September 16 Wednesday 2026

September 16 Wednesday 2026

‘ഇസ്ലാമിക് നാറ്റൊ’: മക്ക കരാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ

സൗദി അറേബ്യ, തുർക്കി, പാകിസ്താന്‍ എന്നീ രാഷ്ട്ര നേതാക്കൾ “മക്ക സംയുക്ത പ്രതിരോധ കരാറിൽ” ഒപ്പ് വച്ചിരിക്കുകയാണ്. കരാർ പ്രകാരം ഒപ്പുവെക്കപ്പെട്ട മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിക്കുന്നത് മറ്റു രാജ്യങ്ങളെയും ആക്രമിക്കുന്നതിന് തുല്യമായാകും കണക്കാക്കുക. നാറ്റോ സഖ്യ മാതൃകയിൽ തയ്യാറാക്കപ്പെട്ട കരാറിന് ‘ഇസ്ലാമിക് നാറ്റൊ’ എന്നും അതുകൊണ്ടുതന്നെ നിരീക്ഷകർ വിളിക്കുന്നുണ്ട്. സഖ്യം മറ്റുള്ള ഇസ്ലാമിക രാഷ്ട്രങ്ങളെ കൂടെ ഉൾക്കൊള്ളുവാൻ വിശാലമാണെന്നും നാറ്റൊ സഖ്യത്തിന് സദൃശ്യമാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പറയുന്നുണ്ട്. ഇറാന്റെ മേഖലയിലെ സവിശേഷ സ്വാധീനവും, ഇസ്രായേലിന്റെ മേഖലയിലെ വളർന്നുവരുന്ന സൈനിക മുന്നേറ്റങ്ങളും, ഒരു പ്രത്യേക സാഹചര്യത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് കരാർ ഉണ്ടാകുന്നത് എന്ന പ്രത്യേകത ഇതിലുണ്ട്. സൗദി അറേബ്യ എണ്ണ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രാഷ്ട്രമാണ്, തുർക്കി നാറ്റോവിലെ രണ്ടാമത്തെ സൈനിക ശക്തിയാണ്, പാകിസ്താന്‍ ആവട്ടെ ഏക മുസ്ലിം ആണവ രാജ്യവും. അതുകൊണ്ടുതന്നെ എഴുതിത്തള്ളാവുന്ന ഒന്നായി ഈ കരാറിനെ നോക്കി കാണുക പ്രയാസമാണ്. 145 രാജ്യങ്ങളുടെ പ്രതിരോധശേഷി ആധാരമാക്കി പുറത്തുവന്ന 2026 ലെ ആഗോള ഫയർ പവർ ഇൻഡക്സ് പ്രകാരം ഈ മൂന്ന് രാജ്യങ്ങൾക്കുമായി 1.4 മില്യൻ പട്ടാളക്കാർ, 3400 എയർ ക്രാഫ്റ്റുകൾ, 6000 ടാങ്കുകൾ, 340 നാവിക ആസ്തികൾ എന്നിവയാണ് ഉള്ളത്.

സൗദിയുടെ മൂലധനശേഷിയും, തുർക്കിയുടെ സാങ്കേതികതയും, പാകിസ്താന്‍റെ ആളർത്ഥവുംകൂടി ചേർന്നാൽ ശക്തമായ ഒരു സഖ്യമായി മാറാനുള്ള എല്ലാ യോഗ്യതകളും നിലവിൽ പുതിയ സഖ്യത്തിനുണ്ട്. സഖ്യം മൂന്ന് രാഷ്ട്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും സഖ്യത്തിലേക്ക് ഇനിയും അംഗരാജ്യങ്ങൾ വന്നു ചേരുമെന്നും തുർക്കി വിദേശകാര്യ മന്ത്രി ഹക്കീം ഫിദാർ വ്യക്തമാക്കുന്നുണ്ട്. ഈജിപ്റ്റാണ് നിലവിൽ സഖ്യത്തിലേക്ക് പ്രവേശനം കാത്തിരിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുസ്ലിംകളുടെ വിശുദ്ധ നഗരമായ മക്കയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാൻ, സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, എന്നിവർ ചേർന്നാണ് മക്ക കരാർ ഒപ്പിട്ടത്. നിലവിൽ ഇസ്രയേൽ വൃത്തങ്ങളിൽ നിന്നും പുതിയ കരാറിനെ കുറിച്ചുള്ള നിലപാടുകൾ ഒന്നും പുറത്തുവന്നിട്ടില്ല. വർഷങ്ങളുടെ ചങ്ങാത്തം ഉണ്ടായിട്ടും ഗൾഫിലെ ആക്രമണത്തിൽ അമേരിക്കൻ സൗഹൃദം സൗദിക്ക് ഗുണം ചെയ്യാത്തത് പോലെയാകും ഈ കരാറെന്നും ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ അംഗം ഇബ്രാഹിം റസാഈ പറയുന്നുണ്ട്. സൗദിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സുരക്ഷയെ പുതിയൊരു തലത്തിലേക്ക് ഉയർത്തുവാനാണ് കരാറിനെ അവർ ഉപയോഗപ്പെടുത്തുന്നത്. അമേരിക്ക-ഇറാൻ യുദ്ധത്തിൽ തകർന്ന സൗദിയുടെ സുരക്ഷാ മേഖലയെ തിരികെ പടുത്തുയർത്തുവാൻ സൗദിക്ക് കരാർ ഗുണം ചെയ്തേക്കാം. ഇറാൻ പിന്തുണയ്ക്കുള്ള ഹൂതികൾ സൗദിക്കെതിരെ സമുദ്ര ഉപരോധം പ്രഖ്യാപിക്കുകയും സൗദിയുടെ എയർപോർട്ടുകൾ, എണ്ണ സംഭരണികൾ, ടാങ്കറുകൾ എന്നിവയെ ടാർഗറ്റ് ചെയ്യുകയും ചെയ്യുകയാണ്. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ശീതയുദ്ധം 2025 മേയിൽ തുറന്ന ഏറ്റുമുട്ടലിലേക്ക് വഴിവച്ചിരുന്നു. പ്രതിരോധ കരാർ ഇറാനോ മറ്റേതെങ്കിലും രാജ്യത്തിനോ എതിരല്ലെന്നും പ്രാദേശിക സ്ഥിരത ഉറപ്പുവരുത്തൽ മാത്രമാണ് കരാറിന്റെ ഉദ്ദേശം എന്നും തുർക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നുണ്ട്. എങ്കിലും കരാറിന്റെ പ്രഥമ അനുരണനങ്ങൾ യമനിൽ സംഭവിച്ചേക്കാം എന്ന വിലയിരുത്തലിനും പ്രസക്തിയുണ്ട്. ഇറാൻ പിന്തുണയുള്ള ഇറാഖിലെ ശിയാമിലീഷ്യയെ അമേരിക്കയുമായി ചേർന്ന് സംയുക്തമായി ആക്രമിച്ച സൗദിയുടെ നടപടിയും ഇതിനോട് ചേർത്ത് വായിക്കുമ്പോഴാണ് ചിത്രം പൂർണമാവുക.

സൈനിക സഹകരണം എന്നത് മൂന്ന് രാഷ്ട്രങ്ങൾക്കിടയിലെ പുതിയ കാര്യമൊന്നുമല്ല. പരിശീലനപരമായും സാങ്കേതികവിദ്യയുടെ പങ്കുവെക്കലിലൂടെയും ഇസ്ലാമാബാദിന് റിയാദുമായി പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളത്. അങ്കാറയാവട്ടെ യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും മുൻകാലങ്ങളിൽ റിയാദുമായി കൈമാറ്റം ചെയ്യാറുണ്ടായിരുന്നു. റിയാദ് പലതവണയായി ടർക്കിഷ് നിർമ്മിത ഡ്രോണുകൾ തുർക്കിയിൽ നിന്നും നിരന്തരമായി വാങ്ങുകയും ചെയ്യുന്നുണ്ട്. പ്രത്യക്ഷമായും പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പുകൾ വഴിയും ഇറാൻ സൗദിയെ ആക്രമിച്ചാൽ തുർക്കിയും പാകിസ്താനും ഇറാനെതിരെ കളത്തിൽ ഇറങ്ങുന്ന കാഴ്ചക്കായിരിക്കും ലോകം ഇനി മുതൽ സാക്ഷിയാവാൻ പോവുക. മക്ക കരാർ മേഖലയിൽ ഒരു സൈനികസഖ്യത്തിനോ മതസൗഖ്യത്തിനോ രൂപം നൽകുകയില്ലെന്ന് പറഞ്ഞുവെക്കാൻ ആണ് സൗദി ആഗ്രഹിക്കുന്നത്.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യയെ പ്രകോപിക്കാൻ കരാറിനെ പാകിസ്താന് ഉപയോഗപ്പെടുത്താം. കരാർ രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും പ്രാദേശിക സ്ഥിരതയെയും എങ്ങനെയാണ് ബാധിക്കുക എന്ന് നിരീക്ഷിച്ചു വരികയാണെന്നാണ് ഇന്ത്യ കരാറിനോട് പ്രതികരിച്ചത്. മക്ക കരാറിനെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. പാകിസ്താന്‍ കരാറിന്റെ ഭാഗമാണ് എന്നതു തന്നെ ഇന്ത്യയുടെ ഉറക്കം നഷ്ടപ്പെടാൻ മതിയായ കാരണമാണല്ലോ. ഇന്ത്യയും പാകിസ്താന്നും തമ്മിൽ ഒരു യുദ്ധം ഉടലെടുക്കുന്ന രാഷ്ട്രീയ സ്ഥിതി വിശേഷം സംജാതമായാൽ സൗദി സായുധമായി പാകിസ്താന് ഒപ്പം ഇന്ത്യക്കെതിരെ അണിചേരില്ലായിരിക്കാം. എങ്കിലും കരാർ മുഖേന സ്വായത്തമാകുന്ന ഇന്റലിജൻസ് സഹകരണം, ആയുധ കൈമാറ്റം, സാമ്പത്തിക സഹായങ്ങൾ എന്നിവ യുദ്ധകാലയളവിൽ തുർക്കിയിൽ നിന്നും സൗദിയിൽ നിന്നും പാകിസ്ഥാന് പ്രതീക്ഷിക്കാം എന്ന വാദങ്ങളും നിലവിലുണ്ട്. പക്ഷേ, സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം കരാറിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ മുഖ്യലക്ഷ്യം ഇറാനും അതിന്റെ കൂട്ടാളികളും ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക എന്നത് മാത്രമാണ്. കലാകാലങ്ങളായി തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന സൗദി പുതിയ ചുവടുവെപ്പുമായി ഇറങ്ങുന്നതും വിദൂരതയിൽ പോലും ഇന്ത്യയെ ശത്രു രാജ്യമായി കാണാതെയാണ്. പാകിസ്താനുമായി എന്നും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന സൗദി അറേബ്യ അതേപോലെ ഇന്ത്യയെയും സുഹൃത്ത് രാഷ്ട്രമായി തന്നെ പരിഗണിച്ചു പോരുന്നുണ്ട്. അത്തരമൊരു നിലപാട് സ്വീകരിക്കുന്ന രാഷ്ട്രം നാളെയൊരു സുപ്രഭാതത്തിൽ ഇന്ത്യയ്ക്കെതിരെ ശത്രു രാജ്യവുമായി ചേർന്ന് തങ്ങളെ ഹിംസിക്കില്ല എന്നൊരാൾ വിശ്വസിച്ചാൽ തീർച്ചയായും തെറ്റ് പറയാൻ പറ്റില്ല. ഓപ്പറേഷൻ സിന്ദൂറിൽ സൗദി കൈക്കൊണ്ട മൗനവും ഇവിടെ പ്രത്യേകം പരാമർശം അർഹിക്കുന്നുണ്ട്. സുഹൃത്ത് രാഷ്ട്രങ്ങൾ തമ്മിൽ പോരടിച്ച ഓപ്പറേഷൻ സിന്ദൂറിൽ മൗനമായിരുന്നു പാകിസ്താന്‍ സ്വീകരിച്ച നിലപാട്.

Related