November 19 Thursday 2026

യു.കെയിലെ ഇസ്‌ലാമോ-ലെഫ്റ്റിസ്റ്റ് ബദൽ രാഷ്ട്രീയം

കൺസർവേറ്റിവ്-ലേബർ ദ്വികക്ഷി ചതുരംഗക്കളത്തിൻ്റെ ഉപരിപ്ലവതയിൽ നിന്ന് മാറി പുതുനൂറ്റാണ്ടിലെ ഏറ്റവും സവിശേഷമായ പ്രത്യയശാസ്‌ത്ര സംഗമങ്ങളുടെ സങ്കീർണ ബദലുകൾ യു.കെ രാഷ്ട്രീയത്തെക്കുറിച്ച വായനയിൽ കണ്ടെത്തിയ ലഘുവിശകലനമാണിത്. കോർപറേറ്റ് മുതലാളിത്തത്തിൻ്റെ ലാഭക്കൊതിക്കും സാമ്രാജ്യത്വത്തിൻ്റെ യുദ്ധക്കൊതിക്കുമെതിരെ രൂപം കൊണ്ട സഖ്യങ്ങവളും നിലപാടുകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ വർത്തമാനമല്ല, മറിച്ച് പീഡിതരുടെ വിമോചനം ലക്ഷ്യമാക്കുന്ന രാഷ്ട്രീയ പരീക്ഷണശാലയെക്കുറിച്ച പ്രതീക്ഷകളാണ് പകരുന്നത്.

ജെറമി കോർബിൻ, ജോർജ് ഗാലവേ, സാറ സുൽത്താന, സൽമ യാഖൂബ്, കെൻ ലോച്, യിവോൺ റിഡ്‌ലി

ഈ ആറ് പ്രമുഖരുടെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ലേബർ പാർട്ടിയിലാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ (1900), പരമ്പരാഗതമായ ടോറി (കൺസർവേറ്റീവ്) – വിഗ് (ലിബറൽ) വലതുപക്ഷ ദ്വന്ദ്വത്തിലേക്ക് ഒരു പ്രതീക്ഷയായി പെയ്തിറങ്ങിയതാണ് ലേബർ പാർട്ടി. ഉത്പാദനോപാധികളുടെ പൊതു ഉടമസ്ഥത എന്ന മാർക്സിയൻ സങ്കൽപത്തെ അജണ്ടയായി സ്വീകരിച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു തുടക്കത്തിൽ ലേബർ. എന്നാൽ തൊണ്ണൂറുകളിൽ ടോണി ബ്ലെയറിൻ്റെ നേതൃത്വത്തിൽ ‘ന്യൂ ലേബർ’ എന്ന പേരിൽ ഒരു വലതുപക്ഷ വ്യതിയാനമുണ്ടായി. കോർപ്പറേറ്റ്-നവലിബറൽ നയങ്ങളോട് ബ്ലെയർ സൗഹൃദം പുലർത്തി. ഇതോടെ ലേബർ പാർട്ടിക്കകത്ത് പ്രത്യയശാസ്ത്രപരമായ വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങി. 2003ൽ ജോർജ് ബുഷിൻ്റെ ഇറാഖ് ആക്രമണത്തിൽ ലേബർ ഗവണ്മെൻ്റ് പങ്കു ചേർന്നതോടെ ഈ അകൽച്ച പൂർണമായി. മേൽപ്പറഞ്ഞവർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു.

Stop the War Coalition ൻ്റെ പശ്ചാത്തലത്തിൽ ജോർജ് ഗാലവേ, സൽമ യാഖൂബ്, യിവോൻ റിഡ്‌ലി എന്നിവർ ചേർന്ന് 2004ൽ Respect Party രൂപീകരിച്ചു. സാമ്രാജ്യത്വ വിരുദ്ധതയും സോഷ്യലിസവും ഉയർത്തിപ്പിടിച്ച ഇവർ ലണ്ടനിലെയും ബർമിംഗ്ഹാമിലെയും മുസ്‌ലിം കുടിയേറ്റ വോട്ട് ബാങ്കുകളിൽ ലേബർ പാർട്ടിക്ക് വലിയ ആഘാതമേൽപ്പിച്ചു.

2015ൽ ജെറമി കോർബിൻ ലേബർ പാർട്ടി അധ്യക്ഷനായതോടെ ഇവരിൽ ഗാലവേയും റിഡ്‌ലിയും ഒഴിച്ചെല്ലാവരും ലേബർ പാർട്ടിയിലേക്ക് തിരിച്ചുവരികയും 2016ൽ റെസ്‌പെക്റ്റ് പാർട്ടി പിരിച്ചുവിടുകയും ചെയ്തു. എന്നാൽ 2020ൽ പാർട്ടിയുടെ തലപ്പത്തേക്ക് വന്ന ‘ബ്ലെയറിൻ്റെ പിൻഗാമി’യായ കെയിർ സ്റ്റാമർ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണച്ചതിൻ്റെ പേരിൽ, ആൻ്റി-സെമിറ്റിസം എന്ന വ്യാജാരോപണമുയർത്തി 2021ൽ കോർബിനെയും കെൻ ലോച്ചിനെയും പുറത്താക്കുകയും സാറാ സുൽത്താനയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തുടർന്നാണ് ജെറമി കോർബിനും സാറാ സുൽത്താനയും ചേർന്ന് Your Party രൂപീകരിക്കുന്നത്. 2025ൽ ഇലക്ഷൻ കമീഷനിൽ രജിസ്റ്റർ ചെയ്ത, യു.കെയിലെ ഏറ്റവും പുതിയ സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ് യുവർ പാർട്ടി. പിന്നീട് സൽമ യാഖൂബും അവർക്കൊപ്പം ചേർന്നു. റെസ്‌പെക്റ്റ് പാർട്ടിക്ക് ശേഷം അനൗപചാരികമായി മാത്രം ലേബർ പാർട്ടിയുമായുള്ള ബന്ധം നിലനിർത്തിയെങ്കിലും സ്വതന്ത്രനായി നിലകൊണ്ട ജോർജ് ഗാലവേ 2019ൽ Workers Party of Britain രൂപീകരിച്ചു. അതേസമയം തന്നെ സ്കോട്ടിഷ്, ബ്രിട്ടീഷ് ദേശീയതകളും സോഷ്യലിസ്റ്റ് ആശയങ്ങളും കൂട്ടിച്ചേർത്ത് All for Unity എന്ന പ്രതലവും രൂപപ്പെടുത്തി.

യിവോൺ റിഡ്‌ലിയാകട്ടെ, 2003ൽ പിരിഞ്ഞതിന് ശേഷം ലേബർ പാർട്ടിയിലേക്ക് പോയിട്ടില്ല. എന്നാൽ, 2025ഓടെ അവർ ഗാലവേയോടൊപ്പം ചേരുകയും വർകേഴ്സ് പാർട്ടി ഒഫ് ബ്രിട്ടനിൽ അംഗമാവുകയും ചെയ്തു. ഇതിൽപ്പറഞ്ഞ എല്ലാവരെയും പോലെ കടുത്ത സാമ്രാജ്യത്വ വിരുദ്ധതയും സമത്വവാദവുമാണ് ഗാലവേയുടെയും റിഡ്‌ലിയുടെയും പാർട്ടി ഉന്നയിക്കുന്നത്.

കെൻ ലോച് ആകട്ടെ, തൊണ്ണൂറുകൾ തൊട്ട് ലേബർ പാർട്ടിയുമായി അകന്നു. 2021ൽ പാർട്ടി വിട്ടതിനു ശേഷം ‘ലെഫ്റ്റ് യൂനിറ്റി’ (Left Unity) രൂപീകരിക്കുന്നതിൽ പങ്കുവഹിക്കുകയും പിന്നീട് റെസ്പെക്റ്റ് പാർട്ടിയെ പിന്തുണക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന് പൊളിറ്റിക്കൽ അഫിലിയേഷൻ ഒന്നുമില്ലെങ്കിലും അദ്ദേഹത്തിൻ്റെ സിനിമകൾ പ്രതിരോധ രാഷ്ട്രീയത്തിൻ്റെ ശക്തമായ മാധ്യമങ്ങളായി തുടർന്നു. പ്രത്യേകിച്ചും, നിയോ-ലിബറൽ ക്യാപിറ്റലിസത്തെയും ഗിഗ് ഇകോണമിയെയും പിടിച്ചു കുലുക്കി അവസാന ചിത്രങ്ങളായ I; Daniel Blake, Sorry; We Missed You എന്നിവ. ഡാനിയൽ ബ്ലെയ്കിൻ്റെ ചരമസന്ദേശം വെസ്റ്റ്മിൻസ്റ്റർ പാർലിമെൻ്റിനെത്തന്നെ പ്രകമ്പനം കൊള്ളിച്ചു. മൂലധന താത്പര്യങ്ങൾക്ക് വഴങ്ങി ജനക്ഷേമ പദ്ധതികൾ ഉപേക്ഷിക്കുന്ന സർക്കാറുകൾക്കെതിരായ അതിശക്തമായ കുറ്റപത്രമാണ് ആ ചരമസന്ദേശം. സിറിയൻ അഭയാർത്ഥി കുടുംബത്തിൻ്റെ കഥ പ്രധാന ഇതിവൃത്തമായി വരുന്ന ഏറ്റവുമവസാന ചിത്രം Old Oak ആകട്ടെ, വംശീയ വലതുപക്ഷ ചിന്തകളെ നിശിതമായി വിചാരണ ചെയ്യുന്നു.

ഇക്കൂട്ടത്തിൽ പൂർണമായും മാർക്സിസ്റ്റ്, ട്രോത്‌സ്കിയിസ്റ്റ് പ്രത്യയശാസ്ത്ര ബോധത്തിൽ നിലകൊള്ളുന്നത് കെൻ ലോച് ആണ്. വർഗസമരമാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തിൻ്റെയും സിനിമയുടെയും റഫറൻസ് ഫ്രെയിം. മാർക്സിസത്തിൻ്റെ ദർശനവും പ്രത്യയശാസ്‌ത്രവും അംഗീകരിക്കുമ്പോഴും ജോർജ് ഗാലവേ, ക്രിസ്ത്യൻ മൂല്യസങ്കൽപങ്ങളിൽ ഉറച്ചു നിലകൊളളുന്ന ഒരു കത്തോലിക്കാ വിശ്വാസിയാണ്. മതരഹിതനായി സ്വയം അടയാളപ്പെടുത്തുന്നു കോർബിൻ. സാറ സുൽത്താനയാകട്ടെ, മുസ്‌ലിം കുടുംബപാരമ്പര്യമുള്ള, മതേതര ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിലകൊള്ളുന്ന നേതാവാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിക്കുന്ന യിവോൺ റിഡ്‌ലിയും സൽമ യാഖൂബും ഇസ്‌ലാമിക് പൊളിറ്റിക്കൽ ആക്ടിവിസവുമായിക്കൂടി ചേർന്ന് നിൽക്കുന്നവരാണ്. ഇരുവരും മാർക്സിസത്തിൻ്റെ ഭൗതികവാദ പ്രതലത്തോട് വിയോജിക്കുമ്പോഴും അതിൻ്റെ മുതലാളിത്ത വിരുദ്ധതയെയും പീഡിതപക്ഷ രാഷ്ട്രീയത്തെയും ഇസ്‌ലാമിക സാമൂഹ്യ നൈതികതയോട് ചേർത്തു വായിക്കുന്നു.

ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഒരു പ്രധാന വിഷയമാണ് ഐറിഷ്, സ്കോട്ടിഷ് ദേശീയതകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ. നാല് രാജ്യങ്ങളുടെ യൂനിയനാണ് യുനൈറ്റഡ് കിങ്ഡം. ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, നോർതേൺ അയർലൻഡ് എന്നിവയാണ് രാജ്യങ്ങൾ. ഇവരുടെ പൊതുവായ ഐഡൻ്റിറ്റിയാണ് ബ്രിട്ടീഷ് എന്നത്. അതേസമയം രാഷ്ട്രീയമായി ഇംഗ്ലീഷുകാരുടെ ഹെജിമണി നിലനിൽക്കുന്നു, പോരാത്തതിന് ലണ്ടൻ സെൻട്രിക് ആണ് സാമ്പത്തിക നയങ്ങളും പരിപാടികളും. സ്കോട്ടിഷ്, ഐറിഷ്, വെൽഷ് ഉപദേശീയതകൾ സ്വാഭാവികമായും അസ്വസ്ഥമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ആദ്യകാല ‘ഇരക’ളായതിനാൽ ഇവരുടെ രാഷ്ട്രീയം തികച്ചും അധിനിവേശ വിരുദ്ധവും ഫലസ്തീൻ അനുകൂലവുമാണ്. ഒരു ജനത എന്ന നിലക്ക് ഫലസ്തീനുവേണ്ടി നിരന്തരം ശബ്ദിക്കുന്നവരാണ് ഐറിഷുകാർ. ഈ ഉപദേശീയതകളുടെ സ്വത്വ, അസ്‌തിത്വ പ്രശ്നങ്ങളിൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നവർ പൊതുവെ ഐക്യദാർഢ്യപ്പെടുന്നു. കെൻ ലോച്ചിൻ്റെ The Wind That Shakes the Barley എന്ന സിനിമ വികസിക്കുന്നത് ഐറിഷ് സ്വാതന്ത്ര്യ സമരത്തിൻ്റെയും തുടർന്നുണ്ടായ ആഭ്യന്തര യുദ്ധത്തിൻ്റെയും പശ്ചാത്തലത്തിലാണ്. ഇതിലൂടെ ഐറിഷ് നാഷനലിസം, വർഗസമരം, ബ്രിട്ടീഷ് ഇംപീരിയലിസം തുടങ്ങിയവയെ തൻ്റെ തനതു ശൈലിയിൽ ചിത്രീകരിക്കുന്നു ലോച്ച്. റോ റിയലിസ്റ്റിക്കും നേച്വറലിസ്റ്റിക്കുമാണ് അദ്ദേഹത്തിൻ്റെ സിനിമാ ശൈലി.

ഐറിഷ് റിപബ്ലിക്കനിസത്തെ പിന്തുണയ്ക്കുന്ന ജോർജ് ഗാലവേ, പക്ഷേ തൊഴിലാളികളുടെ ഐക്യപ്പെടലിന് വിള്ളലുണ്ടാക്കും എന്ന കാരണത്താൽ സ്കോട്ടിഷ് ദേശീയവാദത്തിന് എതിരാണ്, അദ്ദേഹത്തിൻ്റെ സ്വത്വം സ്കോട്ടിഷ് ആയിരുന്നിട്ടും. അതേസമയം ഗാലവേക്കൊപ്പം വർകേഴ്സ് പാർട്ടി ഒഫ് ബ്രിട്ടനിൽ പ്രവർത്തിക്കുന്ന യിവോൺ റിഡ്‌ലി, റെസ്പെക്റ്റ് പാർട്ടി പിരിച്ചുവിടപ്പെട്ടതിന് ശേഷം ദീർഘകാലം സ്‌കോട്ടിഷ് നാഷനലിസ്റ്റ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എന്നാൽ ദീർഘകാലം സ്കോട്ലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു എന്നതൊഴിച്ചാൽ, അവർ ഇംഗ്ലീഷുകാരി ആയിരുന്നു.

ഇസ്‌ലാമിൻ്റെ നൈതിക രാഷ്ട്രീയവും മാർക്സിസം ഉൾപ്പെടെയുള്ള ഇടത് സെക്യുലർ രാഷ്ട്രീയവും തമ്മിൽ പീഡിതരുടെ വിമോചനം എന്ന പ്രതലത്തിൽ പരസ്പരം കണ്ടുമുട്ടുന്നതിൻ്റെ ചരിത്രം കൂടിയാണ് ഇവിടെ പറഞ്ഞത്. കൂട്ടത്തിൽ ക്ലാസിക്കൽ മാർക്സിസ്റ്റായ കെൻ ലോച് പോലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വിമോചന രാഷ്ട്രീയത്തെ ഗുണാത്മകമായാണ് നിരീക്ഷിക്കുന്നത്. പാർട്ടികളും ചിന്താധാരകളും മാറിമറിയുമ്പോഴും, സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും വംശീയതക്കുമെതിരായ പ്രതിരോധത്തിൽ ഈ ‘ഇസ്‌ലാമോ-ലെഫ്റ്റിസ്റ്റ് സംഗമം’ ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും വീര്യമേറിയ ബദലുകളിലൊന്നായി നിലനിൽക്കുന്നു.

രണ്ട് പാർട്ടികളോടും മത്സരിച്ച് ജയിക്കാനുള്ള സാധ്യത, First-Past-The-Post (FPTP) തെരഞ്ഞെടുപ്പ് സമ്പ്രദായം പിന്തുടരുന്ന യു.കെയിൽ തത്കാലം ഈ ബദലുകൾക്കില്ലെങ്കിലും കരുത്തുറ്റൊരു സമ്മർദ്ദശക്തിയായി മാറാൻ ഇവർക്ക് പറ്റിയിട്ടുണ്ട്. മറുഭാഗത്ത് ലേബർ പാർട്ടിയുടെ വോട്ട് ബാങ്കിൽ ഇവരുണ്ടാക്കുന്ന വിള്ളലുകൾ ആ പാർട്ടിയെ അതിൻ്റെ വലത് വ്യതിയാനം ഉപേക്ഷിക്കാർ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അതിലുപരി, PA-ല-STI-നിലെ പീഡിതർക്കുള്ള ശക്തമായ പിന്തുണയും കൂടിയാണ് ഈ പാർട്ടികളും നേതാക്കളും.

 

Related