August 11 Tuesday 2026

ഇസ്രായേൽ ബന്ധം: അഹമ്മദിനജാദ് സംശയ നിഴലിലാകുമ്പോൾ

ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കേണ്ട ട്യൂമർ എന്ന് ഒരിക്കൽ വിശേഷിപ്പിച്ച വ്യക്തി, രഹസ്യമായി ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു എന്ന ഗുരുതരമായ കണ്ടെത്തൽ നടത്തിയ ‘ന്യൂയോർക്ക് ടൈംസ്’ (മെയ് 19) ഇന്ന് പുതിയ വിവരങ്ങളുമായി വീണ്ടും ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നു.

മുൻ പ്രസിഡണ്ട് മുഹമ്മദ് അഹമ്മദിനജാദിന്റെ ഇസ്രായേൽ ബന്ധം ഇറാൻ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് ടൈംസ് റിപ്പോർട്ട്. ഹോളോകോസ്റ്റ് നിഷേധിക്കുന്ന സമ്മേളനങ്ങൾ സംഘടിപ്പിച്ച, ഹിസ്ബുല്ലക്കും ഹമാസിനും ഫണ്ട് നൽകിയ, ഇറാന്റെ ആണവ പദ്ധതിയെ അന്താരാഷ്ട്ര പ്രതിസന്ധിയുടെ ഘട്ടം വരെ എത്തിച്ച ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മുൻ പ്രസിഡന്റ് ഇപ്പോൾ IRGC-യുടെ (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ) സ്വന്തം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീട്ടുതടങ്കലിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലുമായും മൊസാദുമായും ബന്ധം പുലർത്തി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. രണ്ടു തവണ പ്രസിഡന്റ് പദവിയിലിരുന്നപ്പോൾ മനുഷ്യരാശിയുടെ ശത്രുവായി താൻ വിശേഷിപ്പിച്ച അതേ പ്രസ്ഥാനവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ബന്ധം.

‘ന്യൂയോർക്ക് ടൈംസ്’ നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ അതിന്റെ സൂക്ഷ്മാംശങ്ങളിൽ അസാധാരണവും പ്രത്യാഘാതങ്ങളിൽ ഭയാനകവുമാണ്. വർഷങ്ങളായി, അഹമ്മദിനെജാദിനെ രഹസ്യാന്വേഷണ ഏജന്റായി തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ഇസ്രായേൽ രഹസ്യ ഓപ്പറേഷൻ നടത്തുന്നുണ്ടെന്നാണ് ‘ടൈംസ്’ അവകാശപ്പെടുന്നത്. കേവലം വിവരങ്ങൾ ചോർത്തുന്ന ഒരു സ്രോതസ്സായി മാത്രമല്ല ഇത് ലക്ഷ്യമിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച ശേഷം അഹമ്മദിനെജാദിനെ ഇറാന്റെ നേതാവായി പ്രതിഷ്ഠിക്കാൻ ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം പദ്ധതിയിട്ടിരുന്നു. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ‘ഷിൻ ബെറ്റിന്റെ’ മുൻ മേധാവി 2024-ൽ ബുഡാപെസ്റ്റിലേക്ക് നേരിട്ട് യാത്ര ചെയ്തു. അവിടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നടന്ന ഒരു ഹംഗേറിയൻ യൂണിവേഴ്സിറ്റി കോൺഫറൻസ്, അഹമ്മദിനെജാദും ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള രഹസ്യ ചർച്ചകൾക്കുള്ള മറയായി ഉപയോഗിക്കുകയായിരുന്നു.

അതിനുശേഷം ഇസ്രായേലി ഏജന്റുമാർ അഹമ്മദിനെജാദിനെ പലതവണ കണ്ടു. രഹസ്യമായി പണമിടപാടുകളും നടന്നു.
ഇതൊരു യാദൃശ്ചികമായ ബന്ധമായിരുന്നില്ല. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഏറ്റവും പ്രമുഖനായ മുൻ നേതാക്കളിൽ ഒരാളും, താൻ പരസ്യമായി നശിപ്പിക്കാൻ ആഗ്രഹിച്ച രാജ്യവും തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന കൃത്യമായ ആസൂത്രണത്തോടെയുള്ള ഒരു രഹസ്യാന്വേഷണ ബന്ധമായിരുന്നു ഇത്. ഈ വെളിപ്പെടുത്തലിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഇപ്പോൾ ചിന്തിച്ചുനോക്കൂ.

ഏാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങിൽ അഹമ്മദിനെജാദ് പങ്കെടുത്തിരുന്നു. ഫെബ്രുവരി 28-ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവിനെ ഓർത്ത് വിലപിക്കുന്ന ജനക്കൂട്ടത്തിനിടയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിനോട് ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന ജനസമുദ്രത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും പതിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരുന്ന IRGC, ഇതിന് തൊട്ടുപിന്നാലെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഈ സമയക്രമം യാദൃശ്ചികമല്ല. പുതിയൊരു പരമോന്നത നേതാവ് അധികാരം ഏറ്റെടുത്ത, സുരക്ഷാ സംവിധാനങ്ങളിൽ IRGC-ക്ക് ആധിപത്യമുള്ള, ഖാംനഇയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനുള്ള ഫയലുകൾ ഔദ്യോഗികമായി തുറന്നിരിക്കുന്ന ഒരു രാജ്യത്ത്, മുൻ പ്രസിഡന്റിന്റെ വൃത്തങ്ങൾക്കുള്ളിൽ മൊ സാദിന്റെ സാന്നിധ്യം കണ്ടെത്തുന്നത് വെറുമൊരു സുരക്ഷാ വീഴ്ചയല്ല,
രാഷ്ട്രീയ ഭൂകമ്പമാണ്. തങ്ങളുടെ ശത്രു പുറത്തുനിന്ന് ബോംബെറിയുക മാത്രമല്ല ചെയ്തിരുന്നതെന്ന് ഇത് ടെഹ്റാനോട് പറയുന്നു. ആദ്യത്തെ ആക്രമണം നടത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വ നിരക്കുള്ളിൽ വ്യവസ്ഥാപിതമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ട്.

ഈ വെളിപ്പെടുത്തൽ അധികാരത്തിന്മേലുള്ള IRGC-യുടെ പിടി വൻതോതിൽ ശക്തമാക്കും. വിപ്ലവ നിലപാടുകളെ ചോദ്യം ചെയ്യുന്ന ആരെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതിനും, വിദേശ ഇടപെടലുകൾക്ക് കാരണമായേക്കാവുന്ന ഏതൊരു രാഷ്ട്രീയ വ്യക്തിത്വത്തെയും ഇല്ലാതാക്കുന്നതിനും ഈ സംഭവം ഏറ്റവും വലിയ ന്യായീകരണമായി മാറും.

ഇറാൻ രാഷ്ട്രീയത്തിൽ അഹമ്മദിനെജാദ് വർഷങ്ങളായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്നു. അദ്ദേഹം പരമോന്നത നേതാവ് അലി ഖാംനഇയുമായി അകന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടു. അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകൾ കൂടുതൽ വിചിത്രമായിക്കൊണ്ടിരുന്നു. ഇറാന്റെ ഭരണകൂടം അദ്ദേഹത്തെ ഫലപ്രദമായി മാറ്റിനിർത്തിയിരുന്നു.
എന്നാൽ മാറ്റിനിർത്തപ്പെട്ടു എന്നത് ഒതുക്കപ്പെട്ടു എന്നതിനർത്ഥമില്ല. ഇസ്രായേൽ അദ്ദേഹത്തെ നിരീക്ഷിക്കുക മാത്രമല്ല, ഭരണം മാറിയ ശേഷം തങ്ങളുടെ താൽപര്യപ്രകാരം പ്രതിഷ്ഠിക്കാനുള്ള ഭാവി നേതാവായി സജീവമായി വളർത്തിയെടുക്കുകയായിരുന്നു എന്ന വെളിപ്പെടുത്തൽ ഇറാന്റെ സുരക്ഷാ വിഭാഗം എപ്പോഴും വിശ്വസിച്ചിരുന്ന കാര്യത്തെ ശരിവെക്കുന്നു.

അതായത്, വിദേശ ഭീഷണി എന്നത് കേവലം സൈനികം മാത്രമല്ല. അത് രാഷ്ട്രീയമാണ്, സാമൂഹികമാണ്, റിപ്പബ്ലിക്കിന്റെ അധികാര ഇടനാഴികളിലേക്ക് വരെ നീളുന്നതുമാണ്. ഈ സംഭവവികാസങ്ങൾ വീക്ഷിക്കുന്ന ലോകത്തിന്, ബോംബാക്രമണങ്ങൾക്കും കപ്പൽ ഗതാഗത തടസ്സങ്ങൾക്കും അപ്പുറം ആധുനിക സംഘർഷങ്ങളുടെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ച് അഹമ്മദി നെജാദിന്റെ കഥ ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. യുദ്ധങ്ങൾ ഒരിക്കലും യുദ്ധക്കളങ്ങളിൽ മാത്രം പോരാടുന്നവയല്ല. അവ ഹോട്ടൽ മുറികളിലും, രഹസ്യ പണമിടപാടുകളിലും, ഒരു കാലത്ത് വിപ്ലവത്തിന്റെ ശുദ്ധമായ ഭാഷ സംസാരിക്കുകയും ക്യാമറകൾ ഓഫാകുമ്പോൾ രഹസ്യമായി മറ്റ് ക്രമീകരണങ്ങൾ നടത്തുകയും ചെയ്ത അതൃപ്തരായ മുൻ നേതാക്കളുമായി വർഷങ്ങളോളം വളർത്തിയെടുത്ത ബന്ധങ്ങളിലൂടെയുമാണ് മുന്നോട്ടു നീങ്ങുന്നത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള ഓപ്പറേഷനുകൾ നടത്താനുള്ള ശേഷി പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകം, ഇറാന്റെ സെൻട്രിഫ്യൂജുകൾക്ക് നേരെയുണ്ടായ സ്റ്റക്സ്നെറ്റ് (Stuxnet) സൈബർ ആക്രമണം, ഫെബ്രുവരി 28-ന് നടന്ന ഖാംനഇയുടെ കൊലപാതകം, മുൻ പ്രസിഡന്റിനെ മൊസാദിന്റെ ഏജന്റായും ഭാവി പിൻഗാമിയായും വളർത്തിയെടുക്കാൻ വർഷങ്ങളായി നടത്തിയ ഓപ്പറേഷന്റെ വെളിപ്പെടുത്തൽ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അത് വെറുമൊരു ഇന്റലിജൻസ് ജോലി മാത്രമല്ല. ഉന്നതതല ഭരണതന്ത്രജ്ഞതയോടെ നടപ്പിലാക്കിയ തന്ത്രപരമായ കാര്യമാണ്.

പ്രതികരണാത്മകമായ സുരക്ഷാ സംവിധാനങ്ങൾക്ക് വിരളമായി മാത്രം പൊരുത്തപ്പെടാൻ കഴിയുന്ന അത്രയും ക്ഷമയോടെയും സാവധാനത്തിലും നിശബ്ദമായുമാണ് അവ കെട്ടിപ്പടുക്കുന്നത്. സ്വന്തം രഹസ്യാന്വേഷണ ശേഷിയിൽ ഗൗരവമായി നിക്ഷേപം നടത്താത്ത, വിദേശ സുരക്ഷാ പങ്കാളിത്തങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതെ അതിനെ ആശ്രയിക്കുന്ന, വിദേശ ശക്തികളെ തങ്ങളുടെ രാഷ്ട്രീയ വൃത്തങ്ങൾക്കുള്ളിൽ യാതൊരു പരിശോധനയുമില്ലാതെ ബന്ധങ്ങൾ വളർത്തിയെടുക്കാൻ അനുവദിക്കുന്ന എല്ലാ ഗവൺമെന്റുകളും തങ്ങൾക്ക് പൂർണ്ണമായി കാണാൻ കഴിയാത്ത ഒരു ലോകത്താണ് പ്രവർത്തിക്കുന്നത്.

അഹമ്മദി നെജാദ് മറ്റൊരു ശക്തിയാൽ കൈകാര്യം ചെയ്യപ്പെടുകയായിരുന്നെങ്കിൽ ആർ ആരെയാണ് വളർത്തിയെടുക്കുന്നത് എന്നതാണ് അന്താരാഷ്ട്ര ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിന്റെ ഉത്തരം ഒരിക്കലും ഉപരിപ്ലവമായി കാണേണ്ട ഒന്നായിരിക്കില്ല. ‘ന്യൂയോർക്ക് ടൈംസി’നെപ്പോലെ ഉത്തരവാദപ്പെട്ട ഒരു പത്രം റിപ്പോർട്ട് ചെയ്തതിനാൽ പലരും അത് മുഖവിലക്കെടുക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും വാർത്ത നിഷേധിച്ചില്ല എന്നതിനാൽ ആധികാരികതയിൽ സംശയമില്ലെന്നാണ് പലരും വിശ്വസിക്കുന്നത്.

എന്നാൽ, ‘ടൈംസി’ന്റെ മെയ് 19-ലെ ആദ്യ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച നിരവധിയാളുകളുണ്ട്. ‘ഈ വാർത്ത സ്വിസ് ചീസ് പോലെ നിറയെ പഴുതുകൾ ഉള്ളതാണെ’ന്നത്രെ തെൽ അവീവ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഇറാൻ വിദഗ്ധൻ ബെനി സാബ്തിയെ ഉദ്ധരിച്ച് ‘ന്യു യോർക്ക് പോസ്റ്റ്’ എഴുതിയത്.

കടുത്ത ഇസ്രായേൽ വിരുദ്ധനായ മുൻ പ്രസിഡന്റിനെ പിന്തുണക്കുക എന്ന ആശയം ജൂത രാഷ്ട്രത്തിന് (ഇസ്രായേൽ) ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അതിനാൽ ഭരണമാറ്റത്തിന് ശേഷമുള്ള ഇറാനിൽ അഹ്‌മദീനെജാദിനെ നേതാവായി അമേരിക്കയും ഇസ്രായേലും ആഗ്രഹിച്ചു എന്നതിൽ സംശയമുണ്ടെന്നുമാണ് സാബ്തിയുടെ നിരീക്ഷണം.

‘2005 മുതൽ അഹ്‌മദീനെജാദ് യഹൂദവിരുദ്ധത വീണ്ടും പുറത്തെടുക്കുകയും ‘ലോകഭൂപടത്തിൽ നിന്ന് ഇസ്രായേൽ തുടച്ചുനീക്കപ്പെടണം’ എന്ന് പ്രസ്താവിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തെ ഭരണാധികാരിയാകാൻ ഇസ്രായേൽ ഒരിക്കലും ആഗ്രഹിക്കില്ല-‘ സാബ്തി വ്യക്തമാക്കുന്നു. മാത്രമല്ല, അഹ്‌മദീനെജാദ് നിരവധി യഹൂദവിരുദ്ധ സമ്മേളനങ്ങളും, യഹൂദർക്കെതിരെ കാർട്ടൂൺ മത്സരങ്ങളും ഹ്രസ്വചിത്രങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നും സാബ്തി കൂട്ടിച്ചേർത്തു.

പദ്ധതിയെക്കുറിച്ച് അഹ്‌മദീനെജാദിന് ഒരളവുവരെ അറിവുണ്ടായിരുന്നുവെന്നും എന്നാൽ തന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റതോടെ അദ്ദേഹം ‘ഭരണമാറ്റ പദ്ധതിയിൽ’ നിന്ന് പിന്തിരിഞ്ഞുവെന്നുമാണ് ‘ടൈംസ്’ അവകാശപ്പെടുന്നത്. അഹ്‌മദീനെജാദിനെ വധിക്കാൻ ശ്രമിച്ചവർ മുഖം രക്ഷിക്കാൻ നടത്തിയ വ്യാജ പ്രചാരണമാകാനാണ് സാധ്യതയെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പരാമർശിച്ച് അഹ്‌മദീനെജാദിന്റെ ജീവചരിത്രകാരനും ഇറാനിയൻ രാഷ്ട്രീയ പ്രൊഫസറുമായ മെയർ ജാവേദൻഫർ ‘എക്‌സി’ൽ കുറിച്ചു.

പരമോന്നത നേതാവ് അലി ഖാംനഇയുമായി 2011-ൽ തെറ്റിയതോടെ അഹ്‌മദീനെജാദിന്റെ അധികാരത്തിന് മൂക്കുകയറിടപ്പെട്ടുവെന്നത് ശരിയാണ്. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി അലി ലാറിജാനി പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മന്ത്രിസഭാ നിയമനങ്ങൾ, സാമ്പത്തിക നയം, പുരാതന ഇറാന്റെ മഹത്വവൽക്കരണം ഉൾപ്പെടെയുള്ള അഹ്‌മദീനെജാദിന്റെ ദേശീയവാദ നിലപാടുകൾ എന്നിവയെച്ചൊല്ലിയായിരുന്നു തർക്കങ്ങൾ നിലനിന്നിരുന്നത്.

പിൻഗാമി ഹസൻ റൂഹാനിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് 2018-ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ‘നിലവിലെ ചില നേതാക്കൾ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും അകന്നു കഴിയുന്നവരാണ്, അവർക്ക് സമൂഹത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഒന്നും അറിയില്ല,’ എന്ന് അഹ്‌മദീനജാദ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

കാഴ്ചപ്പാടുകളിൽ വന്ന മാറ്റത്തിന്റെ സൂചനയെന്നോണം 2023-ൽ ഗ്വാട്ടിമാലയും 2024ലും 2025 ജൂണിലും ഇസ്രായേൽ അനുകൂല നിലപാടുള്ള ഹംഗറിയും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം അഹ്‌മദീനെജാദ് നടത്തിയ ചുരുക്കം ചില വിദേശയാത്രകളിൽ ഉൾപ്പെടുന്നു ഇവ. സർക്കാർ അനുമതിയോടെയായിരുന്നു യാത്രയെങ്കിലും അതേ ചൊല്ലി ധാരാളം സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

അഹ്‌മദീനെജാദിനെപ്പോലെയുള്ള വിപ്ലവ നേതാക്കൾ സിഐയുടെയും മൊസാദിന്റെയും ഇത്തരമൊരു കെണിയിൽ വീഴില്ലെന്ന് വിശ്വസിക്കാനാണിഷ്ടം. അതേസമയം, മൊസാദും സി.ഐ.എയും നടത്തുന്ന കരുനീക്കങ്ങൾ പലപ്പോഴും സങ്കൽപിക്കാൻ പോലും കഴിയാത്തതാണ്. ഫലസ്തീനിൽ, വിശിഷ്യാ ഗസ്സയിലും ഇറാനിലും നിരവധി മൊസാദ് ഏജന്റുമാർ പിടിയിലാവാറുണ്ട്. ലക്ഷ്യസാക്ഷാൽക്കാരത്തിനായി ഏതു നീച മാർഗവും സ്വീകരിക്കാറുള്ള ചാരസംഘടനയാണ് മൊസാദ്. ഹമാസ് നേതാവ് ഖാലിദ് മിശ്അലിനു നേരെ ജോർദാനിലുണ്ടായ വധശ്രമവും മുതിർന്ന ഹമാസ് കമാണ്ടർമാരായ യഹ്‌യ അയ്യാശിനെ ഗസ്സയിലും മഹ്‌മൂദ് അൽ മബ്ഹൂഹിനെ 2010-ൽ ദൂബായിലും വധിച്ചതും ചില ഉദാഹരണങ്ങൾ മാത്രം. മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വരെ മൊസാദ് നെറ്റ്‌വർക്ക് സജീവമാണ്. ‘ന്യൂയോർക്ക് ടൈംസ്’ വാർത്ത ശരിയാവാനും പെരും നുണയാവാനും സാധ്യതയുണ്ട്.

 

Related