ഇന്ത്യൻ മാർക്സിസ്റ്റ് സൈദ്ധാന്തികരിൽ പ്രമുഖനായ കെ. ദാമോദരൻ വിടവാങ്ങിയിട്ട് ഈ വർഷം അരനൂറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ മാർക്സിയൻ ബൗദ്ധിക ചരിത്രത്തിൽ ആശയപരമായ വഴിത്തിരിവ് സൃഷ്ടിച്ച ചിന്തകരിൽ പ്രധാനിയാണ് കെ. ദാമോദരൻ. ചരിത്രം, ദർശനം, സംസ്കാരം, മതം, സാഹിത്യം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് വായിച്ച ചിന്തകൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ദാർശനിക പാരമ്പര്യത്തെ മാർക്സിയൻ ചരിത്രഭൗതികവാദത്തിന്റെ (Historical Materialism) വെളിച്ചത്തിൽ സമഗ്രമായി പുനർവായിക്കാൻ നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളിലൊന്നാണ് അദ്ദേഹത്തിന്റെ `ഭാരതീയ ചിന്ത`.
ഇന്ത്യൻ സമൂഹത്തിന്റെ ആശയചരിത്രത്തെയും വർഗബന്ധങ്ങളെയും സാമൂഹിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പഠന വിധേയമാക്കുന്ന ഒരു രാഷ്ട്രീയ-ദാർശനിക പദ്ധതിയാണ് ഒരർത്ഥത്തിൽ `ഭാരതീയ ചിന്ത`യിലൂടെ അദ്ദേഹം മുന്നോട്ട് വെച്ചത്. ഇന്ത്യൻ മാർക്സിസത്തിന്റെ ആദ്യഘട്ടങ്ങളിൽ രണ്ട് പ്രധാന പ്രവണതകൾ കാണാം. അതിൽ ഒന്നാമത്തേത് യൂറോപ്യൻ മാർക്സിസത്തെ യാന്ത്രികമായി ഇന്ത്യയിൽ പ്രയോഗിക്കുവാൻ ശ്രമിച്ചവരുടേതായിരുന്നു. രണ്ടാമത്തേത് ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി മാർക്സിസത്തെ ബന്ധിപ്പിക്കുവാൻ ശ്രമിച്ചവരുടേതും. ദാമോദരൻ രണ്ടാമത്തെ പാരമ്പര്യത്തിന്റെ പ്രതിനിധിയായിരുന്നു.
മാർക്സിസം യൂറോപ്പിന്റെ മാത്രം ബൗദ്ധികസ്വത്തല്ലെന്നും ഇന്ത്യൻ ചിന്തയുടെ ഭൗതികവാദധാരകളുമായി അതിന് ചരിത്രപരമായ സംഭാഷണം സാധ്യമാണെന്നും തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യൻ ദർശനത്തെ ആശയങ്ങളുടെ ചരിത്രമായി മാത്രം കാണാതെ സാമൂഹികഘടനയുടെ ചരിത്രമായി വായിക്കുകയാണ് ദാമോദരൻ ചെയ്തത്. ഒരു ദാർശനിക വ്യവസ്ഥയും അതുണ്ടായ കാലഘട്ടത്തിലെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് സ്വതന്ത്രമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാട്. ദാമോദരന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ചിന്തയുടെ ചരിത്രം ഏകമുഖമല്ല. അതിൽ രണ്ട് പ്രധാന ധാരകൾ തമ്മിൽ എക്കാലത്തും ഏറ്റുമുട്ടിയിട്ടുണ്ട്. ഒന്ന് ആദർശവാദവും ആത്മീയവാദവും ബ്രാഹ്മണിക അധികാരഘടനയുമായി ബന്ധപ്പെട്ട ധാര. മറ്റൊന്ന് ഭൗതികവാദവും യുക്തിവാദവും അനുഭവവാദവും മനുഷ്യകേന്ദ്രിതവുമായ പ്രതിരോധധാര. ഈ രണ്ട് ധാരകളുടെ സംഘർഷമാണ് ഇന്ത്യൻ ബൗദ്ധികചരിത്രത്തെ മുന്നോട്ടുനയിച്ചതെന്നാണ്
അദ്ദേഹം വാദിക്കുന്നത്.
വേദങ്ങളെ ദാമോദരൻ വിശുദ്ധഗ്രന്ഥങ്ങളായി മാത്രം കാണുന്നില്ല. അവ ഒരു പ്രത്യേക സാമൂഹികഘട്ടത്തിന്റെ ആശയരൂപങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. കാർഷികസമൂഹത്തിന്റെ വളർച്ചയും സ്വകാര്യസ്വത്തിന്റെ രൂപീകരണവും വർഗവിഭജനവും പുരോഹിതാധിപത്യവും ശക്തിപ്പെട്ട സാഹചര്യത്തിലാണ് ഉപനിഷത്തുകളിലെ ആത്മ-ബ്രഹ്മ സങ്കൽപ്പങ്ങൾ രൂപപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപനിഷത്തുകൾ ശുദ്ധ ആത്മീയഗ്രന്ഥങ്ങളല്ല; മറിച്ച് സാമൂഹിക അധികാരഘടനയുടെ ദാർശനികഭാഷയാണ് അതിലുള്ളത്.
ഭാരതീയ ചിന്തയിലെ ഏറ്റവും വിപ്ലവകരമായ സംഭാവന ചാർവാകദർശനത്തിന്റെ പുനർമൂല്യനിർണ്ണയമാണെന്ന് ഭാരതീയ ചിന്തയിൽ കാണാം.
നൂറ്റാണ്ടുകളായി “നാസ്തികർ” എന്ന പേരിൽ അവഗണിക്കപ്പെട്ട ചാർവാകരെ ഇന്ത്യൻ ഭൗതികവാദത്തിന്റെ യഥാർത്ഥ പ്രതിനിധികളായി ദാമോദരൻ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. വേദാധികാരത്തെയും ദൈവവിശ്വാസത്തെയും പരലോകസങ്കൽപ്പത്തെയും ചോദ്യം ചെയ്ത ചാർവാകർ യഥാർത്ഥത്തിൽ യുക്തിവാദത്തിന്റെയും അനുഭവവാദത്തിന്റെയും പ്രതിനിധികളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
പിൽക്കാലത്ത് ദേബി പ്രസാദ് ചതോപാദ്ധ്യായ ഈ മേഖലയിൽ നടത്തിയ പഠനങ്ങൾക്ക് ഈ സമീപനം വലിയ പ്രചോദനമായി തീർന്നു.
ബുദ്ധമതത്തെയും ജൈനമതത്തെയും ദാമോദരൻ, സാമൂഹിക പ്രതിരോധത്തിന്റെ ദാർശനികരൂപങ്ങളായാണ് ഈ കൃതിയിൽ അവതരിപ്പിക്കുന്നത്. ബ്രാഹ്മണിക യജ്ഞസംസ്കാരത്തിനും ജന്മാവകാശത്തിനുമെതിരായ പ്രതിഷേധമായാണല്ലോ ബുദ്ധദർശനം രൂപപ്പെടുന്നത്. എന്നാൽ, സാമൂഹിക വിപ്ലവത്തിന്റെ സാധ്യതകളുണ്ടായിരുന്നിട്ടും പിന്നീട് ഈ പ്രസ്ഥാനങ്ങളും സ്ഥാപനവൽക്കരിക്കപ്പെടുകയും നിലവിലുള്ള അധികാരഘടനകളുമായി പൊരുത്തപ്പെടുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഈ ഗ്രന്ഥത്തിലെ ഏറ്റവും വിവാദപരമായ ഭാഗം ശങ്കരാചാര്യനെക്കുറിച്ചുള്ള വിശകലനമാണ്. അദ്വൈതത്തെ അദ്ദേഹം കേവലം ആത്മീയതയുടെ കൊടുമുടിയായി കാണുന്നില്ല. ബ്രാഹ്മണിക സാമൂഹികക്രമത്തിന് ആശയപരമായ ഏകീകരണം നൽകുന്ന ദാർശനികസംവിധാനമായാണ് അദ്ദേഹം അതിനെ വ്യാഖ്യാനിക്കുന്നത്. ഇന്ത്യൻ ദാർശനികചരിത്രത്തെ വർഗസമരത്തിന്റെ ബൗദ്ധികചരിത്രം എന്ന നിലയിൽ വായിക്കാനുള്ള സാധ്യതയും ഈ ഗ്രന്ഥം മുന്നോട്ട് വെക്കുന്നു. സാമ്പത്തിക അടിത്തറയും ആശയലോകവും തമ്മിലുള്ള ബന്ധത്തെ ചിലപ്പോഴൊക്കെ അമിതമായി രേഖീയമാക്കുന്ന പ്രവണത ഈ ഗ്രന്ഥത്തിൻ്റെ പരിമിതിയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ദർശനത്തിന്റെ ആഭ്യന്തര യുക്തിശാസ്ത്രത്തിനും ഭാഷാപരമായ സങ്കീർണ്ണതകൾക്കും ആവശ്യമായ പ്രാധാന്യം എല്ലായിടത്തും നൽകുന്നില്ല എന്നതും `ഭാരതീയ ചിന്തയ്ക്കെതിരായി ഉന്നയിക്കപ്പെട്ട വിമർശനമാണ്. ഈ പരിമിതികളും വിമർശനങ്ങളും അംഗീകരിച്ചാൽ പോലും `ഭാരതീയ ചിന്ത` ഇന്നും മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക ഗ്രന്ഥങ്ങളിലൊന്നാണ്.
ചുരുക്കത്തിൽ, `ഭാരതീയചിന്ത` ഒരു ദാർശനികചരിത്രഗ്രന്ഥം മാത്രമല്ല; ഇന്ത്യൻ ബൗദ്ധികചരിത്രത്തെ ചരിത്രഭൗതികവാദത്തിന്റെ രീതിശാസ്ത്രത്തിൽ പുനർനിർമിക്കുന്ന ഒരു മഹത്തായ ബൗദ്ധിക സംരംഭമാണ്. ഇന്ത്യൻ ചിന്തയുടെ ആദർശവാദധാരകൾക്കൊപ്പം അതിന്റെ ഭൗതികവാദ, യുക്തിവാദ, പ്രതിരോധ പാരമ്പര്യങ്ങളെയും ഒരുപോലെ വെളിച്ചത്തുകൊണ്ടുവന്ന കൃതിയെന്ന നിലയിൽ മലയാളത്തിലെ സാമൂഹികശാസ്ത്ര-ദാർശനിക സാഹിത്യത്തിൽ ഇന്നും അദ്വിതീയ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനുള്ളത്.
`ഭാരതീയചിന്ത` ഒരു ദാർശനികചരിത്രഗ്രന്ഥം മാത്രമല്ല; ഇന്ത്യൻ ബൗദ്ധികചരിത്രത്തെ ചരിത്രഭൗതികവാദത്തിന്റെ രീതിശാസ്ത്രത്തിൽ പുനർനിർമിക്കുന്ന ഒരു മഹത്തായ ബൗദ്ധിക സംരംഭമാണ്. ഇന്ത്യൻ ചിന്തയുടെ ആദർശവാദധാരകൾക്കൊപ്പം അതിന്റെ ഭൗതികവാദ, യുക്തിവാദ, പ്രതിരോധ പാരമ്പര്യങ്ങളെയും ഒരുപോലെ വെളിച്ചത്തുകൊണ്ടുവന്ന കൃതിയെന്ന നിലയിൽ മലയാളത്തിലെ സാമൂഹികശാസ്ത്ര-ദാർശനിക സാഹിത്യത്തിൽ ഇന്നും അദ്വിതീയ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനുള്ളത്.
