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അന്നും സമാനമായ രീതിയിൽ വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ബിജെപി മുൻ തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ആണ് അന്ന് വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം കത്തി നിൽക്കെയാണ് തൃശൂരിലെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി, തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി നിർണായക ശബ്ദരേഖകൾ പുറത്ത് വന്നിരുന്നു.
