ഗസ്സയിൽ ഇസ്രായേൽ നടത്തിയത് വംശഹത്യയും ശിശു ഉന്മൂലനമെന്നും ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര കമ്മീഷനായ ഇൻഡിപ്പെൻഡൻസ് ഇന്റർനാഷണൽ എങ്ക്വയറി കമ്മിഷൻ. മുൻ ഒറീസ ഹൈകോടതി ചീഫ് ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരൻ ആയിരുന്നു കമീഷൻ അധ്യക്ഷൻ.
രണ്ട് രീതിയിലാണ് ഗസ്സയിലെ കുട്ടികളെ ഇസ്രായേൽ കൊന്നു തള്ളിയത്. സ്‌നൈപ്പറുകൾ, ക്വാഡ്‌കോപ്ടറുകൾ എന്നീ ആയുധങ്ങൾ ഉപയോഗിച്ച് കുട്ടികളെ ലക്ഷ്യം വെച്ച് ഷൂട്ട് ചെയ്യുന്ന ഒരു രീതിയും, വലിയ ആയുധങ്ങൾ ഉപയോഗിച്ച് ആളുകൾ താമസിക്കുന്ന സ്‌കൂളുകൾ, കെട്ടിടങ്ങൾ, കുട്ടികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്ന മറ്റൊരു രീതിയും.
ഇസ്രായേൽ ഗസ്സയിൽ കുട്ടികളെ മനഃപൂർവം വെടിവെച്ചതാണെന്നും കമീഷൻ കണ്ടെത്തി. 2023-2025 കാലയളവിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. 20,000 ലധികം കുട്ടികളാണ് ഫലസ്തീനിൽ കൊല്ലപ്പെട്ടത്. ഇതിലധികം കുട്ടികളെ കാണാതാവുകയോ ശവക്കുഴികളിലേക്ക് തള്ളുകയോ ചെയ്തിട്ടുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. 2025 ഒക്ടോബർ മാസത്തെ വെടിനിർത്തലിന് ശേഷവും ഇസ്രായേൽ കരാർ ലംഘിച്ച് കുട്ടികളെ കൊന്ന് തള്ളി. ഈ വേളയിലും കുട്ടികളെ കൊല്ലുന്നത് ഇസ്രായേൽ അവസാനിപ്പിച്ചിട്ടില്ല. കുട്ടികളെ സംരക്ഷിക്കേണ്ട അന്താരാഷ്ട്ര നിയമം ഇസ്രായേൽ പാലിക്കുന്നില്ല. കുട്ടികൾ കൊല്ലപ്പെടുന്ന ഗസ്സയിലെ പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന നാശകാരിയായ ആയുധങ്ങളെ പറ്റിയും കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ടിനെ തള്ളി ഇസ്രായേൽ രംഗത്ത് വന്നിട്ടുണ്ട്. ‘അപകീർത്തികരം, വ്യാജം ’ എന്നാണ് ഇസ്രായേൽ റിപ്പോർട്ടിനെ വിശേഷിപ്പിച്ചത്.
